പൗരുഷത്തിന്റെ അധോലോകങ്ങൾ

നവോത്ഥാനവും സ്വാതന്ത്ര്യവും കടന്ന്‌, ഐക്യകേരളം ഔദ്യോഗികഭാഷാ പരിഷ്‌ക്കരണവും കടന്ന്‌, ഇംഗ്ലീഷ്‌ മീഡിയവും എസ്‌.എം.എസും കടന്ന്‌, ലൈവ്‌ ടെലി കാസ്‌റ്റുകളും ടെന്നീസിലെ ഗോൾവാച്ചിംഗും കടന്ന്‌, ഗോഡ്‌സെയും മോഡിയും ബുഷും, ഷാരോണും കടന്ന്‌, ഗാന്ധിയും അറഫാത്തും ഷാവോസും മേധയും കടന്ന്‌, ഫാഷൻ ടി.വിയും സൈബർ രതിയും കടന്ന്‌ ആധുനിക മലയാളി & മലയാളം എത്തിനിൽക്കുന്ന ബ്ലോഗവസ്ഥകളിൽ ഏതു കവിതയാണ്‌ രചിക്കപ്പെടുന്നത്‌? ശൈലന്റെ താമ്രപർണിയുടെ ഉത്തരമിതാണ്‌.

കവിതയുടെ

കൊല്ലുന്ന

മൗലിഗദയേറ്റ്‌

മോർച്ചറിയിലായ

സബ്ബെഡിറ്റർ ട്രെയ്‌നി

ഒരു ഹർത്താലും മോഹിച്ച്‌

വെറുതെ കിടക്കട്ടെ…. – സ്വന്തം ക്ലീഷേ (പേജ്‌ 29)

കേരളീയ പുരുഷൻ ജീവിക്കുന്ന പരിസരമേതെന്ന്‌ സ്ര്തീകൾക്കറിയില്ല എന്നതാണ്‌ വാസ്തവം. ടി.വി ചന്ദ്രന്റെ ആലീസിന്റെ അന്വേഷണം ഇറങ്ങിയിട്ടും വർഷം പത്തിരുപത്‌ കഴിഞ്ഞു. കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായിക്കഴിഞ്ഞു. സ്പൂണറിസത്തിന്റെയും മദ്യസദിരുകളുടേയും കാമുകി വില്പനയുടെയും ഒളിഞ്ഞുനോട്ടത്തിന്റെയും കേരളീയ പുരുഷാവസ്ഥ വിവരണാതീതമാംവണ്ണം കലുഷിതമാണ്‌.

ഞാനുരുകി-

യൊലിച്ചുണ്ടായ

മെഴുകുശില്പങ്ങളിൽ

ഗ്ലിസറിൻ പുരട്ടി

അവൾ നടത്തുന്നു

വെളിപ്പെടുത്തൽ

വാണിഭം. – ആത്മകഥ (പേജ്‌ 35)

എന്നു പറഞ്ഞൊഴിയാൻ കുഞ്ഞാലിക്കുട്ടിയിലേക്കും കുര്യനിലേയ്‌ക്കും തന്ത്രിയിലേക്കും സാത്മീഭവിച്ചുകഴിഞ്ഞോ ക്രമീകൃത മലയാളി? വിവാഹം എന്ന അസംബന്ധ വ്യവസ്ഥയുടെ കുറ്റം മുഴുവൻ സ്ര്തീകൾക്കുമേൽ ചാർത്തി അവളെ സ്വർഗപ്രവേശത്തിനു പ്രേരിപ്പിക്കാൻ തക്കവണ്ണം സുജായികളാണോ മലയാളിപുരുഷന്മാർ.

അയൽക്കാരനെയന്നപോൽ

പതിവ്രതേ

വല്ലപ്പോഴെങ്കിലും

നീ നിന്റെ

കെട്ടിയവനെയുമൊന്ന്‌

സ്നേഹിച്ച്‌

പ്രണയിച്ച്‌

കാമിച്ച്‌ നോക്കുവിൻ….

How

ഹെന്തൊരു

ചെയ്‌ഞ്ച്‌. – ബൈബിൾ (പേജ്‌ 45)

വിശദീകരിക്കാൻ സുതാര്യമല്ലാത്തതുകൊണ്ടുതന്നെയാണ്‌ ശൈലൻ എന്ന വിചിത്രമായ ചൊൽപേര്‌ സ്വീകരിച്ചിരിക്കുന്ന യുവകവി പൊതുബോധത്തിനു പാകമല്ലാത്തതും സവർണ-ബ്രാഹ്‌മണ മൂല്യബോധത്തിനു തലവേദനകളുണ്ടാക്കുന്നതുമായ തരം കാവ്യരചനാസമ്പ്രദായത്തിൽ കൗതുകവും രസവും കണ്ടെത്തുന്നത്‌.

വയസു

മുപ്പത്തിരണ്ടു തികയുംമുമ്പേ

ജീവിതം

മുച്ചൂടും സുതാര്യം – നീർക്കുറുക്കൻ (പേജ്‌ 24)

പൗരുഷത്തിന്റെ മേധാവിത്ത വാസനകളല്ല ശൈലനെ നയിക്കുന്നത്‌. എന്നാൽ കുറ്റബോധത്തിൽ നിന്നുണരുന്ന സ്വയം വിചാരണയാണ്‌ കവിതയെ നിർബന്ധിക്കുന്നത്‌ എന്ന്‌ ധരിച്ചാലും തെറ്റി ജീവിതവ്യമല്ലാത്ത ജീവിതത്തെ വിവരിക്കുന്നതിന്‌ മറുഭാഷയും അവാക്കുകളും കൊണ്ട്‌ ഭാഷയിൽ വഞ്ചിതുഴയുകയാണയാൾ.

കടലിനെച്ചൊല്ലി

പാതിരക്കൊരു

കവിത കുറിക്കാനായി

ഉപ്പുപത്തേമാരിയും

തുഴഞ്ഞുതുഴഞ്ഞേപോയ്‌

അറ്റമോളം…

തുഴ തുഴയോ തുഴ… – ത്രികോണവിപ്ലവം (പേജ്‌ 11)

എന്നാൽ സമൂഹം ഈ മ(​‍ാ)നം നോക്കിയെയും പൊതിയുന്നുണ്ട്‌. അതുകൊണ്ടയാൾ കിഡ്‌നി വിൽപ്പനയെയും ഗുണ്ടാ രാജ്യത്തെയും പേടിയോടെയും വെറുപ്പോടെയും അറപ്പോടെയും ഉൾക്കൊള്ളുന്നു. ഗുണ്ടാത്മകൻ എന്ന ആഴവും മുഴക്കവുമുള്ള ശീർഷകമിട്ട ചെറുകവിതയിൽ കവിതയും പ്രേമവും പിച്ചിച്ചീന്തപ്പെടുന്നു.

അത്രമേൽ

വിപണനമൂല്യമേറിയിട്ടും

കിഡ്‌നിയെച്ചൊല്ലി

ഒരു കവിയും

ഉപമ മെനഞ്ഞതില്ലല്ലോ

പേടയേ…

ഒരു കാതലനും

എന്നെപ്പോൽ

നിന്നിലത്‌

തേടിയില്ലല്ലോ… – ഗുണ്ടാത്മകൻ (പേജ്‌ 15)

ഒരുപക്ഷേ ഈ സമാഹാരത്തിൽ ഏറ്റവും മികച്ചത്‌ അഥവാ ശൈലന്റെ കവിതകളിൽ തന്നെ മികച്ചത്‌ ഈ കവിതയായിരിക്കും.

കൾവർട്ടുകളിലിരുന്നെന്നതിനു പകരം ഓർക്കുട്ടിൽ സൗഹൃദം പങ്കിടുന്ന മനുഷ്യരുടെ കാലത്ത്‌ ദുരൂഹതപോലും സുതാര്യമായിത്തീരുകയും സുതാര്യതകൾ സങ്കീർണ്ണമായി മാറുകയും ചെയ്യുന്നുണ്ട്‌. തപ്രോബനെ എന്ന ഗ്രീക്കിൽ വിശേഷിപ്പിക്കുന്ന ശ്രീലങ്കക്ക്‌ താമ്രപർണി എന്ന മറുനാമമുണ്ട്‌. നമ്മുടെ തമിഴ്‌നാട്ടിലാകട്ടെ താമ്രപർണിപുഴ (തിരുനൽവേലി ജില്ല) 17 ദളിതരെ പുഴയിലേക്കോടിച്ച്‌ വിട്ട്‌ കൊന്നൊടുക്കിയതിന്റെ കഠിനമായ ഓർമകളാണ്‌ ബാക്കി വെക്കുന്നത്‌. യോഗവസിഷ്‌ഠന്റെ മൂന്നാം പുസ്തകത്തിൽ താമ്രപർണിയെക്കുറിച്ച്‌ വിശദമായി വിവരിക്കുന്നുണ്ട്‌. ദക്ഷിണേന്ത്യയുടെ ദേശീയപാനീയമായ കള്ളിനെയാണ്‌ താമ്രപർണി എന്നു വിശേഷിപ്പിക്കുന്നത്‌. ശ്രീലങ്ക കള്ളിന്റെ നാടാണല്ലോ. ശ്രീലങ്കയിൽ നിന്നും വന്ന കള്ളുചെത്തുകാരാണ്‌ നമ്മുടെ നാട്ടിലെ ഈഴവരായതെന്നും ഒരു നിരീക്ഷണമുണ്ട്‌. സ്വത്വബോധവും ജാതിയുടെ കുടിലമായ വ്യവസ്ഥകളും ഭാഷയുടെ ഏകോപനങ്ങൾക്ക്‌ ഒട്ടിച്ച്‌ തീർക്കാനാവാതെ സ്ഥജല വിഭ്രാന്തികളും ചേർന്ന്‌ മാനസികബോധത്തെ അഴിച്ചു പണിയുന്നതിനിടയിൽ കവിതയുടെ കാറ്റുകൾ, ഒഴുക്കുകൾ, അട്ടിമറികൾ, കള്ളുകുടിക്കൂട്ടുകൾ എന്നിങ്ങനെ തകിടം മറിയലുകൾ ധാരാളമായി കടന്നുവരട്ടെ. എല്ലാവരും കവിത എഴുതട്ടെ.

താമ്രപർണി

ശൈലൻ

പ്രസാ ഃ ഫേബിയൻ

വില ഃ 45രൂ.

Generated from archived content: book1_sept12_07.html Author: gp_ramachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഎം.ടിയുടെ സിനിമകൾ
Next articleഅധിനിവേശത്തിന്റെ വിഷക്കാറ്റിൽ
പാലക്കാട്ടെ മണ്ണാർക്കാട്ട്‌ എ.പി.നാരായണന്റെയും ജി.പി.ദേവകിയുടെയും മകനായി 1963ൽ ജനിച്ചു. പെരുവയൽ സെന്റ്‌ സേവ്യേഴ്‌സ്‌ യുപി.സ്‌കൂളിലും ദേവഗിരി സേവിയോ ഹൈസ്‌കൂളിലും ദേവഗിരി കോളജിലും പഠിച്ചു. ഗണിതശാസ്‌ത്രത്തിൽ ബിരുദവും മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും നേടി. 1983 മുതൽ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ ജോലി ചെയ്യുന്നു. ഇപ്പോൾ ബാങ്കിന്റെ തച്ചമ്പാറ ശാഖയിൽ അസിസ്‌റ്റന്റ്‌. സിനിമയും മലയാളിയുടെ ജീവിതവും എന്ന കൃതിയ്‌ക്ക്‌ 1998ലെ ഏറ്റവും നല്ല ചലച്ചിത്ര ഗ്രന്ഥത്തിനുളള കേരള സർക്കാർ അവാർഡും ഭാഷാപോഷിണി (1998 ഒക്‌ടോബർ)യിൽ പ്രസിദ്ധീകരിച്ച സിനിമയിലെ സവർണാധികാരം എന്ന ലേഖനത്തിന്‌ കേരള സർക്കാർ പ്രസിദ്ധീകരണ വകുപ്പിന്റെ പ്രഥമ സംസ്‌കാര കേരള അവാർഡും ലഭിച്ചു. മലയാള സിനിമയിലെ വർഗ്ഗീയ അധിനിവേശം (1993) ആണ്‌ പ്രസിദ്ധീകൃതമായ മറ്റൊരു കൃതി. വിലാസം അകം, പെരിമ്പടാരി (തപാൽ), മണ്ണാർക്കാട്‌ , പാലക്കാട്‌ ജില്ല. Address: Phone: 9447239544 Post Code: 678 762

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English