രാത്രിവഴികൾ

പുതിയ നൂറ്റാണ്ട്‌ പിറക്കാൻ പോകുന്ന രാത്രിയിൽ ആഘോഷത്തിമർപ്പുകൾക്കൊടുവിൽ തെരുവിലെ അഴുക്കു ചാലിന്നരികിൽ വീണുകിടന്ന ഒരു ചെറുപ്പക്കാരൻ വിചിത്രമായ ഒരു സ്വപ്‌നം കാണുവാൻ തുടങ്ങി.

എക്സ്‌-റേ ഷീറ്റുകളെ അനുസ്‌മരിപ്പിക്കുന്ന സ്വപ്ന സ്‌ക്രീനിലൂടെ അയാൾ ആദ്യം കണ്ടത്‌ ഒരു പട്ടാള ട്രക്ക്‌ നീങ്ങുന്നതാണ്‌. സ്പീൽബൽഗിന്റെ ‘ഷിൻഡലേഴ്‌സ്‌ ലിസ്‌റ്റ്‌’ എന്ന സിനിമയിലേതുപോലെ വർണരഹിതമായിരുന്നു ആ ദൃശ്യം. ഗൗരവം സ്‌ഫുരിക്കുന്ന മുഖമുളള മൂന്ന്‌ പട്ടാളക്കാർ ട്രക്കിലിരുന്ന്‌ ബൈനോക്കുലറിലൂടെ മൂകമായ നഗരത്തെ വീക്ഷിക്കുന്നുണ്ടായിരുന്നു. ബലാത്സംഗത്താൽ ജീവനൊടുങ്ങിയ പെൺകുട്ടിയുടെ ജഡംപോലെ നഗ്‌നവും ദയനീയവുമായിരുന്നു നഗരം. റോഡരികിലെല്ലാം അഴുകിയ മനുഷ്യമാംസം. ദുർഗന്ധത്താൽ മൂക്കു പൊത്തുന്ന പട്ടാളക്കാർ…… ഒരിക്കൽ ആളും ആരവവും നിറഞ്ഞ ഈ നഗരം ഇങ്ങനെ നിർജീവമായിത്തീർന്നതെന്തേ?

ബൈനോക്കുലറിന്റെ കാഴ്‌ചവട്ടത്തിലേക്ക്‌ ഒരു മനുഷ്യൻ പ്രത്യക്ഷപ്പെടുന്നു. അയാൾ ഏകാകിയായി നടന്നു പോവുകയാണ്‌. എങ്ങുനിന്നോ അഴുകിയ മണം അയാളിലേക്ക്‌ ഒഴുകിയെത്തുന്നു. അയാളതു കാര്യമാക്കുന്നില്ല. നഗരത്തിൽ ഇത്തരം ദുർഗന്ധം സാധാരണമെന്ന്‌ സ്വയം സമാധാനിച്ച്‌ അയാൾ യാത്ര തുടരുകയാണ്‌. ഗന്ധം അസഹ്യമായപ്പോൾ അയാളതിന്റെ ഉറവിടം അന്വേഷിക്കുന്നു. ആ അഴുകിയ മണം സ്വന്തം വസ്‌ത്രങ്ങളിൽ നിന്നും പുറപ്പെടുന്നതാണെന്ന്‌ അയാൾക്ക്‌ തോന്നുന്നു. അയാളത്‌ ഊരിയെറിയുന്നു. എന്നിട്ടും മണം അയാളെ വിട്ടുപോകുന്നില്ല. വസ്‌ത്രങ്ങളുപേക്ഷിച്ച്‌ നഗ്നനായി നടന്നു പോവുന്ന ആ മനുഷ്യന്‌ ആരുടേയോ മൃതദേഹത്തിന്റെ ഗന്ധം അനുഭവപ്പെടാൻ തുടങ്ങുന്നു. അഴുകുന്ന വാസന സ്വന്തം ശരീരത്തിൽ നിന്നാണെന്ന്‌ ബോധ്യമാവുമ്പോൾ അയാൾ ശരിക്കും ധർമസങ്കടത്തിലാവുന്നു. ശരീരം ഊരിയെറിഞ്ഞ്‌ ഈ ഗന്ധത്തിൽ നിന്നും രക്ഷപ്പെടുന്നതെങ്ങനെ? ആ നിമിഷം അയാളുടെ ശരീരം ഒടിഞ്ഞുമടങ്ങി, ഒരു ഫുട്‌ബോൾ പോലെയാവുന്നു. റോഡരികിൽ ഒരു മാംസപന്തായി അയാൾ പിടഞ്ഞു പിടഞ്ഞ്‌……

പട്ടാളക്കാർ ബൈനോക്കുലർ താഴെ വയ്‌ക്കുന്നു. കാഴ്‌ചകളുടെ തീക്ഷ്‌ണത തളർത്തിയ കണ്ണുകൾ തുടയ്‌ക്കുന്നു. അവരിലൊരാൾ സംഭാഷണം തുടങ്ങുന്നു.

“ഇതൊരു വിചിത്ര രോഗം തന്നെ. ആദ്യം ദുർഗന്ധം അനുഭവപ്പെടുക! കണ്ടുകണ്ടങ്ങിരിക്കെ ശരീരം ഒരു ഫുട്‌ബോളായിച്ചുരുങ്ങി അഴുകിപ്പോവുക! ഒരു ജനസമൂഹത്തിന്റെ ദയനീയമായ അന്ത്യം!

ശരിക്കും ഭീതിദമായ ഒരുവസ്ഥ തന്നെ. ദുർഗന്ധത്തിൽ നിന്നു രക്ഷപ്പെടാൻ സ്വന്തം ശരീരത്തിൽ നിന്നു പുറത്തു കടക്കേണ്ടിവരുന്ന അവസ്ഥയാണ്‌ ഏറ്റവും വലിയ ദുരന്തം. കാരണം ഈ ജനതയുടെ ഏറ്റവും വലിയ ആശ്വാസം, ഏതൊരു കാര്യവും വ്യക്തിപരമായി തന്നെ ബാധിക്കുകയില്ല എന്ന വിശ്വാസമാണ്‌. ആ ഒരൊറ്റ കാരണത്താൽ ഇവർ ഒന്നിനോടും പ്രതികരിച്ചില്ല. ഇവർ എല്ലാറ്റിനോടും സന്ധിചെയ്‌തു ജീവിച്ചു. ഒരാശയം മുറുകെപ്പിടിക്കുമ്പോഴും ഇവർ അതിനെതിരായ ആശയത്തെയും ആശ്ലേഷിക്കാൻ ശ്രമിച്ചു. കൊല്ലപ്പെട്ടവന്റെ നേരെ കണ്ണീരൊഴുക്കുമ്പോൾ തന്നെ ഇവർ കൊലപ്പെടുത്തിയവന്‌ അത്താഴം വിളമ്പി.” നെറ്റിയിൽ ചിന്തയാൽ മൂന്ന്‌ നേർവര വീണ രണ്ടാമത്തെ പട്ടാളക്കാരൻ വാക്കുകൾ നിരത്തി.

നരവംശ ശാസ്‌ത്രത്തിൽ അവഗാഹമുളള മൂന്നാമത്തെ പട്ടാളക്കാരൻ തീർത്തും നിർമലമായ സ്വരത്തിൽ പറഞ്ഞുഃ

“ജീവിതത്തിന്റെ ആവർത്തനങ്ങളിലാണ്‌ നേരിയ അണുബാധപോലെ ഈ വിചിത്ര രോഗം കടന്നു വരുന്നത്‌. പിന്നെ താനണിഞ്ഞിരിക്കുന്ന പദവികളിലും സ്ഥാവര ജംഗമവസ്തുക്കളിലും അണുബാധ പടരുന്നു. ആരുമത്‌ കാര്യമാക്കുന്നില്ല. ചെറിയൊരു ജലദോഷംപോലെ തളളിക്കളയുന്നു. എന്നാൽ വാക്കുകളെയും ചിന്തകളേയും അണുക്കൾ ആക്രമിച്ചു നശിപ്പിക്കുന്നു. നാമറിയാതെ ചിന്താശക്തി നമ്മെ വിട്ടുപോവും. നമുക്കുവേണ്ടി ചിന്തിക്കാനും പ്രവർത്തിക്കാനും പുതിയ പുതിയ ഉപകരണങ്ങളുളളതിനാൽ ചിന്താകുഴപ്പമൊന്നും നാമറിയുന്നേയില്ല. അണുബാധ ശക്തമാകുമ്പോൾ നേരിയ തോതിൽ ദഹനക്കേടു വരുന്നു. ദഹിക്കാത്ത വസ്തുക്കൾ വേസ്‌റ്റ്‌ പേപ്പർ ബാസ്‌കറ്റിലെന്നോണം നമ്മളിൽ നിറയുന്നു. ക്രമേണ നമ്മുടെ ശരീരം ഒരു മുനിസ്സിപ്പാലിറ്റി ലോറിയായി മാറുന്നു.”

ഒന്നാമത്തെ പട്ടാളക്കാരൻ ഇടപെട്ടു.

“അപ്പോൾ തികച്ചും നാച്വറലാണെന്നു വരുന്നു ഈ അവസ്ഥ. അതോടെ ഇതിൽ നാം കരുതുന്ന അതിശയവും ഫാന്റസിയും ഇല്ലാതാവുന്നു.”

ആളുകൾ മാംസപ്പന്തുകളായി അഴുകുന്ന നഗരത്തിലൂടെ ഗൗരവം സ്‌ഫുരിക്കുന്ന കണ്ണുകളുളള ആ പട്ടാളക്കാരുടെ വാഹനം സാവധാനം നീങ്ങിക്കൊണ്ടിരുന്നു….

സ്വപ്നത്തിൽ നിന്ന്‌ അഴുക്കു ചാലിനരികെ കിടക്കുന്ന ചെറുപ്പക്കാരൻ ഞെട്ടിയുണർന്നത്‌ പുതിയ സഹസ്രാബ്ദം പിറക്കുന്നതിന്റെ വാദ്യഘോഷങ്ങൾ കേട്ടുകൊണ്ടാണ്‌. സുഹൃത്തുക്കളുമായി കമ്പനി കൂടിയതിന്റെ ഫലമായി പതിവിലധികം മദ്യപിച്ചിരുന്ന അയാൾ താൻ റോഡരികിൽ വീണുപോവാനിടയായ സന്ദർഭം ഓർക്കാൻ ശ്രമിച്ചു. എന്നാൽ ഓർമകളെ വാദ്യമേളങ്ങൾ ആട്ടിയോടിച്ചു. ദീപങ്ങൾ വേശ്യകളെപോലെ കണ്ണിറുക്കിക്കാണിച്ചു. അയാൾക്കു തലവേദനിക്കുന്നതായി തോന്നി. അയാൾ ആ സ്വപ്നം ഓർക്കാൻ ശ്രമിച്ചു.

ഈ സമയം റോഡിലൂടെ, ദീപാലങ്കാരങ്ങളാൽ ദീപ്തമായ റോഡിലൂടെ ഒരു പെൺകുട്ടിയും അവളോടൊപ്പം ഒരു മധ്യവയസ്‌കനും നടന്നു പോവുന്നുണ്ടായിരുന്നു…. റോഡിൽ മറ്റാരുമില്ലായിരുന്നു…. ചെറുപ്പക്കാരൻ വെറുതെ അവർക്കു പിന്നിലായി നടക്കാൻ തുടങ്ങി. എന്നാൽ അവരുടെ ദൃഷ്‌ടിയിൽ അയാൾ പെട്ടതുമില്ല.

പെൺകുട്ടി കാഴ്‌ചയിൽ ധനികയായിരുന്നില്ല. എന്നാൽ അവൾ ധനികയെന്നു തോന്നിക്കുന്ന ഉടയാടകൾ അണിഞ്ഞിരുന്നു. മധ്യവയസ്‌കൻ ഒരു സിഗരറ്റിനു തീ കൊളുത്തി…. അയാൾ തനിക്കൊരിക്കലും ഇണങ്ങാത്ത പാന്റ്‌സും ജുബ്ബയുമാണ്‌ ധരിച്ചിരുന്നത്‌. ഇരുവരും നിശ്ശബ്ദരായിരുന്നു. അല്പദൂരം നടന്നപ്പോൾ പെൺകുട്ടി ചോദിച്ചുംഃ

“ഓട്ടോ ഇരുവരെയും വന്നില്ലല്ലോ അച്ഛാ……”

“ലവന്മാരൊക്കെ കുടിച്ചു മറിഞ്ഞ്‌ വല്ലേടത്തും വീണു കെടപ്പുണ്ടാവും.”

“വരാന്നു പറഞ്ഞ വണ്ടിയും…….”

“ഓ…. മറ്റവള്‌ ഡബിൾ ചാർജ്‌ കൊടുക്കാമെന്ന്‌ പറഞ്ഞു കാണും…. കൂത്തച്ചിമോൻ…..” നീണ്ട ഒരു തെറി അയാളുടെ നാവിൽ നിന്നും വീണു.

“പുകവലി കൂടുന്നുണ്ട്‌. അച്ഛന്റെ ചുമ കാരണം അല്പംപോലും ഉറങ്ങാൻ പറ്റാണ്ടായി…..”

അയാൾ കുറ്റബോധത്തോടെ തലതാഴ്‌ത്തി. പിന്നെ അയാൾ വിഷയം മാറ്റി.

“മോളേ… നീ അത്താഴമൊന്നും കഴിച്ചില്ലേ…?”

“മറ്റവര്‌ കൊണ്ടന്ന ബിരിയാണി തിന്നു. അച്ഛനോ?”

“വിശപ്പില്ല”

“എപ്പോഴും കുടിച്ചോണ്ടിരുന്നാ വിശപ്പു കാണൂല്ല.”

അവൾ പരിഭവത്തിലായി…….

ഇരുവരും മൗനത്തിൽ നടന്നു. അവരുടെ ചെരിപ്പുരയുന്ന ശബ്‌ദം മാത്രം കേട്ടു. മകൾ തിരിഞ്ഞു നോക്കി. ഒരു ചെറുപ്പക്കാരൻ തനിക്കു പിറകെ നടക്കുന്നതുകണ്ട്‌ അവൾ പറഞ്ഞു.

“അച്ഛാ ദേ…..ഒരാള്‌” -അച്ഛൻ ചെറുപ്പക്കാരനെ തിരിഞ്ഞു നോക്കി. പിന്നെ ഉറക്കെ ചിരിച്ചു. “പേടിക്കേണ്ടടീ….. മോളേ…. നമ്മുടെ തൊഴിൽ ചെയ്യുന്ന ഒരു ചെറുപ്പക്കാരനായിരിക്കും. പാവം.”

അവൾ ദയനീയതയോടെ ചെറുപ്പക്കാരനെ നോക്കി. പിന്നെ യാതൊന്നും ശ്രദ്ധിക്കാതെ അച്ഛനോടൊപ്പം നടന്നു.

“അവരെത്ര പേരുണ്ടാവുംന്നാ പറഞ്ഞത്‌?”

“മൂന്നു പേരാന്നാ പറഞ്ഞത്‌.”

“ഇവന്മാരുടെ കാര്യമല്ലേ. നാലും അഞ്ചുമൊക്കെ കാണുമച്ഛാ, തന്നെയുമല്ല, ന്യൂയിയറുമല്ലേ…”

“കാശ്‌?”

“ആളിനനുസരിച്ചാ റേറ്റെന്ന്‌ ഫോണിൽ പറഞ്ഞിട്ടുണ്ട്‌. അച്ഛൻ ഒന്ന്‌ ശ്രദ്ധിച്ചോണം.”

“ങും”

ആ അച്ഛനും മകളും നടന്നു നീങ്ങവെ, രണ്ടായിരാമാണ്ടിലേക്കു സ്വാഗതം ചെയ്യുന്ന മൾട്ടി നാഷനൽ കമ്പനികളുടെ പരസ്യബോർഡുകൾ ആകാശത്തിലേക്കു തലയുയർത്തി നിൽക്കുന്നത്‌ അവരുടെ ശ്രദ്ധയിലേക്കു വന്നു. നന്മയും ഐശ്വര്യവും ആശംസിക്കുന്ന ബോർഡുകളിലെ വാചകങ്ങൾ അവൾ കണ്ണുകൊണ്ട്‌ ഒപ്പിയെടുത്തു.

@www…..com@ എന്താച്ഛാ…?

പരസ്യബോർഡിലെ അക്ഷരങ്ങളെക്കുറിച്ചുളള ഒരു സംശയം പെൺകുട്ടി ഉന്നയിച്ചു.

“ഇന്റർ നെറ്റിലെ വെബ്‌ സൈറ്റിന്റെ നമ്പരാ മോളേ…”

മകൾ മനസ്സിലായതുപോലെ തലയാട്ടി. അവൾ ആ നിമിഷം മുതൽ എന്തോ ചിന്തിക്കുവാൻ തുടങ്ങി. എന്തോ ഓർത്തെടുക്കുവാനും. അച്ഛൻ അടുത്ത സിഗരറ്റിന്‌ തീ കൊളുത്താൻ ശ്രമിച്ചു. പിന്നെ ഏതോ ആലോചനയിൽ സിഗരറ്റ്‌ കെടുത്തി. നേർത്തൊരു വിഷാദം അയാളിൽ ഇഴയാൻ തുടങ്ങി.

മകൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“ഇതിനിടെ ബാംഗ്ലൂരുകാരി ഒരു പട്രീഷ്യയെ പരിചയപ്പെട്ടിരുന്നു അച്ഛാ.. അവർക്കൊക്കെ ഇന്റർ നെറ്റില്‌ വെബ്‌സൈറ്റ്‌ ഉണ്ടത്രേ.. അതുകൊണ്ടെന്താ ഡോളറുകണക്കിനാ വരുമാനം?”

അവൾ പറഞ്ഞു നിർത്തി. അച്ഛനെ നോക്കി. അവൾ ഒന്നുകൂടി അച്ഛനോടു ചേർന്നു നിന്നു.

“കാലം മാറുകയാണ്‌… എനിക്ക്‌ പേടിയാവുന്നു അച്ഛാ…”

അച്ഛൻ നടത്തം നിർത്തി. അയാൾ ഒന്നും പറയാതെ മകളെത്തന്നെ നോക്കിനിന്നു. അയാളുടെ കൈകൾ വിറയാർന്നു. വിറയാർന്ന കൈകളാൽ അയാൾ മകളെ വാരിപ്പുണർന്നു.

പരസ്യബോർഡുകൾ ആകാശം മുട്ടിനിൽക്കുന്ന ഒരു നഗരത്തിലെ രാജവീഥിയിൽ ഒരച്ഛനും മകളും പരസ്പരം ആശ്വസിപ്പിച്ചു കൊണ്ടിരിക്കേ, ബാൻഡുമേളങ്ങളോടും ആഹ്ലാദ സംഗീതത്തോടും കൂടി പുതിയ നൂറ്റാണ്ട്‌ പിറക്കാൻ തുടങ്ങി.

Generated from archived content: rathrivazhikal.html Author: haridas_karivellore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleരക്തസാക്ഷികളുടെ വിരലടയാളങ്ങൾ
Next articleമദ്യനിരോധനം പ്രായോഗികമോ?
1968-ൽ ജനിച്ചു. അച്‌ഛൻഃ കെ.ടി. കരുണാകരൻനായർ. അമ്മഃ കെ.വി. ദാക്ഷായണി. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകളും നാടകങ്ങളും എഴുതാറുണ്ട്‌. കേരളത്തിൽ ‘കുട്ടികളുടെ നാടകവേദി’ സാക്ഷാത്‌കരിക്കുന്നതിനുവേണ്ടി പ്രവർത്തിച്ചുവരുന്നു. ഹൃദയം പകർന്ന വാക്കുകൾ, ചന്ദ്രസ്‌പർശം എന്നി കഥാസമാഹാരങ്ങളും വിസ്‌മയവരമ്പിലൂടങ്ങനെ എന്ന ബാലനാടകസമാഹാരവും പ്രസിദ്ധപ്പെടുത്തി. ‘97-ലെ കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ്‌ അവാർഡ്‌ വിസ്‌മയവരമ്പിലൂടങ്ങനെയ്‌ക്കു ലഭിച്ചു. ’92-ൽ സംസ്‌ഥാന സ്‌കൂൾ യുവജനോത്സവമത്സരത്തിൽ ഒന്നാം സമ്മാനിതമായ ‘ആൾരൂപങ്ങൾ’ നാടകത്തിന്റെ രചയിതാവ്‌. മനോരമ വാർഷികപ്പതിപ്പ്‌ ‘86, ’അങ്കണം‘, ഫിലിം ക്രിട്ടിക്‌സ്‌ അസോയിയേഷൻ തുടങ്ങിയവരുടെ പുരസ്‌കാരങ്ങളും ’98-ൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ കാരൂർ സ്‌മാരക സ്വർണ്ണമെഡലും നേടി. കണ്ണൂർ ഗവ. ആയുർവേദ കോളജിൽ ജോലി. ഭാര്യഃ സിന്ധു. മകൻഃ മോഹിത്‌. വിലാസംഃ ഓണക്കുന്ന്‌, കരിവെളളൂർ പി.ഒ. (വഴി) പയ്യന്നൂർ, കണ്ണൂർ ജില്ല -670 521

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English