സാമൂഹികാവസ്‌ഥകളോട് ഗൗരവപൂർവ്വം പ്രതികരിക്കുന്ന കഥാകാരനാണ് എം.കെ.ചന്ദ്രശേഖരൻ. തനിക്കുചുറ്റും സംഭവിക്കുന്നതെന്തും സൂക്ഷമ നിരീക്ഷണത്തിന് വിധേയമാക്കുന്നു; എപ്പോഴും പുരോഗമനപരമായ കാഴ്‌ചപ്പാട് അവലംബിക്കുന്നു. നീതി നിഷേധങ്ങൾ സംഭവിക്കുമ്പോൾ പുറം തിരിഞ്ഞു നിൽക്കുകയല്ല. ശക്തമായ ഇടപെടലുകൾക്ക് സ്വയം പ്രേരിതനാവുക എന്നതാണ് ചന്ദ്രഖശഖരന്റെ സ്വഭാവവിശേഷം. ആ വ്യക്തിത്വത്തിന്റെ നേർവരകൾ കലാലയ വിദ്യാഭ്യാസകാലത്തുതന്നെ എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഒരു ദേശത്തു പിറന്നവർ, ഒരേ കാലത്തു പഠിച്ചവർ എന്നിങ്ങനെ ഞങ്ങളുടെ ഹൃദയബന്ധത്തെ ഇണക്കുന്ന കണ്ണികൾ ഏറെയുണ്ട്.
ഇപ്പോൾ എം.കെ. ചന്ദ്രശേഖരൻ എഴുതിയ ഏഴു കഥകൾ ഞാൻ വീണ്ടും വായിക്കുന്നു. ‘ദി സിറ്റി’ എന്ന് പേരിട്ട് മെലിൻഡ ബുക്‌സ് അവ പുസ്‌തകരൂപത്തിൽ ആക്കുകയാണ്. ഇക്കാര്യങ്ങളിലൊക്കെ നിർവികാര ജീവിയായി പ്രത്യക്ഷപ്പെടുന്ന എന്റെ സുഹൃത്തിന്റെ കഥകൾ തേടിപ്പോയ മെലിൻഡ ബുക്‌സിനും അതിന്റെ ശക്തികേന്ദ്രമായ പ്രിയപ്പെട്ട ഷാനവാസ് പോങ്ങനാടിനും ഹൃദയപൂർവ്വം നന്ദി പറയുന്നു.
കഥാന്തരീക്ഷത്തിന്റെ വൈവിദ്ധ്യമാണ് ആദ്യമേ ആകർഷകമായി തോന്നിയത്. എല്ലാ കഥകളും ഒരേ ഭൂമിയിൽ സംഭവിക്കുന്നുഃ എന്നാൽ ഭിന്നമായ ആകാശം നോക്കി വളരുന്നു. കഥാകാരന്റെ ശബ്‌ദം വിമർശനാത്മകമാണ്. ബഹളങ്ങൾ ഒന്നുമില്ല. ഭാഷയുടെ സങ്കീർണ്ണതയോ സാങ്കേതിക ജാടകളോ ഇല്ലാതെ ആത്മാർത്ഥമായി സത്യസന്‌ധമായി ജീവിതാവിഷ്‌കാരം നിർവ്വഹിക്കുന്നു.
ആരെന്തു പറഞ്ഞാലും ചിരിയിലൂടെ പ്രതികരിക്കുന്ന പപ്പൻചേട്ടനെ ആദ്യകഥയിൽ നാം പരിചയപ്പെടുന്നു. സമരം നടക്കുന്ന ഫാക്‌ടറി പടിക്കൽ ചായക്കട നടത്തുന്ന ഒരു നാട്ടിൻപുറത്തുകാരൻ. അവിടെ വന്നെത്തുന്ന ഭാർഗ്ഗവൻപിള്ള പോലീസിന് പപ്പൻ ചേട്ടന്റെ ചിരി തീരെ പിടിക്കുന്നില്ല. സമര കോലാഹലങ്ങൾക്കിടയിൽ പപ്പൻ ചേട്ടനും പോലീസ് കസ്‌റ്റഡിയിലാവുന്നു. ഭാർഗ്ഗവൻപിള്ളയുടെ ചവിട്ടും തൊഴിയുമേറ്റ് അയാൾ തളർന്നു. അന്യായമായ ആ മർദ്ദനങ്ങൾക്കെതിരെ പ്രതിഷേധമുയർന്നപ്പോൾ പപ്പൻ ചേട്ടനെ വിട്ടയ്‌ക്കാമെന്നായി. പക്ഷേ അയാൾ പോകാൻ കൂട്ടാക്കുന്നില്ല. “ ഈ അടീം തൊഴീം നടത്തിയതിന് എന്താ പറയാനുള്ളത്?” എന്നും ചോദിച്ച് അയാൾ നിന്നു ചിരിക്കുന്നു. അത് സാധാരണ ചിരിയല്ല. ആ ചിരി പോലീസ് സ്‌റ്റേഷനെത്തന്നെ ഉലയ്‌ക്കുന്നു. ലാത്തിയടിയേക്കാൾ ശക്തമായ ചിരി.
പപ്പൻ ചേട്ടൻ അങ്ങനെ ചിരിക്കുകയാണ്. ഉള്ളിൽത്തട്ടുന്ന ചിരി അതിൽ മനുഷ്യനന്മയുടെ പ്രകാശമുണ്ട്, നിയമലംഘനങ്ങൾക്ക് എതിരെ പ്രതിഷേധമുണ്ട്. ചിരി എങ്ങനെ മാനവികതയുടെ അടയാളമാകുന്നുവെന്ന് വെളിപ്പെടുത്തുന്ന വേറിട്ടൊരു കഥ.
‘വിഷാദപൂർവ്വം’ എന്ന കഥയ്‌ക്കുമുണ്ട് അപൂർവ്വമായ അന്തരീക്ഷഭംഗി. “നിമിഷാർദ്ധങ്ങളുടെ വ്യത്യാസത്തിൽ മാത്രം തിരിച്ചറിയാനാവാതെ തെന്നിപ്പോകുന്ന കഥാകൃത്തിന്റെ” വേർപാടിൽ ഓർമ്മകൾ വീണ്ടെടുക്കുന്ന കഥയ്‌ക്ക് വായനയിൽ ശ്രദ്ധേയമായ ഇടം കിട്ടുന്നു. സ്വന്തം കഥപോലെ തിരിച്ചറിയപ്പെടാതെ, അജ്ഞാതജഡമായി ഒതുങ്ങുന്ന കഥാകൃത്ത്. ആ സ്‌മരണാഞ്ഞ്‌ജലി ഹൃദയസ്‌പർശിയാണ്; വിഷാദമുണർത്തുന്നതാണ്.
“അനാവരണം” സമൂഹത്തിൽ ഏറിവരുന്ന കപടനാട്യങ്ങൾ പ്രതിബിംബിക്കുന്ന സ്‌ഫടികതലം. ആചാര്യന്റെ പ്രതിമ സ്‌ഥാപിക്കാൻ ഏകകണ്‌ഠമായ തീരുമാനമാകുന്നു. അതിനു വേണ്ടിയുളള ധനശേഖരണം അബ്‌കാരിയായ പ്രസിഡന്റിന്റെ നേതൃത്വത്തിൽ. ഒടുവിൽ പ്രതിമാനാച്ഛാദന സുദിനം വന്നു ചേരുന്നു. കതിനാവെടികൾ സൃഷ്‌ടിച്ച ശബ്‌ദാഘാതത്തിൽ ഞെട്ടി പിന്നോട്ടു മാറുന്ന മന്ത്രിയും ബഹുജനവും ആ സത്യം തിരിച്ചറിയുന്നു. ആചാര്യന്റേതെന്നു കരുതി അനാച്ഛാദനം ചെയ്‌ത പ്രതിമയ്‌ക്ക് പ്രസിഡന്റ് കോടശ്ശേരി രാമനാശാനോടാണ് കൂടുതൽ സാമ്യം. പ്രതിമയുടെ താഴെയായി ആശാന്റെ അബ്‌കാരി സ്‌ഥാപനങ്ങളുടെ പട്ടികയും ഉണ്ട്! വർത്തമാനകാലത്തിന്റെ ചില കപട വിശേഷങ്ങൾ വെളിപ്പെടുത്തുന്നതാണ് ഈ കഥ. നിർവികാരതയുടെയോ, നിസ്സംഗതയുടെയോ, കലാത്മകമായ മൗനമുദ്രകളുടെയോ ആവരണമൊന്നുമില്ലാതെ സാമൂഹിക വിമർശനത്തിന്റെ തുറന്ന പാതയിലൂടെ സഞ്ചരിക്കുകയാണ് കഥാകാരൻ. അതിൽ നർമ്മമുണ്ട്. പരിഹാസമുണ്ട്, തുളഞ്ഞു കയറുന്ന വിമർശനത്തിന്റെ മുനയുണ്ട്.
“വിപണി” യുടെ ദുരന്തങ്ങളും വധുവിനെ സ്വർണ്ണാഭരണങ്ങളുടെ പ്രദർശനശാലയാക്കുന്ന “ലോഹഭാര” വൈകൃതങ്ങളും കുട്ടിയിൽ നിന്ന് അച്‌ഛൻ പഠിക്കേണ്ട “പുതിയ പാഠങ്ങ”ളുമൊക്കെ എം.കെ.ചന്ദ്രശേഖരന് കഥാനിർമ്മിതിക്കുള്ള സാമൂഹികാനുഭവങ്ങളാണ്. മാറുന്ന നഗരമുഖം അനാവരണം ചെയ്യുന്ന തീക്ഷ്‌ണവും വർത്തമാനകാല സന്മാർഗ്ഗ ഭ്രംശങ്ങൾ വെളിപ്പെടുത്തുന്നതുമായ “ദി സിറ്റി” ഈ സമാഹാരത്തിലെ മികച്ച കഥകളിൽ ഒന്നാണ്. സെൽഫോണിൽക്കൂടി നക്ഷത്രവേശ്യാലയ നടത്തിപ്പ് നഗരത്തിലെ കമ്മീഷണറുടെ ഭാര്യ തന്നെ നിൽവ്വഹിക്കുമ്പോൾ ആധുനിക സമൂഹം കൂപ്പുകുത്തുന്നത് ഏത് ചെളിക്കുഴിയിലേക്കാണെന്നു വെളിപ്പെടുന്നു.
സമൂഹത്തിന്റെ പതനങ്ങളിൽ വേദനിക്കുകയും ഇടയ്‌ക്കൊക്കെ രോഷാകുലനാവുകയും ചെയ്യുന്ന എം.കെ. ചന്ദ്രശേഖരന്റെ കഥകൾ കൂടുതൽ പഠനവും അഭിനന്ദനവും അർഹിക്കുന്നുണ്ട്. മനുഷ്യാവസ്‌ഥകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ആപൽക്കരമായ പരിണാമങ്ങൾ എന്റെ സ്‌നേഹിതന്റെ സർഗ്ഗാത്മകതയെ നന്നായി ചൊടിപ്പിക്കുന്നു. അത് സംസ്‌കാര പൂർണ്ണമായ പ്രതികരണങ്ങൾക്ക് നിമിത്തമാകുന്നു. മനുഷ്യനു വില കുറയുന്ന വർത്തമാന കാലത്ത് ചന്ദ്രശേഖരന്റെ കഥകൾ നൽകുന്ന യാഥാർത്ഥ്യബോധം വിലപ്പെട്ടതാണ്. സാമൂഹീക യാഥാർത്ഥ്യങ്ങൾ അതേപടി പകർത്തുകയല്ല, ആ സത്യങ്ങൾ കലാത്മകമായി അവതരിപ്പിക്കുകയാണ് കഥാകാരൻ. ചന്ദ്രശേഖരന് കൗമാരത്തിന്റെ സൗഹൃദം മനസിൽ നിലനിർത്തിക്കൊണ്ട് ഞാൻ നന്മമകൾ ആശംസിക്കുന്നു.
Generated from archived content: vayanayute14.html Author: georgeonakoor