ഓണത്തിന്റെ അവസാനദിനമായിരുന്നു അന്ന്. ദിലീപിന്റെ പുതിയ ചിത്രം കണ്ട് ബൈക്കില്‍ ഭര്‍ത്താവിനോടൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ അല്‍പ്പമൊന്ന് മുന്നോട്ടാഞ്ഞ് അവള്‍ ഭര്‍ത്താവിന്റെ ചെവിയില്‍ പറഞ്ഞു. ‘’ എത്ര ശൃംഗാരമായിട്ടാണ് നായികയോട് നായകന്‍ ഇടപെടുന്നത് ‘’ ചിങ്ങമാസത്തിലെ ചാറ്റല്‍ മഴ നനഞ്ഞുള്ള ആ യാത്രയില്‍ കാലവര്‍ഷത്തെ ശപിച്ചു കൊണ്ട് അയാള്‍ ഒന്നു മൂളുകമാത്രം ചെയ്തു. കേട്ട പാതി കേള്‍ക്കാത്ത പാതി അവള്‍ വീണ്ടും നായികയോടുള്ള നായകന്റെ സ്നേഹത്തെ വാഴ്ത്തി സംസാരിച്ചുകൊണ്ടിരുന്നു.
‘’ എന്തായാലും ഈ സിനിമ തന്നെ കണ്ടത് നന്നായി . നിങ്ങള്‍ക്ക് ഒന്ന് കണ്ട് പഠിക്കാന്‍ നല്ലതാ. ഭാര്യമാരോടെങ്ങനെ ഇടപെടണമെന്ന് , അതെങ്ങനെ എന്തുപറഞ്ഞാലും എന്നെ കടിച്ചു കീറാന്‍ വരുന്ന സ്വഭാവമല്ലേ’‘
കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലെയായി ഈ സിനിമ കണ്ടെതെന്ന് അയാള്‍ക്കു തോന്നി.
മഴത്തുള്ളികള്‍ക്ക് കനം കൂടി വരുന്നതായി അയാള്‍ക്കു തോന്നി. ഒന്ന് ചിരിച്ചിട്ട് അയാള്‍ പറഞ്ഞു .’‘ എടീ മണ്ടീ …അത് സിനിമയല്ലേ ഇങ്ങനെയൊക്കെ കാണിക്കുന്നതിന് നായകന് കിട്ടുന്നത് ലക്ഷങ്ങളാ …ലക്ഷങ്ങള്‍ അറിയാമോ…’‘ പറഞ്ഞു തീരും മുന്‍പേ പിറകില്‍ നിന്നും ഭാര്യയുടെ മറുപടി വന്നു ‘’ അതെ എന്റെ അച്ഛനും രൂപ രണ്ടുലക്ഷമാ സ്ത്രീധനമായിട്ടു നിങ്ങള്‍ക്കു തന്നത്. അത് പിന്നെ എന്നാത്തിനാ ഇതിനൊക്കെ കൂടിയാ അതറിയാമോ നിങ്ങള്‍ക്ക്. അതങ്ങു മറന്നു പോയോ നിങ്ങള്‍’‘ തൊട്ടു മുന്നിലൂടെ കടന്നു പോയ ആംബുലന്‍സിന്റെ സയറന്‍ അവളുടെ വാക്കുകള്‍ക്ക് താളം പിടിക്കുന്നതോടൊപ്പം അയാളുടെ തലച്ചോറിലും സയറന്‍ മുഴങ്ങി…….
Generated from archived content: story1_nov15_12.html Author: gireesh_muzhipadam
Click this button or press Ctrl+G to toggle between Malayalam and English