കരയറിയാതെ ഒരു തിര

അയാള്‍ക്കു പ്രായം കുറച്ചായി.. ഒരു കുടുംബത്തിന്‍റെ ഭാരം മുഴുവന്‍ ചുമലിലേറ്റിക്കൊണ്ട്, താന്‍ തുടങ്ങിയതാണ്, ഈ അദ്ധ്വാനം… അതിനിടയ്ക് അച്ഛനും അമ്മയും യാത്രയായി…. രണ്ടു സഹോദരിമാര്‍, ഭേദപ്പെട്ട കുടുംബങ്ങളില്‍ ചേക്കേറി… ഒരു സഹോദരന്‍, വഴിതെറ്റി, ഏതോ വഴിത്താരയില്‍ മറഞ്ഞുപോയി.. ഇത്തരം പ്രതിസന്ധി നേരിടുന്ന ഏവരേയും പോലെ, തന്‍റെ ജീവിത്തിന്‍റെ സായാഹ്നത്തില്‍, താന്‍ ഏകനായി, യാത്ര തുടരുന്നു… ഇനിയും കരയറിയാത്ത ഒരു തിര പോലെ… കാലമാപിനി രാഗം തെറ്റിപ്പാടുന്ന, പഴയ ഒരു സൈക്കിളിലാണ് യാത്ര.. പിന്നില്‍ കെട്ടിവച്ചിരിക്കുന്ന ഒരു പഴയ ചാക്കില്‍, ചെറിയ കൈക്കോട്ട്, മണ്ണും സിമിന്‍റും കൂട്ടിക്കുഴക്കാനൊരു ഇരുമ്പു ചട്ടി, കുഴയ്ക്കുന്നതിനുള്ള കൈശ്ശേരി (കുലശേരി), പഴയ ബക്കറ്റ്, അല്‍പം വണ്ണമുള്ള ഒരു കയര്‍, കൈയ്യുറകള്‍.‍… കഴിഞ്ഞു, പണിയായുധങ്ങളുടെ നിര. പുലരും മുമ്പേ തുടങ്ങുന്ന യാത്ര, ഗ്രാമഗ്രാമാന്തരങ്ങളിലൂടെ തുടരും… നഗരങ്ങളിലേക്ക് അയാള്‍ കടക്കാറേയില്ല. ആധുനിക ലോകത്തെ പണിയായയുധങ്ങള്‍ക്കിടയില്‍ തന്റെ പണിയായുധങ്ങള്‍ക്ക് പണിയുണ്ടാവില്ലെന്ന് അയാള്‍ക്കറിയാം… അവയൊന്നും സ്വപ്നം കാണാത്ത ഗ്രാമീണരാണ് അയാളുടെ ഉപഭോക്താക്കള്‍. അവരുടെ വീടുകളുടെ മുമ്പില്‍ നിന്ന് കഴിയുന്നത്ര ഉറക്കെ വിളിച്ചു ചോദിയ്കും.. “അമ്മാ, സേഫ്റ്റി ടാങ്ക് ക്ലീനിംഗ്…” വൈകുന്നതുവരെയുള്ള യാത്രയിലെവിടെയെങ്കിലും, അയാളെ കാത്തിരിക്കുന്ന ചിലരുണ്ടാകും. തികഞ്ഞ ഉത്തരവാദിത്വത്തോടെ ജോലി തീര്‍ത്ത്, പ്രതിഫലം കൈപ്പറ്റി മടക്കയാത്ര… ചാണകവും ചേറും ഗോമൂത്രവും മണക്കുന്ന, ചാളയില്‍, പൊട്ടിയുടഞ്ഞ തന്‍റെ ഒറ്റമുറി പുരയ്ക്കുള്ളില്‍, മുനിഞ്ഞു കത്തുന്ന വിളക്കിനൊപ്പം അങ്ങിനെതന്നെ മുനിഞ്ഞുകത്തുന്ന തന്‍റെ ജീവല്‍തുടിപ്പിലേക്ക് അയാള്‍ മടങ്ങിയെത്തും. കാലങ്ങളായുള്ള യാത്ര ഇതു തന്നെ… അയാളുടെ പണിശാലകളില്‍ അയാള്‍ക്ക് ഒരു നാമമില്ല… സ്നേഹം തുളുമ്പുന്ന ഒരു ശബ്ദമില്ല… ആരുടേയും ചുണ്ടില്‍ അയാളൊരു പുഞ്ചിരി കണ്ടിട്ടില്ല… വെറുപ്പോടെ, അവജ്ഞയോടെ തന്നെ നോക്കുന്ന വ്യക്തികളെ അയാള്‍ എവിടെയും കണ്ടു. അത്തരക്കാരുടെ പണികള്‍ ചെയ്തു, അനിഷ്ടത്തോടെ എറിഞ്ഞു കൊടുക്കുന്ന നാണയങ്ങള്‍ വാങ്ങി അയാള്‍ സ്വന്തം കണ്ണുകളില്‍ ചേര്‍ത്തുപിടിച്ച്, ഈശ്വരനെ സ്തുതിച്ചു…. അയാള്‍ക്ക് വേദനകളില്ലായിലുന്നു… അത്യാഗ്രഹങ്ങളില്ലായിരുന്നു… അടുത്ത പ്രഭാതത്തിലും, അയാള്‍ പണിത്തരങ്ങളും പേറി, എന്നും തന്നെ പേറുന്ന സൈക്കിളിലേറി, ഗ്രാമത്തിന്‍റെ ഉള്‍ത്തടത്തിലേക്കിറങ്ങി. വീടുകളുടെ മുന്നിലെത്തി, പതിവുപല്ലവി ഉരുവിട്ടു.. “അമ്മാ, സേഫ്റ്റി ടാങ്ക് ക്ലീനിംഗ്…” കാലങ്ങളായി തന്നെ മാത്രം കാത്തിരിക്കുന്നതെന്നോണം, ഒരു മദ്ധ്യവയസ്ക പെട്ടെന്ന് പുറത്തേയ്ക്കു വന്നു. “അമ്മാ… എന്തു സഹായം വേണം….?” അയാളുടെ വാക്കുകകളില്‍ പ്രതീക്ഷയുടെ ഒലി മുഴങ്ങുന്നുണ്ടായിരുന്നു… “നീ, സേഫ്റ്റി ടാങ്ക് മാത്രമേ ക്ലീന്‍ ചെയ്യുള്ളൂ..?” “എനക്കാവത് എന്തും ചെയ്യാം….” “കുറച്ചു നാളായി ഉപയോഗിക്കാതെ കിടക്കുന്ന ഒരു കിണറോ…?” “ആവാം അമ്മാ..” “പക്ഷേ, അതു തീര്‍ത്തിട്ടേ സേഫ്റ്റി ടാങ്കിന്‍റെ പണിയ്ക്കു പോകാവൂ…” “കിണറല്ലേ.. അമ്മാ എനിക്കറിയാം.. ഇന്ന് ആദ്യം ഇവിടെത്തന്നെയാണമ്മാ…” അവര്‍ അയാളെ പഴയ കിണറിന്‍റെ അടുത്തേയ്ക്ക് നയിച്ചു.. കാടുമൂടിക്കിടക്കുന്ന ഒരു പഴയ കിണര്‍… അത് ഇഴജന്തുക്കളുടെ കൂടാരമാവാം… തേളും പുഴുക്കളും നിറഞ്ഞ ചതുപ്പിടമാകാം… ഒറ്റനോട്ടത്തില്‍, അളക്കാനാവുന്നതിലേറെ അഗാധവുമായിരിക്കാം… ഏറ്റ ജോലി ചെയ്യുക തന്നെ… ഒരു ചില്ലു ഫലകത്തിലൂടെ ആദ്യമൊരു കുഞ്ഞു സൂര്യനെ അയാള്‍ ആ ആഴമേറിയ കിണറ്റിലേക്ക് ഇറക്കി വിട്ടു… അതിന്‍റെ വെളിച്ചത്തില്‍, അത്യഗാധതയില്‍, ആ സൂര്യന്‍ പ്രതിബിംബിച്ചു… അടുത്തൊരു മരക്കുറ്റിയില്‍ കെട്ടിയുറപ്പിച്ച കയറിന്‍റെ മറ്റേ അറ്റത്ത്, പഴയ ബക്കറ്റ്, കെട്ടിയിട്ട് അതു കിണറ്റിലേയ്കു തൂക്കിയിട്ടു, കാടുതെളിയ്കാനൊരു കത്തി, അരയില്‍ ഉടക്കിയിട്ടു. ജോലിയാരംഭിക്കാന്‍ അയാള്‍ തയ്യാറായി… “അമ്മാ… അഴുക്കു വെള്ളം കരയിലേക്ക് വലിച്ചെടുക്കാന്‍ കരയില്‍ ഒരു സഹായി കൂടി വേണം.. ഞാന്‍ അടിത്തട്ടില്‍ എത്തുമ്പോഴേക്കും അയാള്‍ എത്തിയാല്‍ മതി..” “അതിനു ബുദ്ധിമുട്ടില്ല..” ഭൂമിയേയും കിണറിനേയും തൊട്ടു വന്ദിച്ച്. അയാള്‍ കിണറ്റിലേയ്ക്കു തൂക്കിയിട്ട കയറില്‍ പിടിച്ചു… ദേവനാമം ഉറക്കെ ഉച്ചരിച്ചുകൊണ്ട്, അയാള്‍, പതുക്കെ കിണറ്റിലേക്കിറങ്ങി… ചെടികളും കുറ്റികളും വെട്ടിയെറിഞ്ഞ്, അയാള്‍ താഴേക്കിറങ്ങിക്കൊണ്ടിരുന്നു… പ്രതിഫലിക്കുന്ന കുഞ്ഞു സൂര്യന്‍ അയാള്‍ക്കു വേണ്ടുന്ന വെളിച്ചമേകി.. പതുക്കെ പതുക്കെ അയാള്‍ വെള്ളത്തിന്‍റെ നിരപ്പിലേക്ക് എത്തുകയായിരുന്നു. പുഴുക്കളും, കൂത്താടികളും നുരയ്ക്കുന്ന കൊഴുത്ത വെള്ളത്തില്‍ നിന്ന്, അപരിചിതമായ ഒരു ഗന്ധം, അയാളെ വലയം ചെയ്തു.. പറന്നുയരുന്ന കരുത്തന്മാരായ കൊതുകുകൂട്ടങ്ങള്‍ അയാളെ ആകെ പൊതിഞ്ഞു… അവയെ അവഗണിച്ച് അയാള്‍ താഴേക്കു നീങ്ങി…. ആദ്യം വലയം ചെയ്ത ദുര്‍ഗന്ധം അയാളെ വരിഞ്ഞു മുറുക്കുന്നതുപോലെ… കണ്ണുകള്‍ക്ക് എരിവും പുളിപ്പും… താന്‍ ഇറക്കി വിട്ട കുഞ്ഞു സൂര്യന്‍റെ പ്രകാശം മങ്ങി മങ്ങി വരുന്നു… പിന്നെ.. പിന്നെ പ്രജ്ഞയുടെ അറകളില്‍ പുഴുവരിക്കാന്‍ തുടങ്ങി… എല്ലാം മറന്നു…. കിണറ്റുവെള്ളത്തില്‍ നുരയ്ക്കുന്ന പുഴുക്കള്‍ക്കൊപ്പം അയാളും ഒരു പുഴുവായി കിണറ്റിലേക്കിറങ്ങി. അപ്പോള്‍ മറ്റു പുഴുക്കള്‍ അയാളെ ലാഘവത്തോടെ പുണരുകയും… സ്നേഹത്തോടെ പൊതിയുകയും ചെയ്തു….

Generated from archived content: story2_nov17_14.html Author: hari_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English