മാറ്റം

ആള്‍ താമസമൊഴിഞ്ഞ പഴയ തറവാടിന്റെ കോണില്‍, ഒരു സര്‍പ്പക്കാവ് അന്നും നിലനില്ക്കുന്നുണ്ടായിരുന്നു.

മൂത്തുമുരടിച്ച ചില വൃക്ഷങ്ങളും, അവയെ കെട്ടിപ്പിടിച്ച് പുന്നാരമോതുന്ന കാട്ടുവള്ളികളും, പൊരിവേനലില് അവയ്ക്കിടയില് ക്ഷീണമാട്ടുന്ന കിളിക്കൂട്ടവും, മരക്കൊമ്പുകളില് കിളിത്തട്ടു കളിക്കുന്ന അണ്ണാര്ക്കണ്ണന്മാരും ഒക്കെയായിരുന്നു അവിടത്തെ അന്തേവാസികള്. പൂജയും പൂജാരിയും കൂട്ടിരുന്ന ഓര്മ്മകള് അയവിറക്കി മരണംകാത്ത് നിലമ്പൊത്തിക്കിടക്കുന്ന നാഗത്താന്മാരും നാഗയക്ഷികളും മരക്കൂട്ടങ്ങള്‍ക്കിടയില്‍ നോക്കി ദീനമായി കേഴുകയായിരുന്നിരിക്കണം. ഇളം കാറ്റ് കാവിനെ തലോടി കടന്നുപോകുമ്പോള്‍, അവയുടെ ദീന രോദനം പോലെയെന്തോ ഒന്ന് കാവിനുചുറ്റും മുഴങ്ങിയിരുന്നു. ആ മരക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരു ഉഗ്രവൃക്ഷം അവരുടെയൊക്കെ പിതാമഹനായി നിന്നിരുന്നതിനാല്‍, നിയമത്തിന്റെ സങ്കേതങ്ങള് ആ കാവിനെ കാത്തുപോന്നിരുന്നു. ചില അക്ഷരവൈരികള്‍ എഴുതിച്ചമച്ചിരുന്ന ഒരു നാഗത്തകിട്, ആ വന് വൃക്ഷത്തിന്റെ നെഞ്ചില്‍ അനാവശ്യമായി തറച്ചിട്ടിരുന്നു.

“ഇക്കാവിനെ പരിപാലിക്കുക. കാവു നമ്മുടെ സ്വത്താണ്“

കാലത്തിന്റെ നിയാമകമായ യാത്രക്കിടയില്‍ ഒരുദിനം, ഒരു കാറ്റും കോളും ആ കാവിനുമേലേകൂടെ കടന്നുപോയി. ചുക്കിചുളിഞ്ഞ ആ വന്‍ വൃക്ഷത്തിന്, മദമിളകിവന്ന കാറ്റും കോളും തടഞ്ഞുനിര്‍ത്താന്‍ ശക്തിയുണ്ടായിരുന്നില്ല. ഭീതിതമായ ഒരു നിലവിളിയോടെ വൃക്ഷവൃദ്ധന്റെ കഴുത്തറ്റ് താഴേക്കുവീണു. ചുറ്റുമുണ്ടായിരുന്ന മറ്റുചില വൃക്ഷങ്ങള്‍ക്കും മരണം സമ്മാനിച്ചുകൊണ്ട്, ആ വൃക്ഷഭീമന്‍ നിലം പൊത്തി.

അതോടെ നിയമത്തിന്റെ പരിരക്ഷയും അവിടെ അവസാനിച്ചു.

അടുത്ത ചില ദിവസങ്ങളിലായി, കാവുനിന്നിടം വെളിയിടമായി. കാവിലെ തടികള്‍കൊണ്ട് ശില്പ ചാതുര്യതയാര്‍ന്ന ഉരുപ്പടികള്‍ പുതുപ്പണക്കാരുടെ വീടുകള്‍ക്കു മാറ്റുകൂട്ടി. നാഗത്താന്മാരും നാഗയക്ഷികളും, മഴയും വെയിലുമേല്ക്കാത്ത അവരുടെ ‘ഷോ കെയ്സു’ കള്‍ക്കു അലങ്കാരമേകി കുടിയിരുന്നു. ഒളിത്താവളമില്ലാതെ, കളിയരങ്ങില്ലാതെ, കുഞ്ഞിക്കിളികളും, അണ്ണാറക്കൊട്ടന്മാരും, പീഢിതരായി ചുറ്റിത്തിരിഞ്ഞു. തകര്‍ന്നടിയാറായ പഴയ തറവാടാവട്ടെ, ഓര്‍മ്മകള്‍ പേറിക്കൊണ്ട് കുറെക്കാലങ്ങള്കൂടി അങ്ങിനെ കിടന്നു… ഒടുവില്‍ ആകാശം മുട്ടുന്ന ഫ്ലാറ്റുകള്‍ക്ക് അവയും വഴി മാറി….. ഫ്ലാറ്റുകള്‍ക്കുള്ളിലിരുന്നുകൊണ്ട്, ഹോം തിയറ്ററിലെ സ്ക്രീനുകളില്‍ കാവും, കാടും, കാവൂട്ടുപാട്ടുകളും കേട്ട് പുതിയ തലമുറ ഹരം കൊള്ളുകയാണ്. ..ആശയമില്ലാതെ…അദ്ധ്വാനമില്ലാതെ…ഗൃഹാതുരയുടെ രോമാഞ്ചമില്ലാതെ…

Generated from archived content: story1_agu19_13.html Author: hari_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here