രക്ഷയായ സ്വാശ്രയം

ധനിക കുടുംബത്തിൽ പിറന്ന അഹമ്മദും ഇടത്തരം കുടുംബത്തിൽ പിറന്ന മുഹമ്മദും പണ്ഡിതനായ അശ്രഫലിയുടെ ശിഷ്യന്മാരായിരുന്നു.

പഠനത്തിനുശേഷം ഇരുവരും സ്വദേശത്തേക്കു മടങ്ങിപ്പോയി. വർഷങ്ങൾ കഴിഞ്ഞ്‌ ഒരു ദിവസം മുഹമ്മദ്‌, അഹ്‌മദിന്റെ വീട്ടിൽ അതിഥിയായെത്തി.

അഹ്‌മദിന്റെ പരിചാരകർ രുചികരമായ വിഭവങ്ങൾ മുഹമ്മദിനു മുന്നിൽ നിരത്തി. പാത്രങ്ങൾ എടുത്തുകൊണ്ടുപോകാനും കൈ കഴുകാനുമൊക്കെ പരിചാരകർ സന്നദ്ധരായുണ്ടായിരുന്നു.

ഭക്ഷണത്തിനുശേഷം പരിചാരകർ ഇരുവരെയും പല്ലക്കിൽ നാടുചുറ്റിക്കാണിച്ചു. എല്ലാറ്റിനും പരിചാരകരുള്ള അഹ്‌മദിന്റെ സുഖസുന്ദരജീവിതം മുഹമ്മദിൽ നിരാശയുണ്ടാക്കി. തനിക്കു സഹായത്തിന്‌ ആരുമില്ലല്ലോ……..

വീട്ടിൽ തിരിച്ചെത്തിയ മുഹമ്മദ്‌ തന്റെ സങ്കടം പിതാവിനെ അറിയിച്ചു.

“എല്ലാം നിനക്കു വൈകാതെ ബോധ്യപ്പെടും.” പിതാവ്‌ മുഹമ്മദിനെ ആശ്വസിപ്പിച്ചു.

അങ്ങനെയിരിക്കെ, ആ നാട്ടിൽ കൊളളക്കാരുടെ ശല്യം വർധിച്ചു. ഒരു ദിവസം കൊളളക്കാർ അഹ്‌മദിന്റെ വീട്ടിലുമെത്തി. കഠാര നീട്ടിപ്പിടിച്ചു ആക്രോശിച്ച കൊള്ളക്കാരെ കണ്ട്‌ പരിചാരകരെല്ലാം പേടിച്ചോടി.

പരിചാരകരുടെ സംരക്ഷണയിൽ കഴിഞ്ഞുപോന്നിരുന്ന അഹ്‌മദിനെ കീഴ്‌പ്പെടുത്തി സ്വത്തെല്ലാം കവർന്നെടുക്കാൻ കൊള്ളക്കാർക്കു അൽപം പോലും വിഷമമുണ്ടായില്ല. വൈകാതെ കൊള്ളക്കാർ മുഹമ്മദിന്റെ വീട്ടിലുമെത്തി.

കഠാര കണ്ടിട്ടും മുഹമ്മദിന്‌ ഒട്ടും കൂസലില്ലായിരുന്നു. അവൻ പറഞ്ഞു.

“സ്വർണ്ണമെല്ലാം ആ മുറിക്കുള്ളിലാണ്‌…..”

മുഹമദിന്റെ തന്ത്രം കുറിക്കുകൊണ്ടു. മുറിക്കുള്ളിൽ കയറിയ കൊള്ളക്കാരെ മുഹമ്മദ്‌ പുറത്തുനിന്നു പൂട്ടി. വൈകാതെ സുൽത്താൻ കയ്യാളുകൾ കൊള്ളക്കാരെ കീഴടക്കി.

മുഹമ്മദിന്റെ ബുദ്ധിശക്തിയെ എല്ലാവരും അനുമോദിച്ചു. പിതാവ്‌ പണ്ട്‌ പറഞ്ഞതിന്റെ പൊരുൾ മുഹമ്മദിനു ശരിക്കും ബോദ്ധ്യമായി.

“ഇപ്പോൾ നിനക്കു മനസ്സിലായില്ലേ മോനേ, നമ്മുടെ രക്ഷയ്‌ക്കു മറ്റുള്ളവരെ ആശ്രയിക്കുന്നതിലെ പാളിച്ച. പലപ്പോഴും നമുക്കു നമ്മൾ മാത്രമേ ഉണ്ടാകൂ…”

Generated from archived content: story2_may25_11.html Author: gifu_melattur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English