വരൂ, വയലിനുകളുടെ ഈ താഴ്‌വരയിലേക്ക്‌

ഒന്ന്‌

പാലക്കാട്ടെ ആ ഗ്രാമത്തിൽ ബസ്സിറങ്ങുമ്പോൾ ആ സ്ഥലം അപരിചിതമായി തോന്നിയില്ല. എണ്ണമറ്റ തവണ വായിച്ച പ്രിയപ്പെട്ട ‘ഖസാക്കി’ലൂടെ ഏതാണ്ട്‌ ഹൃദിസ്ഥമായ ഈ ദശാസന്ധിയിലേക്ക്‌ എന്നെങ്കിലും വന്നെത്തുമെന്ന്‌ എനിക്കറിയാമായിരുന്നു. ബലിഷ്‌ടകായന്മാരായ മുത്തച്ഛൻമാരെപ്പോലെ ഏകാകികളായി നിൽക്കുന്ന കരിമ്പനകളുടെ നാട്ടിലേക്ക്‌ സ്വയം നഷ്‌ടപ്പെടുവാൻ എനിക്ക്‌ എത്താതെ നിവൃത്തിയില്ലല്ലോ.

ഇവിടത്തെ ഭാഷയ്‌ക്കാണ്‌ ആദ്യം പ്രത്യേകത കണ്ടത്‌.

“വെരണ വഴിയാണ്‌?” (വരുന്ന വഴിയാണോ?)

“ഏടിക്കണ്‌?” (എവിടേക്കാണ്‌?)

“ഒന്നു കുരക്കൂ” (ഒന്നു ചുമക്കൂ)

“വെരില്ലാ പറഞ്ഞു” (വരില്ലാ എന്നു പറഞ്ഞു)

“ഇട്ടോളി” (അങ്ങിനെയാകട്ടെ)

“ഓട്ടിക്കുന്നു” (ഓടിക്കുന്നു)

“കർമ്മം!” (നാശം!)

“പയിഞ്ചുറുപ്യ” (പതിനഞ്ച്‌ രൂപ)

“ഓ” (അതെ, ശരി)

മുഖം കുനിക്കുന്നത്‌ വിഷ്‌ ചെയ്യൽ (വന്ദനം പറയൽ) ആണ്‌. “അതെ” എന്ന അർത്ഥത്തിലും (ഓ!) അങ്ങനെതന്നെ. മറ്റ്‌ ചില സ്ഥലങ്ങളിൽ അത്‌ വരൂ എന്ന അർത്ഥത്തിലാണ്‌. വരുംവരായ്‌കകളുടെ ഓർമ്മകളിലെവിടേയോ കണ്ട്‌ ഹൃദിസ്ഥമായ ആ പാലക്കാടൻ ഗ്രാമം പക്ഷേ, എന്നെ നിരാശപ്പെടുത്തി. ഇതിഹാസത്തിന്റെ മലയോരങ്ങളിൽ കടുത്ത ചൂടും പൊടിയും കാറ്റും മാത്രം. എൻ.എച്ചിലൂടെ രാവും പകലും ഇടമുറിയാതെ മരണവേഗത്തിൽ ഓടുന്ന വണ്ടികൾ വമിക്കുന്ന പൊടിയും പുകയും. എങ്ങും ചൂടും പൊടിയും കാറ്റും മാത്രം.

ഉണങ്ങിവരണ്ട്‌ മരുഭൂമിപോലെ കിടക്കുന്ന പാടങ്ങൾ. വിഷാദികളായി ഏകരായി നിൽക്കുന്ന കരിമ്പനകൾ. ആർത്തലച്ച്‌ വീശുന്ന ചുടുകാറ്റ്‌. ഒരു അനാഥവൃദ്ധയെപ്പോലെ മെലിഞ്ഞുണങ്ങിയ അർദ്ധനഗ്നയായ ഗായത്രിപ്പുഴ.

ഇതാണോ ഖസാക്കിലൂടെ പരിചയപ്പെട്ട പാലക്കാട്‌? ഏറെ കൊതിപ്പിച്ച പാലക്കാടൻ ഗ്രാമത്തിൽ ചൂടും പൊടിയും തീക്കാറ്റും മാത്രം.

രണ്ട്‌

ഇപ്പോൾ കാലവർഷമാണ്‌. എങ്ങും “മഴ പെയ്യുന്നു. മഴ മാത്രമേയുളളൂ, കാലവർഷത്തിന്റെ വെളുത്ത മഴ…. അനാദിയായ മഴവെളളത്തിന്റെ സ്പർശം…”

എന്തത്ഭുതം പാലക്കാട്‌ എത്ര മാറിയിരിക്കുന്നു. എങ്ങും “പച്ചപ്പനന്തത്തകളുടെ ധനുസ്സുകൾ പറന്ന”കലുന്നു. മലകളുടെ കറുത്ത രംഗപടങ്ങൾക്കുമേൽ മഴമേഘങ്ങൾ ചേക്കേറുന്നു. മഴയുടെ ഇന്ദ്രജാലത്തിൽ പച്ചപ്പുതപ്പണിയുന്നു പാലക്കാട്‌.

മെലിഞ്ഞുണങ്ങിയ ഗായത്രിപ്പുഴ, വിവാഹം കഴിഞ്ഞ കന്യകയെപ്പോലെ പെട്ടെന്ന്‌ തടിച്ച്‌ മദാലസയായി നിറഞ്ഞൊഴുകുന്നു. മലയടിവാരങ്ങളിൽ മഴയുടെ വെളളിനൂൽ പ്രവാഹം. നിശ്ശബ്‌ദരായി മഴ നനഞ്ഞ്‌ സ്വയം നഷ്‌ടപ്പെട്ട്‌ നിൽക്കുന്ന കരിമ്പനകൾ. പാലക്കാട്‌ ഒരു പച്ചപ്പരവതാനിയായി മാറുന്നു. പച്ച പുതച്ച്‌, മഴയിൽ കുളിച്ച്‌ നിൽക്കുന്ന വിസ്‌തൃതമായ ലാൻസ്‌ക്കേപ്പുകൾ.

“ഇന്നലെയിവൾ പിച്ചക്കാരി

നഗ്നമാം ശുഷ്‌ക

നെഞ്ഞുമായ്‌ വെയിലത്തു

മയങ്ങിക്കിടന്നവൾ

കണ്ണീരും വരണ്ടവൾ

ആർക്കുമേ വേണ്ടാത്തവൾ

ഇവളെയിതുമട്ടിൽ

മോഹിനിയാക്കി പ്രേമ-

വതിയായ്‌ മാറ്റിത്തീർത്ത

താരുടെ മായാപിഞ്ഞ്‌ഛം?”

സുഗതകുമാരി അട്ടപ്പാടിയെക്കുറിച്ച്‌ പാടിയത്‌ പാലക്കാടിന്‌ ഒന്നാകെ യോജിക്കുന്നതാണ്‌.

പ്രകൃതിയുടെ അനാദിയായ കാരുണ്യം, മൗനം ഉറഞ്ഞ മലനിരകളിൽ, വയലുകളുടെ മുടിക്കെട്ടിൽ, പുഴയുടെ മാറിൽ, “പനിനീർ തളിച്ചപോൽ” പ്രവഹിക്കുകയാണ്‌.

“മഴപെയ്‌തുപോൽ പിന്നെ-

ച്ചിരിയായ്‌ കരച്ചിലായ്‌

മഴപെയ്‌തുപോൽ വിണ്ണിൽ

കരുണാപ്രവാഹമായ്‌.”

കറുത്ത പാറക്കൂട്ടങ്ങളിൽ മഴ തലതല്ലിയാർക്കുകയാണ്‌.

“പാറപ്പുറത്തെ മഴ പ്രവാചകന്റെ ശബ്‌ദമാണ്‌.

അതു ചിലമ്പുകുലുക്കി മന്ത്രം ചൊല്ലി ഉറഞ്ഞുതുളളി

കരിമ്പാറമേൽ വാൾമുനകൊണ്ട്‌

മാന്ത്രികമായ കല്പനകൾ രൂപപ്പെടുത്തുന്നു.” (സച്ചിദാനന്ദൻ)

“നഷ്‌ടാവസരങ്ങൾ തൻ വഴിത്താരയിൽ

മഴകൊട്ടിപ്പാടുമ്പോൾ” (ഒ.എൻ.വി)

“കാലവർഷ തുലാവർഷങ്ങളുടെ നാട്ടിൽനിന്ന്‌

ഇവിടെ എത്തിയ വഴിപോക്കൻ, പോക്കില്ലാത്തവൻ” (അയ്യപ്പപ്പണിക്കർ)

ഞാൻ, പാലക്കാടിന്റെ മാറ്റം അത്ഭുതത്തോടെ കാണുകയാണ്‌. മഴക്കാലത്തെ കേരളത്തിലെ ഏറ്റവും സുന്ദരമായ പ്രദേശം പാലക്കാടാണ്‌.

മഴക്കാലത്തെ പാലക്കാട്‌ വയലിനുകളുടെ നിലക്കാത്ത താഴ്‌വരയാണ്‌. കാരണം-

“പുതുമഴ

മേഘങ്ങളുടെ പിളരുന്ന പളുങ്കുമേൽക്കൂരകൾക്കു കീഴിൽ

വയലിനുകളുടെ ഒരു താഴ്‌വരയാണ്‌.” (സച്ചിദാനന്ദൻ)

വരൂ, വയലിനുകളുടെ ഈ താഴ്‌വരയിലേക്ക്‌!

ഗോപാലകൃഷ്‌ണൻ യു.ആർ., എടനാട്‌, ചൊവ്വര പി.ഒ., ആലുവ – 683 571. ഫോൺഃ 2602469, 9388802469.

Generated from archived content: essay1_june30_06.html Author: gopalakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here