കണ്ടു ഞാൻ നിന്നെ…..

കണ്ടു ഞാൻ നിന്നെ ഞാൻ കണ്ടു

കൂരമ്പേറ്റു പിടയുന്ന ക്രൗഞ്ചപക്ഷിയുടെ

വേദനയിൽ ഞാൻ കണ്ടു

എഴുത്താണി തുമ്പിലൂടെ പകർന്നു തന്ന

എഴുത്തച്‌ഛൻ തൻ കിളിപാട്ടു കേട്ടു വളർന്നു

കിഞ്ചന വർത്തമാനങ്ങളുടെ

മാനങ്ങൾ തേടി തുള്ളലിലൂടെ കണ്ടു

കണ്ണന്റെ ബാലലീലകൾ പകരുന്ന

കർണ്ണാപമാർന്ന ഗാഥകൾ ഞാൻ കേട്ടു

നയന സുന്ദര കാഴ്‌ചക്കൊപ്പം താളം പിടിക്കുന്ന

നതോന്നത വൃത്തത്തിലാർന്ന വഞ്ചിപ്പാട്ടും ഞാൻ കേട്ടു

പൂത്തു നില്‌ക്കും ഭക്തിയുടെ നിറവിൽ

ജ്ഞാനത്തിന്‌ പാനം നടത്തുന്നതും കണ്ടു

ഇമ്പമായി പാടിയുറക്കിയ

ഇരയമ്മൻ തമ്പിയുടെ താരാട്ടു കേട്ടു

വീണ പൂവിന്റെ രോദനത്തിലും

വാസവദത്തയുടെ ദാഹിക്കുന്ന മിഴികളിലും കണ്ടു

പ്രപഞ്ച സത്യങ്ങൾ തേടി ഉള്ളു തുറന്ന്‌ അങ്ങു

പ്രേമ സംഗീതവും കേട്ടു

ബധിര വിലാപങ്ങളിലൂടെ

വേദനയുടെ മറുപുറങ്ങളും കണ്ടു

കാവിലെ പാട്ടു കേട്ട്‌ അങ്ങു അമ്പാടിയിലേക്കു

ഇടനെഞ്ചുപൊട്ടി പാടും പാട്ടുകളും കേട്ടു

മാമ്പഴത്തിലൂടെ നെഞ്ചു കീറി നേരിന്റെ പാട്ടു ഞാൻ കേട്ടു

ചങ്കു തുളക്കും വാഴക്കുലയുടെ ഗീതികളും കേട്ടു

ഇന്ന്‌ ഞാൻ നാളെ നീയെന്നു പ്രതിധ്വനിക്കുന്നതും

ഓല പീലിചൂടും വള്ളുവനാടിന്റെ സൗന്ദര്യതീരങ്ങൾ തേടുന്ന

പീയുടെ പീയൂഷം പകരും ഗാനാമൃതവും നുകർന്നു

മാറിൽ നിന്നും ചോരി വായിലേക്ക്‌ ഒഴുകുന്ന

മാതൃത്വം തിങ്ങിത്തുടിക്കുന്ന ബാലാമണിയമ്മതൻ കവിതകളും കേട്ടു

വയലേലകളിലൂടെ വിപ്ലവം വിതക്കും

വയലാറിന്റെ ഗാനങ്ങളും കേട്ടു

ഭാസ്‌ക്കര കിരണങ്ങളാൽ തിളങ്ങും

ഭാരത പുഴയുടെ ഭാവസംഗീതവും കേട്ടു

കുട്ടിത്തം കൈ മുതലാക്കിയ

കുഞ്ഞുണ്ണിക്കവിതകളും കേട്ടു

പടയണി മേളക്കൊഴുപ്പിൽ

കാട്ടാളനും കുറത്തിയും ഉറഞ്ഞു തുള്ളുന്നതും കണ്ടു

ഒഴുകിവരും പാട്ടിന്റെ പാലാഴി തീർക്കും

പ്രേമ ഗായകനാം ഒ.എൻ വിയുടെ പാട്ടുകളും കേട്ടു

ചെമ്മരിയാട്ടിൻ തോൽധരിച്ച ചെന്നായ്‌ക്കളെ കാട്ടിത്തന്ന

ചെമ്മൺ പാത തണ്ടും ചെമ്മന കവിതകളും കേട്ടു

ഗംഗതൻ വിരിമാറിലൂടെ ഗാന്ധിയുടെ ഗന്ധത്തെ തേടി

ഭ്രാന്തന്റെ പാട്ടിലൂടെ മധുരം വിതറുന്നതും കണ്ടു

മുത്തുചിപ്പികൾ തേടി നാം ലാളിക്കും

മലയാളത്തിൻ മാനം കാക്കാൻ

സുഗന്ധം പരത്തും സുഗത കുമാരിയുടെ കവിതകളും കേട്ടു

അക്കങ്ങൾക്കും അക്ഷരങ്ങൾക്കുമപ്പുറം

ഇരുളാണ്‌ സുഖപ്രദമെന്നു അക്കിത്ത കവിതകളും കേട്ടു

ദേവതാരു പൂത്തുലയിച്ച പാട്ടിലൂടെ

എന്നെ ഇതു എഴുതുവാൻ പ്രേരിപ്പിച്ചവരുടെ

വഴികളിലൂടെ നീങ്ങുമ്പോൾ

കണ്ടു ഞാൻ നിന്നെ ഞാൻ കണ്ടു

എന്റെ വിശ്വാസമായി ആശ്വാസമായി

ജീവിത ആനന്ദവും നീ തന്നെയല്ലേ

നിന്നെ പിരിഞ്ഞ്‌ എനിക്ക്‌ ആവില്ല കഴിയുവാൻ

നീയാണ്‌ നീയാണ്‌ എന്റെ വിരൽ തുമ്പിലെ കവിതേ.

Generated from archived content: poem1_feb1_11.html Author: gr_kaviyoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here