1. കറുത്ത മുന്തിരിങ്ങാ – 150 ഗ്രാം
കിസ്‌മിസ് – 100 ഗ്രാം
കറുത്ത ഈന്തപ്പഴം – 50 ഗ്രാം
നാരങ്ങാത്തൊലി – 50 ഗ്രാം
2. ബ്രാണ്ടി – കാൽ കപ്പ്
3. വെണ്ണ – 100 ഗ്രാം
വനസ്‌പതി അല്ലെങ്കിൽ മാർജറീൻ – 150 ഗ്രാം
4. പൊടിച്ചു തെളളിയെടുത്ത പഞ്ചസാര – 300 ഗ്രാം
5. മുട്ട (വലുത്) – അഞ്ച്
6. മാവ് – കാൽ കിലോ
ബേക്കിംഗ് പൗഡർ – ഒരു റ്റീസ്‌പൂൺ
7. ചെറിയയിനം റവ – കാൽ കപ്പ്
8. കാൽ കപ്പു പഞ്ചസാരയിൽ കാൽ
കപ്പു തിളച്ച വെളളം തളിച്ചുരുക്കിയത് – കാൽ കപ്പ്
9. തീരെ പൊടിയായി ചുരണ്ടിയെടുത്ത
ചെറുനാരങ്ങാത്തൊലി – അര റ്റീ സ്‌പൂൺ
10. വാനിലാ എസൻസ് – ഒരു റ്റീ സ്‌പൂൺ
11. തീരെ പൊടിയായി അരിഞ്ഞ
പരങ്കിയണ്ടി – കാൽ കപ്പ്
ബദാം എസൻസ് – രണ്ടു തുളളി
പാകം ചെയ്യുന്ന വിധം
കേക്കു മുറിക്കുമ്പോൾ ഒട്ടും പൊടിയാതെ ഇരിക്കാൻ പഴങ്ങൾ എല്ലാം തീരെ പൊടിയായി അരിയുക. ഇവ ബ്രാണ്ടിയിൽ കുതിർത്തു രണ്ടു ദിവസം ഒരു ഭരണിയിൽ മൂടിക്കെട്ടി വയ്‌ക്കണം.
വെണ്ണയും വനസ്‌പതി അല്ലെങ്കിൽ മാർജറീനും ചേർത്തു മയപ്പെടുത്തുക. പിന്നീടു പഞ്ചസാര ചേർത്തു തേച്ചു മയപ്പെടുത്തണം. അതിനുശേഷം മുട്ടയുടെ ഉണ്ണി ഓരോന്നായി ചേർത്തു മയപ്പെടുത്തുക. തെളളിയെടുത്ത മൈദയും ബേക്കിംഗ് പൗഡറും കുറേശ്ശെ ചേർത്തു തേക്കണം. ഇടയ്‌ക്കിടെ റവയും ചേർത്തു തേക്കണം.
പഞ്ചസാര കരിച്ചു കയ്‌പു രസം വരുത്താതെ വളരെ സൂക്ഷിച്ചു കറുപ്പു നിറമുളള സിറപ്പ് ആക്കുക. സിറപ്പ് ശരിക്കു തണുത്തു കഴിഞ്ഞു കേക്ക് കൂട്ടിൽ ഒഴിക്കണം. മുട്ടയുടെ വെളള പതച്ചു കേക്കു കൂട്ടിൽ ഒഴിച്ചു മത്തുകൊണ്ടു കുറെയേറെ നേരം തേക്കുക. പിന്നീട് ചെറുനാരങ്ങായുടെ തൊലിയും വാനിലാ എസൻസും ചേർക്കണം. അവസാനം പഴങ്ങൾ കട്ടകെട്ടാതെ കുറേശ്ശെ ചേരുവയിൽ ചേർത്തു കൈകൊണ്ടു യോജിപ്പിച്ച് അവസാനം ബദാം എസൻസു പുരട്ടി വച്ചിരിക്കുന്ന പറങ്കിയണ്ടിയും വിതറി കേക്കു കൂട്ട് ഇളക്കി ആറു മണിക്കൂർ വയ്‌ക്കുക.
മയം പുരട്ടിയ കടലാസു വെട്ടിയിട്ട പാത്രങ്ങളിൽ കേക്കു കൂട്ട് ആക്കി 300 ഡിഗ്രി ചൂടിൽ സാവധാനം ബേക്കു ചെയ്യുക. പിറ്റേ ദിവസം പാത്രങ്ങളിൽ നിന്നു കടലാസോടുകൂടി കേക്ക് ഇളക്കിയെടുത്ത് ഒരു വലിയ പാത്രത്തിൽ ആക്കി, ആ പാത്രത്തിന്റെ വായ് ഒരു തോർത്തുകൊണ്ടു മൂടിക്കെട്ടി പത്തുദിവസം വയ്‌ക്കുക. നല്ല മയം വരുമ്പോൾ ഉപയോഗിക്കാം.
Generated from archived content: xmascake.html Author: gopika_prathapan