സഭയും സി.പി.എമ്മും വീണ്ടുമൊരു രാഷ്ര്ടീയക്കളി തുടങ്ങിയിരിക്കുന്നു. സഭയാണോ ഇന്നത്തെ പാർട്ടിയാണോ പത്തരമാറ്റെന്ന് ഉരച്ചു നോക്കാൻ കേരളത്തിൽ വിവരമുള്ള ആരും മുതിരുമെന്ന് തോന്നുന്നില്ല. പാർട്ടിയെ നന്നാക്കുന്നതിനുമുമ്പ് തങ്ങൾ സ്വയം നന്നാകുന്നതല്ലേ എന്ന പുനർ വിചിന്തനത്തിന് സഭ ഇനിയെങ്കിലും തയ്യാറാകണം. സഭ ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന കേരളാകോൺഗ്രസ്സു പാർട്ടികളേക്കാൾ ക്രിസ്ത്യൻ വിശ്വാസ പ്രമാണങ്ങളോട് ഏറ്റവും യോജിച്ചു നിൽക്കുന്ന പാർട്ടിയാണ് കമ്മ്യൂണിസ്‌റ്റു പാർട്ടി. സഭയെ സഭക്കും പിന്നിൽ നിന്നു കളിക്കുന്ന എൻ.ആർ.ഐ പണച്ചാക്കുകൾക്കും മതി. കേരളത്തിൽ വിപ്ലവങ്ങൾ സൃഷ്ടിച്ച പാരമ്പര്യമുള്ള കമ്മ്യൂണിസ്‌റ്റു പാർട്ടിയെ പക്ഷേ അങ്ങനെയല്ല. സ്വാശ്രയപ്രശ്നവും മത്തായിചാക്കോ വിവാദവുമാണ് കമ്മ്യൂണിസ്‌റ്റു മാർക്സിസ്‌റ്റ് പാർട്ടിയുമായി കേരള കത്തോലിക്കാ സഭ നടത്തിവരുന്ന പോരാട്ടങ്ങളുടെ പുതിയ മുഖങ്ങൾ. ഇടയ്‌ക്കിടെ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞുപോന്ന ഇരുപക്ഷങ്ങളും ഇക്കുറി തെരുവുയുദ്ധത്തിൽ വരെ എത്തിയിരിക്കുന്നു. ഇരുപക്ഷത്തും വാളെടുത്തത് വമ്പന്മാർ തന്നെ. ഒരിടത്തു പാർട്ടിയുടെ കേരളത്തിലെ അവസാനവാക്ക്, സാക്ഷാൽ പിണറായി വിജയൻ മറുപുറത്ത് കുടിയേറ്റത്തിലൂടെ മുന്നേറിയ കോഴിക്കോടൻ മണ്ണിൽ ഏറെ സ്വാധീനമുള്ള താമരശേരി രൂപതാ മെത്രാൻ മാർ പോൾ ചിറ്റിലപ്പിള്ളി.
ഇവിടെയൊന്നുമല്ല കാര്യം…
കേരളത്തിലെ സാംസ്‌കാരിക മുന്നേറ്റത്തിലും വികസനത്തിലും കത്തോലിക്ക സഭ ഒരുപാടു മഹത്‌പ്രവൃത്തികൾ ചെയ്തിട്ടുണ്ട്. ഇല്ലെന്ന് പറയാൻ ആർക്കും കഴിയില്ല. ഈപ്പറയുന്ന സഖാവ് പിണറായിക്കോ, മണിക്കൂറിനു നൂറുവട്ടം ബിഷപ്പുമാരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന ബേബി സഖാവിനോ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്ന ആർക്കും കഴിയില്ല. അതിനൊക്കെ ഒരു മറുപുറമുണ്ട്. അത്രയ്‌ക്ക് നല്ല സഭാ നേക്കാക്കൾ ഒരു കാലത്തുണ്ടായിരുന്നു. മാർ വള്ളോപ്പിള്ളിയും മാർ കുണ്ടുകുളവുമൊക്കെ സഭാ വിശ്വാസികളുടെ മുന്നിൽ മഹത് രൂപങ്ങളായി നിന്ന കാലം. ഒരുകാലത്ത് സഭയുടെ ജിഹ്വയായിരുന്ന ദീപിക ദിനപ്പത്രം വരെ കൈമോശപ്പെടുത്തിയത് കേരളത്തിലെ കത്തോലിക്ക സഭയുടെ പിടിപ്പുകേടല്ലെന്നു ആരു പറയും. ഫാരിസ് അബൂബക്കറിന് മുന്നിൽ ദീപികയെ പണയംവച്ച് പത്രപ്രവർത്തനത്തിന്റെ കൃസ്തീയ മുഖത്തിന് അന്ത്യകൂദാശ നൽകിയത് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറക്കലല്ലേ. സഭയ്‌ക്കുണ്ടായിരുന്ന നല്ല പേരിനു കളങ്കം വരുത്തുന്നവരായി ഇന്നത്തെ സഭാ നേതൃത്വം മാറി. ഇടക്കിടെ വിവാദങ്ങളില്ലാതെ സഭയ്‌ക്ക് അസ്തിത്വമില്ലെന്നായി മാറി. പിണറായിക്കു വിവാദങ്ങളുണ്ടാക്കാതെ ഉറക്കം വരില്ല എന്നതു സത്യം.
ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന കോട്ടയം സമ്മേളനത്തോടെ പാർട്ടി സ്വന്തം കൈപ്പടത്തിനുള്ളിൽ ഒതുക്കണമെന്നു ശക്തിയായി മോഹിക്കുകയും അതിനു കമ്മ്യൂണിസ്‌റ്റു പാർട്ടിയുടെ കണ്ണൂരിസത്തിന്റെ ആർജവവും ചൂടും വേവുവോളം ഉപയോഗിക്കുകയും ചെയ്ത പിണറായി പക്ഷേ, ഇക്കുറി സഭയുമായുള്ള പോരിൽ ഇത്തിരി കടുത്തു പറഞ്ഞെങ്കിൽ അതിൽ അദ്ദേഹത്തെ എങ്ങിനെ കുറ്റം പറയും. കോഴിക്കോടിന്റെ ജീവിതവുമായി ഏറ്റവും അടുത്തുനിന്ന നേതാക്കളിൽ ഒരാളായിരുന്നു മത്തായിചാക്കോ സഖാവ്. കൂടരഞ്ഞിയും തിരുവമ്പാടിയും കോടഞ്ചേരിയുമൊക്കെയുള്ള ഒന്നാന്തരം കത്തോലിക്ക മേഖലയിൽ ചുവപ്പുകൊടി പാറിച്ച നേതാവ്. സർവോപരി വി.എസ് അച്യുതാനന്ദന്റെ കോഴിക്കോട്ടെ ശക്തികേന്ദ്രം. കോഴിക്കോട്ടുകാർക്കറിയാം മത്തായിചാക്കോ സഖാവ് കമ്മ്യൂണിസ്‌റ്റു വിശ്വാസി മാത്രമായിരുന്നെന്ന്. അകാലത്തിൽ, കേരളനിയമസഭയിൽ തന്നെ ചരിത്രം കുറിച്ചു നിയമസഭാ മന്ദിരത്തിനു പുറത്ത് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത മത്തായിചാക്കോ സഭയിലെ രണ്ടാമൂഴത്തിൽ ആദ്യ സമ്മേളനത്തിനു മുമ്പു തന്നെ നിത്യതയിലേക്കു യാത്രയായി. നാളുകളേറെക്കഴിഞ്ഞു, തിരവമ്പാടിയിൽ പുതിയ കൊടിതോരണങ്ങളും തെരഞ്ഞെടുപ്പുമായി. ജോർജ് വർഗീസ് എന്ന മറ്റൊരു കത്തോലിക്കനെത്തന്നെ തിരുവമ്പാടിക്കാർ അനന്തപുരിയിലേക്കയച്ചു. പിന്നെയും നാളുകൾ കഴിഞ്ഞപ്പോഴാണ് മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചോ ഇല്ലയോ എന്ന വിവാദം കത്തിപ്പടരുന്നത്.
ഈയവസരത്തിൽ സഭക്കു വേണ്ടിയും ഒരു മാധ്യമസിന്റിക്കേറ്റ് പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞാൽ ആർക്കാണ് നിഷേധിക്കാൻ കഴിയുക. അതിനുള്ള ഏറ്റവും പുതിയ ഉത്തരമാണ് മത്തായിചാക്കോ വിവാദം. മത്തായിചാക്കോയുടെ വിവാഹ സർട്ടിഫിക്കറ്റ് വരെ പൊക്കിക്കൊണ്ടുവരാൻ ശ്രമിച്ച മാധ്യമപ്രവർത്തകർ ഈ സിൻഡിക്കേറ്റിന്റെ ഭാഗമാണെന്നുറപ്പ്. വി.എസിനു വേണ്ടി മാത്രമല്ല, കത്തോലിക്കാസഭയ്‌ക്കുവേണ്ടിയും സ്തുതിപാടാൻ ഒരു സിൻഡിക്കേറ്റുണ്ടെന്ന് സഖാവ് പിണറായി മനസിലാക്കണം.
മത്തായിചാക്കോ അബോധത്തിലൊ ബോധത്തിലോ അന്ത്യകൂദാശ സ്വീകരിച്ചു എന്ന വിവാദത്തിലെ യുക്തിയേക്കാൾ ഉപയോഗിച്ച വാക്കിന്റെ സാധുത പോലും പിണറായി സഖാവും സഭയെ ഉന്നംവച്ചു വാർത്തകളും ചർച്ചകളും നടത്തിയ മാധ്യമപ്രവർത്തകരും അന്വേഷിച്ചില്ല. രോഗാവസ്ഥയിൽ കിടക്കുന്ന ഒരാൾക്ക് പള്ളിയിലെ പുരോഹിതൻ നൽകുന്ന രോഗീലേപനത്തെ അന്ത്യകൂദാശയായി ചിത്രീകരിക്കുകയും പിണറായി-സഭാ വിവാദങ്ങൾക്കു ചൂടും ചൂരും പകർന്നവരും ചരിത്രം മറന്നുപോകരുത്. സഖാവ് പിണറായി വിജയൻ, രക്തസാക്ഷികൾ കൊടുത്ത ചോരയിൽ നിന്നുണ്ടായതും ശക്തിയാർജിച്ചതുമായ ചുകപ്പൻ വിപ്ലവ പ്രസ്ഥാനത്തിന്റെ കേരളത്തിലെ അമരക്കാരനാണ്. അടിസ്ഥാനവർഗങ്ങൾക്കു വേണ്ടി പോരാടാൻ ഈപ്പറയുന്ന കത്തോലിക്കാ സഭയോ അവരുടെ ജനപിന്തുണയിൽ ശക്തിയാർജിക്കുന്ന കേരളാകോൺഗ്രസുകളോ കോൺഗ്രസോ ഇല്ലെന്നും ഇവിടെ പ്രസ്താവനയർഹിക്കുന്ന കാര്യമാണ്.
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് കത്തോലിക്കാ സഭ ഒന്നു ചെയ്തില്ലെന്നു പറയുന്നില്ല. വള്ളോപ്പിള്ളി പിതാവിനേപ്പോലെയുള്ള മഹാരഥന്മാർ മലബാറിലെ കുടിയേറ്റ ജനതയ്‌ക്കു വഴികാട്ടിയായതും മറക്കാൻ പറ്റില്ല. കാടുപിടിച്ചു കിടന്ന പുളിങ്ങോമും ചെറുപുഴയും ചിറ്റാരിക്കലും ഇരിട്ടിയും കൂട്ടുപുഴയുമൊക്കെ ഒരു മിനിയേച്ചർ പാലായിലേക്കു മാറിയതിനു പിന്നിൽ കാടിനോടും മലമ്പനിയോടും പടവെട്ടി പൊരുതിയ കത്തോലിക്കാ വീരഗാഥ തന്നെയുണ്ട്. അതിൽനിന്നൊക്കെ സഭയേറെ മാറി.
കേരളത്തിലെ വിപ്ലവ പാർട്ടിയുമായി എന്തിനാണ് സഭ പോരടിക്കുന്നത്. ഞങ്ങൾ കമ്മ്യൂണിസ്‌റ്റുകാരിൽ മതവിശ്വാസികളില്ലെന്നു പറയാൻ കമ്മ്യൂണിസ്‌റ്റ് മാർക്സിസ്‌റ്റു പ്രസ്ഥാനത്തിനു സാധിക്കില്ലെന്നതൊക്കെ ശരി തന്നെ. പക്ഷെ, പാർട്ടിയുടെ മുൻനിരയിൽ നിൽക്കുന്ന ആരും പള്ളിയിലോ അമ്പലങ്ങളിലോ പോവുകയോ മതപരിപാടികൾക്കു പിന്തുണ നൽകുന്നവരോ അല്ല. ഇതൊക്കെയും മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിനും അദ്ദേഹത്തിന്റെ മേൽ തിരുമേനിയായ മാർ വർക്കി വിതയത്തിലിനും നന്നായി അറിയാവുന്നതു തന്നെ. പിന്നെന്തിനാണ് മരിച്ചുപോയ ആരാധ്യനായ കമ്മ്യൂണിസ്‌റ്റ് മത്തായിചാക്കോ സഖാവിന്റെ പേരിൽ പത്രത്താളുകൾ നിറച്ചത്.
സ്വാശ്രയകോളജുകളുടെ പേരിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കി കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന്റെ നട്ടെല്ലൊടിച്ചിട്ടും നാണമില്ലാതെ വീണ്ടും തെരുവിലിറങ്ങുന്നത് എന്തിനാണ്. ഇനി കേരളത്തിലെ മത സാംസ്‌കാരിക രംഗങ്ങളും കമ്മ്യൂണിസ്‌റ്റുകളുടെ സ്വകാര്യ പ്രശ്നങ്ങളും ആദരണീയ കത്തോലിക്കാസഭയ്‌ക്കു കുളം തോണ്ടണമെന്നുണ്ടോ.
ദയവായി നിർത്തിക്കൂടേ ഈ പരിപാടി. കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനം കേരളത്തിൽ വളർന്നു പന്തലിച്ചതാണ്. പാവപ്പെട്ട തൊഴിലാളികളിൽ നിന്നും നാട്ടുകാരിൽ നിന്നും ഫണ്ടു പിരിച്ചുണ്ടാക്കുന്നതാണ്. നിങ്ങളുടെ ഇടയിലെ വമ്പൻ ബിസിനസുകാരുടെയൊന്നും പിന്തുണ ഈ പ്രസ്ഥാനത്തിനില്ല. സ്വാശ്രയപ്രശ്നത്തിൽ അരമനയിൽ പാർട്ടി നേതാക്കൾ ചർച്ചക്കു വന്നിട്ടുണ്ടെങ്കിൽ അത് സമുദായത്തോടുള്ള ബഹുമാനം കൊണ്ടാണ്, അല്ലാതെ കത്തോലിക്കാസഭ വിചാരിച്ചാൽ പാർട്ടി ഒലിച്ചുപോകും എന്ന പേടികൊണ്ടല്ല. ഇനിയും വിമോചന സമരമൊന്നും വിലപ്പോകില്ലെന്നു കേരളത്തിനറിയാം. പിന്നെന്തിന് ഓലപ്പാമ്പ് കാട്ടി സഭ പാർട്ടിയെ പേടിപ്പിക്കുന്നു.
Generated from archived content: politics1_oct29_07.html Author: gn_parvathy
Click this button or press Ctrl+G to toggle between Malayalam and English