അവഗണിക്കപ്പെട്ട പ്രതിഭ

പോയതലമുറയിലെ നാടകകൃത്തും സിനിമാ തിരക്കഥാകൃത്തുമായ നോർബർട്ട്‌ പാവനയുടെ ജീവിതത്തിലേക്ക്‌ മകൻ ഹൈനസ്‌ ജോയ്‌ അർപ്പിക്കുന്ന സ്‌മരണാഞ്ജലി.

അദ്ദേഹത്തിന്റെ (നോർബർട്ട്‌ പാവന) കുറെ നല്ല ഓർമ്മകൾ പങ്കു വെയ്‌ക്കുകയാണിവിടെ. പാവന മിക്കവാറും പാതിരാത്രി വരെ ഇരുന്ന്‌ തന്റെ സാഹിത്യസൃഷ്‌ടി നടത്തുമായിരുന്നു. അവയെല്ലാം തന്നെ ഞാൻ രാവിലെ പകർത്തിയെഴുതണം. അങ്ങിനെ പകർത്തിയെഴുതിയ നാടകമായാലും സിനിമ സ്‌ക്രിപ്‌റ്റ്‌ ആയാലും തന്റെ ഭാവനക്കപ്പുറത്തു നിന്ന്‌ ചിന്തിച്ചത്‌ കൊണ്ടാകാം അദ്ദേഹം അവയെല്ലാം തന്നെ ചീന്തിക്കളയും. പിന്നെ എഴുതുന്നത്‌ വളരെ സുന്ദരമായ, ഹൃദയസ്‌പർശിയായ രംഗങ്ങളായിരിക്കും. അതിലെ ഓരോ വാക്കിനും വിലമതിക്കാൻ കഴിയാത്തത്ര മേന്മയായിരിക്കും രക്‌ത്നങ്ങൾ പോലെ.

അതുകൊണ്ട്‌ അദ്ദേഹം എഴുതി കീറിക്കളഞ്ഞു എനിക്കു കിട്ടിയ സർഗവാസനയെ തേച്ചുമിനുക്കാൻ അവസരം കിട്ടി. ഒരു കഥാപാത്രത്തിനു വന്നുഭവിക്കാൻ പോകുന്ന പരിണാമങ്ങളെക്കുറിച്ച്‌ ആഴത്തിൽ ചിന്തിക്കാൻ അവസരം കിട്ടി. ആ കഥാപാത്രത്തിന്റെ വളർച്ച, പല വിധത്തിലുള്ള അപചയങ്ങൾ, സഘർഷങ്ങൾ, സംഭവബഹുലമായ അന്തരീഷം, നർമ്മം കലർന്ന ലളിതമായ സംഭാഷണം, രംഗബോധത്തെക്കുറിച്ചുള്ള ഉൾക്കാഴ്‌ച ഇവയെല്ലാം ഭംഗിയായി, വ്യക്തമായി മനസിലാക്കിത്തരുമായിരുന്നു.

പാവനയുടെ വിലങ്ങുകൾ, തടങ്കൽ പാളയങ്ങൾ എന്നീ നാടകങ്ങൾ പ്രസിദ്ധീകരിച്ചതിനുശേഷമുള്ള എല്ലാ കൃതികളുടേയും മൂലകൃതി പകർത്തിയെഴുതാനുള്ള ഭാഗ്യം എനിക്കു കിട്ടുകയുണ്ടായി. ദാഹിക്കുന്ന കടൽ എന്ന നാടകം ആദ്യം അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്‌ഥമായിട്ടാണ്‌ അത്‌ പ്രസിദ്ധീകരിച്ചത്‌. പിന്നീട്‌ പാവനയുടെ മൂന്നു ലഘു നാടകങ്ങൾ വെളിച്ചത്ത്‌ വന്നു. അതിൽ ശമ്പളദിവസം, വിശപ്പിന്റെ അടിമകൾ, മഴക്കാറ്‌ പെയ്‌തില്ല എന്നീ മൂന്നു ലഘുനാടകങ്ങളായിരുന്നു. പാളം തെറ്റിയ വണ്ടികൾ, നീലാകാശം, ഭൂമിയിൽ സമാധാനം, സിംഹാസനം, ചുവന്ന കായൽ, വേലിയും വിളവും എന്നീ നാടകങ്ങളും നാല്‌ക്കാലികൾ, കെട്ട്‌, സങ്കീർത്തനം മുതലായ സിനിമ സ്‌ക്രിപ്‌റ്റുകളും പാവനയുടെ രചനാപാഠവത്തിന്റെ സുവർണ്ണരേഖകളാണ.​‍്‌

അദ്ദേഹം മനുഷ്യനെ സ്‌നേഹിച്ചു. മനുഷ്യരുടെ മാത്രം കൂട്ടത്തിലായിരുന്നു. മറ്റുള്ളവരിൽ വിരളമായതും പാവനയിൽ ശക്തമായുള്ളതുമായ ഒന്നുണ്ടായിരുന്നു. നിവർന്നു നില്‌ക്കാനുള്ള നട്ടെല്ല്‌. ആ നട്ടെല്ലിൽ നിവർന്നുകൊണ്ട്‌ മനുഷ്യനു വേണ്ടി എഴുതി. മനുഷ്യത്വത്തിന്‌ വേണ്ടി സംസാരിച്ചു. മനുഷ്യത്വത്തെ തുറങ്കിലടക്കുന്ന ഇരുട്ടിന്റെ ശക്തികൾക്കതിരായുള്ള ഒരു പ്രഭാപ്രസരമാണ്‌ പാവനയുടെ കൃതികളെന്നു പറയാൻ വളരെ വളരെ സന്തോഷമുണ്ട്‌.

ശ്രീ. കെ.എം.റോയ്‌ പാവനയുടെ വിലങ്ങുകൾ എന്ന നാടകം ആയിരക്കണക്കിനു സ്‌റ്റേജുകളിൽ അവതരിപ്പിച്ചതായി, പാവനസ്‌മരണ എന്ന അനുസ്‌മരണത്തിൽ കലാകൗമുദിയിൽ (ലക്കം 16.10.2006 ജൂലായ്‌ 16-നു നാടകജീവിതം) എഴുതി കണ്ടു. എന്നാൽ സ്വർഗരാജ്യം എന്ന പേരിൽ ശ്രീ.പി.ബി. ഉണ്ണി സിനിമ ആക്കിയെങ്കിലും വിജയിച്ചില്ല. പിന്നീട്‌ നല്ലൊരു ‘ബ്രേക്കി’നുവേണ്ടി അദ്ദേഹം കാത്തിരുന്നു. ഈ സമയങ്ങളിലും പാവന തന്റെ എല്ലാമായ നാടകരംഗത്ത്‌ ഉറച്ചു നിന്നു. കൊച്ചിൻ പോർട്ട്‌ ട്രസ്‌റ്റ്‌ അഡ്‌മിനിട്രേറ്റീവ്‌ ഓഫീസിൽ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ കിട്ടുന്ന ഇടവേള പൂർണ്ണമായും അദ്ദേഹം തന്റെ കലാസാഹിത്യ ജീവിതത്തിനായി ഹോമിക്കുകയായിരുന്നു. നിശബ്‌ദനായി എറണാകുളത്ത്‌ ഞങ്ങൾ താമസിക്കുമ്പോൾ മിക്കവാറും ദിവസം വീടിനു മുമ്പിൽ അപ്പച്ചനെ കാത്ത്‌ കാറ്‌ കിടക്കുമായിരുന്നു. അദ്ദേഹം ഓഫീസിൽ നിന്നും വീട്ടിലെത്തിയാൽ ഉടനെ തന്നെ പുറപ്പെടുകയായി. വല്ല സാഹിത്യ സാംസ്‌ക്കാരിക വേദികളിൽ അല്ലെങ്കിൽ നാടകമത്സരങ്ങളിൽ ജഡ്‌ജിയായി, ഉൽഘാടകനായി, അല്ലെങ്കിൽ പ്രസംഗികനായി. വീട്ടിൽ തിരിച്ചെത്തുന്നത്‌ പാതിരായ്‌ക്കായിരിക്കും.

അദ്ദേഹത്തിന്റെ വലിയൊരു സ്വപ്‌നമായിരുന്നു ആലുവ പുഴയോരത്ത്‌, പർണ്ണശാല പോലൊരു ചെറിയ വീട്‌, വിശാലമായ മുറ്റത്തിനു ചുറ്റും സമൃദ്ധമായ ഫലം തരുന്ന മാവും പ്ലാവും മറ്റും മറ്റും. അദ്ദേഹമത്‌ തേടിപ്പിടിച്ചു. ഉടനെ കുറെ ജാതിയും കരയാമ്പുമരങ്ങളും പലയിനം വാഴകളും നട്ടുവളർത്തി. കൂടാതെ പുഴയോരഭാഗത്ത്‌ സിമന്റിൽ തീർത്ത വലിയൊരു ഫിഷ്‌പോണ്ട്‌, അതിൽ ആറു വലിയ ഗൗരമീനുകളെ വളർത്തി. ഓരോന്നിനും രണ്ടു കിലോ തൂക്കം വരും. രാവിലെ ഉണർന്നാൽ നട്ടു വളർത്തിയ മരങ്ങളുടെ അടുത്തെത്തി സൂക്ഷ്‌മനിരീക്ഷണം നടത്തും. പിന്നെ ചാലിലൂടെ വെള്ളം നനയ്‌ക്കുകയായി. അതിനുശേഷം പുഴയിലിറങ്ങി നന്നായി ഒരു കുളി പാസാക്കും. ഭക്ഷണം കഴിഞ്ഞ്‌ ആലുവ ലൈബ്രറിയിലേക്ക്‌ പോകും. ഉച്ചയ്‌ക്ക്‌ വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ്‌ ഒന്നു മയങ്ങും. പിന്നീട്‌ മീൻകുളത്തിനടുത്തേക്ക്‌. വലിയ പ്ലാവും മാവും തണൽ വിരിച്ച ഭാഗത്ത്‌ ഇരുന്നു വളർത്തുമത്സ്യങ്ങളെ നോക്കിയിരിക്കും. അപ്പോൾ മിക്കവാറും കലാസാഹിത്യനായകന്മാരിൽ ആരെങ്കിലും വന്നുചേരും. മിക്കവാറും ശ്രീമൂലനഗരം വിജയൻ, പി.ടി ആന്റണി, കെ.പി.ഇ.സി.ഖാൻ, അഡ്വ. ആന്റണി അമ്പാട്ട്‌, ജോസഫ്‌ മനയിൽ തുടങ്ങിയവർ. അവർ വന്നുചേർന്നാൽ പിന്നെ കളിയും ചിരിയും കൊണ്ട്‌ രംഗം തളിർക്കും. അതിനിടെ സാഹിത്യവും കലയും മാറിമാറി വരും. ആകെ അന്തരീക്ഷം കൊഴുക്കും. ഇതായിരുന്നു അപ്പച്ചന്റെ കൊച്ചിൻ പോർട്ടിലെ റിട്ടയർമെന്റിനു ശേഷമുള്ള ദിനചര്യ.

അപ്പൻ തച്ചേത്ത്‌, പി. നാരായണക്കുറുപ്പ്‌, കെ.എം. റോയ്‌, ഒ.പി. ജോസഫ്‌, എഡ്‌ഢി മാസ്‌റ്റർ, നെൽസൺ ഫെർണാണ്ടസ്‌, എം.കെ. അർജുനൻ, എൻ.കെ. ദേശം, ശ്രീമൂലനഗരം മോഹൻ, സിപ്പി പള്ളിപ്പുറം, എം.ജി. മാത്യു, മരട്‌ ജോസഫ്‌, ജോസഫ്‌ വൈറ്റില, പി.ജെ.ആന്റണി, പ്രെഫ. മാത്യു ഉലകംത്തറ തുടങ്ങിയ പ്രഗൽഭരായ കലാസാഹിത്യസാംസ്‌ക്കാരികനായകന്മാരുമായി പാവനയ്‌ക്ക്‌ നിരന്തരബന്ധമുണ്ടായിരുന്നു.

എന്നാൽ യാത്രാസൗകര്യം തുരുത്തിനെ തന്റെ എല്ലാമായിരുന്ന കൊച്ചി നഗരവുമായി വളരെ അകറ്റി. തുരുത്തിലേക്ക്‌ ആകെ ശരണം ഒരു റെയിൽപാത മാത്രം. ആലുവായിലേക്ക്‌ പാലത്തിനുവേണ്ടി ആദ്യം ശ്രമിച്ചു. പിന്നീട്‌ അദ്ദേഹം ജനങ്ങളെ സംഘടിപ്പിച്ചു. തുരുത്തിലേക്ക്‌ ഒരു ഫുട്‌പാത്ത്‌ നേടിയെടുത്തു. ശ്രീ.ഒ.ആർ.ആർ. കർത്താ, രാമചന്ദ്രൻ, ഉസ്‌മാൻ, സി.ടി. വർക്കി തുടങ്ങിയവരെ മുന്നിൽ നിർത്തി പൊതുജനമുന്നേറ്റത്തോടെ അദ്ദേഹം പ്രവർത്തിച്ചു. പാവനയുടെ നിത്യസ്‌മാരകമായി റെയിൽവേ ഫുട്‌പാത്തും, പുറയാറുമായി തുരുത്തിനെ ബന്ധിക്കുന്ന റോഡ്‌ബ്രിഡ്‌ജും നിലകൊള്ളുന്നു.

കേരള സാഹിത്യ അക്കാഡമി അദ്ദേഹത്തെ സ്വർണ്ണം നൽകി ആദരിച്ചിരുന്നു. അതുപോലെ കൊച്ചി നഗരസഭ നഗരത്തിൽ അദ്ദേഹം താമസിച്ചിരുന്ന അറ്റ്‌ലാന്റീസ്‌ ഭാഗത്തെ ഒരു പാതയ്‌ക്ക്‌ നോർബർട്ട്‌ പാവന റോഡ്‌ എന്നു നാമകരണം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്‌.

പാവനയുടെ കൃതികളിലൂടെഃ

വിലങ്ങുകൾ; തികച്ചും യാഥാസ്‌ഥിതികനായ ഒരു കൃസ്‌ത്യാനിയാണ്‌ മാനത്തിന്മേൽ തോമ്മൻ. പെരുന്നാളും വങ്കേത്തി‘യും നടത്തി പെരുമ നേടുന്ന അയാൾക്കെതിരായി ആരും ഒന്നും പറഞ്ഞുകൂടാ. സഹോദരിയുടെ കുടുംബമായ നെല്ലിശ്ശേരി ഭരിക്കുന്നത്‌ അദ്ദേഹമാണ്‌. അനന്തരവനായ പീറ്ററും ലൂക്കായുടെ മകളായ ബേബിയും തമ്മിൽ, അവരുടെ സമ്മതം ചോദിക്കാതെ, മദ്യത്തിന്റെ ലഹരിയിൽ ഒരു വിവാഹം നിശ്ചയിക്കുന്നു. ആ വിവാഹം ഒരഗ്നിഗോളത്തെ ഉൾക്കൊള്ളുന്നതാണീ നാടകം. അതിൽ ആദ്യമായി മലയാളത്തിൽ ചവിട്ടുനാടകത്തിന്റെ ധ്വനി രംഗത്ത്‌ അവതരിപ്പിച്ചു.

തടങ്കൽ പാളയങ്ങൾഃ നമ്മൾ അങ്ങിങ്ങു കണ്ടു മുട്ടുന്ന ശരാശരി മനുഷ്യരുടെ ഒരിതിഹാസമാണീ നാടകം. ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നത്‌ ശ്രദ്ധിക്കാം.

തങ്കം ഃ മരിക്കാനുള്ള എല്ലാ ശ്രമങ്ങളേയും ഞാൻ ക്രൂരമായിട്ടെതിർക്കും.

കമലൻ ഃ അവളാണെന്റെ ജാതിയുടെ മതിലുകൾക്കപ്പുറം വിശാലമായ ഒരു ലോകമുണ്ടെന്ന്‌ കാട്ടിത്തന്നത്‌.

രാമനച്ചൻ ഃ എനിക്കെന്റെ മതവിശ്വാസങ്ങളും പാരമ്പര്യങ്ങളുമാണ്‌ വലുത്‌.

പണിക്കർ ഃ ’സമുദായം‘ എന്ന അക്ഷരം കേട്ടാൽ എനിക്കു ഭ്രാന്താണ്‌.

റപ്പേല്‌ ഃ ഇനിക്കു ദൈവകാര്യമാണെടോ വലുത്‌; ലോകകാര്യമല്ല.

വറീച്ചൻ ഃ സ്വന്തം ജാതിക്കാരെ മാത്രമേ സ്‌നേഹിക്കാൻ പാടുള്ളെന്നു മിശിഹാതമ്പുരാൻ പിടിപ്പിച്ചിട്ടൊണ്ടാ?

തമ്പി ഃ ഇടയ്‌ക്കുള്ള ഈ മതിലങ്ങു ഇടിച്ചു നിരത്തിയാലെന്താ?

ഓമന ഃ ഭൂമിയിൽ മനുഷ്യരെല്ലാം വഴക്കിടുകയാണ്‌.

നാരായണി ഃ ഇങ്ങോട്ടു പോന്നപ്പോൾ ഇങ്ങിനെയൊക്കെ വരുമെന്ന്‌ സ്വപ്‌നത്തിൽ കൂടി വിചാരിച്ചില്ല.

ആന്റണി ഃ ഇതൊരു സ്വർഗമായിരുന്നു. വിഷം ചീറ്റുന്ന ചെകുത്താന്മാരുടെ ഒരു നരകമാണിപ്പോൾ.

പരീക്ഷണാത്‌മകമായ ഈ നാടകം 1958-ൽ കേരള നാടകോത്‌സവത്തിൽ അഭിജ്‌ഞ്ഞരായ കലാസ്വാദകരുടെ നിറഞ്ഞ അഭിനന്ദനങ്ങൾ നേടി. കേരളത്തിന്റെ നാടകവേദിയിലെ ആദ്യത്തെ ’ഓപ്പൺ എയർ തിയറ്റർ നാടക‘ മാണിത്‌ എന്നത്‌ കൊണ്ടാണ്‌ പാവന അഭിമാനം കൊണ്ടിരുന്നത്‌. ഈ ഫുൾലെംഗ്‌ത്‌ നാടകത്തിൽ രണ്ടു കുടുംബങ്ങൾ അടുത്തടുത്തായി താമസിക്കുകയാണ്‌. ഒരു പൊതു വരാന്തയും ഒരു ഭാഗത്തായി പശുത്തൊഴുത്തും. നാടകാദ്യാവസാനം ഇതാണ്‌ ദൃശ്യമാകുന്നത്‌.

ദാഹിക്കുന്ന കടൽഃ കടലിന്റേയും കരയുടേയും കരളലിയിക്കുന്ന ഒരു നാടകമാണിത്‌. 1960 ഒക്‌ടോബർ മാസം, എറണാകുളം കേരളാ ഫൈൻ ആർട്ട്‌സ്‌ ഹാളിൽ ഡെമോക്രാറ്റിക്‌ തിയറ്റേഴ്‌സ്‌ ഈ നാടകം അവതരിപ്പിച്ചു. കടലിന്റെ അഗാധതയിലും കൊടുമുടിയുടെ ഉച്ചിയിലും കാൽപ്പാടുകളുറപ്പിച്ച മനുഷ്യൻ, സാത്താന്റെ പ്രതികാരവാഞ്ഞ്‌ഛയോടും ദൈവത്തിന്റെ സ്‌നേഹവായ്‌പ്പോടും കൂടി കടലിന്റെ കരിനീലക്കൈകളെ പിടിച്ചു കെട്ടാൻ മുന്നോട്ടുവരുകയാണ്‌, കടൽഭിത്തി ഉയർത്താൻ. അതിനിടയിൽ ആയിരമായിരം ആശകൾ തരിമണലിൽ അടിഞ്ഞു ചേർന്നു. തിരമാലകളുടെ ചുണ്ടുകൾ വിയർപ്പും ചോരയും മുത്തിക്കുടിച്ചു. എന്നിട്ടും മനുഷ്യൻ മുന്നേറുന്നു ഈ നാടകത്തിലൂടെ.

പാളം തെറ്റിയ വണ്ടികൾഃ റെയിൽ തെറ്റിയ ഒരു വണ്ടിയുടെ നാശം സുനിശ്‌ചിതമാണ്‌. വണ്ടിയെ നിയന്ത്രിക്കുവാനുള്ള ബ്രേക്ക്‌ ഈദൃശ സന്ദർഭങ്ങളിൽ പ്രയോജനപ്പെടുകയില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ബുദ്ധിയും ഇച്‌ഛാശക്തിയും അവനെ നയിക്കുന്നു. അപകടത്തിൽ നിന്നും ഒഴിഞ്ഞു മാറുവാൻ സഹായിക്കുന്നു. അവനു സംരക്ഷണം നൽകുന്നു. അവനെ എത്തേണ്ടിടത്തെത്തിക്കുന്നു. ഇവിടെ പാത തെറ്റിപ്പായേണ്ടിവരുന്ന ഒരു മനുഷ്യന്റെ കഥയാണ്‌ പറയുന്നത്‌. വെച്ച അടി ഓരോന്നും പിഴച്ചുകൊണ്ട്‌, അതിൽ അന്തർഭവിച്ചിരിക്കുന്ന ആപത്തിനെപ്പറ്റി ബോധവാനായ ആ മനുഷ്യൻ മുന്നോട്ട്‌ നീങ്ങുകയാണ്‌. അനുനിമിഷം ഭീഷണമായിത്തീർന്നുകൊണ്ടിരിക്കുന്ന ആപത്തിന്റെ മേഖലയിലൂടെ നാശത്തിന്റെ വക്‌ത്രത്തിലേക്ക്‌. വേദനാനിർഭരനായ ആ മനുഷ്യൻ എല്ലാം മനസിലാക്കുന്നു. പക്ഷേ, അയാൾ പാളം തെറ്റി ഓടുന്ന ഒരു വണ്ടിയാണ്‌. ആ മനുഷ്യന്റെ അനന്തരഗതിയാണ്‌ ഈ നാടകം വരച്ചു കാണിക്കുന്നത്‌. ഈ നാടകം കൊച്ചിൻ പോർട്ട്‌​‍്‌ സ്‌റ്റാഫ്‌ അസോസിയേഷൻ ലൈബ്രറിയുടെ ധനശേഖരാർത്ഥം 1959 ഡിസംബറിൽ പാവന തന്നെ സംവിധാനം ചെയ്‌തു രംഗത്തു അവതരിപ്പിച്ചു. അതിനു ശേഷം ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയുടെ നൂറാം വാർഷികത്തിൽ കൊച്ചിയിൽ അവതരിപ്പിക്കുകയുണ്ടായി. പിന്നീട്‌ അങ്കമാലി പ്രതിഭ തീയേറ്റേഴ്‌സ്‌ പാവനയുടെ മാസ്‌റ്റർപീസായ പാളം തെറ്റിയ വണ്ടികൾ കേരളത്തിലുടനീളം അവതരിപ്പിച്ചത്‌ വളരെ സന്തോഷത്തോടുകൂടിയാണ്‌ സ്‌മരിക്കുന്നത്‌.

ഭൂമിയിൽ സമാധാനംഃ പുതിയൊരു നാടകസങ്കേതത്തെ അവലംബിച്ച്‌ മനോഹരങ്ങളായ നൃത്തഗാനങ്ങളോടും ആകർഷണിയവും ഓജസുറ്റതുമായ രംഗസജ്ജീകരണങ്ങളോടും കൂടിയാണ്‌ ഈ നാടകശില്‌പം കോട്ടയം സന്തോഷ്‌ ഡ്രാമാറ്റിക്‌ ക്ലബ്ബ്‌ അരങ്ങേറിയത്‌. റഹിമും രമേശും രണ്ടു വ്യത്യസ്‌ഥ സ്വഭാവങ്ങളുടെ പ്രതീകങ്ങളാണ്‌. രണ്ടുപേരും ഉയർന്ന മിലിറ്ററി ഓഫീസർന്മാരത്രെ! രമേഷിനു ജിവിതം മണലാരണ്യംപോലെ ദുഃസഹ മായിരുന്നവെങ്കിൽ റഹിമിന്‌ അതൊരു മലർക്കാവായിരുന്നു.

ചുവന്ന കായൽഃ നന്മയുടെ കരങ്ങൾ ഇന്നലെ വരെ തെളിച്ച തേരിന്റെ സാരഥ്യം ഇന്നു നാം ഏറ്റെടുകയാണ്‌, കൂടുതൽ ശക്തി സംഭരിച്ചുകൊണ്ട്‌, പുതിയ വെളിച്ചത്തിലേക്ക്‌. കര കാണാത്ത കടൽത്തീരത്ത്‌ പുതിയ പ്രഭാതത്തിന്റെ പൊന്നൊളി ചിതറി വീഴുന്നു. അവിടെ മരവിച്ചു നിൽക്കുന്ന ഇരുണ്ട നിഴലുകളിൽ വിശ്വവശ്യമായ ഒരു മനുഷ്യഗാഥയുടെ ശബ്‌ദധാര തൂളിവീഴുകയാണ്‌. ആ ഉയിർത്തെഴുന്നേല്‌പിന്റെ വികാരനിർഭരമായ കഥയാണ്‌ ചുവന്ന കായൽ. വെളുത്തുള്ളിക്കായൽ സംഭവത്തെ ആസ്‌പദമാക്കി കേരള പ്രദേശ്‌ കോൺഗ്രസ്‌ കമ്മിറ്റി (കെ.പി.സി.സി.)ക്കുവേണ്ടി വിശ്വശാന്തി തിയറ്റേഴ്‌സ്‌ (എറണാകുളം) എന്ന ബാനറിൽ 1968-ൽ ആദ്യമായി പാവന തന്നെ എഴുതി സംവിധാനം ചെയ്‌തു ഈ നാടകം കേരളത്തിൽ ഉടനീളം അവതരിപ്പിച്ചു.

നീലാകാശംഃ യുദ്ധരംഗത്ത്‌ അനുഭവിച്ച കയ്‌പ്പേറിയ ദൃശ്യങ്ങൾ ഒരു മാനസികാശുപത്രിയുടെ പശ്‌ചാത്തലത്തിൽ ചുരുളഴിയുകയാണ്‌ ഈ നാടകത്തിൽ. 1972-ൽ ആലുവ ടാസ്‌ഹാളിൽ കുറെ പുതുമുഖങ്ങൾക്ക്‌ ജീവൻ നൽകി അവതരിപ്പിച്ചു.

സിംഹാസനം ഃ ഈ നാടകം വളരെ കാത്തിരിപ്പിനുശേഷം രചിച്ചതാണ്‌. ആദർശവാനായ പിതാവിന്റെ കഴിഞ്ഞകാല അനുഭവങ്ങളുടെ, നൊമ്പരങ്ങളുടെ പച്ചയായ നാടകാവിഷ്‌ക്കരണം.

വേലിയും വിളവുംഃ ഒരു രക്തവ്യാപാരിയിലൂടെ കഥ അനാവരണം ചെയ്യപ്പെടുകയാണ്‌. സങ്കർഷങ്ങളും സംഘട്ടനങ്ങളും നിറഞ്ഞ മുഹൂർത്തങ്ങൾ കോർത്തിണക്കിയ നാടകം.

കെട്ട്‌ ഃ ചെമ്മീൻകെട്ടിന്റെ പശ്ചാത്തലത്തിൽ വീർപ്പു മുട്ടുന്ന കുറെ ശുദ്ധാന്മക്കളുടെ വേദനയുടെ കഥ പറയുകയാണ്‌ ഈ സിനിമാ സ്‌ക്രിപ്‌റ്റ്‌.

നാൽക്കാലികൾ ഃ അനാഥബാല്യങ്ങളുടെ വികാരതീവ്രമായ ക്ലാസിക്‌ സ്‌ക്രിപ്‌റ്റാണിത്‌.

സങ്കീർത്തനം ഃ ജീവിതത്തിൽ വന്നുഭവിക്കുന്ന ദുഃഖങ്ങളെ സഹനത്തിന്റെ വഴിയിലൂടെ നോക്കിക്കാണുന്ന കുറെ സാധാരണക്കാരുടെ കഥ പറയുന്ന വികാരഭരിതമായ സ്‌ക്രിപ്‌റ്റ്‌.

ഈ പറഞ്ഞ കലാസൃഷ്‌ടഷികൾ എല്ലാം തന്നെ നിത്യജീവിതത്തിൽ സംഭവിക്കുന്നത്‌ വളരെ ഭംഗിയായി, തന്മയത്വത്തോടെ പാവന ഓരോ കലാവിഭവത്തിനും നൽകിയിരിക്കുന്നു. ഓരോ കഥാപാത്രവും ഒന്നിനൊന്ന്‌ വ്യത്യസ്‌ഥവും, അതാണീ കലാസൃഷ്‌ടികളുടെ ജീവൻ. അദ്ദേഹം പുതുമുഖകലാകാരന്മാരെ പ്രോൽസാഹിപ്പിച്ചിരുന്നു. കൂട്ടുകാർ കൂടുതലും ചെറുപ്പക്കാരായിരുന്നു. അവരിൽ പലരും മിടുക്കന്മാരായി കലാരംഗത്ത്‌ മാറുന്നത്‌ കാണാനും, അപ്പച്ചന്റെ ചുരുങ്ങിയ കാലഘട്ടത്തിൽ കഴിഞ്ഞു. അതു പാവനയുടെ ആത്‌മശാന്തിക്കു നൽകുന്ന ഒരു കുടന്ന പൂക്കളുടെ അശ്രുപൂജയാകട്ടെ! ഒപ്പം മക്കളുടെ കുടുംബാംഗങ്ങളുടെ പ്രാർത്ഥനയും.

നോർബർട്ട്‌ പാവനയെക്കുറിച്ച്‌ഃ

എറണാകുളത്ത്‌ പെരുമാനുരുള്ള അറ്റ്‌ലാന്റീസ്‌ എന്ന സ്‌ഥലത്ത്‌ എം.ജി. റോഡിലുണ്ടായിരുന്ന പാവനത്തറവാട്ടിൽ 1918 മാർച്ച്‌ 28-നു റിമ്മോൾഡിന്റേയും ഏലീശ്വയുടേയും മകനായി ജനിച്ചു. കൊച്ചിൻ പോർട്ട്‌ അഡ്‌മിനിട്രേറ്റീവ്‌ ഓഫീസിൽ ഉദ്യോഗസ്‌ഥനായിരുന്നു. ഇടക്കൊച്ചി പനക്കത്തറ വിക്‌ടോറിയയാണ്‌ ഭാര്യ. ബാബു, മറിയാമ്മ, ക്ലീറ്റസ്‌, ഹൈനസ്‌ ജോയ്‌, റോയ്‌, എലിസബത്ത്‌, ബോണസ്‌ എന്നിവരാണ്‌ മക്കൾ. വൽസമ്മ മങ്കോട്ടിൽ, ജോസഫ്‌ കിഴവന, ബേബി വാട്ടപ്പിള്ളി, സെലീൻ നെല്ലിക്കൽ, ഷീല കൊച്ചുവീട്ടിൽ, സെബാസ്‌റ്റിൻ മിറ്റപ്പിള്ളി, തോമസ്‌ മാങ്കോട്ടിൽ എന്നിവരാണ്‌ മരുമക്കൾ. കൊച്ചിൻ ഷിപ്പ്‌യാഡിനുവേണ്ടി 1970-ൽ സ്‌ഥലം എടുത്തപ്പോൾ ആലുവ പുഴയുടെ തീരത്തുള്ള തുരത്തിലേക്ക്‌ താമസം മാറ്റി. ശ്രീ. സിപ്പി. പള്ളിപ്പുറത്തിന്റെ വീട്ടിൽ ഒരു പുതിയ സിനിമ സംബന്ധമായ കാര്യത്തിനു 1981 ജൂൺ 28നു സഹപ്രവർത്തകരായ ആലപ്പി വിൻസന്റ്‌, ആന്റി ജോസഫ്‌, വി.വി. ആന്റണി എന്നിവരോടുകൂടി പോയി. അവിടെ വെച്ചു ഒരു നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന്‌ അപ്പച്ചനെ ആലുവയിലെ ഒരു സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചുഃ ഹൃദയാഘാതംമൂലം രാവിലെ മരിച്ചു.

Generated from archived content: essay1_aus3_10.html Author: hainas.j_pavana

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here