സമൂഹ അടുക്കള യാഥാര്‍ത്ഥ്യമാകുമ്പോള്‍

കേരള സമൂഹത്തിലെ സാംസ്ക്കാരികവും ലിംഗപരവും സാമ്പത്തികവും പാരിസ്ഥിതികവും ആരോഗ്യപരവും മറ്റുമായ നിരവധി പ്രശ്നങ്ങള്‍ക്ക് നല്ലൊരളവുവരെ പരിഹാരാം കാണാന്‍ കഴിയുന്ന ഒരു പരീക്ഷണമായിരിക്കും സമൂഹ അടുക്കളയുടേത് . ലളിതമായി പറഞ്ഞാല്‍ ഓരോ കുടുംബവും അവരവര്‍ക്കാവശ്യമുള്ള ഭക്ഷണം അവരവരുടെ അടുക്കളയില്‍ പാകം ചെയ്യുന്ന ഇപ്പോഴെത്തെ രീതിക്കു പകരം പ്രാദേശികമായി രൂപീകരിക്കുന്ന സമൂഹ അടുക്കളയില്‍ അതാത് പ്രാദേശിക സമൂഹത്തിനാവശ്യമായ ഭക്ഷണം പാകം ചെയ്യുകയും ആവശ്യമുള്ളതു പോലെ വിതരണം ചെയ്യുന്ന രീതിയെയാണ് സമൂഹ അടുക്കള‍ എന്നു വിഭാവനം ചെയ്യുന്നത്. സമൂഹ അടുക്കളക്കാവശ്യമുള്ള വിഭവങ്ങള്‍ സംഭാവനയായി പിരിച്ചെടുക്കുകയോ പങ്കെടുക്കുന്ന അംഗ കുടുമബങ്ങളില്‍ നിന്നു ശേഖരിക്കുകയോ ചെയ്യാവുന്നതാണ്. പാകം ചെയ്യുന്ന പ്രവൃത്തി സേവനമായി ചെയ്യുകയോ കൂലി കൊടുത്ത്‍ ചെയ്യിക്കുകയോ ആവാം. പൊതുവായി അതാത് പ്രദേശത്തുള്ള രുചികള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം മറ്റു നാടുകളിലെ രുചികളും പരീക്ഷിക്കാവുന്നതാണ്. ഇക്കാലത്ത് ചാനലുകളില്‍ നിരന്തരമായി കാണിക്കുന്ന പാചക റിയാലിറ്റി ഷോകളില്‍ നിന്നും പരീക്ഷണങ്ങളാകാം. ഇത്തരം സമൂഹ അടുക്കളയുടെ മെച്ചങ്ങളെന്തൊക്കെയെന്നു പരിശോധിക്കാം.

സാമ്പത്തികമായ വന്‍ ലാഭമാണ് പ്രധാനപ്പെട്ട ഗുണം. എല്ലാം വീടുകളിലും ആവശ്യത്തിനും അനാവശ്യത്തിനും ശേഖരിക്കുന്ന ഭക്ഷണാവശ്യാര്‍ത്ഥമുള്ള പലചരക്കിന്റെയും പച്ചക്കറിയുടേയും മാംസം, മീന്‍ എന്നിവയുടേയും അളവില്‍ ഗണ്യമായ കുറവുവരുന്നതാണ്. കൂട്ടമായി പ്ലാന്‍ ചെയ്തു വാങ്ങുകയോ ശേഖരിക്കുകയോ ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ വലിയ ലാഭം തന്നെ ഉണ്ടാവുന്നതാണ്. മാത്രമല്ല ആ പ്രദേശത്ത് ആരും തന്നെ പട്ടിണ കിടക്കുന്നില്ല എന്ന് ഈ സം വിധാനത്തിലൂടെ കൂട്ടമായി ഭക്ഷണം പാകം ചെയ്യുമ്പോള്‍‍ പണം സംഭാവന ചെയ്യാന്‍ കഴിയാത്തവര്‍ക്കും മറ്റും വേണ്ട ഭക്ഷണം കൊടുക്കുന്നത് ഒരു ഭാരമേ ആവില്ല. ഓരോ കുടുംബത്തിന്റെയും ബഡ്ജറ്റിലും സമൂഹ അടുക്കളയിലെ പങ്കാളിത്തത്തോടെ , വന്‍ കുറവ് വരുന്നതാണ്. സമൂഹ അടുക്കളകള്‍ സുസ്ഥിരമായിക്കഴിഞ്ഞാല്‍ പിന്നീട് ആ പ്രദേശത്ത് പണി കഴിപ്പിക്കുന്ന വീടുകളില്‍ അടുക്കളകള്‍ പണിയേണ്ടി വരില്ല. വീടുകള്‍ക്കായുള്ള കെട്ടിട നിര്‍മ്മാണ ചിലവില്‍ ഇതു മൂലം വന്‍ ലാഭമുണ്ടാകുന്നു. ഫ്രിഡ്ജ്, ഓവന്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങളും എല്ലാം വീട്ടിലും വേണ്ടതില്ല. ഗ്യാസ്, വൈദ്യുതി എന്നിവയുടെ ബില്ലുകളും ഗണ്യമായി കുറയുന്നതാണ്.

സ്ത്രീകളെ അടുക്കളയില്‍ നിന്നു മോചിപ്പിക്കുക എന്ന സ്ത്രീവാദ ആശയത്തെ കൂടുതല്‍ വിപുലമാക്കി കുടുംബത്തെ തന്നെ അടുക്കളില്‍ നിന്നും മോചിപ്പിക്കുക എന്ന ആശയം പ്രചാരത്തിലാവുന്നു. കുടുംബത്തിലെല്ലാവരുടേയും സമയവും പ്രയത്നവും കൂടുതല്‍ സര്‍ഗാത്മകമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണ്. കുടുംബം ഒന്നാകെ അടുക്കളയില്‍ നിന്നു മോചിക്കപ്പെടുന്നതോടെ അടുക്കള അടിമ എന്ന കീഴാള്‍ സ്ഥാനത്തു നിന്ന് സ്ത്രീക്കു മോചനം ലഭിക്കുകയും സ്ത്രീ പുരുഷ തുല്യത ഒരളവുവരെ സ്ഥാപിതമാകുകയും ചെയ്യുന്നു . എന്നാല്‍ പാചകത്തിലുള്ള താത്പര്യമോ മികവോ ആരും ഉപേക്ഷിക്കേണ്ടതില്ല. സമൂഹ അടുക്കളില്‍ സേവനം ചെയ്തോ പ്രതിഫലത്തിനു പണിയെടുത്തോ പാചകകലയില്‍ തുടരാവുന്നതാണ്. ഇക്കാര്യത്തിലും സ്ത്രീക്കും പുരുഷനും തുല്യരീതിയിലാണു അവസരം

കേരളത്തെ ഇന്ന് ഭീമാകാരമായി ബാധിച്ചിരിക്കുന്ന മാലിന്യ പ്രശ്നത്തില്‍ നിന്ന് വലിയൊരളവുവരെ മോചനം നേടാനും സമൂഹ അടുക്കള‍ ഉപകരിക്കുന്നതാണ്. വീടുവീടാന്തരം ഭക്ഷ്യ സാധങ്ങള്‍ വാങ്ങിക്കൊണ്ടു വരുന്നതിനാണ് പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്നത്. ഒരു കിലോ ആട്ട വീട്ടിലേക്കു വാങ്ങി എന്നു കരുതുക ആദ്യം നേരിയ ഒരു പ്ലാസ്റ്റിക് കവറിലും അതിനു പുറത്ത് ബ്രാന്റിന്റെ പേരും വിവരണങ്ങളുമടങ്ങിയ കട്ടിയുള്ള പ്ലാസ്റ്റിക് കവറിലും പിന്നീട് അതിടാന്‍ നിരോധിക്കപ്പെട്ട ഒരു പ്ലാസ്റ്റിക് കിറ്റും അങ്ങിനെ മൂന്നു തരത്തിലുള്ള പ്ലാസ്റ്റിക്കുകളാണ് മാലിന്യമായി കളയാനുണ്ടാകുക എന്നാല്‍. നാല്പ്പതോ അമ്പതോ വീടുകളുടെ ഒരു സമുച്ചയത്തില്‍ രൂപീകൃതമാകുന്ന സമൂഹ അടുക്കളയിലേക്ക് ആട്ടയുടെ അമ്പതു കിലോയുടെ ഒരു‍ ചാക്ക് വാങ്ങിയാല്‍ എത്ര കുറവ് മാലിന്യമേ ഉണ്ടാവൂ എന്ന് നേരില്‍ തന്നെ അറിയാന്‍ കഴിയും. ഇങ്ങനെ ഓരോ കാര്യത്തിലുമായാല്‍ വന്‍ തോതില്‍ മാലിന്യം കുറയുക എന്ന ആഹ്ലാദമായ ഫലമാണുണ്ടാകാന്‍ പോകുന്നത്. മാത്രമോ പാകം ചെയ്ത ഭക്ഷ്യ വസ്തുക്കള്‍‍ ഉപയോഗിക്കാതെ കളയുമ്പോഴുണ്ടാകുന്ന മാലിന്യത്തിലും ഗണ്യമായ കുറവുണ്ടാകുന്നു. സമൂഹ അടുക്കളയോടനുബന്ധിച്ച് സമൂഹ മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനം കൂടി പ്രാബല്യപ്പെടുത്തിയാല്‍ ഒളിവില്‍ സഞ്ചിയിലാക്കി മാലിന്യം കളയുന്ന ഗതികേടും വൃത്തികേടും ഒഴിവാക്കുകയും ചെയ്യാം. വീടുകളില്‍ പാകം ചെയ്യുമ്പോള്‍‍ പലപ്പോഴും ഭക്ഷ്യവസ്തുക്കള്‍‍ അധികം‍ വരുക പതിവാണ്. ഇവ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ചൂടാക്കി ഉപയോഗിക്കുന്ന പ്രകൃതി വിരുദ്ധ അഭ്യാസം എല്ലാ വീടുകളിലും പതിവാണ്. ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്ന വീടുകളില്‍ ആഴ് ചയിലൊരിക്കല്‍ കറികള്‍ പാകം ചെയ്ത് സൂക്ഷിച്ച് അതാത് ദിവസം ചൂടാക്കി ഉപയോഗിക്കുന്ന രീതിയുമുണ്ട്. ഇതെല്ലാം ഗുരുതര ആരോഗ്യയ പ്രശ്നങ്ങളുണ്ടാക്കുമെന്നല്ല ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട് എന്നത് തുറന്ന സത്യമാണ്. സമൂഹ അടുക്കള‍ എന്നത് തുറന്നതും സുതാര്യവുമായ രീതിയായതുകൊണ്ട് അവിടുത്തെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം കൂട്ടായി ഉറപ്പു വരുത്താന്‍‍ കഴിയുന്നു. ഫുഡ് ഇന്‍സ്പക്ടര്‍ ഓഫീസില്‍ ജോലി ചെയ്യുന്നവരുടേയോ മറ്റോ സഹായം തേടാവുന്നതാണ്.

വീടുകളില്‍ പ്രായമായ അച്ഛനമ്മമാരെ ഒറ്റക്കാക്കി ലോകത്തിന്റെ വിവിധ കോണുകളില്‍ ജോലിക്കു പോകേണ്ടി വരുന്ന നിര്‍ഭാഗ്യവാന്‍മാരെ കുറിച്ച് കുറ്റാരോപണങ്ങള്‍ നിരവധിയായി നാം ആഖ്യാനം ചെയ്തു കഴിഞ്ഞു. ഈ പ്രശ്നത്തിനും സമൂഹ അടുക്കള‍ ഒരു പരിഹാരമാണ്. ഒരു പ്രദേശത്തെ പ്രായമായവര്‍ക്കൊക്കെയുള്ള ഭക്ഷണം സമൂഹ അടുക്കളയില്‍ നിന്നും എളുപ്പത്തില്‍ കൊടുക്കാവുന്നതേ ഉള്ളു. ഈ സംവിധാനം നിലവില്‍ വരുകയാണെങ്കില്‍ അതി ധനികരായ പല പ്രവാസികളും തങ്ങളുടെ മാതാപിതാക്കള്‍ താമസിക്കുന്ന പ്രദേശത്തെ സമൂഹ അടുക്കളയുടെ മുഴുവന്‍ ചിലവും വഹിക്കാന്‍ വരെ തയ്യാറായേക്കും. സ്കൂളുകളില്‍ നിന്നു തിരിച്ചു വരുന്ന കുട്ടികളെ കാത്ത് വീടുകളില്‍ കാത്തിരിക്കാന്‍ നിര്‍ വാഹമില്ലാത്ത ഉദ്യോഗസ്ഥ ദമ്പതികള്‍ക്കും സമൂഹ അടുക്കള‍ വലിയ ആശ്വാസമായിരിക്കും ‍ അതായത് ഒരു പ്രദേശത്തെ സമൂഹ അടുക്കള‍ അതാത് പ്രദേശത്തെ വൃദ്ധ സദനത്തിന്റെയും ശിശു പരിപാലന കേന്ദ്രത്തിന്റെയും ധര്‍മ്മങ്ങള്‍ കൂടി നിര്‍വഹിക്കുമെന്നര്‍ത്ഥം.

ജാതി മത വിഭജനങ്ങളെയും നല്ലയൊരളവുവരെ സമൂഹ അടുക്കളയ്ക്കു മറികടക്കാനാകും. പ്രാദേശികമായി രൂപപ്പെടുന്നതുകൊണ്ട് കേരളം പോലെ വ്യത്യസ്ത ജാതിമതക്കാര്‍ ഇട കലര്‍ന്ന് താമസിക്കുന്നതിനാല്‍ എല്ലാവരും തമ്മിലുള്ള ഐക്യവും ഒരുമാ ബോധവും സമത്വ ചിന്തയും വര്‍ദ്ധിക്കും. അയല്‍ക്കാര്‍ തമ്മിലുള്ള വസ്തു തര്‍ക്കങ്ങള്‍, വഴിത്തര്‍ത്തക്കങ്ങള്‍ എന്നിവയും ഈ അടുക്കളയിലൂടെ പരിഹരിക്കാവുന്നതാണ്. തരിശിടുന്ന സ്ഥലങ്ങള്‍ കൃഷിഭൂമിയായി വീണ്ടെടുക്കാനും അവിടെ ധാന്യങ്ങളും പച്ചക്കറികളും പൊതു ഉടമസ്ഥതയിലും സേവനത്തിലും കൃഷി ചെയ്ത് വിളവെടുക്കാനും സാധിക്കുമെങ്കില്‍ ആ വിഭവങ്ങളും സമൂഹ അടുക്കളയ്ക്കു ഉപകാരമാകും.

സമൂഹ അടുക്കള എന്നത് ഒരു പുതിയ ആശയമല്ല അമേരിക്കയിലെ സാള്‍ട് ലേക്ക് നഗരത്തില്‍ വണ്‍ വേള്‍ഡ് എവരി ബഡി ഈറ്റ്സ് – ഒറ്റ ലോകം എല്ലാം ഭക്ഷിക്കന്നു എന്ന കഫേ സമുഹ അടുക്കള എന്ന ആശയത്തില്‍ കെട്ടിയുണ്ടാക്കിയതാണ്. ഒരു കൈ സഹായിക്കു ഒരു കൈയും ഒഴിവാക്കരുത് എന്നാണ് ഈ അടുക്കളയുടെ നിലപാട്. നിങ്ങള്‍ക്കു കഴിയാവുന്നത്ര പണം മാത്രമേ ഭക്ഷണം കഴിക്കുന്നവര്‍ കൊടുക്കേണ്ടതുള്ളു. അതേ സമയം ഒരാള്‍ക്കോ ഒരു കുടുംബത്തിനോ എന്തു കൊടുക്കാന്‍ കഴിയുമെന്നു പരിഗണിക്കാതെ തന്നെ അവര്‍ക്കാവശ്യമുള്ള ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. സേവനതല്പ്പരരായ ആളുകളുടെ പരിശ്രമഫലമായാണ് കഫേ പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ളതും ജൈവികവും ലളിതവുമായ ഭക്ഷണമാണ് ഇവിടെ ലഭിക്കുന്നത്. നോ മെനു നോ പ്രൈസ് എന്ന രീതിയും നടപ്പാക്കിയിരിക്കുന്നു. അതായത് എന്താണോ ലഭിക്കുന്നത് അതെല്ലാവര്‍ക്കും ലഭിക്കും ഓരോന്നിനും നിശ്ചിതമായ വില കല്പ്പിച്ചിട്ടുമില്ല വിലയായി പണം നല്കാന്‍ കഴിയാത്തവര്‍ക്ക് ശ്രമദാനവും നിര്‍വഹിക്കാം. പാചകം ചെയ്യുക, പാത്രം കഴുകുക, തോട്ടത്തില്‍ പണിയെടുക്കുക തുടങ്ങിയ പണികളൊക്കെ സമയവും കായിക ശേഷിയുമുള്ളവര്‍ക്കു ചെയ്യാവുന്നതാണ്. നിങ്ങള്‍ കഴിച്ച ഭക്ഷണത്തിനനുസൃതമായതിനേക്കാള്‍ ജോലി ചെയ്താല്‍ മീല്‍സ് കൂപ്പണുകള്‍ ലഭിക്കും. ഇവ പിന്നീടുപയോഗിക്കുകയോ സംഭാവന ചെയ്യുകയോ ചെയ്യാം. കൃത്രിമത്വമില്ലാതെ കൃഷി ചെയ്തുണ്ടാക്കുന്ന ഫലമൂലാദികള്‍ സംഭാവന ചെയ്യുന്നവര്‍ക്കും സ്വാഗതം. സസ്യ സസ്യേതര വിഭ വങ്ങള്‍ ഇടകലര്‍ന്ന പാചകമാണ് ഇവിടെയുള്ളത്. കാളനാവാമെങ്കില്‍ കാളയുമാവാമെന്നു ചുരുക്കം. വീട്ടു ഭക്ഷ്യ വസ്തുക്കളാണ് ഹോട്ടല്‍ ഭക്ഷണമെന്നതിനേക്കാള്‍ ഇവിടെ കൂടുതലുണ്ടാകുന്നത്. റൊട്ടി, സൂപ്പ് , സാലഡ്, ജൈവ കോഫിയും ചായയും ഡെസേര്‍ട്ട്സ് ധാന്യങ്ങള്‍‍ , പരിപ്പ്, ചോറ് എന്നിവയൊക്കെയാണ് സാധാരണം . കഴിയുന്നതും അതാത് പ്രദേശത്തുള്ള ലഭ്യതക്കനുസരിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്.

കേരളത്തിലും മറ്റും നടക്കാറുള്ള സമൂഹ നോമ്പുതുറ, പൂരങ്ങളിലും പള്ളിപ്പെരുന്നാളുകളിലും നേര്‍ച്ചകളിലും പതിവുള്ള സൗജന്യ ശാപ്പാട് എന്നിവയെല്ലം സമൂഹ അടുക്കളയുടെ പ്രാരംഭമായി കരുതാവുന്നതാണ്. ഇവയെല്ലാം അതാത് മത സമുദായങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനാല്‍ അവക്ക് അവയുടെതായ പരിമിതികളുണ്ട്. അവയെ മതനിരപേക്ഷ സമൂഹ അടുക്കളയിലൂടെ വേണം മറി കടക്കാന്‍.

കേരളത്തെ സംബന്ധിച്ചിടത്തോളവും ഈ ആശയം തികച്ചും നൂതനാമാണെന്ന് കരുതേണ്ടതില്ല. അയല്‍ക്കൂട്ടം എന്ന ആശയവുമായി ജീവിതം മുഴുവനും നില കൊണ്ട ഡി. പങ്കജാക്ഷക്കുറുപ്പ് ഇക്കാര്യത്തില്‍ നമുക്ക് മുമ്പേ നടന്ന ആളാണ്. മരിക്കും വരേക്കും അയല്‍ക്കൂട്ടം എന്ന ആശയം നടപ്പിലാക്കുന്നതിനു വേണ്ടി ആശ്രാന്തമായി പരിശ്രമിച്ച അദ്ദേഹത്തിന്റെ ദര്‍ശനം ഇപ്രകാരമായിരുന്നു ‘ വളരെ ലളിതവും സ്വാഭാവികവും സത്യസന്ധവും ആണ് ദര്‍ശനം കാണുന്ന പോംവഴി. നാം പരസ്പരം ഉണ്ടെന്നു ഉറപ്പാക്കുക. നിത്യേന കാണുന്ന വരുമായി ഉള്ളു തുറന്നു അടുത്തു പെരുമാറുക. അകലാതിരിക്കുവാന്‍ ബോധ പൂര്‍വം ശ്രമിക്കുക. മനുഷ്യര്‍ അന്യോന്യം നല്ല വ്യക്തി ബന്ധത്തില്‍ നിന്ന് ചെറുവൃത്തങ്ങളായി കൂടി ആലോചിച്ച് ജീവിക്കാന്‍ തുടങ്ങിയാല്‍ ലോകം സ്വസ്ഥമാകും.‍ പ്രശ്നങ്ങള്‍ അന്നും ഉണ്ടാകും. അതതു സമൂഹങ്ങളില്‍ അവ പരിഹരിക്കപ്പെട്ടു കൊള്ളും. പ്രാദേശികാടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ഓരോ ചെറു സമൂഹവും പരസ്പരം ബന്ധപ്പെട്ട് വിശ്വ സമൂഹമായിക്കൊള്ളും’

കടപ്പാട് – ലിറ്റില്‍ മാസിക

Generated from archived content: essay1_may27_14.html Author: gp_ramachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഉടലുകള്‍
Next articleകടച്ചക്ക തോരന്‍
പാലക്കാട്ടെ മണ്ണാർക്കാട്ട്‌ എ.പി.നാരായണന്റെയും ജി.പി.ദേവകിയുടെയും മകനായി 1963ൽ ജനിച്ചു. പെരുവയൽ സെന്റ്‌ സേവ്യേഴ്‌സ്‌ യുപി.സ്‌കൂളിലും ദേവഗിരി സേവിയോ ഹൈസ്‌കൂളിലും ദേവഗിരി കോളജിലും പഠിച്ചു. ഗണിതശാസ്‌ത്രത്തിൽ ബിരുദവും മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും നേടി. 1983 മുതൽ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ ജോലി ചെയ്യുന്നു. ഇപ്പോൾ ബാങ്കിന്റെ തച്ചമ്പാറ ശാഖയിൽ അസിസ്‌റ്റന്റ്‌. സിനിമയും മലയാളിയുടെ ജീവിതവും എന്ന കൃതിയ്‌ക്ക്‌ 1998ലെ ഏറ്റവും നല്ല ചലച്ചിത്ര ഗ്രന്ഥത്തിനുളള കേരള സർക്കാർ അവാർഡും ഭാഷാപോഷിണി (1998 ഒക്‌ടോബർ)യിൽ പ്രസിദ്ധീകരിച്ച സിനിമയിലെ സവർണാധികാരം എന്ന ലേഖനത്തിന്‌ കേരള സർക്കാർ പ്രസിദ്ധീകരണ വകുപ്പിന്റെ പ്രഥമ സംസ്‌കാര കേരള അവാർഡും ലഭിച്ചു. മലയാള സിനിമയിലെ വർഗ്ഗീയ അധിനിവേശം (1993) ആണ്‌ പ്രസിദ്ധീകൃതമായ മറ്റൊരു കൃതി. വിലാസം അകം, പെരിമ്പടാരി (തപാൽ), മണ്ണാർക്കാട്‌ , പാലക്കാട്‌ ജില്ല. Address: Phone: 9447239544 Post Code: 678 762

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English