ഇന്നലെപ്പെയ്‌ത മഴയിൽ തളിർത്ത
തകരപോൽ നീയെന്നെ പിഴുതെറിഞ്ഞപ്പഴും
ചോർന്നീല ഒരുതുള്ളി നീരെൻ
കണ്ണിന്റെ ചോട്ടിലും
നനഞ്ഞ ഹൃദയത്തിനുള്ളിൽ
മുളതെറ്റിയ പ്രതീക്ഷകൾ
അസ്‌ഥാനത്ത് വളരുന്നു.
പാതിരാമഴയത്ത് പാതിവഴി താണ്ടി ഞാൻ
പാതയോരത്ത് നിന്നെയും കാത്തുനിൽക്കുമ്പൊഴും
അവസാനബസ്സ് എനിക്കായ് വരുമെന്ന
പ്രതീക്ഷകൾ മാത്രം….
ഒടുവിൽ നീയെനിക്കായ് കാത്തുനിൽക്കാതെ
കടന്നുപോയെന്നറിയുമ്പോൾ
ഇല്ല, അവശേഷിച്ചില്ല എന്നിൽ
പ്രതീക്ഷയുടെ ഒരു കണികപോലും.
കഠിനമാമീ ഹൃദയത്തിൽ
അന്നുമുളച്ചതെൻ ധാർഷ്‌ട്യം
നീ ഖേദിക്കും; എനിക്കായ് വരും
നാളത്തെ ആദ്യബസ്സ്
അപ്പോൾ നീ ഓർക്കും
സന്തപ്‌തമാം മനസ്സോടെ
എന്നെ കാത്തുനിൽകാതെ
കടന്നുപോയ ശപ്‌തനിമിഷത്തെ
ആർദ്രമാനസമിപ്പഴും ആശിപ്പതിതാ
പാതിരാമഴതോരാതിരുന്നെങ്കിലെന്ന്
തളിർക്കുന്നു വീണ്ടും പ്രതീക്ഷകൾ
നാളെയെന്നവസാനമില്ലാ നാളുകൾക്കായ്….
Generated from archived content: poem1_nov8_10.html Author: gv_karivellur