ദൈവത്തിന്റെ ചിറകുകൾ

‘കൊല്ലത്തിലൊരിക്കൽ വസന്തകാലത്ത്‌ അന്നാട്ടിലെ ജനങ്ങളിൽ ശാരീരികമായ ഒരു മാറ്റം ദൃശ്യമാകുന്നു. ഒറ്റ ദിവസത്തേക്കുമാത്രം പുരുഷന്മാർക്ക്‌ ചിറകുകൾ മുളയ്‌ക്കും. അന്ന്‌ അവർ ആകാശത്ത്‌ പറന്നു നടക്കും. ഭൂമിയിൽ സ്‌ത്രീകളും കുട്ടികളും മാത്രമേ കാണൂ.’

(‘ആയിരത്തൊന്നു രാവുകൾ’)

പുരുഷന്മാർക്ക്‌ ചിറകുമുളയ്‌ക്കുന്ന ദിവസത്തിന്റെ തലേന്ന്‌ അന്നാട്ടിലെ സ്‌ത്രീകളാരും ഉറങ്ങിയില്ല. അവർ വിവിധയിനം വിഭവങ്ങൾ ഒരുക്കുകയായിരുന്നു. സുഗന്ധമുളള ജലം അവർ പുരുഷന്മാർക്ക്‌ കൊണ്ടുപോകാനായി കരുതിവെച്ചു. വിചിത്രവേഷങ്ങളിൽ അവർ സുഗന്ധമഴ പെയ്യിച്ചു. വീട്ടിലെ അകത്തളങ്ങൾ വൃത്തിയായി കഴുകിയപ്പോൾ നിലം കണ്ണാടിയായി.

പുലർച്ചയ്‌ക്ക്‌ പുരുഷന്മാർ വ്രതനിഷ്‌ഠയോടെ ഉണർന്നു. ദൈവത്തെ പ്രാർത്ഥിച്ചു. ആകാശത്തിന്റെ അനന്തത അവരിൽ നിറയാൻ തുടങ്ങി. നേരിയ സംഗീതവും പ്രാർത്ഥനയും വീടുകളിൽ ചൈതന്യം നിറച്ചു. സവിശേഷമായി തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങൾ അകത്താക്കി നിരന്തരമായ വ്രതാനുഷ്‌ഠാനങ്ങളിലൂടെ ശോഷിപ്പിച്ച ശരീരവുമായി പുതിയ വസ്‌ത്രങ്ങൾ ധരിച്ച്‌ പ്രാർത്ഥനാഭാവത്തിൽ നില്‌ക്കെ അവരിൽ വിചിത്രമായ പരിണാമം സംഭവിക്കുകയായി. അവരിൽ മുളച്ച വിവിധവർണങ്ങളിലുളള ചിറകുകൾ കുട്ടികളിൽ ഹർഷാരവങ്ങളുളവാക്കി. മനുഷ്യജന്മത്തിൽ നിന്ന്‌ പക്ഷിജന്മത്തിലേക്കുളള ദ്രുതഗതിയിലുളള കൂടുമാറ്റം പുരുഷന്മാരെ ബന്ധങ്ങളുടെ ശൈഥില്യത്തെ ഓർമിപ്പിച്ചു. ഓരോ വീടിന്റെയും മട്ടുപ്പാവിൽ നിന്ന്‌ വീട്ടുകാരുടെ അനുഗ്രഹാശിസ്സുകളുമായി പുരുഷന്മാർ ആകാശത്തേക്കുയർന്നുതുടങ്ങി. ഈ സമയം ദേവാലയങ്ങളിൽ നിന്ന്‌ ദൈവസ്തുതികൾ ഉയർന്നു. ദൈവസംഗീതത്തിൽ നെടുനിശ്വാസങ്ങളുറഞ്ഞു.

അച്ഛൻ പറന്നുപോകുന്ന ആകാശത്തിലെ വിശേഷങ്ങൾ അറിയാൻ തിടുക്കം കൂട്ടി ഉറങ്ങാതെ കാത്തിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു ആ നാട്ടിൽ. ഒരു മരപ്പണിക്കാരനായിരുന്നു അവന്റെ അച്ഛൻ. അച്ഛന്‌ കഴിക്കേണ്ട പഴസ്സത്തും മറ്റും ഒരുക്കുന്ന അമ്മയ്‌ക്കും ഏട്ടനും അരികിലേക്ക്‌ കുട്ടി ശ്രദ്ധയോടെ നടന്നുവന്നു. അവൻ മടിച്ചുമടിച്ച്‌ ഏട്ടനോട്‌ ചോദിച്ചുഃ

“ഏട്ടനും എനിക്കും ചിറകുമുളയ്‌ക്കുമോ?”

പഴസത്ത്‌ രുചിക്കുകയായിരുന്ന ഏട്ടൻ അതിലൊരംശം അവന്റെ കൈവെളളയിലേക്കിറ്റിച്ചു പറഞ്ഞു.

“വലുതായാൽ മുളയ്‌ക്കും”

അച്ഛൻ വ്രതാനുഷ്‌ഠാനങ്ങളിലായിരുന്നു. വിശുദ്ധഗ്രന്ഥങ്ങളിലെ വാക്യങ്ങളിലൂടെ അയാളുടെ കണ്ണുകൾ ഓടി നടക്കുകയായിരുന്നു. അന്നാട്ടിലെ ഏറ്റവും നന്മനിറഞ്ഞ മനുഷ്യനായിരുന്നു ആ മരപ്പണിക്കാരൻ. ആർക്കും എന്തുസഹായവും ചെയ്യുന്ന വിശുദ്ധനായ ഒരു ജീവിതമാണയാൾ നയിച്ചത്‌. ജീവിതത്തെക്കുറിച്ചും സഹജീവികളുടെ സങ്കടങ്ങളെക്കുറിച്ചും അയാൾ സദാ ചിന്തിച്ചുകൊണ്ടിരുന്നു.

പറക്കാൻ ചിറകുമുളയ്‌ക്കുന്നതിനുളള പ്രാർത്ഥനയുമായി അയാളും കുടുംബവും മട്ടുപ്പാവിൽ ചെന്നു മുട്ടുകുത്തി. ഇളയ കുട്ടിക്ക്‌ അതൊന്നെ തികച്ചും കൗതുകകരമായിരുന്നു. പാതിയടച്ച കണ്ണുകളിലൂടെ അവൻ അച്ഛനമ്മമാരുടെയും ഏട്ടന്റെയും പ്രാർത്ഥനാനിരതമായ മുഖം നോക്കിനിന്നു.

പുലർകാലത്തിന്റെ ആദ്യയാമമായിരുന്നു അത്‌. ആ സമയം അന്തരീക്ഷത്തിൽ ചിറകടികൾ കേട്ടു തുടങ്ങി. ഓരോ വീടിന്റെയും മട്ടുപ്പാവിൽ നിന്ന്‌ ചിറകുളള മനുഷ്യർ ആകാശത്തിലേക്കു പറന്നു. ആ സമയം ഭൂമിയിൽ സുഗന്ധമഴ പൊഴിഞ്ഞു. ചിറകുകളിൽ നിന്ന്‌ സുഗന്ധജലം പൊഴിയുന്നതും, ദേവാലയങ്ങളിൽ നിന്ന്‌സുഗന്ധധൂമമുയരുന്നതും കുട്ടിയെ സന്തോഷവാനാക്കി.

നേരം പുലർന്നിട്ടും അടുത്തവീടുകളിലെ പുരുഷന്മാരെല്ലാം പറന്നുപോയിട്ടും അയാൾക്ക്‌ ചിറകുമുളച്ചില്ല. പ്രാർത്ഥിച്ചു പ്രാർത്ഥിച്ച്‌ അവരുടെ കണ്ണുകളിൽ ജലം നിറഞ്ഞിരുന്നു. അയാളുടെ ഭാര്യയുടെ കവിളുകൾ നനഞ്ഞു. തനിക്കിനിയും ചിറകുമുളയ്‌ക്കാത്തതിലുളള അനല്പമായ ആത്മനിന്ദ അയാൾ അനുഭവിച്ചു. അയാളുടെ മൂത്തമകൻ വിസ്മയകരമായ ആ അനുഭവത്തിൽ തരിച്ചിരുന്നുപോയി. ഇളയ കുട്ടിമാത്രം ഒന്നും പറയാതെ അവരെത്തന്നെ നോക്കിനിന്നു.

ഭാര്യയുടെയും മക്കളുടെയുംമേൽ കണ്ണുയർത്താതെ മുട്ടുകുത്തിയ നിലയിൽ ആ മനുഷ്യൻ അപമാനഭാരത്താൽ മുഖം കുനിച്ചു. താഴ്‌ത്തിയ മുഖത്തുനിന്ന്‌ കണ്ണീർ വീണ്‌ നിലം നനഞ്ഞു. ആ നിമിഷം തന്റെ പൗരുഷം നഷ്‌ടമായതുപോലെ അയാൾ ഖേദിച്ചു. ദൈവത്തിന്റെ കൈകൾ തന്നെ തൊടാതെ കടന്നുപോയതുപോലെ അയാൾക്ക്‌ തോന്നി. സേവന നിരതമായ തന്റെ ജീവിതം വ്യർഥമായതായും, താനനുഷ്‌ഠിച്ച സന്മാർഗം അർത്ഥശൂന്യമായതായും അയാൾക്ക്‌ അനുഭവപ്പെട്ടു. അതേ സമയം അസാധാരണമായ ശാന്തതയും അയാളുടെ മനസ്സിനെ തൊട്ടു. ആകാശത്തിൽ പറന്നു നടക്കുമ്പോഴുളള അനിശ്ചിതത്വവും പാരവശ്യവും തന്നെ ബാധിക്കില്ലെന്ന ആഹ്ലാദവും അയാൾക്കുണ്ടായി. പക്ഷേ, അതയാൾ പുറത്തുകാണിച്ചില്ല.

ഭാര്യ കണ്ണുതുടച്ചുഃ ‘വ്രതാനുഷ്‌ഠാനങ്ങളിൽ വല്ല പിഴവും?’

അയാൾ ഒന്നും പറഞ്ഞില്ല.

അവൾ ആകെ വിവശയായിരുന്നു. അവളുടെ അടുത്ത പരിചയത്തിലൊന്നും ഇങ്ങനെയൊരനുഭവം പറഞ്ഞുകേട്ടിട്ടില്ല.

കുട്ടി പറഞ്ഞുഃ ‘വിശക്കുന്നമ്മേ…….’ അവൻ ഏട്ടനെ നോക്കി. ഏട്ടൻ മട്ടുപ്പാവിൽ നിന്ന്‌ മറ്റുവീടുകളിലേക്ക്‌ നോക്കുകയായിരുന്നു. സമീപത്തെ വീടുകളിലെ കുട്ടികൾ മട്ടുപ്പാവിലേക്കു നോക്കിയാൽ അച്ഛനെ കാണുമല്ലോ എന്ന ചിന്ത അവനെ അലട്ടി. അവൻ പറഞ്ഞു.

‘അച്ഛാ നമുക്ക്‌ താഴേക്ക്‌ പോവാം. അച്ഛനെ ആളുകൾ കാണും.’

ഭാര്യയ്‌ക്കും അത്‌ ശരിയാണെന്നു തോന്നി.

‘നമുക്ക്‌ താഴേക്കിറങ്ങാം.’

ആ സമയം അയാൾക്ക്‌ വാക്കുകൾ നഷ്‌ടമായി. താൻ ഒരൊറ്റ നിമിഷംകൊണ്ട്‌ തീർത്തും ഗോപ്യമായ ഒരു വസ്‌തുവായി മാറിയിരിക്കുന്നതായി അയാൾക്ക്‌ മനസ്സിലായി. ഗൃഹനാഥൻ എന്ന അവസ്ഥയിൽനിന്ന്‌ ഒരു കളളന്റെയോ കളവുമുതലിന്റെയോ സ്ഥാനത്തേക്ക്‌ അയാൾ മാറ്റപ്പെട്ടു. പതുങ്ങിപ്പതുങ്ങി ഭാര്യയുടെയും മക്കളുടെയും ഇടയിലൂടെ കോണിപ്പടികളിറങ്ങി താഴേക്ക്‌ വരുമ്പോൾ ശക്തിയാകെ ചോർന്നുപോവുന്നതായി അയാൾക്ക്‌ തോന്നി. ഒരൊറ്റനിമിഷംകൊണ്ട്‌ ജീവിതം മാറിപ്പോയി.

താഴത്തെ ഒരു മുറിയിലേക്ക്‌ അയാൾ കടന്നയുടൻ മൂത്തമകൻ വാതിൽ അടച്ചു. ഇളയകുട്ടി ഏട്ടനോടു ചോദിച്ചു.

‘അച്ഛന്‌ പറന്നുപോകാൻ കഴിയാത്തതെന്തേ ഏട്ടാ?’

ഏട്ടൻ ഒന്നും പറഞ്ഞില്ല. കൂട്ടുകാരോട്‌ വാചകം അടിക്കുവാനുളള വക അച്ഛന്റെ യാത്രാനുഭവത്തിൽനിന്ന്‌ ശേഖരിക്കാമെന്ന്‌ അവൻ കരുതിയിരിക്കണം. അച്ഛൻ പറന്നുപറന്ന്‌ കടലിന്‌ മുകളിലെത്തിയതും കടലിലൂടെ പോകുന്ന കപ്പലിലേക്ക്‌ പറന്നുചെന്നതും കപ്പലിൽനിന്ന്‌ വിശിഷ്ടമായ വസ്‌ത്രങ്ങളും രത്നങ്ങളും അച്ഛന്‌ സമ്മാനമായി ലഭിച്ചതും……അങ്ങനെ നിരവധി കഥകൾ….. അച്ഛൻ പറയുന്നതിനോടൊപ്പം ചിലതൊക്കെ കൂട്ടിച്ചേർക്കുകയും ചെയ്യും അവൻ.

പാൽ തിളപ്പിച്ചുകൊണ്ടിരിക്കെ ഭാര്യ തന്റെ ശരീരത്തിന്റെ ക്ഷീണമറിഞ്ഞു. കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ. ആ സമയം അടുത്ത വീട്ടിലെ സ്‌ത്രീ അവരെ സന്ദർശിച്ചു.

‘കുട്ടികളുടെ അച്ഛൻ പുലർച്ചെ മൂന്നുമണിക്കാ പറന്നത്‌’-എന്ന ആമുഖത്തോടുകൂടിയാണ്‌ സന്തുഷ്‌ടയായ ആ സ്‌ത്രീ സംഭാഷണം തുടങ്ങിയത്‌. ‘ഈ പ്രദേശത്ത്‌ ഏറ്റവും ആദ്യം പറന്നുപോയതും അദ്ദേഹം തന്നെ.’

‘ഇവിടുത്തെയാളും ഏതാണ്ടതേ സമയത്ത്‌ പറന്നു’-മരപ്പണിക്കാരന്റെ ഭാര്യ ആ സ്‌ത്രീയുടെ മുഖത്തുനോക്കാതെ പറഞ്ഞു. അമ്മ പറയുന്നത്‌ നുണയല്ലേയെന്ന്‌ ഇളയകുട്ടിക്ക്‌ തോന്നി. അച്ഛൻ അകത്തുണ്ടെന്നു പറഞ്ഞാലോ എന്ന തോന്നൽ അവൻ അടക്കിവെച്ചു. അയൽക്കാരി പിന്നീടൊന്നും പറഞ്ഞില്ല. അവർ പണിശാലയിൽനിന്ന്‌ കുറച്ച്‌ മരപ്പൊടി ശേഖരിച്ച്‌ വീട്ടിലേക്ക്‌ പോയി.

‘അച്ഛാ’ പാൽ കുടിച്ചുകൊണ്ട്‌ ജനാലയിലൂടെ ഇളയകുട്ടി വിളിച്ചത്‌ അയാൾ കേട്ടില്ല. അയാൾ ചിന്തകളുടെ കുത്തൊഴുക്കിലായിരുന്നു. പുറംലോകത്തെ, വസ്‌ത്രങ്ങളിൽ പറ്റിയ പൊടിപോലെ മനസ്സ്‌ തൂത്തെറിഞ്ഞു.

നിരത്തരികിൽനിന്ന്‌ മൂത്തമകന്റെ കളിക്കൂട്ടുകാരനായ ഒരു കുട്ടി ഓടിവന്നു. അവൻ രസകരമായ ഒരു കളിയുടെ കണ്ടുപിടിത്തത്തിന്റെ ലഹരിയിലായിരുന്നു. അച്ഛന്റെ ശാസനകളിൽനിന്ന്‌ കുസൃതിക്കളത്തിലേക്ക്‌ മോചനം കിട്ടിയ ഒരേയൊരു ദിവസമാണല്ലോ അതെന്ന്‌ അവൻ സന്തോഷിച്ചു. ബാലസഹജമായ ഭാവനയും അവനുണ്ടായിരുന്നു.

‘എന്റെ അച്ഛൻ ഇന്ന്‌ സൂര്യനിലേക്ക്‌ പറക്കും’

അവന്റെ അഭിപ്രായത്തെ മരപ്പണിക്കാരന്റെ മകൻ ഖണ്ഡിച്ചില്ല. കുറേനേരം അവർ ആകാശങ്ങളിലെ അത്ഭുതങ്ങളെക്കുറിച്ച്‌ സംസാരിച്ചു. കൂട്ടുകാരൻ പറഞ്ഞുഃ ‘വലുതായാൽ നമുക്കൊരുമിച്ചു പറക്കാം’

ആ സമയം ചിറകു മുളയ്‌ക്കാത്ത മനുഷ്യന്റെ മകന്‌ അതിയായ വേദന തോന്നി. അച്ഛന്റെ അനുഭവം ഭാവിയിൽ തനിക്ക്‌ ഉണ്ടാവുമോ എന്ന ഖേദം അവന്റെ കണ്ണ്‌ നിറച്ചു. ആകാശം തന്നിൽനിന്ന്‌ അകന്നുപോവുന്നതുപോലെ അവന്‌ തോന്നി.

‘നീയെന്താ കരയുന്നത്‌?’

‘ഒന്നുമില്ല’

പോകാൻ നേരം അവൻ ഒന്നുകൂടി പറഞ്ഞു.

“വൈകുന്നേരം രാജാവിന്റെ കുട്ടിപ്പട വരുന്നുണ്ട്‌. വേണമെങ്കിൽ നമുക്കും അവരോടൊപ്പം ചേരാം. വരുന്നോ?‘

”കുട്ടിപ്പടയോ?“

”മണ്ട, നിനക്കറിയില്ലേ…..ഏതെങ്കിലും വീട്ടിൽ ചിറക്‌ മുളയ്‌ക്കാത്ത ആണുങ്ങളുണ്ടോയെന്നു പരിശോധിക്കാൻ രാജാവ്‌ കുട്ടികളുടെ പടയെ വിട്ടിട്ടുണ്ട്‌. നമുക്കും വേണമെങ്കിൽ അവരോടൊപ്പം ചേരാം.“

ആ നിമിഷം ഭീതിയിൽ അവൻ നടുങ്ങി. അനിയൻ അതൊക്കെയും കേട്ടുനില്‌ക്കുകയാണല്ലോയെന്നത്‌ അവനെ കൂടുതൽ നടുക്കി.

”ചിറകുമുളയ്‌ക്കാത്ത ആരെയെങ്കിലും കണ്ടാൽ…..?“

”അയാളെ സ്‌ത്രീയാക്കി വസ്‌ത്രം ധരിപ്പിച്ച്‌ കഴുതപ്പുറത്ത്‌ കയറ്റി തെരുവിലൂടെ നടത്തിക്കും. കാണാൻ നല്ല രസായിരിക്കും അല്ലേ?“

അവൻ ഞെട്ടലോടെ അച്ഛനെ സ്‌ത്രീവേഷം ധരിപ്പിച്ച്‌ കഴുതപ്പുറത്ത്‌ കയറ്റുന്ന രംഗം സങ്കല്പിച്ചു. കൂട്ടുകാരൻ ഒരു വണ്ടിയായി സ്വയം സങ്കല്പിച്ച്‌ പുറത്തേക്ക്‌ ഓടിപ്പോയി.

അമ്മയും അടക്കളയിൽനിന്ന്‌ അതൊക്കെ കേൾക്കുന്നുണ്ടായിരുന്നു. ഇളയകുട്ടി പൊട്ടിച്ചിരിച്ചുകൊണ്ട്‌ പറഞ്ഞുഃ

”അച്ഛൻ അമ്മയുടെ ചേല ചുറ്റി നടക്കുന്നത്‌ കാണാൻ നല്ല രസായിരിക്കുംല്ലേ.“

അമ്മ കുറെനേരം മൗനത്തിലായിരുന്നു. അവരും കേട്ടിട്ടുണ്ട്‌ അങ്ങനെ ചില കഥകൾ. അവർ പ്രതീക്ഷയോടെ അച്ഛന്റെ അരികിലേക്ക്‌ ചെന്ന്‌ ചിറകുകൾ വളരുന്നുണ്ടോയെന്ന്‌ ശ്രദ്ധിച്ചുനോക്കി. നിരാശയോടെ അവർ നിശ്വസിച്ചു. അയാൾ മഞ്ഞുപ്രതിമപോലെ നിശ്ചലനായിരുന്നു. ഒരക്ഷരം ഉരിയാടിയില്ലെങ്കിലും അയാളുടെ കവിളിലൂടെ നദി ഒഴുകിക്കൊണ്ടിരുന്നു.

വേദനകൾ മനസ്സിലടക്കി മൂത്ത മകനെ വിളിച്ച്‌ വളരെ ശാന്തമായ സ്വരത്തിൽ അമ്മ വാക്കുകൾ വിതറി.

”മക്കളെ, അമ്മ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയുകയാണ്‌. ശ്രദ്ധിച്ചുകേൾക്കണം.“

മകൻ അമ്മയെ കണ്ണിമക്കാതെ നോക്കിനിന്നു.

”മക്കളെ, നിങ്ങൾ രണ്ടുപേരുടെയും ഭാവിക്കുവേണ്ടി കൂടിയാണ്‌ ഈ തീരുമാനം അമ്മ എടുക്കുന്നത്‌. വർഷത്തിലൊരിക്കലും ചിറകുമുളയ്‌ക്കാത്ത ഒരാളുടെ മക്കളായി നിങ്ങൾ വളരുമ്പോൾ സമൂഹം നിങ്ങളെ നിന്ദിക്കും. നിങ്ങളുടെ അധ്യാപകരും കൂട്ടരും അവജ്ഞയോടെ നിങ്ങളെ നോക്കും. അച്ഛനെ പെൺവേഷം കെട്ടിച്ച്‌ കഴുതപ്പുറത്ത്‌ എഴുന്നെളളിക്കുന്ന രംഗം മരണം വരെ നിങ്ങളുടെ മനസ്സിൽ നിന്ന്‌ മായുകയില്ല. പുരുഷത്വമുളള എല്ലാവർക്കും ചിറകുമുളയ്‌ക്കുന്ന ഈ ദിവസം പറന്നുപോകാത്തവരെ പുരുഷന്മാരായി ഗണിക്കാൻ നമ്മുടെ ആളുകൾ തയ്യാറാവുകയില്ല. മക്കളേ……അതോടെ നിങ്ങളുടെ പിതൃത്വം ചോദ്യം ചെയ്യപ്പെടും. ആ കാരണത്താൽ നിങ്ങളുടെ ഈ അമ്മ എല്ലായിടുത്തും അപമാനിതയാവും. മുക്കാലിയിൽ കെട്ടിയിട്ട്‌ എന്നെ അവർ അടിക്കുകയും എന്റെ തല മുണ്ഡനം ചെയ്യുകയും ചെയ്യും. എന്റെ ദൈവമേ!“ അതും പറഞ്ഞ്‌ ആ സ്‌ത്രീ വാവിട്ട്‌ നിലവിളിക്കാൻ തുടങ്ങി. വരാൻ പോവുന്ന ക്രൂരമായ അനുഭവങ്ങൾ അവരെ നിശ്ശബ്ദയാക്കി. അല്പനിമിഷത്തിനകം അവർ സമചിത്തത വീണ്ടെടുത്തു.

ഇളയകുട്ടിക്ക്‌ അമ്മ പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും അമ്മയുടെ മനസ്സിനെ വേദനിപ്പിക്കുന്ന എന്തോ ഒന്നാണ്‌ അതെന്ന്‌ അവന്‌ മനസ്സിലായി. അവൻ അമ്മയുടെ മുഖത്ത്‌ ഉമ്മവെച്ചു കണ്ണീരിന്റെ ഉപ്പ്‌ അവൻ രുചിച്ചറിഞ്ഞു.

”എന്താണമ്മേ ചെയ്യേണ്ടത്‌?“

മൂത്തകുട്ടി ചോദിച്ചു. മുതിർന്ന ഒരാളുടെ കാര്യഗൗരവം ആ കുഞ്ഞുമുഖത്ത്‌ നിറഞ്ഞുനിന്നു. അമ്മ വളരെ സ്വകാര്യമായി, നേർമമുറ്റിയ സ്വരത്തിൽ പറഞ്ഞു.

”ഈ അപമാനങ്ങളിൽ നിന്ന്‌ രക്ഷപ്പെടാൻ ഒരു വഴിയേയുളളു മക്കളേ……നിങ്ങളുടെ അച്ഛന്‌ ചിറകുമുളയ്‌ക്കണം. അദ്ദേഹം പറന്നുപോകണം.“

അതെങ്ങനെയെന്ന്‌ എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. അവൻ സാകൂതം അമ്മയെ നോക്കി.

”ദൈവം ചിറകുകളെക്കുറിച്ച്‌ മറന്നിട്ടുണ്ടെങ്കിൽ മനുഷ്യൻ അതോർമിപ്പിക്കണം.’ -നമുക്ക്‌ രണ്ടു ചിറകുകളുണ്ടാക്കി നിന്റച്ഛന്റെ പുറത്ത്‌ കെട്ടിവെക്കാം.“

അതൊരു നല്ല തീരുമാനമായി മകന്‌ തോന്നി-പക്ഷേ, ചിറകുണ്ടാക്കുന്നതെങ്ങനെ? അമ്മ അധികം ആലോചിക്കാൻ നില്‌ക്കാതെ അച്ചന്റെ പണിശാലയിലേക്കു ചെന്നു. നേരിയ മരപ്പാളി ഉളികൊണ്ട്‌ ചെത്തിയെടുത്തു. പിന്നെ അത്‌ മിനുസപ്പെടുത്തി ചിറകുകളുടെ രൂപത്തിൽ വെട്ടിയെടുത്തു. ഇതൊക്കെയും നൊടിനേരം കൊണ്ട്‌ അമ്മ ചെയ്തുതീർത്തപ്പോൾ മക്കൾക്ക്‌ അത്ഭുതം തോന്നി. അച്ഛനെക്കാൾ നന്നായി അമ്മ മരപ്പണിയെടുക്കുന്ന ദൃശ്യം അവരെ വിസ്മയിപ്പിച്ചു.

”ശരിക്കും ചിറകുപോലെ തന്നെ“-ഇളയകുട്ടി പറഞ്ഞു.

”ചിറകുപോലെയല്ല. ചിറകുതന്നെയാണ്‌ മക്കളേ ഇത്‌. അച്ഛന്‌ ദൈവം നൽകിയ ചിറക്‌“-അമ്മ വികാരനിർഭരമായ സ്വരത്തിൽ പറഞ്ഞപ്പോൾ കുട്ടികൾ അതംഗീകരിച്ചു. കണ്ണുതുടച്ച്‌ അത്യന്തം ഗൗരവമുളള ഒരു കാര്യം ചെയ്തു തീർക്കുന്നതുപോലെ അമ്മ ചിറകുകളുമായി അച്ഛനരികിലേക്കുപോയി. അച്ഛൻ വിദൂരതയിലൂന്നിയ ദൃഷ്‌ടി ഒന്നനക്കിയതുപോലുമില്ല.

”നമ്മുടെ മക്കളുടെ ഭാവിയെ കരുതി ഈ ചിറകുകളുമായി നിങ്ങൾ പറന്നുപോവുക-ആർക്കറിയാം! ഇതു ദൈവം തന്ന ചിറകുകൾ തന്നെയാവണം.“

അയാൾ ഭാര്യയുടെ മുഖത്തുനോക്കി ഒരു നിമിഷം നിന്നു. തുടർന്ന്‌ കുട്ടികളുടെ മുഖത്തേക്കും കണ്ണയച്ചു. അയാൾ എന്തോ പറയാൻ ശ്രമിച്ചെങ്കിലുമ വാക്കുകൾ അടർന്നുവീണില്ല.

ഭാര്യയും മകനും ചേർന്ന്‌ ചിറകുകൾ വെച്ചുപിടിപ്പിക്കുമ്പോൾ അയാൾ അനുസരണയുളള കുഞ്ഞിനെപ്പോലെ നിന്നുകൊടുത്തു. രാജാവിന്റെ കുട്ടിപ്പട വരാൻ ഏതാനും നിമിഷങ്ങൾ മാത്രം ബാക്കിയുളളപ്പോൾ അവർ അയാളെ മട്ടുപ്പാവിലേക്കുകൊണ്ടുപോയി. പറന്നുപോവാൻ നേരം കൈക്കൊളളുന്ന പ്രാർത്ഥനയുമായി സകലരും മുട്ടുകുത്തിനിന്നു. പിന്നെ അയാളുടെ നെറ്റിയിൽ ഭാര്യയും മക്കളും ചുംബിച്ചു. ഏതോ ആകാശങ്ങളിൽ മിഴിയൂന്നി അയാളങ്ങനെനിന്നു. പിന്നെ സകലരുടെയും മുഖത്തുനോക്കി ശിരസ്സനക്കി മട്ടുപ്പാവിൽ നിന്നയാൾ പുറത്തേക്കു പറന്നുപോയി.

പ്രാർത്ഥനയ്‌ക്കൊടുവിൽ ഇളയ കുട്ടി ചോദിച്ചു. ”അച്ഛൻ എവിടെയെങ്കിലും വീണിട്ടുണ്ടാവുമോ അമ്മേ?“

കണ്ണു തുടച്ച്‌ മനസ്സിനെ ശാന്തമാക്കി അമ്മ പറഞ്ഞുഃ

”അതിൽ അപമാനമായിട്ട്‌ ഒന്നുമില്ല മകനേ……പറന്നുപോയവരെല്ലാമൊന്നും തിരിച്ചുവരാറില്ലല്ലോ.“

അനന്തരം കുട്ടി അന്തരീക്ഷത്തിൽ ചിറകടികൾ കേൾക്കുന്നുണ്ടോ എന്നറിയാൻ കാതോർത്തു.

Generated from archived content: daivathinte.html Author: haridas_karivellore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഭാഗം ഃ ഒൻപത്‌
Next articleകാർട്ടൂണുകൾ
1968-ൽ ജനിച്ചു. അച്‌ഛൻഃ കെ.ടി. കരുണാകരൻനായർ. അമ്മഃ കെ.വി. ദാക്ഷായണി. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകളും നാടകങ്ങളും എഴുതാറുണ്ട്‌. കേരളത്തിൽ ‘കുട്ടികളുടെ നാടകവേദി’ സാക്ഷാത്‌കരിക്കുന്നതിനുവേണ്ടി പ്രവർത്തിച്ചുവരുന്നു. ഹൃദയം പകർന്ന വാക്കുകൾ, ചന്ദ്രസ്‌പർശം എന്നി കഥാസമാഹാരങ്ങളും വിസ്‌മയവരമ്പിലൂടങ്ങനെ എന്ന ബാലനാടകസമാഹാരവും പ്രസിദ്ധപ്പെടുത്തി. ‘97-ലെ കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ്‌ അവാർഡ്‌ വിസ്‌മയവരമ്പിലൂടങ്ങനെയ്‌ക്കു ലഭിച്ചു. ’92-ൽ സംസ്‌ഥാന സ്‌കൂൾ യുവജനോത്സവമത്സരത്തിൽ ഒന്നാം സമ്മാനിതമായ ‘ആൾരൂപങ്ങൾ’ നാടകത്തിന്റെ രചയിതാവ്‌. മനോരമ വാർഷികപ്പതിപ്പ്‌ ‘86, ’അങ്കണം‘, ഫിലിം ക്രിട്ടിക്‌സ്‌ അസോയിയേഷൻ തുടങ്ങിയവരുടെ പുരസ്‌കാരങ്ങളും ’98-ൽ സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ കാരൂർ സ്‌മാരക സ്വർണ്ണമെഡലും നേടി. കണ്ണൂർ ഗവ. ആയുർവേദ കോളജിൽ ജോലി. ഭാര്യഃ സിന്ധു. മകൻഃ മോഹിത്‌. വിലാസംഃ ഓണക്കുന്ന്‌, കരിവെളളൂർ പി.ഒ. (വഴി) പയ്യന്നൂർ, കണ്ണൂർ ജില്ല -670 521

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English