ഇത്രയേറെ വസന്തത്തെ
ആസ്വദിക്കുന്നവരെ ഞാന്‍
വേറെ കണ്ടിട്ടില്ല.
ഒരൊറ്റച്ചില്ല പോലും
ഒഴിച്ചിടാതെയല്ലേ ഈ
ഒറ്റമരങ്ങള്‍ പൂത്തുനിറയുന്നത്,
മതിലുകള്‍ക്കുള്ളിലേക്ക് മാത്രം പൊഴിക്കാതെ
ആര്‍ക്കും എടുക്കാന്‍ പാകത്തിലല്ലേ
അവര്‍ പൂക്കളെ വാരിവിതറുന്നത്.
വസന്തത്തെ മാത്രമല്ല
അവര്‍ ആസ്വദിക്കുന്നത്,
ഒറ്റമരങ്ങളുടെ തണലിനേക്കാൾ
തണുപ്പുള്ളതായി വേറൊന്നില്ല
വിജനവേനലില്‍ വിശാലമായ്
വിരിഞ്ഞുനിന്നല്ലേ അവര്‍
വെയില്‍ സൂചികളെ
ഇലഞരമ്പിലൂടെ വലിച്ചെടുക്കുന്നത്,
ഓരോ മഴത്തുള്ളിയെയും
ഇലത്തുമ്പില്‍ പൊതിഞ്ഞുവച്ച്
വീണ്ടും വീണ്ടും പെയ്യിക്കുന്നില്ലേ.
മൂര്‍ച്ചയുള്ള ഓരോ മഴുവും തിരയുന്നത്
ഒറ്റമരങ്ങളെ ആണെന്നറിഞ്ഞിട്ടും
അവര്‍ ആശങ്കപ്പെടുന്നില്ലല്ലോ,
ആഞ്ഞുവീഴുന്ന മഴു മൂര്‍ച്ചയില്‍ അവര്‍
കുറുകിയ കറയൊലിപ്പിച്ചു കരയാറില്ല
കാതലിന്റെ കടുപ്പത്താൽ പ്രതിരോധിക്കും
പിന്നെ മുറിഞ്ഞു വീഴാതെ വയ്യെങ്കില്‍
ആത്മാവിനെ വേരുകളിലേക്ക് പിന്‍വലിച്ച്
ശരീരം മാത്രം അവര്‍ക്ക് കൊടുക്കും,
ആളനക്കം ഒഴിയുമ്പോള്‍ വീണ്ടും
ആത്മാവിനെ വേരുകളില്‍ നിന്ന് തിരികെ വിളിക്കും
മുറിവില്‍നിന്ന് ഒരുപാട് ശിഖരങ്ങളായി വീണ്ടും കിളിര്‍ക്കും.
Generated from archived content: poem3_may16_14.html Author: gopakumar_kr