യന്ത്രം ചിന്തിച്ചു
എനിക്കു ചിരിക്കാനറിയില്ല
ചതിക്കാനറിയില്ല
കുതികാലുവെട്ടാനറിയില്ല
എങ്കിലും കാസ്പറോവ് കരഞ്ഞു
അവന്റെ കാലാളും രാജാവും കരഞ്ഞു
പാവം!
ഇപ്പോൾ മുട്ടിപ്പോയി പ്രാർത്ഥിക്കുകയാണ്.
ഇന്ന്
കാസ്‌പറോവ് ഒരു
ലഘുയന്ത്രം മാത്രം
ഞാനോ
ഇമ്മിണി ബല്യ ഒന്ന്.
ചരിത്രം ഇനി എഴുതുംഃ
പരിണാമത്തിന്റെ പരകോടിയിൽ
യന്ത്രമെത്തിയത്
കാസ്പറോവെന്ന
ലഘുയന്ത്രയുഗം കഴിഞ്ഞാണ്.
ഇനിമേൽ
പുംസ്‌ത്രീ ഭേദമില്ല
അമ്മ പെങ്ങന്മാർ ഇല്ല
സ്‌ത്രീപീഡനവും
വിമോചനവുമില്ല
എല്ലാമൊരു നപുംസകത്വം
ക്ലോണിങ്ങിലൂടെ സന്തതി പരമ്പര.
മ്യൂസിയത്തിൽ ഇനി ഒരറകൂടി പണിയും
ആൾക്കുരങ്ങുകഴിഞ്ഞാണത്
ആ കൂട്ടിൽ പക്ഷേ,
വഴങ്ങാത്തൊരു മനസ്സു പിടയുന്നുണ്ടാവും
കമ്പിവേലികൾ കഴിഞ്ഞു വളരുന്ന മനസ്സ്
ആൾക്കുരങ്ങിന്റെ തേഞ്ഞ വാലുപോലെ ഒന്ന്.
യന്ത്രത്തിന്റെ തെറ്റിക്കണ്ണ്
ചെമന്ന നിറത്തിൽ പ്രകാശിച്ചു
സൈറൺ മുഴങ്ങി
യന്ത്രം സംയമനംപാലിച്ചു
ചിന്ത വെടിഞ്ഞയന്ത്രം
അതിവേഗം പ്രവൃത്തിയിൽ മുഴുകി.
[റഷ്യൻ ചെസ് ചാമ്പ്യനായ കാസ്‌പറോവ് കമ്പ്യൂട്ടറുമായുളള ചെസ് മത്സരത്തിൽ പരാജയപ്പെട്ട സംഭവമാണ് കവിതക്കാസ്പദം]
Generated from archived content: poem_parinamam.html Author: haridasan
Click this button or press Ctrl+G to toggle between Malayalam and English