പ്രകാശദൂരങ്ങള്‍

ദേവനന്ദനയുടെ കണ്‍തടങ്ങളില്‍ അപ്പോഴും ഉറക്കം കനം തൂങ്ങിയിരുന്നു. പല ദിവസങ്ങളായി തുടരുന്ന യാത്ര. ഏറെ പ്രകാശദൂരങ്ങള്‍ യാത്രചെയ്തതുപോലെ ക്ഷീണം തളര്‍ത്താന്‍ തുടങ്ങിയിരുന്നു. സത്യത്തില്‍ ഇതൊരു പലായനമായിരുന്നോ…

ഈ യാത്രയെ അങ്ങിനെ വിളിക്കുവാന്‍ ദേവനന്ദനക്ക് ഇഷ്ടമില്ല. പുതു ജീവിതം തേടിയുള്ള ഒരു യാത്രയെന്നോ, പുനര്‍ജ്ജനിയിലേക്ക് ഒരയനമെന്നോ ഒക്കെ വിളിക്കുവാനാണ്‍ ദേവനന്ദന ഇഷ്ടപ്പെട്ടത്. പൊങ്ങിനില്‍ക്കുന്ന മണ്‍തിട്ടകള്‍ക്കിടയില്‍ ചാലിട്ടൊഴുകുന്ന പുണ്യതീര്‍ത്ഥത്തില്‍ ഒന്നു മുങ്ങി നിവര്‍ന്നാല്‍ പമ്പ കടക്കാവുന്ന ക്ഷീണമേയുള്ളുവെന്ന് മനസ്സാ വിശ്വസിച്ച് അവള്‍ പുഴയോരത്തേക്കു നടന്നു. ഉടുത്തിരിക്കുന്ന ചേലകൊണ്ടു മാറുമറച്ച്, അവള്‍ നീര്‍ത്തടാകത്തിലിറങ്ങി. തീരത്തുകൂടെ പൈക്കളുമായി കടന്നുപോയ ചില കന്നുകാലിച്ചെക്കന്‍മാര്‍ , ദേവനന്ദനയുടെ അര്‍ദ്ധനഗ്നതയിലെ മേനിയഴകാസ്വദിച്ചു നടന്നുപോയി. ഇതെന്നും കാണുന്ന കന്നുകാലിച്ചെക്കന്‍മാര്‍ക്കോ, യാത്ര പുറപ്പെടുംമുമ്പുവരെ പലര്‍ക്കായി മേനി പങ്കുവച്ചിരുന്ന ദേവനന്ദനക്കോ ഒന്നും തോന്നിയില്ല.

അവള്‍ ഒന്നുറപ്പിച്ചു. ഈ തീര്‍ത്ഥജലത്തില്‍ മുങ്ങി നിവര്‍ന്നു കഴിഞ്ഞാല്‍ താനൊരു അപങ്കിലയായ സ്ത്രീയായിരിക്കും. അപരിചിതമായ ഈ നാട്ടില്‍ എല്ലാവര്‍ക്കും അപരിചിതയായി താനും ഏതെങ്കലും ഒരു കോണില്‍ … ശരീരം കൊണ്ടാവാനൊക്കില്ലെങ്കിലും മനസ്സുകൊണ്ട് അപങ്കിലയായി…

ദീനദയാലിന്‍റെ വാക്കുകള്‍ വെറുതെ ഓര്‍ത്തു പോയി..

“പുതു ജീവിതത്തിനായി ഇനിയും നാഡികള്‍ സ്പന്ദിക്കുന്നുവെങ്കില്‍ , ദേവാ… നീയെവിടെയെങ്കിലും ഓടിപ്പൊയ്ക്കൊള്ളുക. മറ്റൊരു ദീനദയാലോ, നിന്‍റെ മൃദുലമേനിയില്‍ നഖങ്ങള്‍ കോറിയിട്ട ഒരുപറ്റം പകല്‍മാന്യരോ വസിക്കാത്ത ഏതെങ്കിലും നാട്ടിലേക്ക്. അതിനുമുമ്പ്, നിന്‍റെ മൊബൈല്‍ ഫോണില്‍നിന്ന്,ദീനദയാലിന്‍റെ പേരില്‍ കുറിച്ചുവച്ചിരിക്കുന്ന ആ പത്തക്കങ്ങള്‍ മുന്നമേ മായിച്ചു കളയുക. ഇനി ദീനദയാല്‍ എന്നെങ്കിലും നിന്നെ വിളിച്ചാലും നീയത് ശ്രദ്ധിക്കരുത്… ഒരു കാലത്തും നീയിനി ദീനദയാലിനെ വിളിക്കുകയും അരുത്….”

ഇക്കാലമത്രയും തനിക്കൊരു മദ്ധ്യവര്‍ത്തിയായി കൂട്ടുനിന്ന ദീനദയാല്‍ , വെയില്‍ മങ്ങിത്തുടങ്ങിയ ഇടവഴിയിലൂടെ, ഏതോ അസ്പൃശ്യതയിലേക്ക് നടന്നുപോയി. അവിടെനിന്നും തുടങ്ങിയ യാത്ര… കുളിരരുവിയി‍ല്‍നിന്നും കരയില്‍കയറിയ ദേവനന്ദനക്ക്, മാറ്റിയുടുക്കുവാന്‍ മറ്റൊരു ചേലയില്ലായിരുന്നു. തണുത്തുവിറച്ച് ഇനിയും കണ്ടെത്താത്ത ഒരു ലക്ഷ്യത്തിലേക്ക് നടക്കവെ, കുളിര്‍തെന്നലിന്‍റെ സ്പര്‍ശത്തില്‍ അവളുടെ മേനി കുളിര്‍ന്നുവിറച്ചു. ഒന്നുമറിയാത്തതുപോലെ, താര്‍തെന്നല്‍ , അവിടെമാകെ പാറിനടന്ന്, താന്‍ തൊട്ടു തലോടിയ കുളിര്‍മേനിയുടെ കഥ പറഞ്ഞു.

വിജനമെന്നു തോന്നിയ ആ പ്രദേശത്തുകൂടെ നടന്നുപോയ ദേവനന്ദനയെ മറഞ്ഞുനിന്നു കണ്ടുപോയ ചില പീക്കിരിപ്പിള്ളേര്‍ സുന്ദരിയായ ഒരു പൂതത്തിനെക്കണ്ടതുപോലെ ഓടിയൊളിച്ചു. അപരിചിതയുടെ സാമീപ്യമറിഞ്ഞ ചില യുവത്വങ്ങള്‍ അവള്‍ക്കു ചുറ്റും വട്ടമിട്ടു. അവരില്‍ കണ്ട കൊത്തിപ്പറിക്കുവാന്‍ വെമ്പുന്ന കഴുകന്‍ കണ്ണുകള്‍ അവള്‍ അവഗണിച്ചു. മൃദുലപാദങ്ങളുയര്‍ത്തി വീണ്ടും നടക്കവെ, ഒരപരിചിതന്‍റെ ശബ്ദം കേട്ടു.

“എവിടേക്കാണു കുട്ടീ…”

ദീനദയാലിന്‍റെ,’ദേവാ..’ എന്ന വിളിപോലെ, ‘കുട്ടീ..’ എന്ന ആശബ്ദം അവളുടെ കാതില്‍ മുഴങ്ങി.

പെട്ടെന്നവള്‍ ഓര്‍ത്തു… വേണ്ട…. പിന്തിരിഞ്ഞുപോന്ന നടവഴിയില്‍ മറന്നുപോന്ന ദീനദയാലിനെ ഇനി ഓര്‍ക്കരുത്.

പക്ഷെ ആ ചോദ്യം തന്‍റെ മനസ്സില്‍ ഒരു ഇടിനാദം മുഴക്കിയില്ലെ… എവിടേക്കാണ് തന്‍റെ യാത്ര… അപരിചിതമായ മണ്ണില്‍ , അപരിചിതരുടെ ഇടയില്‍ … എങ്ങോട്ടാണ് യാത്ര… അവള്‍ തലയുയര്‍ത്തി നോക്കുമ്പോള്‍ , തനിക്കു മുന്നില്‍ നീണ്ടുകിടക്കുന്ന മണ്‍പാത മാത്രമേ കണ്ടുള്ളു.

പദംവച്ചു വരുന്ന സന്ധ്യ തീര്‍ക്കുന്ന പുകമറ പതുക്കെ വ്യാപിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. മുന്നില്‍ നീണ്ട മണ്‍പാതമാത്രം.. അപരിചിതമായ വഴിത്തുരുത്തില്‍ അവള്‍ സ്തംഭിച്ചു നിന്നുപോയി.

ഈ യാത്ര വെറുതെയാരിന്നുവോ… ഈപ്രകാശദൂരങ്ങളത്രയും താണ്ടിയത് വെറുതെയായിരുന്നുവോ…. ഇപ്പോള്‍ ദീനദയാലിനെ കണ്ടിരുന്നുവെങ്കില്‍ അയാള്‍ എവിടെയെങ്കിലും തന്നെയെത്തിക്കുമായിരുന്നു… മാദകശയ്യയിലോ… പുല്മേട്ടിലോ.. എവടെയെങ്കിലും…

അയാളുടെ ഓര്‍മ്മകളുണര്‍ത്തുവാന്‍ ,വെറുതെയെങ്കിലും ഒന്നു വിളിക്കുവാന്‍ അയാളുടെ ഫോണ്‍ നമ്പര്‍ പോലും തന്‍റെ കൈയ്യിലില്ല.

കനത്ത സന്ധ്യ, നിശീഥിനിക്ക് വഴിമാറാനൊരുങ്ങവെ, നിരാലംബയായി നിന്നുപോയ അവളെ ആരോ മുട്ടി വിളിച്ചു.

“ദേവാ…”

ദേവനന്ദന ഞെട്ടിത്തരിച്ചു…

കണ്‍തുറന്നു നോക്കവെ…. അതേ ദീനദയാല്‍ ….

“നീ വീണ്ടും….”

“അതെ,ദീനദയാല്‍….. നിന്‍റെ യാത്രയിലെമ്പാടും നിന്നെ പിന്തുടര്‍ന്ന് ഞാനുമുണ്ടായിരുന്നു…. എനിക്കറിയാമായിരുന്നു… അപരിചിതമായ വഴിവക്കില്‍ എവിടെയെങ്കിലും വഴിയറിയാതെ നീ നിന്നു പോകുമെന്ന്…. അതിനെ പ്രതീക്ഷിച്ചു ഞാന്‍ കാത്തിരുന്നു… ദേവാ… ഞാന്‍ നിന്നെ ക്ഷണിക്കുകയാണ്… എന്‍റെയും നിന്‍റെയും മാത്രമായ വഴിയിലൂടെ കൈകള്‍ കോര്‍ത്തു നടക്കാന്‍ …. നമ്മുടെ കഥകളെല്ലാമറിയുന്ന നമ്മള്‍ക്ക്…. നമ്മുടെ മാത്രമായ വഴിയിലൂടെ പരസ്പര പൂരകങ്ങളായി വരും കാലങ്ങള്‍ മുഴുവന്‍ നടക്കാന്‍ …. “

“എന്താ… നീ വരില്ലേ…..”

ആ വാക്കുകളില്‍ ഒരാത്മസമര്‍പ്പത്തിന്റെ ശബ്ദം. ദീനദയാലിന്‍റെ പക്വമായ വാക്കുകള്‍ . അതില്‍ സ്നേഹം വഴിഞ്ഞിരുന്നു.

ദേവനന്ദന മനസ്സുനിറഞ്ഞു പുഞ്ചിരിച്ചു… ആത്മനിര്‍വൃതിയുടെ പുഞ്ചിരി. ദീനദയാല്‍ തന്‍റെ ബലിഷ്ഠമായ കരങ്ങളാല്‍ ദേവനന്ദനയെ ചേര്‍ത്തുപിടിച്ചു… സര്‍‍വ്വ അവകാശത്തോടെയും അവളുടെ കൈകള്‍ കോര്‍ത്തു പിടിച്ചു…. എന്നിട്ട് ആര്‍ദ്രമായി വിളിച്ചു…

“ദേവനന്ദന….എന്‍റെ പ്രിയപ്പെട്ട ദേവാ…”

നീണ്ടു കിടക്കുന്ന വെണ്മണല്‍വഴിയിലൂടെ കൈകള്‍ കോര്‍ത്തുപിടിച്ച് അവര്‍ നടന്നു…. വളരെ സാവധാനം… ഇനിയും പ്രകാശദൂരങ്ങളോളം നടക്കുവാനിച്ഛിച്ചുകൊണ്ട്…

Generated from archived content: story2_sep13_13.html Author: hari_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English