ഠേ….

അവാർഡ്‌ കമ്മിറ്റി

ഹോട്ടൽ മുറി. തല നരച്ചതും നരയ്‌ക്കാത്തതും കഷണ്ടി കയറിയതും കയറാത്തതുമായ ഗൗരവക്കാരും മാന്യൻമാരുമായ സാംസ്‌കാരിക സാഹിത്യനായകർ വട്ടമിട്ട്‌ മേശയ്‌ക്കു ചുറ്റുമിരിക്കുന്നു; പാടത്ത്‌ പന്നിയിറങ്ങിയത്‌ പോലെ; മേശപ്പുറത്ത്‌ ഒത്തിരി തിന്നതിന്റെയും കുടിച്ചതിന്റെയും ലക്ഷണങ്ങൾ. ചിലർ പകുതി മയക്കത്തിൽ. മറ്റു ചിലരുടെ സംസാരം താഴെ കൊടുക്കുംവിധംഃ

“ഇങ്ങിനെയിരുന്നിട്ട്‌ കാര്യമില്ല. അവാർഡിനൊരാളെ കണ്ടെത്തണം. നമുക്കു പറ്റിയ ആളെത്തന്നെ വേണം.”

“എം.ടി. വാസുദേവൻ നായർക്ക്‌ കൊടുത്താലോ?”

“എം.ടിയൊക്കെ രണ്ടു കൈയും നീട്ടി അവാർഡു മേടിക്കും.”

“ഏയ്‌. ജ്‌ഞ്ഞാനപീഠം വരെ കിട്ട്യ സ്ഥിതിക്കങ്ങനെ ചെയ്യോ?”

“കാശ്‌ കൈയ്‌ക്കോ. ഒരു പെൺകൊച്ചാ, അതിന്റെ കൊച്ചും. മേടിക്കും.”

“എന്നാ പിന്നെ ആനന്ദിനായാലോ.”

“ആയാലും മേടിക്കും. പിന്നെ അതിനെപ്പറ്റി ഒരു പുസ്‌തകവും എഴുതിയേക്കും. അതിനും അവാർഡ്‌ വാങ്ങിയേക്കും.”

“ഒ.എൻ.വിയ്‌ക്കായാലോ?”

“അങ്ങേരു മേടിക്കും. പിന്നെ നമ്മളെപ്പറ്റി ഒരു കവിതയോ പാട്ടോ എല്ലാ വാർഷികപ്പതിപ്പിലും എഴുതിയേക്കും.”

“ചെമ്മനം ചാക്കോ സാറിനായാലോ?”

“വടി കൊടുത്തും അടി മേടിക്കണോ ആശാനേ..”

“ടി.പത്മനാഭനായാലോ?”

“ആദ്യം അവാർഡ്‌ എന്നു പറഞ്ഞാൽ ചതുർത്ഥിയായിരുന്നു. വലിയൊരു തുക കണ്ടപ്പോ വയലാർ അവാർഡ്‌ മേടിച്ച്‌ പോക്കറ്റിലിട്ടു. പിന്നെ എം.ടി.യെ ചീത്തയും പറയും.”

“മരിച്ചവർക്കായാലോ?”

“അതുകൊണ്ട്‌ അവർക്കും നമുക്കും എന്തുനേട്ടം.”

“എന്നാപ്പിന്നെ, വിജയലക്ഷ്‌മിക്കായാലോ?”

“വരട്ടെ…വരട്ടെ. നമുക്ക്‌ ബാലചന്ദ്രൻ ചുളളിക്കാടിനു കൊടുക്കാം. അദ്ദേഹമാവുമ്പോ, ചത്താ ശരി. അവാർഡ്‌ മേടിക്കില്ല. അതു നാലാളെ അറീക്കേം ചെയ്യും.”

“അല്ലാ ഈ അവാർഡ്‌ മേടിക്കരുതെന്ന്‌ എന്താ ഇത്ര നിർബന്ധം?”

“നിർബന്ധമുണ്ട്‌. നമ്മൾക്ക്‌ വർഷാവർഷം അവാർഡ്‌ പ്രഖ്യാപിക്കണം. ഇതേപ്പോലെ കൂടണം. ആളുകൾക്ക്‌ ഒന്നും തോന്നേം ചെയ്യരുത്‌. നമ്മുടെ പൈസ പോകേം ചെയ്യരുത്‌. അല്ലാ; അവാർഡിനു കൊടുക്കാൻ പൈസയുമില്ല കൈയിൽ.”

കൂപ്പൺ

“എടീയേ, ഈ വാതിലൊന്നു തുറന്നേ”.

“എന്താ മനുഷേനെ വിഷം മേടിയ്‌ക്കാൻ പൈസ കൈയിലില്ലെന്നു പറഞ്ഞ്‌ പോയിട്ട്‌ കട മുഴുവനും വാങ്ങി വന്നിരിക്കുന്നേ.”

“അതേടി വാങ്ങും. നീ ഇന്നലെ കിടന്നപ്പോ തിരിഞ്ഞ്‌ കെടന്നിട്ട്‌ എന്താ പറഞ്ഞേ. എനിക്ക്‌ കാര്യവിവരമില്ല. സമയാസമയമനുസരിച്ച്‌ പെരുമാറാനറിയില്ല.”

“അതുമിതുമെന്താ മനുഷ്യനെ, ബന്ധം.”

“ബന്ധമുണ്ടെടി. മോരും മുതിരേം പോലെ. ഇതൊക്കെ റിഡക്‌ഷനിലും ഡിസ്‌ക്കൗണ്ടിലും വാങ്ങിയ സാധനങ്ങളാ.”

“എന്റെ ഗുരുവായൂരപ്പാ… ഈ മനുഷ്യനോട്‌ എത്ര നാള്‌ പറഞ്ഞതാ. ഇപ്പോഴെങ്കിലും തോന്നിച്ചല്ലോ. അതെങ്ങനാ. എല്ലാ കാര്യത്തിലും ‘ടൂബ്‌ ലൈറ്റല്ലെ. അയൽപ്പക്കത്തെ അവള്‌മാര്‌ ഓരോന്ന്‌ വാങ്ങിച്ച്‌ കൂട്ട്‌ന്ന കാണുമ്പോ കൊതി തോന്നിയിരുന്നു.”

“നിന്റേം കൊതി മാറട്ടേടി. ഇതു അഞ്ചുകിലോ അരി വാങ്ങിച്ചപ്പോ കിട്ടീതാ.”

“മൺകലം അത്യാവശ്യമായിരിക്കയാർന്നു.”

“ഇതു മൂന്നു കിലോ പാവക്കയ്‌ക്ക്‌ ഒരു കിലോ തക്കാളി ഫ്രീ.”

“തക്കാളി പഴുപ്പു കൂടുതലാ.”

“ചക്കാത്തല്ലെ. പഴുക്കും… പഴുക്കും. മിണ്ടണ്ട. ഇത്‌ ഞാൻ പറഞ്ഞതല്ല. കടക്കാരൻ പറഞ്ഞതാ. നമ്മളെ നന്നാക്കാനല്ല അയാളീക്കട തുറന്നിരിക്കുന്നതെന്ന്‌. മൂന്നു സോപ്പിന്‌ ഒരുസ്‌പോഞ്ച്‌ ഫ്രീ. ഒരു കോൾഗേറ്റിന്‌ ഒരു ഈർക്കിലി ഫ്രീ.”

“അതെന്തിനാ ഈർക്കിലി.”

“ഈർക്കിലി കീറി അവര്‌ തരില്ല. നാക്ക്‌ വടിക്കാനാ. അതെങ്ങിനെ നിനക്കു മനസിലാകും. ആ കാര്യം ചെയ്യുന്നവർക്കല്ലെ മനസിലാകൂ.”

“മനുഷ്യാ തല പെരുക്കണ വർത്തമാനം പറയല്ലെ.”

“ശരി. ഒരു എണ്ണ പായ്‌​‍്‌ക്കറ്റിന്‌ ഒരു തീപ്പെട്ടിക്കൊളളി ഫ്രീ. അഞ്ചു ലിറ്റർ മണ്ണെണ്ണയ്‌ക്ക്‌ ഒരു മെഴുകുതിരി ഫ്രീ.”

“നിർത്ത്‌ നിർത്ത്‌. ഇത്രയൊക്കെ മേടിച്ചിട്ട്‌ നിങ്ങളെനിയ്‌ക്കൊന്നും മേടിച്ചില്ലല്ലോ?”

“മേടിച്ചല്ലോ പ്രിയതമേ. മൂന്നു സാരി മേടിച്ചു.”

“ഹായ്‌. നോക്കട്ടെ. ഇതിനൊപ്പം എന്താ ഫ്രീ?”

“ഒരു കൂപ്പണാടി.”

“എന്നിട്ട്‌ കൂപ്പണെന്ത്യേ?”

“കൂപ്പൺ അവർക്കു കൊടുത്തു.”

“എന്നിട്ടെവിടെ സമ്മാനം?”

“വലിയൊരു സമ്മാനമാ. നിനക്കത്ഭുതമാകും. എന്റെ കഷ്‌ടപ്പാടു തീരും. നീയും ഫ്രീയാകും. പുറത്തുണ്ട്‌.”

“നീ ചെന്ന്‌ എടുത്തു വാ.”

“ഇവിടെയൊരു സമ്മാനവുമില്ല.”

“ഉണ്ടെടി. ആ ബെഞ്ചിരിക്കുന്ന പെണ്ണാ സമ്മാനം. ഭാര്യ ഫ്രീ. അയ്യോ നീയെന്തിനാ തലകറങ്ങി വീഴുന്നെ. നമുക്കങ്ങ്‌ ”ഫ്രീയായി“ ജീവിക്കാം.”

സർട്ടിഫിക്കറ്റ്‌

“ഇത്‌ വില്ലേജ്‌ ഓഫീസല്ലെ?”

“തന്റെ കണ്ണെവിടെയാ. ബോർഡെഴുതിയിരിക്കുന്ന കാണാൻ പാടില്ലെ?”

“ഓ, ശരിയാ ഞാൻ റീഡിംഗ്‌ ഗ്ലാസ്‌ എടുത്തില്ല. ഞാൻ അകത്തേക്ക്‌ വന്നോട്ടെ സാർ?”

“താനാണോ. എന്താ കണികാണാത്തതെന്ന്‌ കരുതിയതേയൊളളു. തന്നോട്‌ എത്ര പ്രാവശ്യം പറഞ്ഞതാ ജീവിച്ചിരിക്കുന്നു എന്ന സർട്ടിഫിക്കറ്റ്‌ കൊണ്ടുവരണമെന്ന്‌.”

“ഞാനും സാറിനോട്‌ എത്ര തവണ പറഞ്ഞതാ. ദാ ഈ നില്‌ക്കുന്ന ശരീരാ ഞാനെന്ന്‌. സാർ ഒന്ന്‌ തൊട്ട്‌ നോക്കിക്കോ. അല്ല സംശയം വേണ്ട. തൊട്ട്‌ നോക്ക്‌ സാറെ.”

“വേണ്ടാ വേണ്ടാ, താൻ രാവിലെ തന്നെ കഴിച്ചിരിക്ക്വാ.”

“പിന്നെ കഴിക്കണേനെന്താ സാറെ കുഴപ്പം. ഗവൺമെന്റ്‌ മുട്ടിന്‌ മുട്ടിനാ ബാറും ചാരായോം ഷാപ്പും തൊടങ്ങിയിരിക്കുന്നെ. പിന്നെയീ സാധനം നിരോധിച്ചിട്ടില്ലല്ലോ. നമ്മളെ പേടിപ്പിക്കാൻ ഒരു ബോർഡ്‌. മുൻപിലങ്ങനെ ആരും കാണാതെ തൂങ്ങും. അല്ലാ നിരോധിച്ചാ തന്നെ എന്താ. സാറിന്റെ മേശപ്പുറത്തുണ്ടല്ലോ സിഗരറ്റും തീപ്പെട്ടീം. നിരോധിക്കണം സാറെ. അപ്പഴാ ത്രില്ല്‌.”

“ത്രില്ലൊക്കെ ശരി. ജീവിച്ചിരിക്കുന്നു എന്ന തെളിവെവിടെ.”

“അതൊക്കെ ഇപ്പൊ ശരിയാകും സാറെ.”

“താൻ ആളെ ഉമ്മാത്തിയാക്കുവാ”

“അല്ലാ സാറെ. ഞാനൊന്നു ചോദിക്കട്ടെ. സാറെ ഞാനിപ്പൊ ജീവിച്ചിരിപ്പില്ലല്ലോ. സർട്ടിഫിക്കറ്റ്‌ വേണോലോ?”

“സർട്ടിഫിക്കറ്റില്ലെങ്കിൽ താൻ നിലവിൽ ജീവിച്ചിരിപ്പില്ല.”

“അപ്പൊ ഞാനിപ്പൊ. ഈ ഭൂമിയിലില്ല.”

“സർക്കാര്‌ പ്രകാരം.”

“സാറെ പ്രേതത്തിനെതിരായി കേസ്‌ കൊടുക്കോ?”

“എങ്ങനെയെടുക്കാൻ.”

“അപ്പൊ സാറിനിതിരിക്കട്ടെ.”

“ശ്ശൊ താനെന്നെ തല്ലി. താനെന്താ വിചാരിച്ചെ. ഞാനിപ്പൊ പോലീസിനെ വിളിക്കും.”

“വിളിക്ക്‌ സാറെ. ഇന്നാ ഇത്‌ കൂടി.”

“താൻ വീണ്ടുമെന്നെ തല്ലിയോ.”

“ഇനിയും തല്ലും. വേഗം പോലീസിനെ വിളി.”

“തനിക്കെന്താ പോലീസിന്റെ കയ്യിൽ പോകാനിത്ര കൊതി.”

“സാറല്ലെ പറഞ്ഞെ. പ്രേതത്തിനെതിരെ കേസ്‌ എടുക്കാൻ പറ്റില്ലാന്ന്‌. കേസ്‌ എടുത്താൽ പിന്നെ ഞാൻ രക്ഷപ്പെട്ടു. അന്വേഷണം വരും. ഞാൻ ജീവിച്ചിരിക്കുന്നൂന്ന്‌ തെളിവാകും.”

“എടോ മരത്തലയാ. അവരുടെ ഉരുട്ടലിന്‌ ശേഷം താൻ പിന്നെ ജീവിച്ചിരിക്കുമെന്ന്‌ തോന്നണുണ്ടോ. ചെലപ്പോ ആളുമാറി അവരെന്നെ ഉരുട്ടും. താനതുകൊണ്ടൊരു കാര്യം ചെയ്യ്‌. താൻ വാട്ടീസടിക്കാൻ പോകുമ്പോ എന്നെ കൂട്ട്‌. ഞാൻ സർട്ടിഫിക്കറ്റ്‌ തരാം. താൻ ജീവിച്ചിരിക്കുന്നൂന്ന്‌ ഞാനെഴുതും. ഞാനും ജീവിക്കും.”

Generated from archived content: humour_dec21_05.html Author: gopi_mangalath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here