അകലെ ആകാശത്തിന്റെ ഇരുൾപ്പരപ്പിൽ പ്രത്യക്ഷമാകുന്ന പ്രകാശബിന്ദുക്കൾപോലെയാണ് രമേശ് ബാബുവിന്റെ കഥകൾ. അഥവാ രാത്രിയിൽ മിന്നുന്ന ചെറുപ്രാണിയുടെ വെളിച്ചമാകാം. പ്രസാദമധുരമാണ് ഓരോ കഥയും. യാത്രാവഴികളിൽ സംഭവിക്കുന്ന യാദൃച്ഛികതകൾ രമേശ്‌ബാബുവിന്റെ കഥകൾക്ക് വിഷയമാകുന്നു. അതല്ലെങ്കിൽ, കാഴ്‌ചപ്പുറങ്ങളിൽ തെളിയുന്ന ദൃശ്യാന്തരങ്ങളാകാം. ജീവിതത്തിനുനേർക്ക് തലചെരിച്ചു നോക്കുന്ന നിലാപക്ഷിയെപ്പോലെ വേറിട്ടൊരു ദർശനത്തിന് താല്പര്യമെടുക്കുന്ന രമേശ് ബാബുവിന്റെ കഥകൾക്ക് സ്വാതന്ത്രവ്യക്തിത്വമുണ്ട്.
‘ജനിതകവിധി’ എന്നു പേരിട്ട് മലയാളത്തിൽ എഴുതിയ ഈ ചെറിയ കഥകൾ ‘GENETIC CANONS’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു. കെ. ശ്രീകുമാറാണ് പരിഭാഷകൻ. പരിസ്ഥിതി സാഹിത്യപ്രസ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരള സർവകലാശാല കാമ്പസിലെ പോയട്രി ഗാർഡനാണ് (POETREE GARDEN) പ്രസാധകർ. മൂലകൃതി പുലർത്തുന്ന കരടില്ലാത്ത ഭാഷാശുദ്ധിയും സംശയത്തനിമയും നിലനിർത്തുന്നതാണ് പരിഭാഷ. അത് അഭിനന്ദനം അർഹിക്കുന്നതാണ്.
‘ഛായാഗ്രഹണം’(IMAGING) എന്ന മിനിക്കഥ തൊട്ട് താരതമ്യേന ദീർഘമായ ‘ഹംസഗീതം’(SWAN SONG) വരെ നീളുന്ന യാത്രാപഥത്തിൽ പ്രകാശത്തിന്റെ നുറുങ്ങുകൾ വീണു തിളങ്ങുന്നു. ഈ വെളിച്ചത്തിന്റെ വഴി അടയാളപ്പെടുത്തുന്നതാണ് ആദ്യ കഥ തന്നെ. നവഭാവുകത്വം പുലർത്തുന്ന ഒരു കഥാകാരന്റെ ശ്രദ്ധേയമായ കടന്നുവരവ്.
-ഛായാഗ്രാഹകൻ ചിത്രമെടുത്തു കൊടുത്തപ്പോൾ അയാൾ അത്ഭുതപ്പെട്ടുഃ
“ഇത് ആരുടെ ചിത്രമാണ്?”
തന്റേതെന്ന് അംഗീകരിക്കാനാവുന്നില്ല. തന്റെ കണ്ണടയും നീലഷർട്ടുമൊക്കെ ചിത്രത്തിലുണ്ട്. പക്ഷേ വൈരൂപ്യങ്ങളൊന്നും ചിത്രത്തിൽ പതിഞ്ഞിട്ടില്ല. അത് സുന്ദരമാണ്. ചിത്രത്തിനുവേണ്ടി പോസുചെയ്ത തന്റെ ഗൂഢാഭിലാഷമാണ് ക്യാമറ പകർത്തിയിരിക്കുന്നത്. വാക്കുകൾ കൊണ്ട് ഉള്ളുതുറക്കുകയാണ്; കഥാവസ്തുവിന്റെ ആത്മാവിലേക്ക് പ്രവേശിക്കുകയാണ്. ശബ്ദങ്ങളിൽ നിന്ന് അർത്ഥവും അർത്ഥത്തിൽ നിന്ന് ആത്മീയതയും വെളിപ്പെടുത്തുന്ന കൊച്ചുകഥ. പക്ഷെ അത് ഒരു വലിയ സത്യത്തിന്റെ അനാവരണമാണെന്ന് സൂക്ഷ്മവായനയിൽ നാം തിരിച്ചറിയുന്നു.
രമേശ് ബാബുവിന്റെ നല്ല രചനകളിലൊന്ന് ‘എലി’ (RAT) എന്ന കഥ. നഗരത്തിൽ അഞ്ചുസെന്റ് സ്ഥലം വാങ്ങി വീടും വച്ച് സുഖമായി കഴിയാൻ ഇഷ്ടപ്പെട്ടു, രാമനാഥൻ. വീടുനിറയെ എലികളായപ്പോൾ വില്ലുകുലച്ച് എലികളെ വീഴ്‌ത്തുന്ന വില്ലൻ പണിക്കൊരുങ്ങി. പക്ഷേ കെണിയിൽപ്പെട്ട എലിയുടെ ജഡം ഒരു പ്രശ്നമായി, സിമന്റുതറയിൽ ചോര ഒലിപ്പിച്ചു കിടക്കുന്നു.
-“ഇദ്‌നെ എവിടാ കുഴിച്ചിടുക?”
നഗരവത്‌ക്കരണം പ്രകൃതിയുടെ മേൽ ഏല്പിക്കുന്ന സമ്മർദ്ദങ്ങൾ ആവിഷ്‌ക്കരിക്കുന്ന ശക്തിയുള്ള കഥ.
മൂലകൃതിയിലില്ലാത്ത പുതിയൊരു കഥകൂടി ഇംഗ്ലീഷ് ഗ്രന്ഥത്തിലുണ്ട്, ‘CHANT’. സൃഷ്ടിയുടെ രഹസ്യം പേറുന്ന ആ ശാസ്ര്തകഥയ്‌ക്ക് മൗലികഭംഗിയുണ്ട്; വ്യതിരിക്തമായ ജാതകവിധിയുണ്ട്.
ഇങ്ങനെയിങ്ങനെ കഥകളോരോന്നും എടുത്തുപറയാം. പക്ഷിനിരീക്ഷണം നടത്തുന്ന ശാസ്ര്തജ്ഞന്റെ കണ്ണിൽ, മരച്ചില്ലയിൽ കൊക്കുരുമ്മിയിരിക്കുന്ന ഇണപക്ഷികൾ. അതിലൊന്നിനെ പൂച്ച പിടികൂടുമ്പോൾ ശാസ്ര്തജ്ഞൻ വിലക്കുന്നുഃ
-“അരുതേ, മാർജ്ജാരാ…”
“ജനിതകവിധിയിൽ കൈകടത്തരുത്”. പൂച്ചയുടെ പ്രതികരണം.
ആദികവിയുടെ ‘മാ നിഷാദ’ എന്ന പൂർവ്വോക്തി പുനർജ്ജനിപ്പിക്കുന്ന കഥാഭംഗിയാണ് അനുഭവേദ്യം. പ്രണയലേഖനവും നേതാവിന്റെ നയരേഖയും കൈമാറ്റം ചെയ്യുമ്പോഴും വാറ്റുചാരായം ഗ്ലാസിൽ പകരുമ്പോഴും ഓർമ്മിക്കപ്പെടുന്നത് ‘എല്ലാം രഹസ്യമായിരിക്കണം’ എന്നാണ്. സംവദനീയമായ കാര്യം. പക്ഷേ രഹസ്യത്തിന്റെ രഹസ്യം എന്താണ് എന്നതു മാത്രം മനസ്സിലാക്കാൻ കഴിയുന്നില്ല; ‘രഹസ്യത്തിന്റെ രഹസ്യം’ എന്ന കഥ. പെൺകുട്ടിയുടെ കണ്ണുകളിൽ കുറിഞ്ഞിപ്പൂക്കളുടെ നീലിമ കണ്ട് അദ്ധ്യാപകന്റെ ഹൃദയവിന്യാസത്തിന് മാറ്റം സംഭവിക്കുന്നു. സദാചാരത്തിന്റെ സംയമനത്തിൽ സ്വയം തളച്ചിടാൻ നിർബന്ധിതമാകുന്ന നിസ്സഹായത.
കഥകളിലെ നുറുങ്ങുവെട്ടങ്ങൾ ഇങ്ങനെ ചേർത്തുചേർത്ത് വലിയ പ്രകാശമാക്കാം. കഥാകാരന്റെ ദർശനമഹിമയെക്കുറിച്ച് ഉപന്യസിക്കാം. അത്തരം വ്യായാമങ്ങൾക്കൊന്നും ജനിതകവിധിയിൽ അർത്ഥമില്ല. വെളിച്ചത്തിന്റെ കുഞ്ഞുനക്ഷത്രങ്ങൾ ഇരുളിൽ തെളിയുന്നതു നോക്കിക്കാണാനാണ് സുഖം. ചെത്തി മിനുക്കി സുന്ദരമാക്കിയ കഥാശില്പം പ്രിയപ്പെട്ട കഥാവസ്തുപോലെ എനിക്കു മുന്നിലുണ്ട്; മനസ്സിലും ഉണ്ട്. പ്രശസ്ത കാർട്ടൂണിസ്‌റ്റ് കെ.ആർ ഗോപീകൃഷ്ണന്റെ ചിത്രീകരണം ഈ കലാസൃഷ്ടിയുടെ ചാരുത വർദ്ധിപ്പിക്കുന്നു.
വ്യത്യസ്തതയാർന്ന, മൗലിക ചൈതന്യം ഉൾക്കൊള്ളുന്ന ഇത്തരം കൊച്ചുകൊച്ചു കഥകളുടെ സർഗ്ഗാത്മകത അനന്യമായ ഭാവതലം വെളിപ്പെടുത്തുന്നതാണ്. അത് പ്രത്യേകം അഭിനന്ദിച്ചേ മതിയാവൂ. എഴുത്തിന്റെ വഴിയിൽ ഏകാകിയായി സഞ്ചരിക്കുന്ന ഈ കഥാകാരന്റെ യാത്ര ഒപ്പം നടക്കുന്നവർക്ക് സന്തോഷങ്ങൾ സമ്മാനിക്കുന്നു. പുതിയ മുനമ്പുകളിലേക്ക് കൈകൾ കോർത്ത് മുന്നേറാൻ ഉത്സാഹം പകരുന്നു.
ജനറ്റിക് കാനോൺസ് (രമേശ് ബാബു)
പ്രസാഃ പോയട്രീ ഗാർഡൻ പബ്ലിക്കേഷൻ
വില ഃ 25രൂ.
Generated from archived content: book1_dec5_07.html Author: george_onakkur