(ഇനിയും ) ശവപ്പെട്ടികള്‍ വില്‍ക്കപ്പെടും

പിഴച്ചുപോയ സ്വന്തം മകളെ അയാള്‍ ചുട്ടു കൊന്നു. അവള്‍ക്ക് പ്രിയപ്പെട്ട സകലതിനേയും അവളുടെ ചിതയിലേക്ക് എടുത്തെറിയുമ്പോള്‍ അയാള്‍ കരഞ്ഞില്ല. കൂടിനുള്ളില്‍ അഗ്നിനാളങ്ങള്‍ കണ്ടു പേടിച്ച കിളിക്കുഞ്ഞുങ്ങള്‍ കാരുണ്യത്തിനായി അയാളോട് കേണു. പക്ഷെ അവയും അവള്‍ക്ക് ജീവനായിരുന്നല്ലോ. മരണ ശേഷം ഒരു ജീവിതമുണ്ടെങ്കില്‍ തന്റെ മകള്‍ക്ക് കൂട്ടായിരിക്കട്ടെ.

കരഞ്ഞു തളര്‍ന്നുറങ്ങിയ അവളെ വിളിച്ചുണര്‍ത്തി ” ഇനി നീ ജീവിക്കണ്ട” എന്നു പറഞ്ഞപ്പോള്‍ ഒന്നും മനസിലാകാത്തതു പോലെ തന്റെ കുരുന്നിന്റെ കണ്ണുകള്‍ ഒന്നു ചിമ്മി. മരിക്കാന്‍ പേടിയുണ്ടായിരുന്നു അവള്‍ക്ക്. മരണമെന്ന വാക്കിനെ അവള്‍ അത്രയും ഭയപ്പെട്ടിരുന്നു. കാരണം അമ്മയുടെ മരണം മകളുടെ ജീവിതത്തില്‍ ഒരു വലിയ ആഘാതമായിരുന്നു. കൂര്‍ത്ത നഖങ്ങളും പല്ലുകളും ഉള്ള ഇരുകാലികള്‍ അവളുടെ മാംസം കീറിയെടുത്തു പിഞ്ചു ശരീരത്തില്‍ ഒന്നും ബാക്കി വച്ചില്ല. സിഗററ്റിന്റെ പൊള്ളലുകളും ചോരപ്പാടുകളും അല്ലാതെ.

ശവപ്പെട്ടികള്‍ പണിയാന്‍ വെച്ചിരുന്ന തടികള്‍ ഓരോന്നായി പാതി ജീവന്‍ ബാക്കിയുള്ള ശരീരത്തില്‍ വക്കുമ്പോള്‍ അയാള്‍ക്ക് കൈ വിറച്ചില്ല. പെട്ടന്നെല്ലാം അവസാനിപ്പിക്കാന്‍ ധൃതിയുണ്ടായിരുന്നു. അവളെ വില പറയാന്‍ താമസിയാതെ അവരെത്തും ഇരുട്ടിന്റെ മറ പറ്റി കുറുക്കന്റെ മണമുള്ള നായ്ക്കള്‍. തടുക്കാന്‍ തനിക്ക് കഴിഞ്ഞില്ലെങ്കില്‍. നാലാം ക്ലാസുകാരി പരസ്പര സമ്മതത്തോടെ പീഢിപ്പിക്കാന്‍ നിന്നു കൊടുത്തതിനാല്‍ പ്രതികളെ കേവലം പേരിനു ശിക്ഷിച്ചു കളഞ്ഞ നിയമം. അതെ തന്റെ മകളെ പറ്റിയാണ് പറഞ്ഞു വരുന്നത്. ശവപ്പെട്ടി കച്ചവടക്കാരനായ അച്ഛന്റെ പൊന്നോമന. വെള്ള നിറമുള്ള പൂക്കള്‍ കൊണ്ടലങ്കരിച്ച ശവപ്പെട്ടി അയാളുണ്ടാക്കിയെങ്കിലും ഒരു ഭയം ബാക്കി. നിന്നു കുഴിയില്‍ നിന്നും മാന്തിയെടുത്താലും അവള്‍ ഒരു പെണ്‍കുഞ്ഞല്ലേ ചിലപ്പോള്‍ വീണ്ടും…. അതു പാടില്ല തീയാണ് നല്ലത് വേഗത്തില്‍ വിറകടുക്കി വെക്കുമ്പോള്‍ തന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള വ്യഗ്രതയുണ്ടായിരുന്നു അയാളില്‍. കഥയില്‍ ഉടനീളം ‘അയാള്‍’ എന്നു പറഞ്ഞതുകൊണ്ട് സംശയിക്കേണ്ട അയാള്‍ക്കൊരു പേരുണ്ടായിരുന്നു. അതെന്തു തന്നെയായാലും നമുക്കയാളെ അച്ഛന്‍ എന്നു വിളിക്കാം. ആ കുഞ്ഞിനെ മകളെന്നും.

തീ നാളങ്ങള്‍ കാര്‍ന്നു തിന്നുമ്പോള്‍ പോലും അവള്‍ക്ക് നിലവിളിക്കാനായില്ല. കേവലം ശ്വാസമെടുക്കുന്ന ഒരു യന്ത്രത്തിനു നിലവിളിക്കാന്‍ അറിയില്ലല്ലോ. അല്ലെങ്കില്‍ അങ്ങനെ അലറി കരഞ്ഞിട്ട് പ്രയോജനമില്ലെന്ന് ആ ഒരു ദിവസം കൊണ്ടവള്‍ മനസ്സിലാക്കിക്കളഞ്ഞോ? അയാള്‍ക്ക് ശ്വാസം തിരിച്ചു കിട്ടി. എത്രയോ രാത്രിയില്‍ ഉറക്കമില്ലാതെ അച്ഛന്‍ മകള്‍ക്ക് കൂട്ടിരുന്നു. ഒരു ഇല അനങ്ങുമ്പോള്‍‍ പോലും അസ്വസ്ഥനായി വാതില്‍ പൂട്ടിയിടും. തൃപ്തി വരാതെ ആ കൊച്ചു വീട്ടില്‍ ഭാരമുള്ളതെല്ലാം വലിച്ച് വാരിവെച്ച് മകളുടെ സുരക്ഷ ഉറപ്പു വരുത്തി. നീതി കനിയുന്നതും കാത്ത് കോടതി വരാന്തകളില്‍ കുഞ്ഞിനെയും തോളത്തിട്ട് അയാള്‍ നില്‍ക്കുമ്പോള്‍ ക്യാമറകള്‍ മിന്നി അവള്‍ അച്ഛനെ മുറുകെ പിടിച്ചു മിന്നലിനെ പേടിക്കണമല്ലോ.

പ്രതീക്ഷകള്‍ക്കു മീതെ ചാരം മൂടി തീയണഞ്ഞു കഴിഞ്ഞപ്പോള്‍ ബാക്കി വന്ന എല്ലിന്‍ തുണ്ടുകള്‍ അലങ്കരിച്ച ശവപ്പെട്ടിയില്‍ അയാള്‍ എടുത്തു സൂക്ഷിച്ചു വച്ചു. വര്‍ഷങ്ങളോളം കാവലിരുന്നു.

കാലം കുറെ കഴിഞ്ഞപ്പോള്‍ അവളെ വലിച്ചിഴച്ചു കൊണ്ടു പോയ വഴിയില്‍ ചുവന്ന കുഞ്ഞു പൂക്കള്‍ വിരിഞ്ഞു. അച്ഛന്റെ കണ്ണീര്‍ ഒഴുകിക്കൊണ്ടിരുന്നു. ആ നീരൊഴുക്ക് കൊച്ചു കൊച്ചു അരുവികളായി കൈത്തോടുകളായി പുഴകളായി ആ സ്ഥലത്തെ പവിത്രീകരിച്ചു.

പിന്നെയും എത്രയോ രാത്രികളില്‍ എല്ലിന്‍ കഷണത്തിനായി കടി പിടി കൂട്ടുന്ന നായ്ക്കള്‍ ഓരിയിട്ടു ബാക്കിയെല്ലാം നിശബ്ദം നിശ്ചലം.

Generated from archived content: story1_oct30_13.html Author: greeshma_mathews

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here