1. ‘പശു’
കൊടുത്ത പുല്ലുതിന്നാതെ നാളത്തെയ്‌ക്കായി കരുതിയ പശുവിനെ നോക്കി അറവുകാരൻ ചിരിച്ചു.
2. ‘അപകടം’
കാറപകടത്തിൽപ്പെട്ട് മരിച്ച അയാൾ റോഡുസുരക്ഷ ഓഫീസറായിരുന്നു.
3. ‘കാര്യം’
എപ്പോഴും കരഞ്ഞു കാര്യം നേടിയ യുവതിയിൽനിന്നും കണ്ണുനീർ ഓടിയൊളിച്ചു.
4. ‘കൂട്ടം’
ഏകാന്തതയകറ്റാൻ ആൾക്കൂട്ടത്തിലെത്തിയെങ്കിലും ആൾക്കൂട്ടത്തിലൊരാളാകാനെ കഴിഞ്ഞൊളളൂ.
5. ‘അഭിനയം’
അഭിനയത്തിൽ നാഷണൽ ഡിപ്ലോമയും ഡിഗ്രിയും കരസ്ഥമാക്കിയ അവരെയെല്ലാം പിൻതളളി നായകനായി സിനിമയിൽ കയറിയ അയാൾ നാലാം ക്ലാസ്സുമാത്രം പാസ്സായ രാഷ്‌ട്രീയ നേതാവായിരുന്നു.
6. ‘ശബ്‌ദം’
ശബ്‌ദമലിനീകരണത്തിനെതിരെ സംസാരിക്കാനും ലൗഡ് സ്‌പീക്കർ വേണ്ടിവന്നു.
7. ‘ദൈവം’
വന്ധ്യയായ യുവതി വന്ധ്യകരണ ശസ്‌ത്രക്രിയയ്‌ക്കായി ഡോക്‌ടറെ സമീപിച്ചപ്പോൾ ഡോക്‌ടറുടെ ചോദ്യത്തിന് മറുപടിയായി യുവതി നാണത്തോടെ പറഞ്ഞുഃ “ഇന്നത്തെ കാലത്ത് ദൈവത്തെപ്പോലും വിശ്വസിക്കാൻ വയ്യ.”
8. ‘ആന’
ആന പുറത്തേറിയവന് വേലി പൊളിക്കാമെന്നതിനാൽ വേലിയില്ലാത്ത വഴി തേടി.
9. ‘സൂചി’
കുഞ്ഞിന് നോവാതെ കാതു കുത്തിയെങ്കിലും സൂചിയ്‌ക്ക് നൊന്തു.
10. ‘പത്രം’
പെൺകുട്ടിയെ കാത്തിരുന്ന് മടുത്ത മാതാപിതാക്കളെ പത്രങ്ങൾ കോളങ്ങളിലൊതുക്കി.
Generated from archived content: story_feb19.html Author: gopi_mangalath