ആരും കേണലിന് എഴുതുന്നില്ല: 9

സബാസിന്റെ ഓഫീസില്‍ നിന്നും പോരുമ്പോള്‍ അയാള്‍ക്ക് കുടലില്‍ ശക്തമായ ഒരു പിടുത്തം അനുഭവപ്പെട്ടു. പക്ഷെ, ഇപ്പോഴത്തേത് കാലാവസ്ഥ മൂലമല്ലെന്ന് അയാള്‍ക്കറിയാമായിരുന്നു. തപാലാപ്പീസില്‍ അയാള്‍ നേരെ പോസ്റ്റ്മാസ്റ്ററെ സമീപിച്ചു.

‘ഞാനൊരു അടിയന്തര എഴുത്ത് പ്രതീക്ഷിക്കുന്നുണ്ട്,’ അയാള്‍ പറഞ്ഞു. ‘അതൊരു വിമാനത്തപാലായിരിക്കും.’

പോസ്റ്റ്മാസ്റ്റര്‍ എഴുത്തുകളുടെ കള്ളികളില്‍ തിരഞ്ഞു. എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ അവ അതാതിന്റെ സ്ഥാനത്ത് തിരിച്ചുവെച്ചു. എന്നാല്‍ അദ്ദേഹം ഒന്നും മിണ്ടിയില്ല. കയ്യിലെ പൊടിതട്ടി കേണലിനെ അര്‍ത്ഥഗര്‍ഭമായി ഒന്നു നോക്കുക മാത്രം ചെയ്തു.

‘തീര്‍ച്ചയായും, അത് ഇന്ന് വരേണ്ടതായിരുന്നു, ‘ കേണല്‍ പറഞ്ഞു.

പോസ്റ്റ്മാസ്റ്റര്‍ നിസ്സഹായമായി തോള്‍ കുലുക്കി.

‘തീര്‍ച്ചയായും വരുന്നത് മരണം മാത്രമാണ്, കേണല്‍’

ഭാര്യ ഒരു പാത്രം ചോളക്കഞ്ഞി കൊണ്ടുവന്നു. ഓരോ സ്പൂണിനിടയിലും ചിന്തിക്കാന്‍ ധാരാളം സമയം നല്‍കിക്കൊണ്ട് അയാള്‍ നിശ്ശബ്ദം ഭക്ഷിച്ചു. എതിര്‍വശത്തിരുന്നിരുന്ന ഭാര്യ അയാളുടെ മുഖത്ത് എന്തോ ഭാവമാറ്റം ശ്രദ്ധിച്ചു.

‘എന്താണ് കാര്യം?’ അവള്‍ ചോദിച്ചു.

‘പെന്‍ഷനുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ കാര്യം ആലോചിക്കുകയായിരുന്നു ഞാന്‍,’ കേണല്‍ കള്ളം പറഞ്ഞു. ‘അമ്പതു കൊല്ലത്തിനു ശേഷം നമ്മള്‍ ആറടി മണ്ണിനടിയിലായിരിക്കും. അപ്പോള്‍ ആ പാവം മനുഷ്യന്‍ എല്ലാ വെള്ളിയാഴ്ചയും തന്റെ പെന്‍ഷന്‍ വരുന്നതും കാത്ത് സ്വയം നശിക്കുകയായിരിക്കും.’

‘ഇതൊരു ദുര്‍ലക്ഷണമാണ്,’ സ്ത്രീ പറഞ്ഞു. ‘ഇതിനര്‍ത്ഥം നിങ്ങള്‍ ഇതിനകം തന്നെ കീഴടങ്ങുകയാണെന്നാണ്. അവള്‍ കഞ്ഞി കഴിച്ചുകൊണ്ടിരുന്നു. ഒരു നിമിഷത്തിനു ശേഷം ഭര്‍ത്താവ് അപ്പോഴും അകലെയെവിടെയോ ആണെന്ന് അവള്‍ മനസ്സിലാക്കി.

‘ഇപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത് കഞ്ഞി ആസ്വദിക്കുകയാണ്.’

‘വളരെ നന്നായിരിക്കുന്നു,’ കേണല്‍ പറഞ്ഞു. ‘ഇതെവിടെനിന്നു വന്നു?’

‘കോഴിയില്‍ നിന്ന്,’ സ്ത്രീ മറുപടി പറഞ്ഞു.

‘പയ്യന്മാര്‍ വളരെയേറെ ധാന്യം കൊണ്ടുവന്നിരുന്നതിനാല്‍ അവന്‍ അത് നമുക്കു കൂടി പങ്കുവെക്കാമെന്ന് തീരുമാനിച്ചു. ഇതാണ് ജീവിതം.’ ‘അതു ശരിയാണ്,’ കേണല്‍ നെടുവീര്‍പ്പിട്ടു. ‘കണ്ടുപിടിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും നല്ല വസ്തു ജീവിതമാണ്.’

അയാള്‍ സ്റ്റൗവിന്റെ കാലില്‍ കെട്ടിയിട്ടിരുന്ന കോഴിയെ നോക്കി. ഇത്തവണ അവന്‍ ഒരു വ്യത്യസ്ത ജീവിയാണെന്ന് അയാള്‍ക്ക് തോന്നി. സ്ത്രീയും അവനെ നോക്കി.

‘ഇന്നു വൈകുന്നേരം എനിക്ക് കുട്ടികളെ വടിയെടുത്ത് ഓടിക്കേണ്ടി വന്നു.’ അവള്‍ പറഞ്ഞു. ‘അവര്‍ ഒരു തള്ളക്കോഴിയെ പൂവനുമായി ഇണചേര്‍ക്കാന്‍ കൊണ്ടുവന്നു.’

‘അത് ഇതാദ്യമായല്ല,’ കേണല്‍ പറഞ്ഞു. ഇതു തന്നെയാണ് അവര്‍ പണ്ട് നഗരങ്ങള്‍ കേണല്‍ ഒറേലിയാനൊ ബുവെന്‍ഡിയയോടും ചെയ്തത്. അവര്‍ കൊച്ചു പെണ്‍കുട്ടികളെ അയാളുടെ അടുത്തേക്ക് ഇണചേരാന്‍ കൊണ്ടുവന്നു.’

ആ തമാശ അവളില്‍ ഒരു ഉണര്‍വ്വുണ്ടാക്കി. മനുഷ്യരുടെ സംഭാഷണം പോലെ കോഴി പുറപ്പെടുവിച്ച ഒരു ശബ്ദം ഹാളില്‍ മുഴങ്ങി. ‘ചിലപ്പോള്‍ എനിക്കു തോന്നാറുണ്ട് അവന്‍ സംസാരിക്കാന്‍ തുടങ്ങുമെന്ന്,’ അവള്‍ പറഞ്ഞു. കേണലും അവനെ നോക്കി.

‘അവന് അവന്റെ ഭാരത്തിന്റെയത്ര സ്വര്‍ണ്ണത്തിന്റെ വിലയുണ്ട്.’ അയാള്‍ പറഞ്ഞു.

ഒരു സ്പൂണ്‍ കഞ്ഞി അകത്താക്കുന്നതിനിടയില്‍ അയാള്‍ ചില കണക്കുകൂട്ടലുകള്‍ നടത്തി. ‘മൂന്നു കൊല്ലത്തേക്ക് അവന്‍ നമ്മെ തീറ്റിപ്പോറ്റും.’ ‘പ്രത്യാശ ഭക്ഷിക്കാന്‍ പറ്റില്ല.’ സ്ത്രീ പറഞ്ഞു.

‘പ്രത്യാശ ഭക്ഷിക്കാന്‍ പറ്റില്ല, പക്ഷെ, അതു നമ്മെ നിലനിര്‍ത്തും,’ കേണല്‍ മറുപടി പറഞ്ഞു. ‘അത് എന്റെ സുഹൃത്ത് സബാസിന്റെ അത്ഭുത ഗുളികകളെപ്പോലെയാണ്.’

മനസ്സില്‍ നിന്നും രൂപങ്ങള്‍ മായ്ക്കാന്‍ ശ്രമിച്ചുകൊണ്ട് ആ രാത്രി അയാള്‍ നന്നായി ഉറങ്ങിയില്ല. പിറ്റേ ദിവസം ഉച്ചഭക്ഷണത്തിന് ഭാര്യ രണ്ടു പ്ളെയ്റ്റ് കഞ്ഞി വിളമ്പി വെച്ചിരുന്നു. അവള്‍ തല കുനിച്ച് ഒന്നും മിണ്ടാതെയിരുന്ന് കഴിച്ചു. കേണലിന് അവളുടെ വിഷാദഭാവം മനസ്സില്‍ അറിയാന്‍ കഴിഞ്ഞു.

‘എന്താണ് കാര്യം?’

‘ഒന്നുമില്ല,’ സ്ത്രീ പറഞ്ഞു. ഇത്തവണ കള്ളം പറയാനുള്ള ഊഴം അവളുടെയാണെന്ന് കേണലിനു തോന്നി. അയാള്‍ അവളെ സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവള്‍ അതേ നില തുടര്‍ന്നു.

‘അസാധരണമായി ഒന്നുമില്ല,’ അവള്‍ പറഞ്ഞു. ‘ഞാന്‍ ആലോചിക്കുകയായിരുന്നു. ആ മനുഷ്യന്‍ മരിച്ചിട്ട് രണ്ടു മാസമായി. എന്നിട്ടും ഇതുവരെ ഞാന്‍ ആ കുടുംബത്തെ ഒന്നു കാണാന്‍ പോയില്ല.’

അന്നു രാത്രി അവള്‍ അവരെ കാണാന്‍ പോയി. കേണലും മരിച്ച മനുഷ്യന്റെ വീട്ടിലേക്ക് അവളെ അനുഗമിച്ചു. എന്നിട്ട് ഉച്ചഭാഷിണിയില്‍ നിന്നും വരുന്ന സംഗീതത്താല്‍ ആകര്‍ഷിക്കപ്പെട്ട് അയാള്‍ സിനിമാ കൊട്ടകയിലേക്കു തിരിച്ചു. തന്റെ ഓഫീസിന്റെ വാതില്‍ക്കലിരുന്ന് ആഞ്ചലച്ചന്‍, പന്ത്രണ്ടു തവണത്തെ തന്റെ മുന്നറിയിപ്പുകള്‍ വകവെക്കാതെ കളികാണാന്‍ വരുന്നത് ആരൊക്കെയാണെന്നറിയാന്‍ കൊട്ടകയുടെ പ്രവേശന കവാടം നിരീക്ഷിക്കുകയായിരുന്നു. പ്രകാശപൂരവും കര്‍ണ്ണകഠോരമായ സംഗീതവും കുട്ടികളുടെ ബഹളവും ആ പ്രദേശത്തിനു ചുറ്റും പ്രതിരോധമുയര്‍ത്തി.

കുട്ടികളിലൊരുവന്‍ മരത്തിന്റെ തോക്കു ചൂണ്ടി കേണലിനെ ഭീഷണിപ്പെടുത്തി.

‘കോഴിയുടെ പുതിയ വിവരമെന്താണ്, കേണല്‍?’ അവന്‍ അധികാരസ്വരത്തില്‍ ചോദിച്ചു. കേണല്‍ കൈകളുയര്‍ത്തി.

‘ഇപ്പോഴും അവനിവിടെയൊക്കെയുണ്ട.്’

കൊട്ടകയുടെ മുന്‍വശം മുഴുവനും ‘പാതിരാകന്യക’യുടെ ഒരു ബഹുവര്‍ണ്ണ പരസ്യചിത്രം കൊണ്ടു മൂടിയിരുന്നു. കാലുകളിലൊന്ന് നിതംബം വരെ നഗ്നമാക്കപ്പെട്ട നിശാവസ്ത്രമണിഞ്ഞ സ്ത്രീയുടെ പടമായിരുന്നു അത്. ദൂരെ ഇടിയും മിന്നലും ആരംഭിക്കുന്നതുവരെ കേണല്‍ ആ പരിസരത്ത് കറങ്ങിനടന്നു. എന്നിട്ട് അയാള്‍ ഭാര്യയുടെ അടുത്തേക്ക് തിരിച്ചു.

അവള്‍ മരിച്ച ആളുടെ വീട്ടിലുണ്ടായിരുന്നില്ല. സ്വന്തം വീട്ടിലും ഉണ്ടായിരുന്നി ല്ല. നിശാനിയമം തുടങ്ങാന്‍ അധിക സമയമില്ലെന്ന് അയാള്‍ കണക്കുകൂട്ടി. ക്‌ളോക്ക് നിന്നിരുന്നു. കാറ്റും കോളും പട്ടണത്തിലേക്കടുക്കുന്നത് മനസ്സില്‍ കണ്ടുകൊണ്ട് അയാള്‍ കാത്തു. വീണ്ടും പുറത്തേക്ക് പോകാനൊരുങ്ങുമ്പോഴേയ്ക്കും ഭാര്യ എത്തി.

അയാള്‍ കോഴിയെ കിടപ്പുമുറിയിലേക്കു മാറ്റി. ഭാര്യ വേഷം മാറ്റി, കുടിക്കാന്‍ വെള്ളമെടുക്കാന്‍ സ്വീകരണമുറിയിലേക്കു പോകുമ്പോഴേക്കും കേണല്‍ ക്‌ളോക്കിന് താക്കോല്‍ കൊടുത്ത് സമയം ശരിയാക്കാന്‍ കര്‍ഫ്യു മുഴങ്ങുന്നതും കാത്തിരിപ്പായി.

‘നീയെവിടെയായിരുന്നു?’ കേണല്‍ ചോദിച്ചു.

‘കവലയില്‍,’ സ്ത്രീ മറുപടി പറഞ്ഞു.

ഭര്‍ത്താവിന്റെ നേരെ നോക്കാതെ അവള്‍ ഗ്ളാസ് തിണ്ണയില്‍ വെച്ച് കിടപ്പുമുറിയിലേക്ക് തിരിച്ചെത്തി.

‘ഇത്ര വേഗം മഴ പെയ്യുമെന്ന് ആരും വിചാരിച്ചില്ല.’ കേണല്‍ അഭിപ്രായമൊന്നും പറഞ്ഞില്ല.

കര്‍ഫ്യു മുഴങ്ങിയപ്പോള്‍ അയാള്‍ ക്‌ളോക്ക് പതിനൊന്നു മണിയാക്കി വെച്ച് കൂട് അടച്ച് കസേര അതിന്റെ സ്ഥാനത്തു വെച്ചു. അപ്പോള്‍ അയാള്‍ ഭാര്യ കൊന്ത ജപിക്കുന്നതു കണ്ടു.

‘നീ എന്റെ ചോദ്യത്തിനുത്തരം പറഞ്ഞില്ല.’

‘എന്ത്?’

‘നീ എവിടെയായിരുന്നു?’

‘ഞാന്‍ അവിടെ വര്‍ത്തമാനം പറഞ്ഞു നിന്നു,’ അവള്‍ പറഞ്ഞു. ‘ഞാന്‍ വീടിനു പുറത്തുപോയിട്ട് വളരെ കാലമായി’

കേണല്‍ തൂക്കുമഞ്ചം തൂക്കിയിട്ടു. വീടു പൂട്ടി മുറി പുകച്ച് അണുവിമുക്തമാക്കി.

എന്നിട്ട് വിളക്ക് നിലത്തു വെച്ച് കിടന്നു.

‘എനിക്കു മനസ്സിലായി,’ അയാള്‍ ദു: ഖത്തോടെ പറഞ്ഞു. ‘കഷ്ടകാലത്തിന്റെ ഏറ്റവും ചീത്ത വശം അതു നമ്മെ നുണ പറയിപ്പിക്കുന്നു എന്നതാണ്.’

അവള്‍ ദീര്‍ഘമായി നെടുവീര്‍പ്പിട്ടു.

‘ഞാന്‍ ആഞ്ചലച്ചന്റെ അടുത്തായിരുന്നു,’ അവള്‍ പറഞ്ഞു. ‘നമ്മുടെ വിവാഹമോതിരങ്ങളുടെ ഈടില്‍ പണം കടം ചോദിക്കാന്‍ പോയതായിരുന്നു.’

‘എന്നിട്ട് അദ്ദേഹം എന്തുപറഞ്ഞു?’

‘പാവനമായ വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നത് പാപമാണെന്നു പറഞ്ഞു.’

അവള്‍ കൊതുകുവലയുടെ അകത്തുനിന്നും സംസാരിച്ചുകൊണ്ടിരുന്നു.

‘രണ്ടു ദിവസം മുമ്പ് ഞാന്‍ ക്‌ളോക്ക് വില്‍ക്കാന്‍ ശ്രമിച്ചു,’ അവള്‍ പറഞ്ഞു. ‘ആര്‍ക്കും താത്പര്യമില്ല. കാരണം ഇപ്പോള്‍ തിളങ്ങുന്ന അക്കങ്ങളുള്ള ആധുനിക ക്‌ളോക്കുകള്‍ ഗഡു വ്യവസ്ഥയില്‍ വാങ്ങാന്‍ കിട്ടും. അവയില്‍ രാത്രിയിലും സമയം കാണാന്‍ പറ്റും. ‘ നാല്‍പ്പതുവര്‍ഷക്കാലം ഒപ്പം പങ്കുവെച്ച ജീവിതവും ദാരിദ്ര്യവും ദുരിതങ്ങളും ഒന്നും തനിക്ക് സ്വന്തം ഭാര്യയെ മനസ്സിലാക്കാന്‍ പോരാതെ വന്നു എന്ന് അയാള്‍ക്ക് സ്വയം സമ്മതിക്കേണ്ടിവന്നു. അവളുടെ സ്നേഹത്തിനും എന്തോ വാര്‍ദ്ധക്യമേറ്റിട്ടുണ്ടെന്ന് അയാള്‍ക്കു തോന്നി.

…………………

വിവര്‍ത്തനം: പരമേശ്വരന്‍

Generated from archived content: aarum9.html Author: gabriel_garcia_marquez

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English