* * * * * * * * * * * * * * മഴ, പിറവി * * * * * * * * * * * * *
അതൊരു കാളരാത്രിയായിരുന്നു. ചാവടിയുടെ പാ വിരിച്ച വെറും നിലത്ത് അമ്മ കിടക്കുകയാണ്. അരികിൽ പേറ്റച്ചി, സ്‌ത്രീബന്ധുക്കൾ തുടങ്ങിയവർ… വേദന അധികരിച്ചപ്പോൾ അമ്മ എന്നെ പ്‌രാകിയോ? കാറ്റിന്റെ നേർത്ത തേങ്ങൽ ഞാൻ കേട്ടു. പിന്നെ, മഴ പെയ്യുന്നതും. മഴയുടെ മൂർദ്ധന്യകാലം, അമ്മ വയറൊഴിഞ്ഞു. ബന്ധമിറുത്ത് മാറ്റപ്പെട്ട ഞാൻ മഴയെ അലോസരപ്പെടുത്തുവാൻ തൊളളകീറി കരഞ്ഞു. മൂശ്ശേട്ടയെ കടത്തിവെട്ടാനാവില്ലെന്ന് കണ്ടോ എന്തോ മഴ പതിഞ്ഞ താളത്തിലേക്ക് പിൻവാങ്ങി.
* * * * * * * * * * * * * മഴ, ബാല്യം * * * * * * * * * * * * * *
ഒരു മഞ്ഞുതുളളിയിൽ പ്രപഞ്ച വിസ്‌മയം പരതുന്ന മിഴികളായിരുന്നു അവളുടേത്. അവൾ, എന്റെ രാധ! അയലത്തെ അമ്പാടിവീട്ടിലെ ഒടുക്കത്തെ അരുമ സന്തതി. ശലഭങ്ങളും പൂക്കളും തെന്നലും അങ്ങനെയങ്ങനെ ഒരുപാട് വേറെയും സഹചാരികളുളളവൾ. അവരൊഴിച്ചുളള നേരം തേടിയെത്തുന്ന അവൾക്ക് എന്റെ ഉപഹാരം കുറെ കണ്ണീർമുത്തുകൾ. ഒരു കാലവർഷം, വയലിലെ പച്ചപ്പിൽ, മഴ വിരിച്ച ചതിയിൽ അവളൊടുങ്ങി.
* * * * * * * * * * * * * മഴ, കൗമാരം * * * * * * * * * * * * *
മഴയോടൊപ്പം പെയ്‌തൊഴിയുന്ന വത്സരങ്ങൾ. അച്ഛന്റെ വിരൽതുമ്പിലെ സുരക്ഷിതത്വത്തിൽ നേടിയ വിദ്യയുടെ ആദ്യപാഠങ്ങൾ ഇന്ന് വിദൂരസ്‌മരണ മാത്രം. ക്ലാസ്സ് മാറ്റങ്ങൾക്ക് നിദാനം ധരിക്കുന്ന യൂണിഫോമിന്റെ നിറഭേദങ്ങളും മഴയുടെ ആവർത്തന ഗമനങ്ങളുമായിരുന്നു. മീശ കുരുത്ത, മാറ് കൂമ്പിയ പുതിയ കൂട്ടുകാരുടെ മാസ്‌മരലോകം. അറിവിന്റെ അലയാഴിയിൽ ‘സിംപ്ലൻ’ സാറുമാരൊടൊത്തുളള ദുർഘടമായ അനുധാവനം രസം പിടിച്ച് തുടങ്ങിയിരുന്നു. പക്ഷേ, അതിലൊരു കരൾവീക്കമുണ്ട്. ഏതോ തുക്കടാ പാർട്ടിയുമായുളള വാഗ്വാദത്തിൽ ശിഷ്യനായ എതിരാളിയുടെ കുത്തേറ്റ് പിടഞ്ഞു വീണ പ്രിയ ജോൺസാർ! എന്റെ കൺമുൻപിലുണ്ട് ആ ‘കലാപാലയങ്കണം’. അവിടെ ചീറ്റിത്തെറിച്ച കാലങ്ങളോളം വടുക്കെട്ടി നിന്ന അദ്ദേഹത്തിലെ ചോരപ്പൂക്കളുടെ ഭീതിയകറ്റിയത് അന്നത്തെ മഴയുടെ നവശരങ്ങളായിരുന്നു.
* * * * * * * * * * * * * മഴ, യൗവനം * * * * * * * * * * * * *
ജീവിതത്തിന്റെ സുവർണ്ണഘട്ടങ്ങൾക്ക് പരിസമാപ്തി. ഇനി വാണ്ടഡ് കോളങ്ങൾ. അലച്ചിൽ. കാക്കപിടുത്തം. എല്ലാം മടുത്ത് ഒരു ഞായറാഴ്‌ചയുടെ ആസുരമഴയിൽ വീട്ടിൽ നിന്നിറങ്ങി നടന്നു. മുന്നിൽ, തൊഴിൽ രഹിതരുടെ അഭിസാരിക ചമഞ്ഞു നിൽക്കുന്ന വായനശാല. ആദ്യപേജ് മറിച്ചപ്പോൾ, മാട്രിമോണിയൽ. ഒരു ഹോബി, വായിച്ചു. അംഗവൈകല്യമുളള യുവതിക്ക് വേണ്ടി, സ്വജാതിയെ പ്രലോഭിപ്പിക്കുന്ന ഭാരിച്ച സ്വത്തുക്കളുടെ വാഗ്‌ദാനങ്ങൾ. ചർച്ചകളൊന്നും നീണ്ടില്ല. കേവലം ഒരു മഞ്ഞച്ചരടിൽ അവളെന്റെ നിത്യകന്യകയുമായി. ഓർക്കുക, എന്നും ദുഃസ്വപ്നങ്ങൾ മാത്രം സമ്മാനിച്ച, (ക്രമേണ, ഉറ്റവർക്കുപോലും എന്റെ ജന്മം വ്യർത്ഥമോഹമായി മാറിയിരുന്നുവല്ലോ?) മഴക്കാലമായിരുന്നു ഭാഗ്യജാതകത്തിന്റെ മേഘവും എന്നിൽ കടാക്ഷിച്ചത്.
* * * * * * * * * * * * * മഴ, അന്ത്യം * * * * * * * * * * * * * *
ഒരിക്കൽ കണ്ണാടി പറഞ്ഞു, നിന്റെ തലനിറയെ മഴനാരുകൾ! മനസ്സാ നഗ്‌നസത്യം അംഗീകരിച്ചു. അതിന് കീഴെ, വാർദ്ധക്യത്തിന്റെ കറുത്ത മുകിലുകൾ അലഞ്ഞു. എങ്കിലും, ഇതുവരെ അവളിൽ നിന്ന് ഭൂമിക്ക് ഭാരമാവാൻ എനിക്കൊന്നും നൽകാൻ സാധിച്ചിരുന്നില്ല. കിടുങ്ങുന്ന മഴയിൽ, ആ കൂറ്റൻ ബംഗ്ലാവിൽ ശയ്യ വിടാത്ത അവളും ഞാനുമെന്ന രണ്ടശരണ പ്രേതങ്ങൾ ഒറ്റയ്‌ക്ക് കഴിഞ്ഞു. ഒരു പക്ഷരാവിലാണ്, അവൾ എനിക്കുമേൽ ജീവിതമഴ പ്രവാഹമുണ്ടാകട്ടെ, എന്നാശംസിച്ച് ആകസ്‌മികമായ ഒരു മിന്നലിൽ പൊലിഞ്ഞത്. പിന്നീട്, അവളാഗ്രഹിച്ചത് നേടാനുളള എന്റെ നിതാന്ത കാത്തിരുപ്പായിരുന്നു. അതിനീ, കനത്തവസ്‌ത്രം അഴിച്ചുമാറ്റി ആത്മാവ് സ്വതന്ത്രമാവണം. വരാന്തയിലെ കാറ്റിലിളകുന്ന കസേരയിൽ മക്കളില്ലാത്ത എനിക്ക് മഴ അന്ത്യോദക തർപ്പണമാകുന്നത് ചിന്തിച്ച് ഞാനുറങ്ങി. അങ്ങനെ സംഭവിച്ചപ്പോൾ, പുറത്ത് പ്രതീക്ഷ തുളുമ്പുന്ന കണ്ണിൽ വിരഹത്തീയ്യുമായി, മനുഷ്യരുടെ നാട്ടിൽ വകയ്‌ക്ക് കൊളളാത്ത അവളുണ്ടായിരുന്നു. ഞാനാട്ടെ, മൈൻഡ് ചെയ്യാതെ പറന്നു. അവസ്ഥാന്തരങ്ങളിലെ ജടിലതകളിൽ നിന്നുയിർത്തെഴുന്നേറ്റ എനിക്ക് ഇനിയെങ്കിലും ഒന്ന് പൊടിപ്പൊടിച്ച് കഴിഞ്ഞ് കൂടണമല്ലോ? അപ്പോൾ മാർഗ്ഗേന ഒരു പ്രതിബന്ധവും അരുത്. മഴയുടെ വേഗതയിൽ ഞാനകലുമ്പോൾ, തിരിഞ്ഞു നോക്കാതിരിക്കാൻ നന്നേ പണിപ്പെടേണ്ടി വന്നു.
Generated from archived content: story_mazharekha.html Author: hamza_kattampally