ശബ്ദത്തിന്റെ ഷോക് തരംഗങ്ങള്‍ എന്താണെന്നു വിശദീകരിച്ച ശാസ്ത്രജ്ജനാണ് ഓസ്ട്രിയക്കാരനായ ഏണസ്റ്റ് മാക്. ശബ്ദതരംഗത്തിലും വേഗത്തില്‍ പറക്കുന്നവയാണ് സൂപ്പര്‍ സോണിക്ക് ജറ്റുകള്‍ ആ വിമാനം അടുത്തുവരുന്നതും കടന്നു പോകുന്നതും നമ്മള്‍ അറിയുന്നില്ല. പുറകെ വരുന്ന ഇതിന്റെ ശബ്ദം ഷോക്ക് പോലെ അനുഭവപ്പെടും. ആദ്യ സൂപ്പര്‍ സോണിക്ക് വിമാനം നിര്‍മ്മിക്കുന്നതിനു ഏകദേശം അമ്പതു വര്‍ഷം മുന്‍പ് മാക് ഈ പ്രതിഭാസം വിവരിച്ചിരുന്നു. അതുകൊണ്ടു തന്നെ ഈ വിമാനത്തിന്റെ വേഗത മാക് നമ്പറുകളിലാണ് അറിയപ്പെടുന്നത്. ഒരു വിമാനം മാക് ഒന്നില്‍ പറക്കുന്നു എന്നാല്‍ ശബ്ദവേഗതയില്‍ ആ വിമാനം പറക്കുന്നു എന്നര്ഥം. മാക്2 എന്നാല്‍ശബ്ദത്തിന്റെഇരട്ടി വേഗം.
ചാട്ടവാര്‍ ചുഴറ്റി അടിക്കുമ്പോള്‍ അനുഭവപ്പെടുന്ന ശബ്ദം ഷോക്ക് വേവ് പ്രതിഭാസമാണ്. ചാട്ടയുടെ അറ്റം വളരെ നേര്‍ത്തതാണല്ലോ. ചുഴറ്റി വീശുമ്പോള്‍ ഈ ഭാഗം ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നു. തൊട്ടു പുറകെ വരുന്ന ശബ്ദം സൃഷ്ടിക്കുന്ന പ്രകമ്പനമാണ് ഷോക്ക് തരംഗം.
ഹെന്‍ട്രിക് ഹെര്‍ട്സ്
ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ഹെന്‍ട്രിക് ഹെര്‍ട്സാണ് റേഡീയോ തരംഗങ്ങളെ ആദ്യം കണ്ടത്തിയത്. അദ്ദേഹം അതു സൃഷ്ടിക്കുകയും ചെയ്തു. ശബ്ദതരംഗങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ തരംഗങ്ങളുടെയും ആവൃത്തി അളക്കപ്പെടുന്നത് ഹെര്‍ട്രസ് എന്ന യൂണിറ്റിലാണ്. 1 ഹെട്രസ് എന്നാല്‍ ഒരു സെക്കന്റിലുണ്ടാകുന്ന കമ്പനത്തിന്റെ തോതാണ്. ഓരോ പ്രത്യേക ശബ്ദവും പ്രത്യേക തരംഗ ദൈര്‍ഘ്യത്തില്‍ സഞ്ചരിക്കുന്നു. ഒരു ഗാനമേള നടക്കുമ്പോള്‍ വ്യത്യസ്ത വാദ്യോപകരണങ്ങള്‍ വ്യത്യസ്ത ആവൃത്തിയില്‍ ശബ്ദം പുറത്തു വിടുന്നു. എന്നാല്‍ ശബ്ദവേഗതക്കു യാതൊരു മാറ്റവും വരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ഗായകന്റെ ശബ്ദം, തബല, വയലിന്‍ എന്നിവയുടെയൊക്കെ ശബ്ദം പ്രത്യേകം പ്രത്യേകം സമയങ്ങളില്‍ കേട്ടേനെ.
ഡെസിബല്‍ സ്കെയില്‍
ശബ്ദത്തിന്റെ ഒച്ചയെ നിര്‍ണ്ണയിക്കുന്നതു അതില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജത്തിന്റെ തീവ്രതയാണ് . വന്‍ പ്രകമ്പനങ്ങള്‍ വലിയ തോതില്‍ ഊര്‍ജം വഹിക്കുന്നു. സ്ഫോടനങ്ങള്‍, ജെറ്റ് വിമാനങ്ങള്‍, എന്നിവ സൃഷ്ടിക്കുന്ന ശബ്ദവും ഒരു ഇല വീഴുന്ന ശബ്ദവും തമ്മിലുള്ള ആംപ്ലിറ്റ്യൂഡിന്റെ വ്യത്യാസം അളക്കാന്‍ ഉപയോഗിക്കുന്ന സ്കെയിലാണ് ഡെസിബെല്‍ സ്കെയില്‍. പത്തിന്റെ(ഡെസി) ഗുണിതങ്ങളായിട്ടാണ് ശബ്ദത്തിന്റെ തീവ്രത അളക്കുന്നത്.അലക്സാണ്ടര്‍ ഗ്രഹാം ബെല്ലിന്റെ സ്മരണക്കായി ഡെസിബെല്‍ എന്ന് ഇതിനു പേരിട്ടിരിക്കുന്നു. കരിയിലകള്‍ വീഴുന്നത് 20 ഡെസിബെല്ലില്‍. മൂന്നാലു പേര്‍ സംസാരിക്കുമ്പോളുള്ള ഡെസിബല്‍ 40. ഒരു റോക്ക് മ്യൂസിക് പ്രോഗ്രാമില്‍ ഇതു 100 ഡെസിബെല്‍ വരെ എത്തും. ഒരു സ്പെയ്സ് ഷട്ടില്‍ യാത്ര പുറപ്പെടുമ്പോഴുള്ള ശബ്ദ തീവ്രത 120 ഡെസിബെല്‍ ആണ്. ശബ്ദം 110 ഡെസിബെല്ലില്‍ കൂടുന്നുണ്ടോ എന്നറിയാന്‍ പല ഫാക്ടറികളിലും സൗണ്ട് ലെവല്‍ മീറ്ററുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
സ്റ്റെന്റെര്‍ എന്ന പടത്തലവന് അസാമാന്യമായ ഉച്ചത്തില്‍ സംസാരിക്കാന്‍ കഴിവുണ്ടായിരുന്നെന്നു ഗ്രീക്ക് ഇതിഹാസരചയിതാവ് രേഖപ്പെടുത്തിയിരിക്കുന്നു.അമ്പതുപേരുടെ ശബ്ദം കൂട്ടി വയ്ക്കുന്നത്രയും വരുമത്രെ സ്റ്റെന്‍സറുടെ ശബ്ദ. ഡെസിബെല്ലില്‍ അളന്നാല്‍ ഏകദേശം 100 ഡെസിബെല്‍. stentorian tone എന്ന പ്രയോഗം വന്നത് ഇതില്‍ നിന്നാണ്.
മനുഷ്യന്റെ ചെവിക്ക് 20 മുതല്‍ 20000 hz നു ചുറ്റുമുള്ള ശബ്ദം തിരിച്ചറിയാന്‍ സാധിക്കും. ശ്രവണ സമ്വിധാനത്തോടു കൂടുതല്‍ അടുത്തു നില്‍ക്കുന്നതു 1000 hz നു ചുറ്റുമുള്ള ശബ്ദങ്ങള്‍. മനുഷ്യശബ്ദത്തില്‍ താഴ്ന്ന പിച്ച്( 50hz) മുതല്‍ 10000hz വരെയുള്ള സ്വരം അടങ്ങിയിരിക്കുന്നു. വലതു വശത്തെ ശബ്ദം ഇടതു ചെവിയില്‍ എത്തുന്നതിനു മുന്‍പ് ഒരു സെക്കന്റിന്റെ 1/10നു മുന്‍പ് വലതു ചെവിയില്‍ എത്തും. അതുകൊണ്ടാണ് ഏതു ദിശയില്‍ നിന്നു ശബ്ദം വരുന്നതെന്നു തിരിച്ചറിയാന്‍ സാധിക്കുന്നത്. മനുഷ്യനു പ്രായമാകുന്തോറും കേള്‍ക്കാന്‍ സാധിക്കുന്ന ശബ്ദതരംഗദൈര്‍ഘയത്തിന്റെ തോതില്‍ വ്യത്യാസം വരും. ഒരു കുട്ടിക്ക് 20000hz വരെയുള്ള തരംഗങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുമെങ്കില്‍ എഴുപതുവയസുള്ള ഒരാള്‍ക്ക്‍ സാധിക്കുന്നത്12000hz വരെയുള്ള തരംഗങ്ങള്‍ ആണ്.
ശബ്ദങ്ങളും മൃഗങ്ങളും
മനുഷ്യനു കേള്‍ക്കാന്‍ സാധിക്കാത്തതും പുറപ്പെടൂവിക്കാന്‍ പറ്റാത്തതുമായ ശബ്ദം ചില മൃഗങ്ങള്‍ പുറപ്പെടുവിക്കും. ചില തവളകള്‍ ഇത്തരം ശബ്ദം പുറപ്പെടുവിക്കും. തൊണ്ടയുടെ താഴെയുള്ള പ്രത്യേക വായു സഞ്ചി വീര്‍പ്പിച്ചാണു ഇതു സാധിക്കുന്നത്. മൃഗലോകത്തെ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നത് കുരങ്ങുകളാണ്. ഹൗളര്‍ മങ്കിയുടെ ചീറ്റല്‍ പതിനാറുകിലോമീറ്റര്‍ദൂരത്തോളം എത്തും നാസാരന്ധ്രത്തിനു കീഴിലെ അസ്ഥിയിലുള്ള ശൂന്യ സ്ഥലത്തിനുള്ളില്‍ കൂടി വായു തള്ളി വിട്ടാണ് ഉയര്‍ന്ന സ്വരം സൃഷ്ടിക്കുന്നത്. പ്രാണികള്‍ക്കു ശ്വാസകോശങ്ങള്‍ ഇല്ലാത്തതിനാല്‍ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനാവില്ല. മിക്കവാറും ഏതു മൃഗങ്ങള്‍ക്കും അവയ്ക്കു പുറത്തു വിടന്‍ പറ്റുന്നതിലും ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ള ശബ്ദം കേള്‍ക്കാന്‍ സാധിക്കും.
ബാത്റൂം ഗായകര്‍
മൂളിപ്പാട്ടു പോലും പാടത്തവര്‍ കുളിമുറിയില്‍ കയറൂമ്പോള്‍ പാടുന്നതിന്റെ കാരണം പ്രതിധ്വനിയാണ്. നാലു ചുവരുകളില്‍ തട്ടിയുണ്ടാകുന്ന ശബ്ദം കൂടുതല്‍ കരുത്തും ഗാംഭീര്യവുമുള്ളതായി മാറുന്നു. ഭിത്തിയുടെ ഉപരിതല സ്വഭാവം പോലിരിക്കും പാട്ടിന്റ്റെ ഗാംഭീര്യം. പരുപരുത്ത പ്രതലം പ്രതിധ്വനിയുടെ ആഘാതം കൂട്ടും.
അള്‍ട്രാ സൗണ്ട്
20000 നു മുകളില്‍ തരംഗദൈര്‍ഘ്യമുള്ള ശബ്ദങ്ങള്‍ മനുഷ്യനു കേള്‍ക്കാന്‍ സാധിക്കില്ല. ഇതിനെ അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ ആള്‍ട്രാ സോണിക് എന്നു വിളിക്കുന്നു. വൈദ്യശാസ്ത്രരംഗത്ത് ഇത്തരം ശബ്ദവീചികള്‍ പരിശോധനക്കായി ഉപയോഗിക്കുന്നു. സമുദ്രത്തിന്റെഅടിത്തട്ടില്‍ കിടക്കുന്ന സാധനങ്ങള്‍ കണ്ടെത്താന്‍ അള്‍ട്രാ സോണിക് തരംഗങ്ങള്‍ ഉപയോഗിക്കുന്നു. ഇതിനുള്ള സോണാര്‍ വികസിപ്പിച്ചതു ഫ്രഞ്ചുകാരനായ പോള്‍ ലാന്‍ഗ്വിന്‍. മഞ്ഞുമലയില്‍ ഇടിച്ച് അറ്റ്ലാന്റിക്കില്‍ താന്നുപോയ ടൈറ്റാനിക് ദുരന്തം ആവര്‍ത്തിക്കാതിരിക്കാനാണ് അദ്ദേഹം ഇതു വികസിപ്പിച്ചത്. അള്‍ട്രാസോണിക് തരംഗങ്ങള്‍ ലക്ഷ്യ് സ്ഥാനത്തു തട്ടിതിരിച്ചു വരുന്നു. എത്ര ദൂരത്തില്‍ എവിടെ ഏതു സ്ഥാനത്താണ് നാം അന്വേഷിക്കുന്ന വസ്തു എന്നറിയാന്‍ സാധിക്കും.
Generated from archived content: science1_sep15_11.html Author: ganesh_kumar