ഇ – മെയിലും എസ്.എം. എസ്സും മറ്റനവധിയായ സന്ദേശ വിനിമയ ഉപാധികളും സജീവമായ ഇക്കാലത്ത് കേള്‍ക്കുമ്പോള്‍ കൗതുകം തോന്നും. നൂറ് പേജിലേറെ വരുന്ന നെടുങ്കന്‍ കത്തുകളയച്ചിരുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു.
ഒന്നോ രണ്ടോ അല്ല ഇത്തരത്തിലുള്ള പത്തോളം നെടുങ്കന്‍ കത്തുകള്‍, രണ്ടായിരത്തോളം പോസ്റ്റ് കാര്‍ഡുകള്‍, ഇന്‍ലന്റിലും പോസ്റ്റല്‍ കവറിലുമായി പിന്നെയും നിരവധിയെഴുത്തുകള്‍. എല്ലാത്തിനും സമയാസമയങ്ങളില്‍ അതേപോലുള്ള മറുപടികള്‍ ഞാനുമയച്ചിരുന്നു. കത്തെഴുത്തിന്റെ പൂക്കാലമായിരുന്നു അത്.
ചങ്ങാതിയുടെ പേര് സജീവ്. 1992 ല്‍ പഠനകാലത്ത് ഒരു ക്യാമ്പില്‍ വച്ചാണ് ഞങ്ങള്‍ പരിചയക്കാരാവുന്നത്. പിന്നെ കത്തുകളിലൂടെ സൗഹൃദം ദൃഡമായി. അന്ന് 75 പൈസ വിലയുണ്ടായിരുന്ന ഇന്‍ലന്റുകളിലായിരുന്നു ആദ്യകാലത്തെ കത്തുകള്‍. സൗഹൃദം അതിന്റെ പരിധിക്കകത്ത് ഒതുങ്ങാതായപ്പോള്‍ സ്റ്റാമ്പൊട്ടിച്ച കവറുകളിലേക്കു മാറി. ഒന്നോ രണ്ടോ പായ കടലാസുകളില്‍ നിന്ന് 8 ഉം 10 ഉം പേജുകളിലേക്ക് വളര്‍ന്നു. സത്യത്തില്‍ പേജുകളുടെ എണ്ണപ്പെരുക്കത്തിന്റെ കാര്യത്തില്‍ കൗതുകകരമായ ഒരു മത്സരവും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.
പല ദിവസങ്ങളിലായി പല വിശേഷങ്ങളും തുടര്‍ വിശേഷങ്ങളുമായി 70 ഉം 80 ഉം പേജുകളുള്ള നെടുനീളന്‍ കത്തുകള്‍ ഞങ്ങള്‍ അയക്കാന്‍ തുടങ്ങി. പേജുകളുടെ എണ്ണത്തില്‍ നിന്ന് വ്യത്യസ്തമായി തൂക്കത്തിന്റെ അളവില്‍ പറയേണ്ട നിലവരെയായി. സത്യത്തില്‍ കത്തുകള്‍ എന്നു പേരിട്ടു വിളിക്കാവുന്ന അവസ്ഥയില്‍ നിന്ന് ഞങ്ങള്‍ക്കിടയില്‍ മാത്രം പ്രസക്തിയുണ്ടായിരുന്ന പ്രസിദ്ധീകരണങ്ങള്‍ പോലെയായി മാറിയിരുന്നു എഴുത്തുകള്‍.
അക്കാലത്തെ ഞങ്ങളുടെ ജീവിതത്തിന്റെ സാക്ഷ്യങ്ങളായ രേഖകള്‍
അക്ഷരാര്‍ഥത്തില്‍ സൂര്യന് കീഴിലുള്ള എല്ലാം ഞങ്ങളുടെ കത്തില്‍ വിഷയമാകാറുണ്ടായിരുന്നു. കഥയും, കവിതയും,സിനിമയും, പാട്ടും,രാഷ്ടീയവും, പ്രണയവും,സ്പോര്‍ട്സും…അങ്ങനെയെല്ലാം പല വര്‍ണ്ണങ്ങളുള്ള പേനകള്‍കൊണ്ടെഴുതി, ചിത്രങ്ങളും കാര്‍ഡുകളും വെട്ടിയൊട്ടിച്ച് മനോഹമായ ബൈന്‍ഡിംഗോടെയാണ് ഇവ സ്റ്റാമ്പൊട്ടിച്ച് അയച്ചിരുന്നത്. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഒരേയൊരു വായനക്കാരന്‍ മാത്രമേ ഉള്ളുവെങ്കിലും അന്നെഴുതിയിരുന്ന കത്തുകളാണ് ആദ്യം എഴുത്തിനോടുള്ള ഇഷ്ടം എന്നില്‍ ദൃഡതര മാക്കിയത് എന്നു ഞാന്‍ തിരിച്ചറിയുന്നു.
കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന സമയമായതിനാല്‍ മിക്കപ്പോഴും മണ്ണെണ്ണപ്പുക മൂക്കിലേറ്റു വാങ്ങി രാത്രി കാലങ്ങളിലാണ് കത്തെഴുതിയിരുന്നത്. റേഡിയോ എഴുത്തിന്റെ പശ്ചാത്തലത്തില്‍ എല്ലായ്പ്പോഴുമുണ്ടാകും.
1993 -ല്‍ എഴുതിയ ഒരു കത്തില്‍ സുഹൃത്ത് ഇങ്ങനെ എഴുതുന്നു-
… എടോ ഇപ്പോള്‍ ആകാശവാണി കോഴിക്കോട് പാടുന്നു.
ഓ മൃദുലേ.. ഹൃദയമുരളിയിലൊഴുകി വാ….
എന്തു നല്ല കവിതയുള്ള ഗാനം ഇല്ലേ?ഇതാരാ എഴുതിയത്? ശ്രീകുമാരന്‍ തമ്പി…? ആരായാലും ഞാനിന്ന് വളരെ സന്തോഷത്തിലാണ്.സമാധാനത്തിലാണ്. കാരണം ഞങ്ങളുടെ കൊയ്ത്തും വാരലുമൊക്കെ ഇന്ന് ഒരു വിധം കഴിഞ്ഞു. മുടിമുങ്ങിയായിരുന്നു വയലില്‍ വെള്ളം നിന്നിരുന്നത്. ഈ നവംബറിലൊക്കെ മഴ പെയ്താല്‍ പിന്നെന്നെങ്ങനെയാ ഇക്കൊല്ലവും കറ്റവാരാന്‍ പണിയരെയൊന്നും കിട്ടിയില്ല അവസാനം ഞാനൊക്കെ ഒരു പണിയനായി. ..
ഇതിനിടെ ‘മൃദുല’ കഴിഞ്ഞ് അടുത്ത പാട്ടു തുടങ്ങി.
കരുണാമയനേ കാവല്‍ വിളക്കെ.. ഇനി 11.05 ന്റെ ഇംഗ്ലീഷ് വാര്‍ത്ത കൂടി കേട്ടാല്‍ ഞാന്‍ ഉറങ്ങാന്‍ പോകും.
മറ്റൊരു കത്തില്‍ വിശേഷങ്ങള്‍ ഇങ്ങനെ പോകുന്നു
ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇന്ന് കോളേജില്‍ പോയില്ല. ഇപ്പോള്‍ ഇന്ത്യ x ഓസ്ടിയ രണ്ടാം ടെസ്റ്റിന്റെ കമന്റെറി കേള്‍ക്കുന്നു. മഞ്ചരേര്‍ക്കറും അസഹ്റുദ്ദീനും ക്രീസിലുണ്ട്. എടോ പെട്രോള്‍ വില, ഉള്ളീ വില, കേന്ദ്രഭരണം ഇവ തമ്മില്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നുവത്രെ! നമുക്കിവിടെ മഴ സീസണിലല്ലാത്തപ്പോള്‍ ഉള്ളിക്ക് പുല്ലു വില അല്ലേ?
ഇതിനിടെ പോള്‍ റൈഫലിന്റെ ഒരോവര്‍ മഞ്ചരേര്‍ക്കര്‍ മുട്ടി നിന്ന് മെയിഡനാക്കി. മഗ്രാത്തിന്റെ ആദ്യപന്ത് അസ്ഹര്‍ ഫോറടിച്ചു. ഇത്തവണ ലൊകകപ്പ് നമ്മളടിക്കുമെന്ന് നിനക്ക് വലിയ പ്രതീക്ഷയാണല്ലോ?കാര്യം ശരി തന്നെ പക്ഷെ അതിന് നമ്മുടെ ബൗളിംഗിന് മൂര്‍ച്ച പോര. പ്രഭാകറിനൊക്കെ വയസായി. കുംബ്ലെയാണ് ഏക ആശ്വാസം. ഇതിനിടെ അസഹര്‍ ഒരു രണ്ടടിച്ചു.
എന്റെ എക്സാം ഡേറ്റ് വന്നു. ഇനി ഒരു മാസം കൂടി . നമ്മുടെ യൂണിവേഴ്സിറ്റിയല്ലെ അത് രണ്ടു വട്ടമെങ്കിലും നീട്ടാതിരിക്കില്ല. അതാണ് ഏക പ്രതീക്ഷ.
വയനാട്ടിലെ രണ്ടു കുഗ്ഗ്രാമങ്ങളിലായിരുന്നു വീടുകളെന്നതിനാല്‍ ഞങ്ങള്‍ വളരെ അപൂവമായി മാത്രമേ കണ്ടിരുന്നുള്ളു. വലിയ കത്തുകള്‍ക്കിടയില്‍ മാസങ്ങളുടെ ഇടവേളയുണ്ടാകുമെന്നതിനാല്‍ കാലികപ്രാധാന്യമുള്ള വിശേഷങ്ങള്‍ കൈമാറാന്‍ ഞങ്ങള്‍ ധാരാളമായി പോസ്റ്റുകാര്‍ഡുകളും അയച്ചിരുന്നു. 15 പൈസ മാത്രം വിലയുണ്ടായിരുന്ന കാര്‍ഡുകളില്‍ കുനുകുനുന്നനെ എഴുതി നിറച്ച് അസംഖ്യം കാര്‍ഡുകള്‍. 93 മുതല്‍ 2000 വരെയുള്ള കാര്‍ഡുകളെല്ലാം വര്‍ഷം തിരിച്ച് നമ്പറിട്ട് ഞാന്‍ കെട്ടി വച്ചിട്ടുണ്ട്.
ഫോണ്‍കണക്ഷനൊന്നും ഒട്ടും വ്യാപകമായിട്ടില്ലാത്ത അക്കാലത്ത് കത്തിടപാടുകള്‍ നിലനിന്നിരുന്ന സൗഹൃദങ്ങള്‍ വേറെയും ധാരാളമുണ്ടായിരുന്നു. പക്ഷേ ഇതേ വലിപ്പത്തിലുള്ള കത്തുകള്‍ ഞങ്ങള്‍ കാമുകിമാര്‍ക്കു പോലും അയച്ചിട്ടില്ല.
തപാല്‍ വകുപ്പിന്റെ സേവനത്തേയും അത്ഭുതത്തോടെയേ നോക്കിക്കാണാനാവൂ. ഒരു പോസ്റ്റ് കാര്‍ഡെങ്കിലും വഴിമാറിപ്പോവുകയോ വൈകിയെത്തുകയോ ചെയ്തിരുന്നില്ല.
2000 ല്‍ എന്റെ വീട്ടിലാണെന്നു തോന്നുന്നു ആദ്യമായി ഫോണ്‍ ലഭിച്ചത്. ഫോണ്‍ മണിക്കു പിന്നാലെ ഞങ്ങളുടെ കത്തെഴുത്തിനും മരണമണി മുഴങ്ങി. പിന്നെ വിശേഷം പറച്ചിലുകള്‍ ഫോണിലൂടെ മാത്രമായി. ഏതാണ്ട് അതേ സമയത്തു തന്നെ ജോലിയാവശ്യാര്‍ഥം ഞങ്ങള്‍ രണ്ടുപേരും നാടുവിട്ട് രണ്ടു വഴിക്ക് പോയി. പുതിയ ഇടങ്ങളിലെ വിശേഷങ്ങളുമായി കത്തുകളൊന്നും പിന്നെ അയക്കപ്പെട്ടില്ല. പകരം ഫോണ്‍ വിളികളും ഇ- മെയിലുകളും മാത്രമായി.
2000 ന് ശേഷം വന്ന മൊബൈല്‍ വിപ്ലവത്തിനു ശേഷം കത്തെഴുത്ത് പൂര്‍ണ്ണമായും നിലച്ചു. ആരും എഴുതാറില്ല. ആര്‍ക്കും എഴുതാറില്ല. ഫോണ്‍ വിളികളും എസ്.എം.എസും ഇ-മെയിലും മാത്രം. എങ്കിലും പോസ്റ്റുമാന്റെ തപാല്‍ സഞ്ചിയുടെ ആയലുകള്‍ വഴിയറ്റത്ത് കാണാന്‍ തുടങ്ങുമ്പോള്‍ എന്റെ നെഞ്ചില്‍ ഒരാന്തലുണ്ടാവും ഇപ്പോഴും.
ഒരു പോസ്റ്റ് കാര്‍ഡെങ്ങാനും വിലാസം തെറ്റി…..
Generated from archived content: essay1_sep24_11.html Author: harees_nenmeni