ഉറങ്ങാത്ത ദൈവത്താര്

ക്ഷേത്രാചാരങ്ങള്‍ക്കു തുടക്കമായി ശംഖനാദം മുഴങ്ങുമ്പോഴെ, ‘പളുങ്കണന്‍’ ഉറക്കമുണരും. നഗരത്തില്‍ പാ‍ര്‍ക്കുചെയ്യുന്ന ടാക്സി വാഹനങ്ങളും, അന്നാദ്യത്തെ തീ പൂട്ടുവാനൊരുങ്ങുന്ന ഹോട്ടലുകളിലെ പിന്‍ വരാന്തയിലെ പാത്രങ്ങളും പളുങ്കണനെ കാത്തിരിക്കുന്നുണ്ടാകും. പളുങ്കണനുണരാതെ നഗരമുണരുന്നില്ല. ശ്രീകോവിലിലുറങ്ങുന്ന ദൈവത്താരുണരുന്നില്ല. നേരം പുലരുമ്പോഴേക്കും കൈയ്യില്‍ തടഞ്ഞ ചില്ലറതുട്ടുകളുമായി പളുങ്കണന്‍ എങ്ങോട്ടുപോകുന്നുവെന്നോ, ചില്ലറതുട്ടുകള്‍കൊണ്ട് എന്തു ചെയ്യുന്നുവെന്നോ, പളുങ്കണനെ പോറ്റുന്ന നഗരത്തിനറിയില്ല. മദ്യശാലകളിലോ, ചൂതാട്ടകേന്ദ്രങ്ങളിലോ, പളുങ്കണനെ ഒരിക്കലെങ്കിലും കണ്ടവരാരുമില്ല. ക്ഷേത്രാങ്കണത്തിലും, പള്ളിയങ്കണത്തിലും കണ്ടിട്ടില്ല. പളുങ്കണന്‍ എവിടെപ്പോയിയെന്ന്, ആരാരും അന്വേഷിക്കാറുമില്ല. അടുത്ത പ്രഭാതത്തില്‍ അവന്‍ എങ്ങിനെയും അവിടെയെത്തുമെന്ന് എല്ലാവര്‍ക്കുമറിയാം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത്, പാത്രങ്ങള്‍ ഒഴിച്ചുവെച്ച് എല്ലാവരും അവനെ പ്രതീക്ഷിക്കും.

മുകളിലേക്കല്പം കോടിയ ഇടംകണ്ണും, നീളംകുറഞ്ഞ ഇടം കാലുമായി അവന്‍ ആ നഗരത്തെലിത്തിയിട്ട്, മൂന്നോ നാലോ കൊല്ലം കഴിഞ്ഞിരിക്കും. സംസാരശേഷി കുറഞ്ഞ അവന് തന്റെ പേരോ, നാടോ, ബന്ധുക്കളെയോ പറ്റി പറയാന്‍ കഴിയുമായിരുന്നില്ല. ഭാഷയെന്തെന്നറിയാത്ത അവന് എല്ലാ ഭാഷയും സുപരിചിതങ്ങള്‍. ഏതു ഭാഷ സംസാരിക്കുന്നവനും പരിചയക്കാരന്‍. അവന്റെ പേരറിയാത്ത നാട്ടുകാര്‍ അവനെ എന്തൊക്കെയോ വിളിച്ചു. പല പേരുകള്‍ കൂടിച്ചേര്‍ന്നപ്പോള്‍ ‘പളുങ്കണന്‍’ എന്ന പേരില്‍ അതെത്തിനിന്നു. ഇളിഭ്യച്ചിരിയോടെ അവനതു നോക്കിനിന്നു. അങ്ങിനെയവന്‍ ആ നാടിന്റെ സന്തതിയായി, നാട്ടുകാരുടെ സഹകാരിയും സഹചാരിയുമായി. പളുങ്കണനായി. ഉദയസൂര്യന്‍ പോലും അവനെ അനുസരിച്ചു. ക്ഷേത്രത്തിലെ ദൈവത്താരനുസരിച്ചു. അവന്‍ നടന്നുവരുന്ന വഴിയിലേക്കു നോക്കിനില്‍ക്കുന്ന കൊച്ചുകുട്ടികള്‍ പോലും അവനെ കുസൃതിപ്പേര്‍ വിളിച്ചാക്ഷേപിക്കുന്നതിനോ, ഒരു കല്‍ചീളെടുത്തെറിയുന്നതിനോ മുതിര്‍ന്നില്ല. പളുങ്കണന്‍ അവരുടെയും ആരാദ്ധ്യപുരുഷനായി. മഞ്ഞപ്പഴങ്ങള്‍ തൂങ്ങിയാടുന്ന മാനത്തോളമെത്തുന്ന മാവിന്റെ ചില്ലിക്കൊമ്പുകള്‍വരെ, ഒന്നര കാലുമായി അവന്‍ ഇഴഞ്ഞുകയറും. അത്ഭുതം കണ്ട് വാ പിളര്‍ന്നുനില്ക്കുന്ന പുന്നാരക്കുട്ടന്മാര്‍ക്കിടയിലേക്ക് അവന്‍ ആവോളം പഴങ്ങള്‍ എറിഞ്ഞുകൊടുക്കും. മുകളിലിരുന്ന് ഈമ്പിക്കുടിച്ചിട്ട്, മാവിന്റെവിത്തുകള്‍, നറുമ്പഴങ്ങള്‍ക്കൊപ്പം അവന്‍ താഴേക്കെറിയും. അബദ്ധം മനസ്സിലാക്കാത്ത കുട്ടികള്‍ അതിന്റെ പിന്നാലെ ഓടിച്ചെല്ലുമ്പോള്‍, മുകളിലിരുന്ന് അവന്‍ നിശ്ശബ്ദമായി ഊറിയൂറി ചിരിക്കും. പിന്നീടെപ്പോഴോ അവന്‍ അവരുടെയിടയില്‍നിന്നും അപ്രത്യക്ഷമാകും. ആ കുരുന്നുകള്‍ക്കുമറിയില്ല, അവന്‍ എവിടെപ്പോകുന്നുവെന്ന്.

ആവശ്യങ്ങളില്ലാത്ത പളുങ്കണന്‍ ഒരുനാള്‍ ദൈവത്താരോടൊപ്പം ഉറക്കമുണര്‍ന്ന്, പാര്‍ക്കുചെയ്തിരിക്കുന്ന ടാക്സികള്‍ക്കരികിളേക്ക് മാര്‍ച്ച്ചെയ്തു. ബക്കറ്റില്‍ വെള്ളവും, ഒരു കൈയ്യില്‍ ഡസ്റ്ററുമായി ടാക്സികള്‍ക്കടുത്ത് അവന്‍ നിലയുറപ്പിച്ചു. ഒരു വാഹനത്തിന്‍മേലേക്കും വെള്ളം പാരാനോ, തുടച്ചുണക്കാനോ അവന്‍ തയ്യാറായില്ല. അവന്‍ ശക്തമായ സമരത്തിലായിരുന്നു. ഉപഭോക്താക്കള്‍ ചുറ്റും വന്ന് അമ്പരന്നു നില്‍ക്കവെ, അവന്റെ ഭാഷയില്‍ അവന്‍ പണം ആവശ്യപ്പെട്ടു. ‘ആദ്യം പണം പിന്നെ പണി’ എന്ന സ്വന്തം മുദ്രാവാക്യത്തില്‍ ഉറച്ചുനിന്നു. ഗത്യന്തരമില്ലാ‍തെ, അവര്‍ അനുസരിക്കുകയും അവന്‍ ആത്മാര്‍ത്ഥമായി പണിയെടുക്കുകയും ചെയ്തു. പല ദിവസങ്ങള്‍ ഇതിന്റെ തനിയാവര്‍ത്തനവുമായി. ഇനിയൊരുനാള്‍ മുന്‍കൂറു പണവുമായി കാ‍ത്തുനിന്നവരോട് അവന്‍ “ഇന്നെനിക്കു പണം വേണ്ടാ” എന്നു തടഞ്ഞു. അടുത്ത കുറേ ദിവസങ്ങളില്‍ അവനെ കണ്ടതേയില്ല. പരസ്പരം തര്‍ക്കിച്ചുനിന്നതല്ലാതെ അവനെ ആരും അന്വേഷിച്ചതുമില്ല.

ഒരു പ്രഭാതത്തില്‍ ശംഖനാദം മുഴങ്ങിയില്ല. ദൈവത്താരുണര്‍ന്നില്ല. എങ്ങിനെയോ തറയില്‍ വീണുടഞ്ഞ ശംഖിന്റെ വെളുത്ത തുണ്ടുകളുമായി, ശ്രീകാര്യക്കാര്‍ മരവിച്ചു നിന്നു. മഴക്കാറുകൊണ്ട് മറ പിടിച്ച്, സൂര്യന്‍ മന്ദിച്ചു നിന്നു. ടാക്സിവാഹനങ്ങളും, ഹോട്ടലുകള്‍ക്കു പിന്നില്‍ നിരത്തിയിരുന്ന പാത്രങ്ങളും വെള്ളത്തിനു ദാഹിച്ചു നിശ്ശബ്ദമായി കിടന്നു. ഇങ്ങിനെ ചില പ്രതിഭാസങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കെ, പളുങ്കണന്‍ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട് നടന്നുവരികയായിരുന്നു. തോളില്‍ ഒരു മാറാപ്പ് തൂക്കിയിട്ടിരുന്നു. വലത്തെ ഏണയില്‍ കൗമാരത്തിലെത്തിയ ഒരു പെണ്‍കുട്ടിയെ ചേര്‍ത്തെടുത്തിരുന്നു. അവരാരും കണ്ടിട്ടില്ലാത്ത അവളുടെ രണ്ടു കണ്ണുകള്‍ ഒരു പച്ച തുണികൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത അവളുടെ രണ്ടു കാലുകള്‍ ഭൂമിക്കുമുകളില്‍ തൂങ്ങിയാടിക്കൊണ്ടിരുന്നു. അപ്പോള്‍ മറവിട്ടുപുറത്തുവന്ന സൂര്യന്‍ വാരിയിട്ട ചില പ്രകാശരശ്മികള്‍, അവളുടെ കണ്ണുകള്‍ക്ക് ഈര്‍ഷ്യയുണ്ടാക്കുന്നതായി അവള്‍ പരാതിപ്പെട്ടു. തെളിഞ്ഞ മുഖത്തോടെ, അവനു ഭാരമാവാത്ത രണ്ടു ഭാരങ്ങള്‍ പേറി, ഇടത്തോട്ടു ചരിഞ്ഞു നടക്കാനാഞ്ഞ അവന്‍ വലം കൈയ്യുയര്‍ത്തി, ദൈവത്താര്‍ക്കും, നഗരവാസികള്‍ക്കും യാത്രാമംഗളങ്ങള്‍ നേര്‍ന്നു. നന്ദി പറഞ്ഞു. പിന്നെ…നടന്നു. നടന്നു നടന്ന്…. നടന്നു നടന്ന്….അവര്‍ നഗരം വിട്ടു. വീണ്ടും നടന്നു….അടുത്ത ഏതോ നഗരത്തിന്റെ പടിവാതില്‍ കാണുംവരെ….ഇനിയും പൂര്‍ത്തിയാക്കുവാനിരിക്കുന്ന സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കുവാനായി…..മനസ്സിലെടുത്ത ദൃഢനിശ്ചയത്തോടെ…. നടന്നുകൊണ്ടിരുന്നു..

Generated from archived content: story3_apr28_15.html Author: hari_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here