ശ്രീ കൈരളീ വർണ്ണനം

സസ്യശ്യാമള കോമള കേരളം

കേരളകോവളം കണ്ണിന്നു കോമളം

ഏലമാലേയ ദ്രവ്യ സംക്ഷേപിതം

കളഭകരിപൂരിതം ചോലാവീലാംഗീയോമലാളേ

നിൻവനം സമ്പൽസമൃദ്ധം

തല്ലിയാർത്തുല്ലസിക്കും കൊച്ചരുവികൾ

നെല്ലിയാമ്പതിമലഞ്ചരിവിന്നു ഭൂഷണം

അവർണ്ണനീയനയനാഭിരാമാരാമങ്ങൾ

സുവർണ്ണകുംഭവാഹിയാം കേരവൃക്ഷങ്ങളും

അവർണ്ണനീയപ്രകൃതി സൗഭാഗ്യത്തിൻ

ജീവസ്സുറ്റോരു ചിത്രം കാട്ടിത്തരുന്നു

കറുത്ത സ്വർണ്ണം റബ്ബറേലമെല്ലാം

അർക്കനസ്‌തമിക്കാത്ത നാട്ടിൽ പോലും

പറത്തുന്നൂ നിൻ വിജയക്കൊടി

ചെറുതല്ലമ്മേ നിൻ ഭാഗധേയം

മലയാളഭാഷക്കു മറക്കാനാവാത്തതാം

തുളളലിൻ പ്രിയപിതാവിൻ നാടേ

നവകൈരളീ പിതാവായ്‌

പേലവശാരികപ്പൈതലാൽ കവനകർമ്മം നടത്തിയ

കവിവര്യൻ തുഞ്ചനെ പ്രസവിച്ച നാടേ

കൈരളീക്കലാപ്രഭാവധാവള്യം

ചാരുകഥകളിയിലൂടെ

പാരെങ്ങും പറത്തുന്നു നിൻ വിജയക്കൊടി

ചെറുതല്ലമ്മേ നിൻഭാഗധേയം.

Generated from archived content: poem1_apr05_06.html Author: gb_kurup

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here