പെട്ടെന്ന് കത്രിക്കുട്ടി ടീച്ചർ ക്ലാസിലേക്ക് കയറി വന്നപ്പോൾ ഞങ്ങൾ കുട്ടികൾ ഭയന്നുപോയി. കത്രിക്കുട്ടി ടീച്ചർ സ്‌കൂളിലെ ഹെഡ്‌മിസ്‌ട്രസാണ്. അവർക്ക് മക്കളില്ലാത്തുകൊണ്ടാണെന്നു തോന്നുന്നു ഞങ്ങളോട് വളരെ പരുഷമായി പെരുമാറും. ഞങ്ങളെ നന്നായി അടിക്കും. തമാശ പറയുന്ന, ഞങ്ങളെ അടിക്കാത്ത, മലയാളം പഠിപ്പിക്കുന്ന ജോസഫ് സാറിനെയും, കെമിസ്‌ട്രി പഠിപ്പിക്കുന്ന ദേവസ്യ സാറിനെയും ആണ് ഞങ്ങൾക്ക് ഏറ്റവും ഇഷ്‌ടം. കത്രിക്കുട്ടി ടീച്ചർ ഇന്നാരെയാണോ തല്ലാൻ പോകുന്നത്.
“ഇന്ന് ശാരദാമ്മ ടീച്ചർ വന്നിട്ടില്ല. എല്ലാരും പുസ്‌തകം എടുത്ത് ശബ്‌ദം ഉണ്ടാക്കാതെ വീട്ടിൽ പൊയ്‌ക്കോ.” ഞങ്ങൾക്കെല്ലാം തുളളിച്ചാടണമെന്ന് തോന്നി. പക്ഷെ കത്രിടീച്ചർ ആണ് മുന്നിൽ നിൽക്കുന്നത്.
മിണ്ടാതെ ക്ലാസിന് പുറത്തിറങ്ങി നടന്നു. സ്‌കൂളിന്റെ ഗേറ്റ് കടന്നതും ഒറ്റയോട്ടം. ഒരു പിരീഡ് നേരത്തെ വിട്ടിരിക്കുന്നു. ഇന്ന് 4.20ന്റെ ഉഷാദേവി ബസിലെ ഇടിപിടിക്കണ്ട. മിക്കവാറും സൂര്യ കിട്ടും. ഇത്തിരി ഓടിയാൽ മതി. നാലുമണിയാകുമ്പോഴേക്കും വീട്ടിലെത്താം. ഓടി ബസ്‌സ്‌റ്റാൻഡിൽ എത്താറായപ്പോൾ സൂര്യ പോകാൻ തയ്യാറായി കിടക്കുന്നു. ഞാനും തോമസ് മാത്യുവും കൂടി ഓടിച്ചെന്ന് കയറി.
“നാളെയല്ലേ ഇംഗ്ലീഷ് ഗ്രാമർ ടെസ്‌റ്റ്.” തോമസ് മാത്യു ചോദിച്ചു. “അതേടാ ഞാനൊന്നും പഠിച്ചിട്ടില്ല. ഇന്ന് രാത്രി പഠിക്കണം.”
“ഞാനും ഒന്നും പഠിച്ചിട്ടില്ല.” തോമസ് മാത്യു പറഞ്ഞു.
എനിക്കറിയാം ഇതവൻ ചുമ്മാ പുളുവടിക്കുന്നതാണെന്ന്. അവൻ ഇപ്പോത്തന്നെ ഒരു 10 തവണ വായിച്ചു പഠിച്ചിട്ടുണ്ടാവും. ടെസ്‌റ്റ് കഴിയുമ്പോ അവനാരിക്കും ഫസ്‌റ്റ്. പക്ഷെ പഠിച്ചു എന്നൊരിക്കലും സമ്മതിക്കില്ല.
ബസ് 11-ാം മൈൽ എത്താറായപ്പോഴേക്കും ഒരു ഘോഷയാത്ര. ബസിലെ ആൾക്കാരുടെ ഇടയ്‌ക്കുകൂടെ കാണാം. പൊൻകുരിശ്, വെളളിക്കുരിശ്, ചുമന്ന പട്ട് പോലെ എന്തോ ഒന്ന് ഇട്ടിട്ടുളള ആൾക്കാർ, കന്യാസ്‌ത്രീകൾ, അമ്മച്ചിമാരും, അച്ചാച്ചൻമാരും. ഏറ്റവും പുറകിലായി ഒരു വണ്ടിപോലെ. അത് അലങ്കരിച്ചിരിക്കുന്നു. നിറയെ പൂക്കൾ. ആരോ മരിച്ച ഒരാൾ അതിനുളളിൽ കിടക്കുന്നു. പെണ്ണുങ്ങളൊക്കെ ഏതോ ഒരു പുസ്‌തകം നോക്കി എന്തൊക്കെയോ ഉരുവിടുന്നുണ്ട്. ബസ് മുന്നോട്ട് പോയപ്പോൾ ഘോഷയാത്ര പിന്നോട്ടു പോയി പോയി കാണാതായി. എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് എൽ.പി. സ്‌കൂളിൽ പഠിക്കുമ്പോൾ ഏതോ ഒരു ദിവസം “ചാച്ചാ നെഹ്രു കീ ജയ്” എന്ന് വിളിച്ച് ഞങ്ങൾ ഘോഷയാത്ര പോകാറുണ്ടായിരുന്നു. ചാച്ചാ നെഹ്രുവിന് ഞങ്ങൾ പിളളാരെ ഭയങ്കര ഇഷ്‌ടമായിരുന്നു. പക്ഷെ അതിന് ഞങ്ങളെ ഈ വെയിലത്ത് ഘോഷയാത്ര നടത്തുന്നതെന്തിനാ.
ഞാനെന്തോ ആലോചിച്ചുകൊണ്ടിരുന്നു. പിന്നീട് ഡോറിൽ നിൽക്കുന്ന കിളിച്ചേട്ടൻ “ഷാപ്പുകവല, ഷാപ്പുകവല” എന്ന് വിളിച്ചു പറഞ്ഞപ്പോഴാ ഞാൻ ഞെട്ടിയത്. “അയ്യോ ആളെറങ്ങണം” ഞാൻ ഉച്ചത്തിൽ പറഞ്ഞു. ആൾക്കാരുടെ ഇടയിലൂടെ ബാഗ് ഒക്കെ വലിച്ചുപറിച്ച് ഞാനിറങ്ങി. ഉഷാദേവിയിലെ ഇടി വച്ച് നോക്കുമ്പോൾ ഇതെത്ര ഭേദം. “എന്നാ ആലോചിച്ചോണ്ടിരിക്കുവാരുന്നു. അയ്യപ്പഞ്ചേരി ആകുമ്പോൾ ഇങ്ങോട്ടടുത്തു നിന്നുകൂടെ.” കിളിച്ചേട്ടന്റെ വക ദേഷ്യപ്പെടൽ.
വീട്ടിലെത്തിയപ്പോഴേക്കും അമ്മ തുണി അലക്കി അഴയിൽ ഇടുന്നു. “എന്താടാ ഇന്ന് നേരത്തെ” അമ്മ ചോദിച്ചു. “ടീച്ചറില്ലാത്ത കൊണ്ട് ഒരു പിരീഡ് നേരത്തെ വിട്ടു.” “കിഴക്കേ തട്ടിലിരിക്കണ ഇഡ്‌ഡലി എടുത്ത് തിന്ന്. ഈ തുണി കഴുകി ഇട്ടിട്ട് വന്ന് ഞാൻ ചായ തിളപ്പിച്ചു തരാം.”
ഇന്നെന്തായാലും കോളായി. സാധാരണ വൈകുന്നേരം ചോറാണ് ഉണ്ണാറുളളത്. ഞാൻ ഇഡ്‌ഡലി തിന്നു തീരാറായപ്പോഴേക്കും അമ്മ വന്ന് ചായ തിളപ്പിച്ചു. ചായ അൽപ്പം കുടിച്ചപ്പഴേ നല്ല ചൂട്. ചുണ്ട് പൊളളിപ്പോയി. സാധാരണ ഞാൻ വരുമ്പോഴേക്കും ചായ തിളപ്പിച്ച് വച്ചിട്ട് അരമണിക്കൂറായി കാണും. അപ്പോഴേക്കും നല്ല തണുത്തായിരിക്കും ചായ ഇരിക്കുന്നത്. ഒറ്റവലിക്ക് കുടിക്കാം. ചായ അമ്മ വെളളത്തിൽ വച്ച് തണുപ്പിച്ചു തന്നു. ചായ കുടിച്ച് കയ്യും വായും ഒക്കെ കഴുകി ഞാൻ വീണ്ടും അടുക്കളയിലേക്ക് വന്നു. “അമ്മേ പൈസ”. “തെക്കെ മുറിയിൽ അച്‌ഛന്റെ പെട്ടീന്ന് 5 രൂപ എടുത്തോണ്ട് പൊയ്‌ക്കോ. വാസുച്ചേട്ടന്റെ കടേന്ന് ഒരു കിലോ റവ കൂടി വാങ്ങിച്ചോ, നാളെ റവ ഉപ്പുമാവാക്കാം.” മീൻ മേടിക്കാനുളള കൂടയും എടുത്ത് 5 രൂപയും എടുത്ത് ഞാൻ അങ്ങാടിയിലേക്ക് നടന്നു.
ഇടവഴിയിലൂടെ ഓരോന്ന് ആലോചിച്ചോണ്ട് ഞാൻ നടന്നു. നാളത്തെ ടെസ്‌റ്റ്. ഫസ്‌റ്റ് എന്തായാലും കിട്ടത്തില്ല. സുനിലിനെം സെബാസ്‌റ്റ്യനെം കടത്തിവെട്ടി സെക്കന്റ് അടിക്കാൻ പറ്റിയാൽ മതിയായിരുന്നു. ഗോപാലകൃഷ്ണച്ചേട്ടന്റെ വീടു കഴിഞ്ഞ് വളവിലെത്തിയപ്പോൾ കുറെ അങ്ങാടിപ്പിളേളർ കൂടി നിൽക്കുന്നത് കണ്ടു. അവരൊക്കെ എന്നെക്കാളും വല്യവരും തല്ലുകൊളളികളും ആണ്. ഒന്നും പഠിക്കത്തില്ല. ഇടി ഒക്കെ ഉണ്ടാക്കും. അടുത്ത് എത്തിയപ്പോഴാണ്, മൂന്നാല് പൂച്ചക്കുഞ്ഞുങ്ങൾ. അവർ അതുങ്ങളെ വാലേൽപിടിച്ച് പൊക്കി എറിയുന്നുണ്ട്. ആരോ കൊണ്ടെ അങ്ങാടിക്കടുത്ത് വച്ചിട്ട് പോയതാണ്. എനിക്ക് പാവം തോന്നി. തിരിച്ചു വരുമ്പോൾ ഉണ്ടെങ്കിൽ ഒരെണ്ണത്തിനെ എടുത്തോണ്ട് പോണം.
നല്ല പച്ചമത്തി കിട്ടി. ഞാനെപ്പോഴും ഗോപിയുടെ കയ്യീന്നെ മീൻ മേടിക്കത്തുളളൂ. എനിക്ക് ഗോപി ഒന്നോ രണ്ടോ കൂടുതൽ ഇട്ടുതരും. വാസുച്ചേട്ടന്റെ കടയിൽ വല്യ തിരക്കുണ്ടായിരുന്നില്ല. റവയും വാങ്ങി ഞാൻ ഓടിവന്നു. പിളേളർ പോയിട്ടുണ്ടായിരുന്നു. പൂച്ചക്കുഞ്ഞുങ്ങളും അവിടെ ഉണ്ട്. ഭാഗ്യം അവൻമാർ ഒന്നും വലുതായി ഉപദ്രവിച്ചില്ല. ഏതിനെ എടുക്കും. കറുത്തതെന്തായാലും വേണ്ട. വെളുത്ത കളറിൽ മരോട്ടിക്കായ് പുളളിയുളളതിനെ എടുക്കാം. അതിനെം എടുത്തോണ്ട് ഞാൻ വീട്ടിലേക്ക് നടന്നു. വീട്ടിൽ ചെല്ലുമ്പോൾ വഴക്ക് കിട്ടുമെന്ന് ഉറപ്പ്.
വീട്ടിലെത്തിയപ്പോൾ അച്‌ഛൻ വന്നിട്ടുണ്ട്. അച്‌ഛന്റെ സൈക്കിൾ പുറത്തിരിക്കുന്നു. ചേച്ചിയും കോളേജിൽനിന്നും വന്നിട്ടുണ്ട്. അച്‌ഛനും ചേച്ചിയും കൂടെ കാപ്പി കുടിക്കുന്നു. ഞാനങ്ങോട്ട് പൂച്ചക്കുഞ്ഞിനേയും കൊണ്ട് ചെന്നു. “ഇതെവിടുന്നാ ഇതിനെം എടുത്തോണ്ടു വന്നിരിക്കുന്നെ. എടുത്ത സ്ഥലത്ത് തന്നെ കൊണ്ടെ വച്ചിട്ട് വാ.” സാധനങ്ങൾ വാങ്ങിക്കൊണ്ട് അമ്മ പറഞ്ഞു. “ഇതെവിടുന്നാടാ” അച്‌ഛൻ ചോദിച്ചു. “ഗോപാലകൃഷ്‌ണച്ചേട്ടന്റെ വീടിന്റെ അപ്പുറത്തൂന്ന്.” “ഉം” “അച്‌ഛാ എന്താച്‌ഛാ നമുക്കിതിനെ വളർത്താച്ചാ.” ചേച്ചിയും എന്റെ കൂടെ കൂടി.“ ”അമ്മയോടൊന്ന് പറയച്ഛാ.“ ”ആ ശരി നിങ്ങൾക്കത്ര നിർബന്ധമാണെങ്കിൽ വളർത്തിക്കോ.“ അച്‌ഛൻ പറഞ്ഞു.
എനിക്കും ചേച്ചിക്കും സ്വർഗ്ഗം കിട്ടിയപോലെ തോന്നി. ചേച്ചി അതിന് ചേച്ചിയുടെ ഗ്ലാസിൽനിന്നും കുറച്ച് ചായ ഒഴിച്ചു കൊടുത്തു. ഇഡ്‌ഡലിയുടെ ചെറിയ കഷണങ്ങളും. അതിന് നല്ല വിശപ്പും ദാഹവുമുണ്ടായിരുന്നു എന്നു തോന്നുന്നു. ചായ മുഴുവൻ അത് നക്കിക്കുടിച്ചു. ഇഡ്‌ഡലി കഷണങ്ങളും അത് കുറേശ്ശെയായി തിന്നു. കുറച്ചൊക്കെ അവിടെ ചിതറിക്കിടന്നു. ”ഇതിന് തീറ്റ കൊടുക്കുന്നവർ തന്നെ അവിടെയൊക്കെ വൃത്തിയാക്കിക്കോളണം.“ അമ്മ പറഞ്ഞു.
ചേച്ചിയും ഞാനും കൂടി തെക്കെ മുറിയുടെ മൂലക്ക് അതിന് ഒരു ചാക്കുവിരിച്ച്, കിടക്കാനുളള സ്ഥലം തയ്യാറാക്കി. ”അതിനെം കളിപ്പിച്ചിരിക്കാതെ രണ്ടുപേരും വല്ലതും പഠിക്കാൻ നോക്ക്.“ അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു. അപ്പോഴാണ് ഞാൻ നാളത്തെ ടെസ്‌റ്റിന്റെ കാര്യം ഓർത്തത്. ഇനി ഇന്ന് വലിയ പഠിത്തമൊന്നും നടക്കത്തില്ല.”
ഞാൻ മേലുകഴുകി വന്നപ്പോഴേക്കും അതിനെ കാണാനില്ല. അടുത്ത മുറിയിൽ ചെന്നു നോക്കുമ്പോൾ അത് കട്ടിലിനടിയിൽ ഒരു മൂലയിൽ പോയിരിക്കുന്നു. ചേച്ചി കട്ടിലിനടിയിലേക്ക് കുനിഞ്ഞ് കിടന്നുകൊണ്ട് അതിനെ വിളിക്കുന്നു. “തങ്കം ഇങ്ങുവാ. ഇങ്ങോട്ടു വാടാ..” ഞാൻ കട്ടിലിനടിയിലേക്ക് നൂണ്ട് ചെന്ന് അതിനെ പിടിച്ചെടുത്തു. ഞങ്ങൾ ഊണുമുറിയിലേക്ക് പോയി.
“കൈ നന്നായി കഴുകി വാ പൂച്ചേക്കെ എടുത്തതാ.” അമ്മ പറഞ്ഞു. അമ്മ അതിന് ഇച്ചിരി ചോറു താഴെ വച്ചുകൊടുത്തു. കുറച്ചു വെളളവും. വെളളം അത് നക്കിത്തുടച്ചു. ചോറു കുറച്ചൊക്കെ അത് തിന്നു. അമ്മയ്‌ക്കും അതിനെ ഇഷ്‌ടപ്പെടുമെന്ന് എനിക്കറിയാം. ആദ്യത്തെ ദേഷ്യമെ ഉളളൂ.
പിറ്റെ ദിവസം രാവിലെ ഉണർന്നെഴുന്നേറ്റു. പെട്ടെന്നാണ് പൂച്ചക്കുഞ്ഞിന്റെ കാര്യം ഓർമ്മ വന്നത്. അടുക്കളയിൽ ചെന്നപ്പോൾ അത് അവിടെയൊക്കെ ഏന്തി ഏന്തി നടക്കുന്നുണ്ട്. ചേച്ചിയും അമ്മയും ചോറും കാപ്പിയും ഒക്കെ ഉണ്ടാക്കുന്നു. എനിക്കുളള കട്ടൻകാപ്പി ഗ്ലാസിൽ എടുത്തുകൊണ്ട് ഞാൻ പഠിക്കാനുളള ഡെസ്‌ക്കിന്റെ അടുത്തേക്ക് പോയി. ശ്ശെ ഇത്തവണ സെക്കന്റ് പോയിട്ട് പത്തിനുളളിൽ വരുമോ എന്ന് സംശയമാണ്.
കുറച്ചുനേരം വായിച്ചു. ഏഴുമണിയായപ്പോഴേക്കും കുളിച്ചു. കാപ്പി കുടിച്ച് ഞാൻ ഇറങ്ങി. പൂച്ചക്കുഞ്ഞിനോട് യാത്ര പറയാൻ മറന്നില്ല. ക്ലാസിൽ ഇരിക്കുമ്പോഴൊക്കെ പൂച്ചക്കുഞ്ഞിന്റെ വിചാരമായിരുന്നു. ടെസ്‌റ്റ് അത്ര നന്നായി എഴുതാൻ പറ്റിയില്ല.
വൈകുന്നേരം വീട്ടിലെത്താൻ ധൃതിയായിരുന്നു. വീട്ടിലെത്തിയപ്പോൾ അത് അവിടെ കിടന്ന് ഉറങ്ങുന്നുണ്ട്. അതിന്റെ നെറ്റിയിലൊക്കെ ഞാൻ തൊട്ടുനോക്കി. പാവം. സുഖമായ് ഉറങ്ങട്ടെ.
ഞാനും ചേച്ചിയും അതിനെ പൊന്നുപോലെ നോക്കി. ഞങ്ങൾ കാവിൽ വിളക്കുവെക്കാൻ പോകുമ്പോൾ അതിനെ കൊണ്ടുപോകും. അമ്മ മീൻ വൃത്തിയാക്കുമ്പോൾ അതിന് നല്ല സദ്യ കിട്ടി. ഞാനും ചേച്ചിയും അതിന് ഉരുള വച്ച് കൊടുത്തിട്ടെ ഉണ്ണുകയുളളു. അത് ഞങ്ങളുടെ അരുമയാകാൻ അധികം താമസം ഉണ്ടായില്ല.
ഒരു ശനിയാഴ്‌ച രാവിലെ ഞാൻ അപ്പുറത്തെ വീട്ടിലെ നിധിയുമായി കളിക്കുകയായിരുന്നു. അച്‌ഛൻ ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ പൂച്ചക്കുഞ്ഞ് വട്ടം ചാടി. “നാശം ഇനി കുറച്ചു കഴിഞ്ഞ് പോയാൽ മതി.” അമ്മ പറഞ്ഞു. അത് കാര്യമാക്കാതെ അച്‌ഛൻ സൈക്കിൾ ചവിട്ടി പോയി. ഞങ്ങൾ കളി തുടർന്നു. ഒരു മണിക്കൂർ കഴിഞ്ഞു കാണും അച്‌ഛൻ തിരിച്ചുവന്നു. അച്‌ഛന്റെ കൈമുട്ടും കാൽമുട്ടും ഒക്കെ പഞ്ഞിവച്ച് കെട്ടിയിട്ടുണ്ട്.
“അയ്യോ ഇതെന്തുപറ്റി. എവിടെങ്കിലും വീണോ?” അമ്മ ചോദിച്ചു.
“ഓ… ഒന്നുമില്ല. ആ വളവിന് വച്ച് ഒരു ഓട്ടോറിക്ഷ റോംഗ് സൈഡ് വന്നു. ഒന്നു ചെറുതായി പാളി.”
“എന്നിട്ട് മരുന്നെവിടുന്നു വച്ചു?”
“ജനാർദ്ദനൻ വൈദ്യന്റെ ക്ലിനിക്കിൽ പോയി. അത്രക്കൊന്നുമില്ല. ചെറിയ ശരീരം വേദന.”
അച്‌ഛൻ മുറിയിലേക്ക് കിടക്കാൻ പോയി. അമ്മ പൂച്ചക്കുഞ്ഞിനെ പ്രാകുന്നുണ്ടായിരുന്നു.
ചേച്ചി വൈകുന്നേരം ട്യൂഷൻ കഴിഞ്ഞു വന്നപ്പോൾ ഞാൻ നടന്നതെല്ലാം പറഞ്ഞു. പക്ഷെ അച്‌ഛൻ വീണത് പൂച്ചക്കുഞ്ഞിന്റെ കുഴപ്പം കൊണ്ടാണെന്ന് ഞങ്ങൾക്ക് തോന്നിയില്ല. ചേച്ചി കുളിച്ചിട്ട് വന്നു. ഞങ്ങൾ വിളക്കുവയ്‌ക്കാൻ കാവിലേക്ക് പോയി. പൂച്ചക്കുഞ്ഞും പുറകെ വന്നു. “എന്തിനാ ഞങ്ങടെ അച്‌ഛനെ വീഴ്‌ത്തിയെ” ചേച്ചി അതിനോട് ചോദിച്ചു. അത് മ്യാവു എന്ന് കരഞ്ഞുകൊണ്ട് പുറകെ നടന്നു. രാത്രി ഊണു കഴിക്കുമ്പോൾ അച്‌ഛൻ അതിന് ഒരുരുള ചോറു താഴെ വച്ചു കൊടുത്തു. എനിക്ക് സമാധാനമായി. അച്‌ഛന് അതിനോട് ദേഷ്യമില്ല.
തിങ്കളാഴ്‌ച ഗ്രാമർ ടെസ്‌റ്റിന്റെ പേപ്പർ, ടീച്ചർ ക്ലാസിൽ കൊണ്ടുവന്നു. എല്ലാവർക്കും പേപ്പർ കൊടുത്തു. എന്റെ പേപ്പർ മാത്രം വന്നില്ല. ഏറ്റവും അവസാനം ടീച്ചർ എന്റെ പേർ വിളിച്ചു. ഞാൻ എഴുന്നേറ്റു നിന്നു. “എന്തുപറ്റി ഇത്തവണ 32 മാർക്കായി പോയത്. മുഴുവനും തെറ്റിച്ചല്ലേ.” ടീച്ചർ ചോദിച്ചു. എന്റെ സർവ്വശക്‌തിയും തീർന്നുപോയി. അന്ന് വൈകുന്നേരം വീട്ടിൽ പോകുമ്പോൾ പൂച്ചക്കുഞ്ഞിനെ കാണാൻ അത്രക്ക് ആഗ്രഹം തോന്നിയില്ല. അന്ന് രാത്രിയിൽ ഞങ്ങൾ ഊണു കഴിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ പറഞ്ഞു. “നിങ്ങടെ പൂച്ചക്കുഞ്ഞിനെ എവിടെയെങ്കിലും കൊണ്ടെ കളഞ്ഞിട്ട് വാ. ഇന്നത് അരിച്ചാക്കിൽ കയറിക്കിടക്കുന്നു. അതിന് വേറെ എങ്ങും കിട്ടിയില്ല കിടക്കാൻ.”
മാസങ്ങൾ കുറച്ച് കഴിഞ്ഞു. പൂച്ചക്കുഞ്ഞ് വളർന്നു. ക്രമേണ അത് ഒരു ശല്യമായി മാറി. ഒരിക്കൽ അത് കാച്ചിവച്ചിരുന്ന പപ്പടം തിന്നു. വേറൊരിക്കൽ പാലു തട്ടിയിട്ട് കുടിച്ചു. എനിക്കും ചേച്ചിക്കും അതിനോട് ഇഷ്‌ടം ഉണ്ട് എങ്കിലും പഴയപോലെ ഇഷ്‌ടമില്ല. ഇടക്കൊക്കെ പാവം തോന്നും. എങ്കിലും ദേഷ്യവുമുണ്ട്.
ഒരു ദിവസം അച്‌ഛൻ പറഞ്ഞു. “എന്താ പടിഞ്ഞാറെ മുറിയിൽ ഒരു ചീത്ത മണം. ഇനി ആ പൂച്ച വല്ല എലിയെം പിടിച്ച് തിന്നിട്ട് ബാക്കി ഇട്ടിട്ടുണ്ടാകും.” ഞാനും അച്‌ഛനും ചേച്ചിയും കൂടി ഏണിയൊക്കെ എടുത്തുവച്ചു. അച്‌ഛൻ കയറി നോക്കി. “ആ അതെ എലി തന്നെ.” പിന്നെ ഞങ്ങൾ അതൊക്കെ എടുത്ത്, പറമ്പിൽ കുഴിച്ചിട്ടു തട്ടുമ്പുറത്ത് ഡെറ്റോൾ വെളളം തളിച്ചു.
“ഇനി അതിന് ആരും ഒന്നും കൊടുക്കരുത്. ആഹാരം കിട്ടാതാകുമ്പോൾ തന്നെ പൊയ്‌ക്കോളും.” അമ്മ പറഞ്ഞു.
“അതിനൊന്നും കൊടുത്തില്ലേൽ അത് എലിയെ പിടിച്ച് അവിടെം ഇവിടെം ഒക്കെ കൊണ്ടെ വയ്‌ക്കും.” അച്‌ഛൻ പറഞ്ഞു.
“എന്തായാലും ഇനി അതിന് എന്റെ അടുക്കളേന്ന് പച്ചവെളളം കൊടുക്കുകയില്ല.” പറഞ്ഞത് മനസ്സിലായിട്ടോ എന്തോ അത് ദയനീയമായി നോക്കിക്കൊണ്ട് അൽപം മാറി ഇരിക്കുന്നുണ്ടായിരുന്നു.
ക്രമേണ ഞങ്ങൾ അതിന് ഒന്നും കൊടുക്കാതായി. അമ്മ കാണാതെ ഞാൻ ഇടയ്‌ക്കൊക്കെ ഇത്തിരി ചോറ് അതിന് കൊടുക്കും. പക്ഷെ അതിന്റെ കട്ടുതീറ്റി കൂടി കൂടി വന്നു. പിന്നെയും ഒന്നുരണ്ടു പ്രാവശ്യം അത് എലിയെ പിടിച്ച് തിന്നിട്ട് തട്ടുമ്പുറത്തിട്ടിരുന്നു.
അവസാനം അച്‌ഛനും അമ്മയും കൂടി തീരുമാനിച്ചു. ഇതിനെ കളയുകതന്നെ. ‘നീ ഇന്നു വൈകുന്നേരം അതിനെ നമ്മുടെ അശോകന്റെ വീടിന്റെ അപ്പുറത്തുളള കാടിന്റെ അവിടെ കൊണ്ടെ കളഞ്ഞിട്ട് വാ.“ അമ്മ പറഞ്ഞു.
അന്ന് വൈകുന്നേരം ഞാനതിനെ വിളിച്ചപ്പോൾ അത് എന്റടുക്കലേക്ക് വന്നു. എനിക്ക് സങ്കടം തോന്നി. അതിനെ ഞാൻ പിടിച്ച് ഒരു ചെറിയ ചാക്കിലാക്കി. അതിനെ കൊണ്ടുപോയി കാടിന്റെ അൽപം ഉളളിൽ വച്ചിട്ട് ഞാൻ ഓടി. അതിന്റെ മ്യാവൂ എന്നുളള കരച്ചിൽ പുറകിൽ കേൾക്കാം. എന്തായാലും അത് വഴി കണ്ടുപിടിച്ച് വരുമെന്ന് തോന്നുന്നില്ല. തിരിച്ചു വരുമ്പോൾ എനിക്ക് സങ്കടവും കരച്ചിലും വന്നു. അതിന് ഒരുമ്മ കൊടുക്കേണ്ടതായിരുന്നു.
രാത്രി ഊണു കഴിക്കാനിരുന്നപ്പോൾ ഒരു രസവും തോന്നിയില്ല. ചേച്ചിക്കും സങ്കടമുണ്ടായിരുന്നു. അച്‌ഛനും അമ്മയ്‌ക്കും ആശ്വാസം ഉളളതുപോലെ തോന്നി.
രാത്രി ഞാൻ നേരത്തെ കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നതേയില്ല. എപ്പോഴോ ഉറങ്ങിപ്പോയി. ഉറക്കത്തിൽ ഞാനൊരു സ്വപ്‌നം കണ്ടു.
ഞാൻ വൈകുന്നേരം സ്‌കൂളിൽനിന്നും ബസിൽ വരികയാണ്. 11-ാം മൈൽ എത്താറായപ്പോൾ പണ്ടു ഞാൻ കണ്ട ശവഘോഷയാത്ര. ഏറ്റവും പുറകിലായി ശവമഞ്ചം. അതിൽ ഞങ്ങളുടെ പൂച്ച. ഏറ്റവും പുറകിലായി പളളീലച്ചനു പകരം ഒരു ബുദ്ധസന്ന്യാസി. ഒരു കാറിലാണ് സന്യാസി. കാറിൽ നിന്നും ഇറങ്ങി സന്യാസി അടുത്തുളള ബ്രാണ്ടി ഷോപ്പിൽ നിന്നും ഒരു കുപ്പി ബ്രാണ്ടി വാങ്ങി കുടിക്കുന്നു. ഞാനവിടെ ഇറങ്ങി. സന്യാസിയുടെ അടുത്തേക്ക് നടന്നുചെന്നു.
”സന്യാസിമാർ കുടിക്കുമോ?“ ഞാൻ ചോദിച്ചു.
”എന്താ സന്യാസിക്കു കുടിച്ചു കൂടെ.“
”അല്ല സന്യാസിമാർ നല്ലവരാണെന്നാ ഞാൻ കേട്ടിരിക്കുന്നെ.“
”എങ്കിൽ പൂച്ചയെ കളഞ്ഞ സ്ഥലത്ത് എന്നെയും കൊണ്ടെ കളയൂ.“
ഞാൻ ഞെട്ടി എഴുന്നേറ്റു. ആ പൂച്ച ഒരു ബുദ്ധസന്യാസി ആയിരുന്നുവോ? അതൊരു ക്വോൺ ആയിരുന്നുവോ?
Generated from archived content: story_jan4_06.html Author: gopakumar_a_california