കാലന്‍കോഴി

ഇരുട്ടിലേക്ക് നോക്കി ടോമി കുരച്ചു കൊണ്ടിരുന്നു.

വാല്‍ ചുരുട്ടി കാലുകള്‍ക്കിടയിലേക്ക് തിരുകി വച്ച്.. കണ്ണുകള്‍ തുറിച്ചു അവന്‍ ഇരുട്ടിലേക്ക് നോക്കി.

എന്തിനെയോ കണ്ടു ഭയന്നിട്ടെന്നപോലെ അവന്‍ മോങ്ങി കൊണ്ടിരുന്നു. വല്ലാതെ ഒരു അസ്വസ്ഥത അവന്റെ മുഖത്ത് പ്രകടമായിരുന്നു. മര കഷണങ്ങള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ കൂടിന്റെ മൂലയില്‍ ഇരുന്നവന്‍ വല്ലാതെ കിതച്ചു. ഇടനാഴിയില്‍ ഇരുന്നു നാമം ജപിച്ചു കൊണ്ടിരുന്ന മുത്തശ്ശി പതുക്കെ എഴുന്നേറ്റു. ഉമ്മറത്തെക്കുള്ള ജനല്പാളി അല്പം തുറന്നു മുത്തശ്ശി പുറത്തെ ഇരുട്ടിലേക്ക് നോക്കി. വീടിനു കിഴക്ക് വശത്ത് മേല്‍ക്കൂരക്കു മുകളില്‍ നിന്ന് കത്തുന്ന നീളന്‍ ബള്‍ബിന്റെ പ്രകാശത്തില്‍ കൂട്ടില്‍ കിടന്നു അസ്വസ്ഥതയോടെ..അതിലേറെ ഭീതിയോടെ ഇരുട്ടിലേക്ക് നോക്കി ഓലിയിടുന്ന ടോമിയെ മുത്തശ്ശി നോക്കി..

മുത്തശ്ശിയുടെ മുഖത്തും ഭീതിയുടെ നിഴല്‍ വീണിരുന്നു.

“എന്താപ്പോ ഈ നായക്ക് പറ്റീത്… ഇങ്ങനെ കുരക്കാറില്ലല്ലോ ..” അടുക്കളയിലെ ജനല്പാളിയിലൂടെ ഉമ്മറത്തേക്ക് നോക്കി പത്മിനി ചോദിച്ചു.

“ഉണ്ണീ…. നീയൊന്നു പുറത്തു പോയി നോക്കിക്കേ… നായ എന്താ ങ്ങനെ കുരക്കുന്നത്…. “

അടുക്കളയില്‍ നിന്നും അമ്മ വിളിച്ചു പറയുന്നത് മുകളിലെ മുറിയില്‍ പഠിച്ചു കൊണ്ടിരുന്ന ഉണ്ണി കേട്ടു.

പത്താം ക്ലാസ്സില്‍ പഠിക്കുകയാണ് ഉണ്ണികൃഷ്ണന്‍.

അവന്‍ പതുക്കെ കോണിപടികള്‍ ഇറങ്ങി താഴെയെത്തി.

“എന്താമ്മേ….” അടുക്കള വാതിക്കല്‍ വന്നു നിന്ന് അവന്‍ തിരക്കി. “നീയൊന്നു പുറത്തു പോയി നോക്കിക്കേ… കുറെ നേരമായി നായ ഓരിയിടാന്‍ തുടങ്ങീട്ടു .. ” പുകയുന്ന അടുപ്പിലേക്ക് ഊതി കൊണ്ട് പത്മിനി പറഞ്ഞു. കട്ടിലിനു താഴെ നിന്നും അച്ഛന്റെ ടോര്‍ച്ച് എടുത്തു ഉണ്ണി പുറത്തേക്കു നടന്നു.. ഇടന്നാഴിയില്‍ പരിഭ്രാന്തി നിറഞ്ഞ മുഖത്തോടെ മുത്തശ്ശി നില്ക്കുന്നത് ഉണ്ണി കണ്ടു. ടോമിയുടെ കൂടിനരുകിലേക്ക് ഉണ്ണി പതുക്കെ ചെന്നു. ടോമി അപ്പോഴും പുറത്തെ ഇരുട്ടിലേക്ക് നോക്കി ഉറക്കെയുറക്കെ കുറച്ചു കൊണ്ടിരുന്നു.. എന്തോ കണ്ടു പേടിച്ചിട്ടെന്ന പോലെ..

ഉണ്ണിയെ കണ്ടതോടെ അവന്‍ കുര നിര്‍ത്തി പതിയെ വാലാട്ടി… പിന്നെ എന്തൊക്കെയോ ശബ്ദം ഉണ്ടാക്കി കൊണ്ട് കൂട്ടില്‍ അങ്ങുമിങ്ങും ഓടാന്‍ തുടങ്ങി.. അവനു എന്തോ തന്നോട് പറയാനുണ്ടെന്ന് ഉണ്ണിക്കു തോന്നി.. “എന്താടാ…. എന്താ പറ്റിയേ…..” മരയഴികള്‍ക്കിടയിലൂടെ കൈ കടത്തി ടോമിയുടെ ശരീരത്തില്‍ തലോടി ഉണ്ണി തിരക്കി.

അവന്‍ ഭീതീതമായി ഒന്ന് മൂളി… പിന്നെ ഇരുട്ടിലേക്ക് തുറിച്ചു നോക്കി വീണ്ടും ഓരിയിടാന്‍ തുടങ്ങി.

എന്തോ പന്തി കേടുണ്ടെന്നു ഉണ്ണിക്കു തോന്നി.

അവന്‍ ടോര്‍ച്ച് ലൈറ്റ് പ്രകാശിപ്പിച്ചു കൊണ്ട് ഇരുട്ടിലേക്ക് നടന്നു..

ഇരുട്ടിനെ ചൂഴ്ന്നു വെളിച്ചം കടന്നു പോയി.

നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു… മങ്ങിയ നിലാവില്‍ പ്രകൃതിക്കാകെ എന്തോ മാറ്റം വന്നത് പോലെ ഉണ്ണിക്കു തോന്നി..

മുറ്റത്തു നില്ക്കുന്ന നാരകത്തിന്റെ ചരിഞ്ഞ കൊമ്പുകളുടെ നിഴലുകള്‍ ചുമരില്‍ പ്രേതങ്ങളെപ്പോലെ ഇളകുന്നത് ഉണ്ണി കണ്ടു.

എവിടെ നിന്നൊക്കെയോ ഭയം ഉള്ളിലേക്ക് ഇരച്ചു കയറുന്നത് പോലെ ഉണ്ണിക്കു തോന്നി.. എങ്കിലും ടോര്‍ച്ച് തെളിച്ചു കൊണ്ട് അവന്‍ വീടിനു ചുറ്റും നടന്നു നോക്കി.

മങ്ങിയ ഇരുട്ടില്‍ ഇളകിയാടുന്ന മരങ്ങളുടെ നിഴലുകള്‍ അല്ലാതെ എങ്ങും മറ്റൊന്നുമില്ല.

“ഇവിടെയെങ്ങും ഒന്നുമില്ല…. നീ വെറുതെ കുരക്കാതെ…” കൂടിനരുകില്‍ വന്നു നിന്ന് ടോമിയെ നോക്കി പറഞ്ഞു കൊണ്ട് ഉണ്ണി ഉമ്മറത്തേക്ക് കയറി. “എന്ത് കണ്ടിട്ടാ അവന്‍ കുരക്കുന്നത് …” മുത്തശ്ശി തിരക്കി.. “ഒന്നുമില്യാ… ന്തോ കണ്ടു പേടിച്ചിട്ടുണ്ട്… അവന്റെ മുഖം കണ്ടാല്‍ അറിയാം…..” ടോര്‍ച്ച് ഉമ്മറ തിണ്ണയിലേക്ക് വച്ച് ഉണ്ണി പറഞ്ഞു.

“നിക്കെന്തോ ഭയം തോന്നുന്നു… അന്ന് അയല്പപക്കത്തെ ഗോവിന്ദന്‍ നായര് മരിക്കാന്‍ കിടക്കുമ്പോഴും ടോമി എന്തോ കണ്ടു പേടിച്ച പോലെ ഇങ്ങനെ ഓരിയിടുന്നുണ്ടായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ തന്നെ ഗോവിന്ദന്‍ മരിക്കണ്ടായി.. നമുക്ക് കാണാന്‍ കഴിയാത്ത ചില അദൃശ്യ ശക്തികളെ നായ്ക്കള്‍ക്കു കാണാന്‍ പറ്റും ” മുത്തശ്ശി ഭയത്തോടെ പറഞ്ഞു കൊണ്ടിരുന്നു.

“എന്തിനാ മുത്തശ്ശീ അത് മിതും പറയണേ…. അങ്ങനെയൊന്നുമില്ല… എല്ലാം വെറുതെ ഓരോരുത്തര് പറഞ്ഞുണ്ടാക്കുന്നതാ….” ഉമ്മറ തിണ്ണയിലെ വലിയ മര തൂണിലേക്ക് ചാരിയിരുന്നു ഉണ്ണി പറഞ്ഞു.

അപ്പോഴും അവന്‍ പുറത്തെ ഇരുട്ടിലേക്ക് നോക്കുന്നുണ്ടായിരുന്നു.

” ഉണ്ണീ…. നിനക്ക് വിശ്വാസം ണ്ടാവില്യാ.. പക്ഷെ എല്ലാം ഉള്ളതാണ്… നിക്കനുഭവം ള്ളതാ…” മുത്തശ്ശി പറഞ്ഞു കൊണ്ടിരുന്നു.

അവരുടെ സംസാരത്തെ മുറിച്ചു കൊണ്ട് വീടിനു പിറകിലെ വളപ്പില്‍ നിന്നും ഒരു പക്ഷിയുടെ നീണ്ട കൂവല്‍ അവര്‍ കേട്ടു.

അതിനു മുമ്പ് അങ്ങനെയൊരു കൂവല്‍ അവന്‍ കേട്ടിട്ടേയില്ല..

മുത്തശ്ശി കാതുകള്‍ കൂര്‍പ്പിച്ചു.

വീണ്ടും പക്ഷിയുടെ കൂവല്‍…

“അത് കാലന്‍ കോഴിയാണ്…..” മുത്തശ്ശി ഒരു വിറയലോടെ പറഞ്ഞു.

ടോമിയുടെ കുരയുടെ ശക്തി കൂടിയിരിക്കുന്നു..

അവന്‍ കൂട്ടില്‍ ഒരു മൂലയിലേക്ക് ഭീതിയോടെ ചേര്ന്നിരുന്നു..

ഉണ്ണിയുടെ ഹൃദയത്തിലൂടെ നേരിയ വിറയല്‍ കടന്നു പോയി..

“അശുഭ ലക്ഷണം ആണ്..നാളെ നേരം പുലരുമ്പോള്‍ ഒരു മരണ വാര്ത്ത കേള്‍ക്കാം …” പിറുപിറുത്തു കൊണ്ട് മുത്തശ്ശി ജനല്പാളി ചേര്‍ത്തടച്ചു.

ഉണ്ണി പിന്നെ ഒറ്റയ്ക്ക് ഉമ്മറത്തിരുന്നില്ല. പതിയെ അവനും ഇടന്നാഴിയിലേക്ക് നടന്നു.

“മുത്തശീ…. ഇതൊന്നും സത്യമല്ല… വെറുതെ ഇങ്ങനെ പേടിപ്പിക്കാനുള്ള വിദ്യകള്‍ അല്ലെ…..? ഇതൊന്നും ഇപ്പൊ ആരും വിശ്വസിക്കൂല്ല…കാലമൊക്കെ മാറി..” വടക്കേ അറയില്‍ മുത്തശ്ശിയുടെ കൂറമണമുള്ള കിടക്കയില്‍ വന്നിരുന്നു ഉണ്ണി പറഞ്ഞു.

“പഴമക്കാര്‍ പറയുന്നതൊന്നും തെറ്റില്യ ന്റെ ഉണ്യെ… ല്ലാം സത്യം തന്ന്യാ… അല്ലെങ്കില്‍ നീ നോക്കിക്കോ… നാളെ ഒരു അശുഭ വാര്‍ത്ത കേള്‍ക്കാം ….”

“എങ്കില്‍ നമുക്ക് നോക്കാം… നാളെ ഒന്നും സംഭാവിക്കില്യാ… ” ഉണ്ണി ചിരിച്ചു. ”ഇന്നത്തെ കാലത്ത് ഇതൊക്കെ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ….?”

” നോക്കിക്കോളൂ ഉണ്ണ്യേ…. നിക്കൊന്നും തെറ്റാറില്ല… ന്റെ അച്ഛനും ഏട്ടനും എല്ലാം മരിക്കാന്‍ കിടക്കുമ്പോള്‍ ഈ കാലന്‍ കോഴിയുടെ കൂവല്‍ ഞാന്‍ കേട്ടതാണ്… നിക്കിപ്പളും ല്ലാം ഓര്മ്മൊണ്ട്.. അന്നും ഇതേപോലെ ചാവാലി പട്ടികള്‍ കൂട്ടത്തോടെ ഒരിയിടുന്നുണ്ടായിരുന്നു .. അവറ്റകള്ക്ക് എല്ലാം കാണാം… ആകാശത്ത് നിന്നും ഇരുട്ടിലൂടെ പോത്തിന്‍ പുറത്തു നീളന്‍ കയറുമായി വരുന്ന കാലനെ.. അത് കൊണ്ടാണ് അവ പേടിയോടെ ഒരിയിടുന്നത് “

മുത്തശ്ശി പഴയതെല്ലാം ഓര്ത്തെ ടുത്തു കൊണ്ട് പറഞ്ഞു.

രാത്രി അച്ഛന്‍ വന്നപ്പോഴേക്കും ഒത്തിരി വൈകിയിരുന്നു. മുത്തശിയോടോപ്പമിരുന്നു ഊണ് കഴിക്കുമ്പോഴും പുറത്തു ടോമി ഒരിയിടുന്നുണ്ടായിരുന്നു. രാത്രി ടോമിക്കുള്ള ഭക്ഷണം കൊടുക്കുന്നത് ഉണ്ണിയാണ്. എന്നും രാത്രിയില്‍ ടോമി ഭക്ഷണം കഴിച്ചു വീടിനു ചുറ്റും ഓടി നടക്കുമായിരുന്നു.. എവിടെയെങ്കിലും ഒരു അനക്കം കേട്ടാല്‍ അങ്ങോട്ട്‌ പായുമായിരുന്നു..

പക്ഷെ ഇന്ന് അങ്ങനെ ഒന്നുമുണ്ടായില്ല.. അവന്‍ കൂട്ടില്‍ നിന്നിറങ്ങിയത് പോലുമില്ല.. ഭക്ഷണത്തിലേക്ക്‌ നോക്കിയത് പോലുമില്ല.

വല്ലാത്ത ഒരു ഭീതി ടോമിയെ വലയം ചെയ്തിരിക്കുന്നതായി ഉണ്ണിക്കു തോന്നി.

ഉണ്ണി ഊണ് കഴിഞ്ഞു മുകളിലേക്ക് കയറി പോയി.

അകത്തു മുത്തശ്ശി ഉറങ്ങാനുള്ള ഒരുക്കം കൂട്ടുന്നത്‌ കോണിപ്പടി കയറുമ്പോള്‍ അവന്‍ കണ്ടു.. മുകള്‍ നിലയിലെ തുറന്നിട്ട ജാലകത്തിലൂടെ അവന്‍ പുറത്തേക്കു നോക്കി.. നേര്‍ത്ത നിലാവില്‍ കുതിര്‍ന്ന രാത്രി..

മരങ്ങളുടെ നിഴലുകള്‍ ഭീബത്സമായ രാക്ഷസന്മാരെ പോലെ ഇളകി കൊണ്ടിരുന്നു. ടോമിയുടെ ഭീതീതമായ ഓരിയിടല്‍ അപ്പോഴും തുടര്ന്ന് കൊണ്ടിരുന്നു. വളപ്പിലെ പാല മരത്തില്‍ ഇരുന്നു അപ്പോഴും കാലന്‍ കോഴി കൂവുന്നുണ്ടായിരുന്നു. നേരിയ ഒരു ഭീതിയോടെ ഉണ്ണി ഉറക്കത്തിലേക്കു വഴുതി വീണു.

പ്രഭാതം

എന്തെങ്കിലും അശുഭ വാര്‍ത്തയുണ്ടോ എന്നറിയാനുള്ള ഉത്കണ്ഠയോടെയാണ് ഉണ്ണി എഴുന്നേറ്റത്.

ഇളകുന്ന കോണിപടികള്‍ ശബ്ദമുണ്ടാക്കാതെ ഇറങ്ങുമ്പോള്‍ അവന്‍ വടക്കേ അറയിലേക്ക് ഒളിഞ്ഞു നോക്കി..

“മുത്തശ്ശി ഉണര്ന്നിട്ടില്യാ… “

വീടിനു പിറകിലെ കഴുക്കോലില്‍ തൂക്കിയിട്ടിരിക്കുന്ന പാട്ടയില്‍ നിന്നും ഉമിക്കരിയെടുത്ത്‌ ഉണ്ണി കിണറ്റിന്‍ കരയിലേക്ക് നടന്നു.

എങ്ങും മൂടല്‍ മഞ്ഞു പടര്ന്നു് കിടക്കുന്നു.

ടോമിയുടെ കൂടിനടുത്തെത്തിയപ്പോള്‍ അവന്‍ നിന്നു.

കൂട്ടില്‍ ടോമി തളര്ന്നു കിടന്നുറങ്ങുന്നു.

അവനു ചിരി വന്നു..

ഇന്നലെ എന്ത് കണ്ടിട്ടാണാവോ ഇവന്‍ ഇങ്ങനെ കുരച്ചിരുന്നത്‌….?

വീടിനു മുന്നിലെ മുളവേലിക്കരുകില്‍ നിന്ന് പല്ല് തേക്കുമ്പോള്‍ അവന്‍ അയല്പ്പക്കതെക്ക് ശ്രദ്ധിക്കുകയായിരുന്നു.

റോഡിലൂടെ ആരൊക്കെയോ സംസാരിച്ചു കൊണ്ട് നടന്നു പോയി..

എവിടെയെങ്കിലും ആരുടെയെങ്കിലും മരണ വാര്‍ത്ത ഉണ്ടോ എന്നറിയാനായി അവന്‍ കാതുകള്‍ കൂര്‍പ്പിച്ചു.

ഇല്ല ഒന്നുമില്ല….

അടുക്കളയില്‍ അമ്മ പണി തുടങ്ങി കഴിഞ്ഞു.

അമ്മ കൊടുത്ത കട്ടന്‍ ചായ കുടിച്ചു തോര്ത്ത് ‌ മുണ്ടുമെടുത്തു അമ്പല കുളത്തിലേക്ക്‌ മഞ്ഞു വീഴുന്ന റോഡിലൂടെ ഉണ്ണി നടന്നു.

അമ്പല കുളം ശൂന്യമായിരുന്നു.

അതി രാവിലെ ആയതു കൊണ്ടാകാം ആരുമില്ല.

മഞ്ഞു വീണു കൊണ്ടിരുന്ന കുളത്തില്‍ നിന്നും ആവി പൊങ്ങുന്നത് അവന്‍ നോക്കിയിരുന്നു. തണുത്ത വീശിയടിക്കുന്ന കാറ്റില്‍ അവന്‍ വിറച്ചു. പതുക്കെ പതുക്കെ സൂര്യ കിരണങ്ങള്‍ താഴേക്കു വന്നു കൊണ്ടിരുന്നു.

കുറെ നേരം ആ ഇരിപ്പ് തുടര്ന്നു .

ആരൊക്കെയോ വന്നു കുളിച്ചു പോയി കൊണ്ടിരുന്നു..

ആരും അശുഭ വാര്ത്തുകള്‍ ഒന്നും പറയുന്നില്ല….

“ഈ മുത്തശിയുടെ ഒരു കാര്യം… വെറുതെ ഓരോരോ പഴങ്കഥകള്‍ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും… രാത്രി അതെല്ലാം കേട്ടാല്‍ പേടിക്കുകയും ചെയ്യും… ചെന്നിട്ടു മുത്തശ്ശിയെ കണക്കിന് കളിയാകണം.. ” അവന്‍ മനസ്സില്‍ കണക്കു കൂട്ടി.

ഇങ്ങനെയിരുന്നാല്‍ തണുപ്പ് കൂടുകയേ ഉള്ളൂ… ഇറങ്ങി കുളിക്കുക തന്നെ..

അവന്‍ എഴുന്നേറ്റു…

പിന്നെ ഒരൊറ്റ ചാട്ടമായിരുന്നു.

തണുത്ത വെള്ളത്തില്‍ മുങ്ങി നിവരുമ്പോള്‍ അവന്‍ വിറച്ചിരുന്നു. ഒരു വിധം കുളിച്ചെന്നു വരുത്തി.

അമ്പലത്തിനു മുന്നില്‍ ഈറനോടെ നിന്നു തൊഴുത്‌ അവന്‍ നടന്നു.. വീടിനോടടുക്കുമ്പോള്‍ അവന്‍ കണ്ടു..

ആരൊക്കെയോ തന്റെ വീട്ടിലേക്കു ഓടി പോകുന്നു.

“ഉണ്ണീ….. നീ ഇവിടെ നില്ക്കു കയാണോ…. വേഗം വീട്ടിലേക്കു ചെല്ല്……” അപ്പുറത്തെ വീട്ടിലെ നാണിയമ്മ ഉണ്ണിയെ കണ്ടു അങ്ങോട്ട്‌ വന്നു… “ന്താ പറ്റിയേ… എന്താ നാണിയമ്മേ….” ഉണ്ണി അമ്പരപ്പോടെ തിരക്കി.. ഒന്നും മിണ്ടാതെ നാണിയമ്മ മുഖം തുടച്ചു കൊണ്ട് നടന്നു പോയി. വീണ്ടും ആരൊക്കെയോ വീട്ടിലേക്കു കയറിപ്പോകുന്നത്‌ ഉണ്ണി കണ്ടു.. അവന്റെ കാലുകള്‍ക്കു വേഗത വര്‍ദ്ധിച്ചു..

മുള്‍ വേലിക്കരുകില്‍ എത്തിയപ്പോഴേ കണ്ടു…

വീട്ടില്‍ മുറ്റം നിറയെ ആളുകള്‍… . വിറയ്ക്കുന്ന കാലുകളോടെ അവന്‍ മുറ്റത്തേക്ക് കയറി

ആളുകള്‍ അവനു വേണ്ടി വഴിയൊഴിഞ്ഞു..

“ന്റെ അമ്മെ…. ഞങ്ങളെ വിട്ടു പോയല്ലോ…. ഇനി ഞങ്ങക്ക് ആരുണ്ട്‌..” അകത്തു നിന്നും അമ്മയുടെ നിലവിളി ഉണ്ണി കേട്ടു.

ഉണ്ണിയുടെ ഹൃദയത്തില്‍ ഒരു വെള്ളിടി വെട്ടി..

“മുത്തശ്ശി…….” അവന്റെ ചുണ്ടുകള്‍ വിറച്ചു.

” ഒരസുഖവും ഉണ്ടായിരുന്നില്ല… ഇന്നലെ രാത്രിയില്‍ … പെട്ടന്നായിരുന്നു… സുഖ മരണം…. അല്ലാതെന്താ…..”

കൂട്ടം കൂടി നിന്നിരുന്ന ആരൊക്കെയോ പറയുന്നത് ഉണ്ണി കേട്ടു.

അവന്റെ കാലുകള്‍ വേച്ചു.

പിറകോട്ടു വീഴാന്‍ തുടങ്ങിയ ഉണ്ണിയെ ആരോ താങ്ങി.

വളപ്പിലെ പാല മരകൊമ്പില്‍ ഇരുന്നു അപ്പോഴും കാലന്‍ കോഴി കൂവുന്നതായി ഉണ്ണിക്കു തോന്നി..!

Generated from archived content: story1_nov3_14.html Author: gopinath_nedumpura

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here