ലാൽ ശങ്കറിന്റെ സ്വകാര്യ മൊബെയിൽ ഫോൺ തുടരെ വൈബ്രേറ്റ് ചെയ്തപ്പോൾ അയാൾ ആശ്രമത്തിലെ പ്രാർത്ഥനായോഗത്തിലായിരുന്നു.ഗുരുജിയുടെ അനുഗ്രഹപ്രഭാഷണത്തിനിടെയാണ് മൊബെയിൽ അസ്വസ്ഥതയോടെ വിറയ്‌ക്കാൻ തുടങ്ങിയത്.തന്റെ സ്വകാര്യ മൊബെയിലിലെ നമ്പർകുറച്ചു പേർക്കേ അറിയൂ.അതിനാൽ തന്നെ പ്രധാനപ്പെട്ട കോൾ ആയിരിക്കും.അയാൾ നമ്പർ നോക്കി.ശുഭകലയുടേതാണ്.വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഉണ്ടെങ്കിലേ ശുഭകല ഈ ഫോണിലേക്ക് വിളിക്കാറുള്ളൂ.ഫോൺ വിറയ്‌ക്കുന്നതുപോലെ ശുഭകലയുടെ മനസും ഇപ്പോൾ വൈബ്രേറ്റ് ചെയ്യുകയായിരിക്കും.അയാൾ കോൾ അമർത്തി.കരുതിയപോലെ ശുഭകലയുടെ ചിതറിയ ശബ്ദം അയാൾ കേട്ടു.അയാൾ കുനിഞ്ഞിരുന്ന് ആ ശബ്ദം ശ്രവിച്ചു.
ഹലോ ….ലാൽ ശങ്കർ ,..ഒന്നിവിടെ വരെ വരാൻ പറ്റുമോ? പൂജയ്‌ക്ക് അൽപം സീരിയസ് ആണ്.കുറച്ച് മുൻപ് വരെ അനങ്ങാതെ കിടക്കുകയായിരുന്നു.വയർ വീർത്തിരിക്കുന്നു.ഇപ്പോഴിതാ വല്ലാതെ വിറക്കുന്നുണ്ട്.അയാം അഫ്രൈഡ്. എനിക്ക് പേടിയാകുന്നു ലാൽ…എന്തു ചെയ്യണമെന്ന് എനിക്കറിഞ്ഞു കൂട.. പിന്നെ വന്നത് ഒരു വിതുമ്പലായിരുന്നു.ലാൽ ശങ്കർ മറുപടിയൊന്നും പറയാത്തതുകൊണ്ട് ശുഭകല വീണ്ടും പറഞ്ഞു.
ഹലോ ലാൽ ശങ്കർ,കേൾക്കുന്നില്ലേ?
ലാൽ ശങ്കർ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു.പിന്നെ അയാൾ ഗുരുജിയുടെ സംഭാഷണം ശ്രദ്ധിക്കുന്നതിനിടെ ശുഭകലയ്‌ക്ക് ഒരു മെസേജ് ടൈപ്പ് ചെയ്യാൻ തുടങ്ങി…
പൂജയുടെ നേർത്ത കരച്ചിൽ ഒരു മൂളലായി മാറിയിരിക്കുന്നു. ഒരു കമ്പിളിക്കഷ്ണത്തിലാണ് പൂജയെ കിടത്തിയിരിക്കുന്നത്.
ശുഭകലയ്‌ക്ക് സങ്കടം വന്നു.അല്ലെങ്കിലും ലാൽ ശങ്കറിനെ അത്യാവശ്യ നേരത്ത് വിളിച്ചാൽ കിട്ടില്ല.വളരെ ബിസിയാണത്രേ.ഒരു ആത്മീയ പ്രവർത്തകനാണ്.ഒരാശ്രമമുണ്ട്.മിക്കവാറും വൈകീട്ട് അവിടെയായിരിക്കും.മെഡിറ്റേഷൻ, യോഗ,ക്ലാസ്സുകൾ തുടങ്ങിയവ.ഗുരുജിയുടെ വൽസല ശിഷ്യൻ.ഒരു മൊബെയിൽ നമ്പർ തന്നിട്ടുണ്ട് കുറച്ചു പേർക്ക് മാത്രം.വിളിച്ചിട്ട് പ്രതികരിച്ചില്ലെങ്കിൽ വിഷമിക്കേണ്ട, തിരിച്ച് മെസ്സേജ് ലഭിക്കും എന്നൊരു സാന്ത്വനവും.
പൂജയുടെ നേർത്ത മൂളൽ തുടരുന്നു. അതൊരു വേദന കൊണ്ടുള്ള മൂളലാണ്.പ്രാണനും ജീവനും തമ്മിലുള്ള എലിയും പൂച്ചയും കളി.
കണ്ണനും കുഞ്ഞാറ്റയും സെറ്റിയിൽ തിരിഞ്ഞു കിടക്കുകയാണ്.അവർ കരയുകയായിരിക്കും.ഇടക്ക് കുഞ്ഞാറ്റ ചോദിച്ചു.
പൂജക്കുട്ടി മരിച്ചു പോകുമോ അമ്മേ?
ഇല്ല എന്നൊന്നും പറയാതെ കുഞ്ഞാറ്റയുടെ മുടിയിഴകളിൽ തഴുകുക മാത്രം ചെയ്തു.
കണ്ണൻ എന്തോ ബോധോദയം പോലെയാണ് ചോദിച്ചത്.
അമ്മേ നമുക്ക് പൂജക്കുട്ടിയെ ഏതെങ്കിലും ഡോക്ടറെ കാണിച്ചാലോ?
സത്യത്തിൽ അപ്പോഴാണ് ശുഭകല അത്തരമൊരു സാധ്യത ആലോചിച്ചത്.ഈ രാത്രിയിൽ എവിടെ ഡോക്ടറെ കൊണ്ട് കാണിക്കാനാണ്?പെട്ടെന്നാണ് ഓർമ്മ വന്നത് വെറ്റിനറി ഡോക്ടർ തന്നെ വേണമല്ലോ. പക്ഷേ വെറ്റിനറി ഡോക്ടർ എവിടെയാണ്? ആരോട് ചോദിക്കും?ആദ്യം ഓർമ്മ വന്നത് ലാൽ ശങ്കറിനെയാണ്.ലാൽ ശങ്കറിനെ മൊബെയിലിൽ വിളിച്ചു.മൊബെയിൽ സ്വിച്‌ഡ് ഓഫ്.പിന്നെയാണ് ലാൽ ശങ്കറിന്റെ പ്രത്യേക നമ്പർ ഓർമ്മ വന്നത്. ഭാഗ്യം! ലാൽ ശങ്കറിനെ കിട്ടി.എന്തൊക്കെയോ പറഞ്ഞു. പക്ഷേ യാതൊരു മറുപടിയുമില്ല.ഒരു പ്രസംഗം പ്രതിദ്ധ്വനി പോലെ കേട്ടു.പിന്നെ മൊബെയിൽ കട്ടായി.ഏറെ നേരം എന്തു ചെയ്യണമെന്നറിയാതെ തളർന്നിരുന്നു…പെട്ടെന്ന് മൊബെയിൽ ഉണർന്നു.ലാൽ ശങ്കറിന്റെ പ്രതികരണം മെസേജ് ആയിട്ട് വന്നു.
. …;9349319606
മെസേജ് ഇത്ര മാത്രം.ആശ്വാസമായി ..ലാൽ ശങ്കർ പ്രതികരിച്ചിരിക്കുന്നു.എന്തോ ഒഴിവാക്കാനാകാത്ത പരിപാടിയിലാണ്.അതാണ് സംസാരിക്കാത്തത്…
ശുഭകല മെസേജിൽ കണ്ട നമ്പറിൽ വിളിച്ചു.
ഹലോ അഭയ് രാജ്,ഹിയർ…ആരാണ്?
ഡോക്ടർ,ഞാൻ ശുഭകല….ലാൽ ശങ്കറിന്റെ കൊളീഗാണ്.ഡോക്ടർ, പൂജക്കുട്ടിക്ക് തീരെ സുഖമില്ല.വളരെ കൂടുതലാണ്. .
പൂജക്കുട്ടിയോ അതാരാണ്?
പൂജ…പൂജ ഞങ്ങളുടെ പൂച്ചക്കുട്ടിയാണ്
ഓഹോ!ഡോക്ടർ ചിരിച്ചു.എങ്കിൽ വീട്ടിലേക്ക് കൊണ്ടു വരൂ..
ഓഫീസിൽ നിന്ന് വന്ന വേഷത്തിൽ തന്നെയാണ് കാറിൽ കയറിയത്.കണ്ണനും കുഞ്ഞാറ്റയും കൂടെ പോന്നു.ചെറിയൊരു ഹാർഡ് ബോർഡ് ബോക്സാണ് കൈയിൽ കിട്ടിയത്.അതിൽ ഒരു കമ്പിളിക്കഷ്ണം വച്ചു.ഇടക്കിടെ ഞെട്ടിക്കരയുന്ന പൂജയെ പതുക്കെ അതിലെടുത്തു വച്ചു.ബോക്സിലേക്ക് മാറ്റുമ്പോൾ അത് ദയനീയമായി കരഞ്ഞു.വീടു പൂട്ടി ശുഭകല കാറെടുത്തു.ബോക്സിൽ പൂജയുമായി കുട്ടികളും മുന്നിൽ തന്നെ കയറി.കാർ വാങ്ങിയിട്ട് കുറച്ചു നാളായിട്ടേ ഉള്ളൂ.ഓടിച്ച് പേടി മാറിയിട്ടില്ല.പക്ഷേ ഇപ്പോൾ നല്ല ധൈര്യം.കാർ അതിവേഗം സിറ്റിയിലേക്ക് പാഞ്ഞു.പൂജ ഇടക്കിടെ ഞരങ്ങിക്കൊണ്ടിരുന്നു, അതിന്റെ ഭാഷയിൽ.കണ്ണൻ വെറുതേ തലോടിക്കൊണ്ടിരുന്നു.അത് ദയനീയമായി കൺ മിഴിച്ചൊന്ന് നോക്കി. പിന്നെ കണ്ണടച്ച് നിശ്ശബ്ദമായി കിടപ്പായി.
ഒരാഴ്‌ച്ചയായുള്ളൂ പൂച്ചക്കൂട്ടിയെ കിട്ടിയിട്ട്.അമ്പലത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു കുഞ്ഞു പൂച്ചകുട്ടി കരഞ്ഞു കൊണ്ട് കാലിൽ ഉരസി.ദയനീയമായി വീണ്ടും വീണ്ടും കരഞ്ഞു.ശുഭകലയെ വല്ലാതെ നോക്കിക്കൊണ്ട് കുഞ്ഞ് അമ്മയോട് എന്ന പോലെ അത് കരഞ്ഞു.കുഞ്ഞാറ്റയ്‌ക്കും കണ്ണനും സഹതാപം.
അയ്യോ പാവം,ഇതിനെ എടുക്കാമമ്മേ.
നിർബന്ധം കൂടിയപ്പോൾ ശുഭകലയുടെ മനസലിഞ്ഞു.കാറിലിരുന്ന് അത് എല്ലാവരേയും മാറി മാറി നോക്കി.കരഞ്ഞു കൊണ്ടിരുന്നു.പിന്നെ ഓരോരുത്തരുടേയും മടിയിലേക്ക് മാറി മാറി ഇരുന്നു.വീണ്ടും കരഞ്ഞു.
പാവം വിശക്കുന്നുണ്ടാവും.ജനിച്ചിട്ട് അൽപ്പദിവസങ്ങളല്ലേ ആയുള്ളൂ.
ഇതിന്റെ അമ്മപ്പൂച്ച എവിടെ അമ്മേ?
ഒന്നുകിൽ ഉപേക്ഷിച്ചിട്ട് പോയിട്ടുണ്ടാവും .അല്ലെങ്കിൽ ആരെങ്കിലും അവിടെ ഇട്ടിട്ട് പോയതായിരിക്കും.
അയ്യോ, പാവം
വീട്ടിലെത്തിയ ഉടൻ പാലു കൊടുത്തു.വിശന്ന് വലഞ്ഞിട്ടാവാം അത് ആർത്തിയോടെ നക്കിക്കുടിച്ചു.
പിന്നെ ഇടക്കിടെ തല പൊക്കിക്കൊണ്ടിരുന്നു. വയർ വീർത്തതോടെ അത് ഭക്ഷണം മതിയാക്കി. പിന്നെ വീടിനകം ഒക്കെവിശദമായി നടന്ന് നോക്കി.ഞാനിനി ഇവിടെയല്ലേ കഴിയേണ്ടത് എന്ന ഭാവം.സദാ കാലിൽ ഉരസിക്കൊണ്ട് നടത്തം.എവിടെയെങ്കിലും ഇരുന്നാൽ ഉടൻ കരഞ്ഞു കൊണ്ട് മടിയിൽ കയറും.മടിയിൽ കിടന്നാണ് ഉറക്കം.രാത്രിയിലാണ് പ്രശ്നം.കിടക്കയിൽ കയറും.പുറത്താക്കി ഹാളിന്റെ ഒരു മൂലയിൽ പഴയ ബ്ലാൻകറ്റ് നൽകി കിടത്തി.പിന്നാലെ ഓടിവരും.വാതിൽ അടക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്.ഇടക്കിടെ വാതിലിൽ മാന്തി കരയും.രാവിലെ മിക്കവാറും വാതിലിനരുകിൽ കിടന്ന് ഉറങ്ങുന്നുണ്ടാവും.അതിനെ ബെഡ് റൂമിൽ കിടത്താമെന്ന് കുട്ടികൾ വാശി പിടിച്ചെങ്കിലും ശുഭകല സമ്മതിച്ചില്ല. മൂന്നു നാലു ദിവസം കഴിഞ്ഞപ്പോളാണീ അസുഖം. ഒരു പക്ഷേ കണ്ണനും കുഞ്ഞാറ്റയും തമ്മിലുള്ള മത്സരിച്ചുള്ള ഓവർ ഫീഡിംഗ് ആയിരിക്കും കാരണം.ഇന്ന് വൈകീട്ട് ഓഫീസിൽ നിന്ന് വരുമ്പോൾ ചെറുതായി കരയുന്നു.പതിവു പോലെയുള്ള ഓടി വന്ന് കാലിൽ ഉരുമ്മലില്ല.
വയർ വീർത്തിരിക്കുന്നു.പാൽ കൊടുത്തിട്ട് കുടിക്കുന്നില്ല.
എന്താണമ്മേ അതി്ന് സുഖമില്ലാത്തത്?
പനിയാണോ?.കണ്ണന്റെ ചോദ്യം.
അത് പാലു കുടി അധികമായെന്നാണ് തോന്നുന്നത്.ഇനിയൊന്നും കൊടുക്കേണ്ട.കരഞ്ഞു വന്നാൽ മാത്രം കൊടുത്താൽ മതി.
അപ്പോൾ അതി്ന് വിശക്കില്ലേ?
മൃഗങ്ങൾ അസുഖം വന്നാൽ ഒന്നും കഴിക്കില്ല.അങ്ങനെ അവ തന്നെ രോഗം മാറ്റും.
രോഗം മാറിയില്ലെങ്കിലോ?
ഇല്ലെങ്കിൽ അവ ചത്തു പോകും.
പൂജക്കുട്ടി ചാകുമോ?
നോക്കാം …എന്നിട്ട് പറയാം.
കുഞ്ഞാറ്റയ്‌ക്ക് കരച്ചിൽ വന്നു.
ശുഭകലയ്‌ക്കും വിഷമമുണ്ട്.കണ്ണൻ ഒന്നും പറയാതെ മിഴിച്ചു നിന്നു.
എന്താണമ്മേ അമ്മപ്പൂച്ച അതിനേ ഉപേക്ഷിച്ചത്?
മൃഗങ്ങൾ അങ്ങനെയാണ്.മനുഷ്യർ മാത്രമേ കൂട്ടികളെ ഉപേക്ഷിക്കാതെ എന്നും ചിറകിനടിയിൽ കൊണ്ട് നടക്കൂ.;
രണ്ടു പേരും തലയാട്ടി.
അച്ഛനെ വിളിച്ചാലോ?കണ്ണൻ ചോദിച്ചു.
വേണ്ട.,ശുഭകല പറഞ്ഞു.
അച്ഛന് ഇതൊന്നും ഇഷ്ടമാവില്ല.വെറുതേ എന്തിനു ശല്യപ്പെടുത്തണം?വരുമ്പോൾ പറയാം.
വിദൂരനഗരത്തിൽ ജോലി ചെയ്യുന്ന ഭർത്താവിനെ പൂച്ചക്കാര്യം പറയാൻ വിളിച്ചാൽ വേണ്ടത് കേൾക്കാം.
ലാൽ ശങ്കറിനെ വിളിച്ചു നോക്കാം.കൂടെ ജോലി ചെയ്യുന്ന ലാൽ ശങ്കർ ഒരു ആത്മീയ ബുദ്ധി ജീവി കൂടെയാണ്.വെളുത്ത് ഉയരമുള്ള തോളറ്റം മുടിയുള്ള വെള്ളജുബ്ബയും ജീൻസും മാത്രം ധരിക്കുന്ന ലാൽ ശങ്കർ ഒരു വിജ്ഞാനഭണ്ഡാരമാണ്.അല്ലെങ്കിൽ അങ്ങനെയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നയാളാണ്.ലോകത്തെ ഏതു വിഷയത്തെ കുറിച്ചും ലാൽ ശങ്കറിന് എന്തെങ്കിലുമൊക്കെ പറയാനുണ്ടാവും.ലാൽ ശങ്കറിനെ വിളിച്ചു.മൊബെയിൽ ഓഫ്.പിന്നെയൊരു സ്വകാര്യ മൊബെയിൽ ഉണ്ട്.അതിന്റെ നമ്പർ കുറച്ചു പേർക്കേ നൽകിയിട്ടുള്ളൂ.ശുഭകല അതിൽ പെടും.വെറും കൊളീഗ് എന്ന സൗഹൃദം. .
കഷ്ടം ലാൽ ശങ്കറിന്റെ സ്വകാര്യ മൊബെയിലും ഓഫ്.
ഇനി എന്തു ചെയ്യും?
കുട്ടികൾ മാറിയിരുന്നു കരഞ്ഞു.ഇടക്കിടെ പൂജക്കുട്ടിയെ തലോടി.അത് ഇടക്കിടെ കുറെ നേരം അനങ്ങാതെ കിടക്കും.പിന്നെ വീണ്ടും കരയും.ഏറെ നേരം ട്രൈ ചെയ്തതിനു ശേഷം ലാൽ ശങ്കറിന്റെ മൊബെയിൽ ഉണർന്നു.
ഡോക്ടർ അഭയ് ശങ്കറിന്റെ മുറ്റം ഒരു പൂന്തോട്ടമായിരുന്നു. സൈഡിലുള്ള കൺസൾട്ടിംഗ് റൂമിൽ വെളിച്ചമുണ്ട്. വാതിൽ തുറന്നു കിടന്നിരുന്നു.ഫ്രെഞ്ച് താടിയുള്ള കഷണ്ടിയുള്ള തടിച്ച മനുഷ്യൻ.വിവരങ്ങൾ ചോദിക്കുന്നതിനിടയിൽ ഡോക്ടർ കരഞ്ഞു തളർന്ന പൂച്ചക്കുട്ടിയെ കൈയിലെടുത്തു.അത് ഡോക്ടറെ നോക്കി ദയനീയമായി കരയാൻ ശ്രമിച്ചു.ഡോക്ടർ അതിനെ ശുഭകലയുടെ കൈയിൽ കൊടുത്തു.പിന്നെ ഒരു ഫില്ലെറിൽ അൽപം മരുന്നെടുത്ത് അതിന്റെ വായിൽ ഇറ്റിച്ചു.
ഓവർഫീഡിംഗ് …അമ്മയില്ലാത്ത കുട്ടിയല്ലേ?അമ്മയുടെ മുലപ്പാൽ കിട്ടിയാലെ ശരിയാകൂ.അതില്ലല്ലോ.രാത്രി ഓരോ മണിക്കൂർ ഇടവിട്ട് കൊടുക്കുക.രാവിലെ വിളിച്ച് വിവരം പറയുക.,ഡോക്ടർ എഴുന്നേറ്റു.
പൂച്ചക്കുട്ടിയെ എടുത്തുകൊണ്ട് ശുഭകലയും കുട്ടികളും പ്രതീക്ഷയോടെ കാറിൽ കയറി.
രാത്രി മുഴുവൻ ശുഭകല ഉറങ്ങാതിരുന്നു.കുട്ടികൾ സെറ്റിയിൽ കിടന്നുറങ്ങി.
പൂച്ചക്കുട്ടി ഇടക്കിടെ കരയും.ശുഭകല ഇടക്കിടെ മരുന്നു കൊടുത്തുകൊണ്ടിരുന്നു.ഒടുവിൽ അതിന്റെ കരച്ചിൽ നിന്നു.പോള വീണ കണ്ണുകൾ കൊണ്ട് അത് ശുഭകലയെ നോക്കി.അതീതകാലത്ത് നിന്ന് ആരോ നോക്കുന്നതു പോലെ.ഒടുവിൽ രാത്രിയുടെ അന്ത്യയാമത്തിൽ ശുഭകല ഒന്ന് മയങ്ങിപ്പോയി.
അവ്യക്തമായ കുറെ സ്വപ്നങ്ങൾ കണ്ടിട്ടാണ് ഉണർന്നത്.പുലർകാലമായെന്ന് പുറത്തെ ശബ്ദങ്ങൾ വിളിച്ചു പറഞ്ഞു.ഒരു നിമിഷം ഓർമ്മകളെ അടുക്കിയൊതുക്കി.
എവിടെ പൂച്ചക്കുഞ്ഞ്?
അത് നിശ്ചലമായി കിടക്കുന്നു. അതെ ,അത് ചത്തു പോയിരുന്നു.അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ടു.അതെ ചത്തിരിക്കുന്നു.
എന്തിനായിരുന്നു ഇത്?ശുഭകല ചോദിച്ചു.ഞങ്ങളുടെ ഇടയിലേക്ക് ഒരു ചെറിയ ഇടവേളയിലേക്ക് കടന്നു കയറി,ജഡമായി തിരിച്ചു പോയത്?ആരാണ് നീ?എന്തിനായി വന്നു? ഒരു ചെറിയ ദു;ഖത്തിന്റെ തുരുത്തായി ഞങ്ങളുടെ മനസിലേക്ക്?എന്തു ദു;ഖസന്ദേശം നൽകാനാണ് നീ വന്നത്?
കുട്ടികളോട് എന്തു പറയും?അവർക്കും വളരെ ദു;ഖമാവില്ലേ?അവർക്ക് അത്ര പ്രിയങ്കരിയായിരുന്നില്ലേ ഈ പൂച്ചക്കുട്ടി?
ശുഭകല ലാൽ ശങ്കറിന് ഒരു മെസേജ് അയച്ചു.ശുഭകല എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.ഉറക്കം വിട്ടൊഴിഞ്ഞിരിക്കുന്നു.ഇതൊരു മരിച്ച വീടാണ്.വീട്ടിലാകെ മൗനവും തണുപ്പുമായിരുന്നു.കുട്ടികൾ പ്രതീക്ഷിച്ചതിനു വിപരീതമായി അത്ര കുഴപ്പമൊന്നുമുണ്ടാകിയില്ല.
ചത്തു അല്ലേ?കുഞ്ഞാറ്റ വിതുമ്പി.
അയ്യോ പാവം!,കണ്ണൻ പറഞ്ഞു.പിന്നെ രണ്ടു പേരും സെറ്റിയിൽ മുഖം കുനിച്ച് ഇരിപ്പയി.
ചെന്നൈയിലുള്ള അമ്മയെ വിളിച്ചു വിവരം പറഞ്ഞു.അമ്മ കുഞ്ഞാറ്റയേയും കണ്ണനേയും എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.ബാംഗ്ലൂരിലേക്ക് വിളിച്ച് ഹസ്‌ബന്റിനോട് വിവരം പറയണോ എന്ന് ആലോചിച്ചു.പിന്നെ വേണ്ടെന്ന് വച്ചു.അദ്ദേഹത്തിന് ഇതൊന്നും ഇഷ്ടമാവില്ല.ചിലപ്പോൾ ദേഷ്യപ്പെട്ടേക്കം..വേണ്ട വരുമ്പോൾ പറയാം.
ലാൽ ശങ്കറിനെ പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്.
7 എന്ന് ലാലിന്റെ മറുപടി വന്നിരുന്നു.
മൂന്നുപേർ പുലർകാലതണുപ്പു പോലെ മരവിച്ച് നിശബ്ദരായി ഇരുന്നു.ക്ലോക്ക് ഏഴു തവണ വിതുമ്പിയപ്പോൾ പുറത്തു ബൈക്ക് വന്നു നിന്നു.ലാൽ ശങ്കർ ചിരിച്ചു കൊണ്ട് വന്നു നിന്നു.
ചിയർ അപ്,നമുക്ക് സന്തോഷത്തോടെ പൂച്ചക്കുട്ടിയെ യാത്രയാക്കാം.
ഒരു ചെറിയ ഹാർഡ് ബോർഡ് പെട്ടിയിൽ പൂച്ചക്കുട്ടിയുടെ മൃതദേഹം വച്ചു.പെട്ടിയിൽ നിറയെ റോസാപ്പൂവിതളുകൾ വിതറി. അതിലെ പോയ തമിഴ് പയ്യനെ കൊണ്ട് വീടിന്റെ തെക്കു ഭാഗത്ത് ചെറിയ കുഴി എടുപ്പിച്ചു.മൃതദേഹത്തിനു മുൻപിൽ എല്ലാവരും അൽപനേരം നിശബ്ദരായി നിന്നു. ലാൽ ശങ്കർ പെട്ടിയെടുത്തു കുഴിയിൽ വച്ചു.എല്ലാവരും പൂക്കൾ വിതറി.ലാൽ ശങ്കർ എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലി.പിന്നെ കുഴിയിലേക്ക് തെരു തെരെ മണ്ണ് വീണു.കണ്ണനും കുഞ്ഞാറ്റയും കൂടി അതിന്റെ മുകളിൽ ഒരു റോസാ ചെടി നട്ടു.
ശുഭകല മൂഡ് വീണ്ടെടുത്തിരുന്നു.തിരികെ റൂമിലെത്തിയപ്പോൾ ശുഭകല ചോദിച്ചു.
ലാൽ യഥർത്ഥത്തിൽ ഇതൊരു വട്ടാണോ?
അയാൾ നെറ്റിയിലേക്ക് വഴുതി വീണ തലമുടി തഴുകി മാറ്റി സെറ്റിയിലിരുന്നു.പിന്നെ പറഞ്ഞു.
ജീവിതം പ്രപഞ്ചം പോലെ ധാരാളം സൂചനകൾ സന്ദേശങ്ങൾ നൽകുന്നുണ്ട്.അതൊന്നും നമുക്ക് മനസിലാകാറില്ല.ഈ ജീവി, ആരോ എന്തിനോ നൽകിയ സൂചനയാവാം. നിർഭാഗ്യവശാൽ നമുക്ക് അതിന്റെ സൂചനയറിയില്ല….അല്ലെങ്കിൽ ഇതിനെ നമുക്ക് മറ്റൊരു രീതിയിൽ നമുക്ക് കാണാം…കാരുണ്യം…അല്ലെങ്കിൽ സ്നേഹം അത്ര മാത്രം.
ഒരു ഗ്ലാസ് ചൂടു ചായ കുടിച്ച് ലാൽ ശങ്കർ പോകാനൊരുങ്ങി.
ഞാനിന്ന് ലീവാണ്.ലാൽ ശങ്കർ ഇക്കാര്യം ഓഫീസിൽ പറയണ്ട.
ശുഭകല പറഞ്ഞു.
ശരി
ലാൽ ശങ്കർ ചിരിച്ചു.
അയാളുടെ ബൈക്ക് നിശബ്ദമായി അകന്നു പോയി.
മുറ്റത്ത് ഇളം വെയിൽ തെളിഞ്ഞു.
Generated from archived content: story10_sept26_08.html Author: gopak_ur