എഴുതാന്‍ ഒന്നുമല്ലാത്ത ഒരെഴുത്തുകാരി….! അതാവും എനിക്ക് കൂടുതല്‍ ഇണങ്ങുന്ന പേര്‍. ലാബില്‍ കീറി മുറിച്ചിട്ടിരിക്കുന്ന തവളകളുടെ അവസ്ഥ ക്ലോറോഫോമിന്റെ ഗന്ധം തങ്ങി നില്‍ക്കുന്ന അതിന്റെ ആത്മാവ് എന്നോടു ക്ഷമിക്കട്ടെ.
അടുത്തയാഴ്ചയാണ് കോളേജ് മാഗസിനില്‍ എന്തെങ്കിലും സംഭാവന ചെയ്യേണ്ട അവസാന തീയതി. ഇതിനോടകം മറ്റു ഡിപ്പാര്ട്ട് മെന്റുകാരു പലരും അവരുടെ സൃഷ്ടികള്‍ എഡിറ്ററുടെ മേശയില്‍ എത്തിച്ചു കഴിഞ്ഞു. സുവോളജിയും കഥയും തമ്മില്‍ എന്താണ് ബന്ധമെന്ന് ഭര്‍ത്താവ് ചോദിക്കുമ്പോള്‍ മറുപടി ഇല്ലാതെ നില്‍ക്കുമെങ്കിലും ആ ബന്ധത്തെ പറ്റി എഴുതാതെ എന്റെ കഥ പൂര്‍ണ്ണമാവില്ല.
പഠിപ്പിക്കുന്നത് സുവോളജി ആയതു കൊണ്ടാണ് തനിക്ക് തവളയെ പോലെ തുറിച്ചു നില്‍ക്കുന്ന വലിയ കണ്ണുകള്‍ ഉണ്ടായതെന്ന് വികൃതികളായ ചില വിദ്യാര്‍ത്ഥികള്‍ പറഞ്ഞു പരത്തിയിരുന്നു. ഇവരുടെയൊക്കെ വാദം കേട്ടാല്‍ തോന്നും സുവോളജി എന്നാല്‍ തവളശാസ്ത്രമാണെന്ന്. നാശങ്ങള്‍ വീട്ടിലും ഇതുതന്നെ അവസ്ഥ. എന്തു ചെയ്താലും പറഞ്ഞാലും ഒരു തവള ഛായയുണ്ടെന്നാണ് ഭര്‍ത്താവിന്റെ ഏറ്റവും പുതിയ കണ്ടു പിടുത്തം . അയാള്‍ ഊര്‍ജ്ജതന്ത്രത്തില്‍ പഠനം നടത്തുന്നയാളാണ്. അതാവുമോ ഇങ്ങനെയൊരു സിദ്ധാന്തം. ജന്തു ശാസ്ത്രം അത്ര മോശമല്ലെന്ന് പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഇനി സമയമില്ല. എന്തെങ്കിലും എഴുതിയേ തീരു. ഉള്ളിന്റെ ഉള്ളില്‍ ഒരു തീ പടര്‍ന്നു തുടങ്ങിയിരിക്കുന്നു. ഇനി രക്ഷയില്ല എഴുതണം ഒരു സര്‍ഗ്ഗാത്മക സൃഷ്ടി. പക്ഷെ എന്തെങ്കിലും ആലോചിക്കുമ്പോഴേക്കും ഒരു തവളയുടെ ചിത്രം മനസിലേക്ക് കടന്നു വരുന്നു. കോളേജില്‍ തവളകളെ സപ്ലേ ചെയ്യുന്ന ‘ മാക്രി വേലായുധന്റെ’ മുഷിഞ്ഞ ചിരിയും ക്ലോറോഫോമിന്റെ ശക്തിയാല്‍ ഒരു നേര്‍ത്ത മയക്കത്തിലേക്ക് ഊര്‍ന്നു വീഴുമ്പോഴേക്കും കൂര്‍ത്ത കത്തി കൊണ്ട് ഒരു ഞരമ്പു പോലും മുറിയാതെ മെനക്കെട്ട് തവളകളെ മുറിക്കുന്ന കുട്ടികള്‍…… എല്ലാമറിഞ്ഞിട്ടും ഒന്നും ചെയ്യാന്‍ ആവാതെ മുട്ടു സൂചിയുടെ കൂര്‍ത്ത തുമ്പില്‍ കൈകാലുകള്‍ കുടുങ്ങി പോയ പാവം തവളകള്‍ … അതെ തവളകള്‍ പ്രതിരൂപം ആണ്. മനുഷ്യരുടെ തന്നെ പ്രതിരൂപം. പ്രണയത്തിന്റെ ആഴങ്ങളില്‍ വീണൂ മരിക്കുവാന്‍ ആഗ്രഹിച്ചു ശ്വാസം കിട്ടാതെ പിടഞ്ഞു പിടഞ്ഞ് അങ്ങനെ…. ആഴങ്ങളറിയാതെ ആഴങ്ങളിലേക്ക് ഊര്‍ന്നു വീണ് …ഇല്ല ആലോചിക്കാനുള്ള ശക്തി പോലും ഇപ്പോഴില്ല. കഴുത്തിലെ അദൃശ്യമായ ആ ചങ്ങലകള്‍ മുറുകുന്നു. ശരീരം അയാള്‍ക്കു വിട്ടു കൊടുത്ത് ആത്മാവ് മാത്രമായി ജീവിക്കുവാന്‍ പല രാത്രികളും പഠിപ്പിച്ചു. ജോലിയില്‍ നിന്ന് വിരമിച്ചാലോ എന്നു പലപ്പോഴും ചിന്തിച്ചു പോകുന്നു. പക്ഷെ വേലായുധന്റെ ചിരിയേക്കാള്‍ കാഠിന്യമായ ചിരി തന്റെ ഭര്‍ത്താവിനുണ്ടെന്നോര്‍ത്തപ്പോള്‍ ആ വിചാരം മായ്ച്ചു കളഞ്ഞു. നാളെയും ഉച്ചയ്ക്കു ശേഷം പ്രാക്ടിക്കലാണ്. ഒന്നാം വര്‍ഷക്കാര്‍ക്ക് തവള ശാസ്ത്രത്തിന്റെ ആദ്യപാഠങ്ങള്‍ അറിയാത്ത കുട്ടികള്‍ക്ക് എല്ലാം പറഞ്ഞു കൊടുക്കണം. മുട്ടു സൂചി മുതല്‍ ഞരമ്പു വരെ … സുഷമ അസ്വസ്ഥയായി എഴുന്നേറ്റു. വീടിനുള്ളില്‍ നിന്നും ഏതോ തവള അലമുറയിട്ടു കരഞ്ഞു തുടങ്ങി.
Generated from archived content: story1_june28_13.html Author: greeshma_mathews