ക്രിസ്‌മസ്‌ സ്‌പെഷ്യൽ

പാലപ്പം

നല്ലയിനം പച്ചരി – അരകിലോ

തേങ്ങ – 1 മുറി

യീസ്‌റ്റ്‌ – കാൽ ടീസ്‌പൂൺ

റവ – 2 ടീസ്‌പൂൺ

ചോറ്‌ – 3 വലിയ സ്‌പൂൺ

മാവ്‌ തയ്യാറാക്കുന്ന വിധംഃ കുതിർത്തിയ പച്ചരി തേങ്ങ ചുരണ്ടിയത്‌ ചേർത്ത്‌ ഒട്ടും തരിയില്ലാതെ ദോശമാവിന്റെ പാകത്തിൽ അരച്ചെടുക്കുക. ഇതിന്റെ കൂടെ ചോറും ചേർത്ത്‌ അരക്കണം. തന്നിരിക്കുന്ന റവ ഒരു കപ്പ്‌ വെള്ളം ചേർത്ത്‌ അയഞ്ഞിരിക്കുന്ന പാകത്തിൽ കുറുക്കിയെടുക്കണം – യീസ്‌റ്റ്‌ 1 ടീസ്‌പൂൺ പഞ്ചസാര ചേർത്ത്‌ ചെറുചൂടുവെള്ളത്തിൽ ചേർത്തുവയ്‌ക്കണം- കുറച്ചുകഴിയുമ്പോൾ പതഞ്ഞുവരും. അരച്ചമാവിൽ യീസ്‌റ്റും തരികുറുക്കിയതും ചേർത്ത്‌ 8 – 10 മണിക്കൂർ പൊങ്ങാൻ വയ്‌ക്കണം. നന്നായി പൊങ്ങിയ മാവിൽ ഒരു നുള്ളു സോഡാപൊടിയും ഉപ്പും 3 ടീസ്‌പൂൺ പഞ്ചസാരയും ചേർത്ത്‌ 15 മിനിറ്റു വയ്‌ക്കണം. പിന്നീട്‌ പാലപ്പച്ചട്ടിയിൽ ഒരു തവി മാവൊഴിച്ച്‌ നന്നായി ചുറ്റിച്ച്‌ നടുവിൽ ചെറിയ കനത്തോടെ പാലപ്പം ചുട്ടെടുക്കുക.

നുറുങ്ങ്‌ഃ ഈസ്‌റ്റിനു പകരം കള്ളു ചേർത്തു പാലപ്പം ചെയ്യാം. അരി അരക്കുമ്പോൾ വെള്ളത്തിനു പകരം കള്ളൊഴിച്ച്‌ അരച്ചാൽ മതി.

2. യീസ്‌റ്റു ചേർത്ത പാലപ്പത്തിൽ അരി അരക്കുമ്പോൾ വെള്ളത്തിനുപകരം തേങ്ങാപാൽ ചേർത്താൽ അപ്പം കൂടുതൽ രുചികരമാകും.

താറാവു പാലുകറി

താറാവ്‌ വൃത്തിയായി തൊലിയോട്‌ കൂടെ വലിയ കഷണങ്ങളാക്കി നുറുക്കിയത്‌ – (മുക്കാൽ കിലോ)

സവാള കനത്തിൽ അരിഞ്ഞത്‌ – 3 എണ്ണം

തക്കാളി വലുത്‌ – 2 എണ്ണം

പച്ചമുളക്‌ – 6 എണ്ണം

ഇഞ്ചി – ഒരു കഷ്‌ണം

വെളുത്തുള്ളി – 6 അല്ലി ചതച്ചത്‌

മല്ലിപൊടി – 2 ടീസ്‌പൂൺ

മുളക്‌പൊടി – 1 ടീസ്‌പൂൺ

കുരുമുളക്‌പൊടി – 1 ടീസ്‌പൂൺ

തേങ്ങ വലുത്‌ – 1 എണ്ണം

ഗരം മസാലപൊടി – അര ടീസ്‌പൂൺ

വിനാഗിരി – അര ടീസ്‌പൂൺ

കറിവേപ്പില, ഉപ്പ്‌, വെളിച്ചണ്ണ പാകത്തിന്‌.

തയ്യാറാക്കുന്ന വിധംഃ താറാവ്‌ കഷണങ്ങളാക്കിയത്‌ – പച്ചമുളക്‌, ഇഞ്ചി, വേപ്പില, മഞ്ഞൾപൊടി, ഉപ്പ്‌ ഇവ ഒരു കപ്പ്‌ വെള്ളം ചേർത്ത്‌ നന്നായി വേവിച്ച്‌ വറ്റിച്ചെടുക്കണം. തേങ്ങ ചുരണ്ടി അര കപ്പ്‌ ഒന്നാം പാൽ മാറ്റിവച്ച്‌ 3 കപ്പ്‌ 2-​‍ാം പാൽ പിഴിഞ്ഞെടുക്കണം. ചുവടുകട്ടിയുള്ള പാത്രത്തിൽ വെളിച്ചണ്ണ ചൂടാകുമ്പോൾ സവാള, വെളുത്തുളളി, തക്കാളി, ഇവ ചേർത്ത്‌ നന്നായി വഴറ്റണം. ഇതിൽ മല്ലിപൊടി, മുളകുപൊടി ഇവ ചേർത്ത്‌ നന്നായി മൂപ്പിക്കണം. ഇതിലേക്കു താറാവ്‌ ചേർത്ത്‌ രണ്ടാം പാലും ചേർത്ത്‌ തിളപ്പിക്കുക – നന്നായി തിളച്ചുവരുമ്പോൾ ഇതിലേയ്‌ക്ക്‌ ഗരം മസാലപൊടിയും കുരുമുളകുപൊടിയും ചേർക്കണം. പിന്നീട്‌ തലപ്പാൽ ചേർത്ത്‌ ചൂടാക്കണം, തിളക്കരുത്‌. പാത്രം താഴെ ഇറക്കിവച്ച്‌ വിനാഗിരി ചേർത്ത്‌ ഉപയോഗിക്കാം.

നുറുങ്ങ്‌ഃ താറാവു കറിയിൽ ചുവന്നുള്ളിയും വെളുത്തുള്ളിയും അരിഞ്ഞത്‌ മൂപ്പിച്ച്‌ ചേർത്താൽ കറിക്ക്‌ കൂടുതൽ സ്വാദ്‌ ഉണ്ടാകും.

Generated from archived content: pachaka16.html Author: gigi_roby

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here