ബഷീർ മരിക്കുന്നില്ല

“ആ പൂവ്‌ നീ എന്തുചെയ്‌തു?”

“ഏതു പൂവ്‌?”

“രക്തനക്ഷത്രംപോലെ കടുംചെമപ്പായ ആ പൂവ്‌!”

“ഓ…അതോ?”

“അതെ. അതെന്തു ചെയ്‌തു?”

“തിടുക്കപ്പെട്ട്‌ അന്വേഷിക്കുന്നതെന്തിന്‌?”

“ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയുവാൻ..”

“കളഞ്ഞുവെങ്കിലെന്ത്‌?”

“ഓ.. സാരമില്ല. എന്റെ ഹൃദയമായിരുന്നു അത്‌..‘ (അനർഘനിമിഷം)

ബഷീർ ഇങ്ങനെയായിരുന്നു, ഭാഷയുടെ നിയതരൂപങ്ങൾക്കപ്പുറത്ത്‌ നേർത്ത വേദനയായി, തലോടലായി ആത്‌മാക്കൾ സംസാരിക്കുംപോലെ ബഷീർ നമുക്ക്‌ കുറെ കഥകൾ തന്നു. അനുഭവിച്ചതൊക്കെയും ബഷീറിന്‌ കഥകളായിരുന്നു. ആ കഥകൾക്കാകട്ടെ ഹൃദയത്തെ സ്പർശിക്കുവാനുളള കാമ്പുമുണ്ടായിരുന്നു. ഒരു കയ്‌പുപോലെ തലച്ചോറിനെ ഉഴുതുമറിച്ച ഭ്രാന്തുപോലും ബഷീറിന്‌ കഥയായിരുന്നു. അങ്ങിനെ ബഷീർ സ്വയം ഒരു കഥയായി മാറുന്നു.

ബഷീറിന്റെ കഥകൾക്ക്‌ ഒരിക്കലും ഏകരൂപമുണ്ടായിരുന്നില്ല. ഭാവവും ഗതിവേഗവും മാറിമാറി വരുന്ന വിചിത്രരൂപങ്ങളായി മാറുന്നു ഇവ. സങ്കീർണമായ ഭാഷാരീതികളെ നിരാകരിച്ച്‌ മലയാളമറിയാവുന്ന ഏതൊരുവന്റേയും ഹൃദയത്തിലേക്കാവാഹിക്കാവുന്നവയായിരുന്ന ഈ വിചിത്രരൂപങ്ങൾ. ഈ വിചിത്രരൂപകഥകൾ ബഷീറും നമ്മളും നമ്മുടെ ലോകവുമാണെന്ന സത്യം നാമറിയാതെ തന്നെ ബഷീർ പറഞ്ഞു തരികയായിരുന്നു.

1943-ൽ വിശ്വസാഹിത്യ ലോകത്ത്‌ കൊച്ചു ’പ്രണയലേഖന‘വുമായി കടന്നുവന്ന ബഷീർ മലയാളികളുടെ സ്വന്തം വൻമരമായി മാറുകയായിരുന്നു.

ഞാൻ എല്ലാ ജാതിയിലുംപെട്ട സ്‌ത്രീകളുടെ മുല കുടിച്ചിട്ടുണ്ടെന്നും എല്ലാ ജാതിക്കാരുമായി രമിച്ചിട്ടുണ്ടെന്നും സാക്ഷിപ്പെടുത്തുമ്പോൾ മനുഷ്യ സാഹോദര്യബോധവും സ്‌നേഹവും ഈ മഹാനായ കഥാകാരൻ വരച്ചു കാട്ടുകയാണ്‌. പലർക്കും അശ്ലീലമായി തോന്നുമെങ്കിലും.

ബഷീർ സ്വപ്നങ്ങളിലും ഭ്രാന്തിലും ജീവിച്ചവനാണ്‌. ഗുസ്‌തിക്കാരനായും, സൂഫി സന്യാസിയായും, സമരനായകനായും, തെരുവു തെണ്ടിയായും അനുഭവങ്ങൾ രുചിച്ചവനാണ്‌. ഈ അബ്‌നോർമാലിറ്റിയാകണം ബഷീറെന്ന വെറും മനുഷ്യനെ വിമലീകരിച്ച്‌ മഹാനായ കഥാകാരനാക്കിയത്‌. അതുകൊണ്ടുതന്നെയാകണം ’ശബ്‌ദങ്ങൾ‘ പോലെ മൂടുപടമണിഞ്ഞ ജീവിതവ്യവസ്ഥയുടെ സകല സത്യസന്ധതയേയും ചോദ്യം ചെയ്യുന്ന ഒരു കൃതി മലയാളികളുടെ നെഞ്ചിലേയ്‌ക്ക്‌ വലിച്ചെറിഞ്ഞു കൊടുക്കാൻ ബഷീറിന്‌ കഴിഞ്ഞത്‌.

1908 ജനുവരി 19-ന്‌ വൈക്കം താലൂക്കിൽ തലയോലപ്പറമ്പിൽ കായി അബ്‌ദുറഹ്‌മാന്റേയും കുഞ്ഞാച്ചുമ്മുവിന്റേയും മൂത്തമകനായാണ്‌ ബഷീറിന്റെ ജനനം.

തന്റെ ജീവിതയാത്രയ്‌ക്കിടയിൽ ബഷീർ മലയാളികൾക്ക്‌ അനുഗ്രഹിച്ചു തന്നത്‌ കാലത്തിനു മറയ്‌ക്കാനാവാത്ത എത്രയോ കഥകൾ…. ബാല്യകാല സഖി, പാത്തുമ്മായുടെ ആട്‌, മതിലുകൾ… അങ്ങിനെ എണ്ണിയാലൊടുങ്ങാത്തവ.

1994 ജൂലൈ 5-ന്‌ ബഷീർ ഈ ലോകത്തോടുളള സമരം മതിയാക്കി കൂടുതൽ കഥകൾ തേടി യാത്രയായി. ഒൻപതു കൊല്ലത്തെ ബഷീറിന്റെ അസാന്നിധ്യം അദ്ദേഹത്തിനുമേൽ ഒരു ചെറുനിഴൽ പോലും വീഴ്‌ത്തുന്നില്ല.

”വെളിച്ചത്തിന്‌ എന്തൊരു വെളിച്ചം“

ബഷീറിന്റെ വാക്കുകൾ എത്രമാത്രം ശരിയാണ്‌. ബഷീറിനോളം തന്നെ ”ബഷീറിന്‌ എന്തൊരു വെളിച്ചം.“

Generated from archived content: essay_july3.html Author: gopika_prathapan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here