‘നില്‍ക്കൂ, ഞാനൊരു കുട തരാം, സുഹൃത്തേ’ സബാസ് ഓഫീസിലെ ചുമരലമാറ തുറന്നു. അകത്ത് ആകെ അലങ്കോലമായിരുന്നു:കൂട്ടിയിട്ടിരുന്ന സവാരി ബൂട്ടുകള്‍, കടിഞ്ഞാണുകള്‍, കാല്‍പ്പടികള്‍, ഒരു അലുമിനിയും പാട്ട നിറയെ കുതിമുള്ളുകള്‍. മുകള്‍ഭാഗത്തുനിന്നും അഞ്ചാറു കുടകള്‍, സ്ത്രീകളുടെ കുടകള്‍ എന്നിവ തൂക്കിയിട്ടിരുന്നു. കേണലിന് എന്തോ അത്യാഹിതത്തിന്റെ അവശിഷ്ടങ്ങള്‍ പോലെ തോന്നി.
‘നന്ദി, സുഹൃത്തേ,’ ജനലിന്മേല്‍ ചാരിക്കൊണ്ട് കേണല്‍ പറഞ്ഞു. ‘മഴ മാറിയിട്ടു പോകാമെന്നാണ് ഞാന്‍ വിചാരിച്ചത്.’ സബാസ് അലമാര അടച്ചില്ല. അയാള്‍ ഡസ്‌കില്‍ പങ്കയുടെ പരിധിയിലായി ഇരുന്നു. എന്നിട്ട് പഞ്ഞിയില്‍ പൊതിഞ്ഞ സിറിഞ്ച് വലിപ്പില്‍ നിന്നും എടുത്തു.
കേണല്‍ ചാരനിറമാര്‍ന്ന ബദാം വൃക്ഷങ്ങള്‍ വീക്ഷിച്ചു. അതൊരു ശൂന്യമായ സായാഹ്നമായിരുന്നു.
‘ഈ ജനലില്‍ നിന്നു നോക്കുമ്പോള്‍ മഴ വ്യത്യസ്തമാണ്,’ അയാള്‍ പറഞ്ഞു. ‘അത് മറ്റൊരു പട്ടണത്തില്‍ പെയ്യുന്നതുപോലെ തോന്നുന്നു.’
‘മഴ എവിടെ നിന്നു നോക്കിയാലും മഴ തന്നെ,’ സബാസ് മറുപടി പറഞ്ഞു. അയാള്‍ സിറിഞ്ച് ഡസ്‌കിന്റെ ഗ്ളാസ് പ്രതലത്തില്‍ തിളപ്പിക്കാന്‍ വെച്ചു. ‘ഈ പട്ടണം നാറുന്നു.’
കേണല്‍ തോള്‍ കുലുക്കിക്കൊണ്ട് വിയോജിപ്പ് പ്രകടിപ്പിച്ചു. അയാള്‍ ഓഫീസിന്റെ മദ്ധ്യത്തിലേക്കു നടന്നു. തിളക്കമാര്‍ന്ന തുണി പൊതിഞ്ഞ ഫര്‍ണ്ണീച്ചറുകളുള്ള പച്ച തറയോടിട്ട മുറി. പിന്നില്‍ അടുക്കും ചിട്ടയുമില്ലാതെ കൂട്ടിയിട്ടിരിക്കുന്ന ഉപ്പിന്‍ചാക്കുകളും തേനീച്ചക്കൂടുകളും സവാരിജീനികളും.
സബാസിന്റെ നിസ്സംഗമായ ദൃഷ്ടികള്‍ അയാളെ പിന്തുടര്‍ന്നു. ‘നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അങ്ങനെ ചിന്തിക്കുമായിരുന്നില്ല,’ കേണല്‍ പറഞ്ഞു.
ഡസ്‌കിനു മുന്നില്‍ കുനിഞ്ഞു നില്‍ക്കുന്ന മനുഷ്യനില്‍ ശാന്തമായ ദൃഷ്ടി പതിപ്പിച്ചുകൊണ്ട് കേണല്‍ ചമ്രം പടിഞ്ഞിരുന്നു. തടിച്ച് അയഞ്ഞുതൂങ്ങുന്ന പേശികളുള്ള ആ കുറിയ മനുഷ്യന്റെ കണ്ണുകളില്‍ ഒരു മരത്തവളയുടെ ദു:ഖം നിഴലിച്ചിരുന്നു.
‘ഒരു ഡോക്ടറെക്കൊണ്ടു പരിശോധിപ്പിക്കൂ, ചങ്ങാതീ,’ സബാസ് പറഞ്ഞു. ‘ശവസംസ്‌കാരത്തിനു ശേഷം നിങ്ങള്‍ വളരെ ദു:ഖിതനാണ്’ കേണല്‍ തലയുയര്‍ത്തി.
‘എനിക്ക് ഒരസുഖവുമില്ല.’ സബാസ് സിറിഞ്ച് തിളയ്ക്കാനായി കാത്തുനിന്നു. ‘എനിക്കും അതു തന്നെ പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു.’ അയാള്‍ പരാതിപ്പെട്ടു. ‘നിങ്ങള്‍ ഭാഗ്യവാനാണ് കാരണം നിങ്ങള്‍ക്ക് ഇരുമ്പിന്റെ ആമാശയമുണ്ട്.’ അയാള്‍ തന്റെ കറുത്ത വടുകളുള്ള രോമാവൃതമായ പുറംകൈകള്‍ വീക്ഷിച്ചുകൊണ്ടു നിന്നു.
വിവാഹമോതിരത്തിനൊപ്പം അയാള്‍ കറുത്ത കല്ലു വെച്ച ഒരു മോതിരവും അണിഞ്ഞിരുന്നു.
‘അതു ശരിയാണ,്’ കേണല്‍ സമ്മതിച്ചു.
ഓഫീസിനെ വീടിന്റെ ബാക്കി ഭാഗവുമായി ബന്ധിപ്പിക്കുന്ന വാതിലിലൂടെ സബാസ് ഭാര്യയെ വിളിച്ചു. എന്നിട്ട് അയാള്‍ തന്റെ ശ്രമകരമായ ഭക്ഷണക്രമം വിവരിക്കാന്‍ തുടങ്ങി.
അയാള്‍ ഷര്‍ട്ടിന്റെ കീശയില്‍ നിന്നും ഒരു കുപ്പിയെടുത്ത് അതില്‍ നിന്നും ഒരു പയറുമണിയുടെ വലിപ്പമുള്ള ഒരു വെള്ള ഗുളികയെടുത്ത് ഡസ്‌കിന്മേല്‍ വെച്ചു.
‘എല്ലായിടത്തും ഇതു കൊണ്ടുനടക്കുന്നത് ഒരു പീഡനം തന്നെയാണ്,’ അയാള്‍ പറഞ്ഞു. ‘കീശയില്‍ മരണവുമായി നടക്കുന്നതുപോലെയാണ് അത്.’
കേണല്‍ ഡസ്‌കിന്റെ അടുത്തു ചെന്ന് ഗുളിക കയ്യിലെടുത്ത് പരിശോധിച്ചു, സബാസ് രുചിച്ചുനോക്കാന്‍ ക്ഷണിക്കുന്നതു വരെ.
‘കാപ്പിക്ക് മധുരത്തിനു വേണ്ടിയാണ് അത്,’ അയാള്‍ വിശദീകരിച്ചു. ‘അത് പഞ്ചസാരയി ല്ലാത്ത പഞ്ചസാരയാണ്’ ‘തീര്‍ച്ചയായും,’ ഉമിനീരില്‍ ശോകം നിറഞ്ഞ മധുരം നുണഞ്ഞുകൊണ്ട് കേണല്‍ പറഞ്ഞു. ‘അത് മണികളില്ലാത്ത മണിമുഴക്കം പോലെയാണ്.’
ഭാര്യ മരുന്നു കുത്തിവെച്ചതിനുശേഷം സബാസ് കൈമുട്ടുകള്‍ ഡസ്‌കില്‍ വെച്ച് കൈകളില്‍ മുഖം താങ്ങിക്കൊണ്ട് ഇരുന്നു. കേണലിന് തന്റെ ശരീരം എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. സ്ത്രീ ഫാനിന്റെ പ്ളഗ്ഗൂരി ഇരുമ്പലമാരയുടെ മുകളില്‍ വെച്ച് മറ്റേ അലമാരയുടെ അടുത്തേക്ക് നീങ്ങി.
‘കുടകള്‍ക്ക് മരണവുമായി എന്തോ ബന്ധമുണ്ട്’ അവള്‍ പറഞ്ഞു.
കേണല്‍ അതു ശ്രദ്ധിച്ചില്ല. അയാള്‍ തപാല്‍ നോക്കാനായി നാലുമണിക്ക് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പക്ഷെ, മഴ കാരണം അയാള്‍ക്ക് സബാസിന്റെ ഓഫീസില്‍ അഭയം തേടേണ്ടിവന്നു. യന്ത്രബോട്ടുകള്‍ ചൂളം വിളിക്കുമ്പോഴും മഴ തകര്‍ത്തു പെയ്യുകയായിരുന്നു.
‘എല്ലാവരും പറയുന്നു, മരണം ഒരു സ്ത്രീയാണെന്ന്,’ സ്ത്രീ തുടര്‍ന്നു. അവള്‍ ഭര്‍ത്താവിനേക്കാള്‍ ഉയരമുള്ള തടിച്ച ഒരു സ്ത്രീയായിരുന്നു. അവളുടെ മേല്‍ച്ചുണ്ടില്‍ രോമമുള്ള ഒരു അരിമ്പാറയുണ്ടായിരുന്നു. അവളുടെ സംഭാഷണരീതി പങ്കയുടെ മൂളലിനെ ഓര്‍മ്മിപ്പിച്ചു. ‘എന്നാല്‍. ഞാന്‍ അതൊരു സ്ത്രീയാണെന്നു കരുതുന്നില്ല.’ അവള്‍ അലമാര അടച്ച് വീണ്ടും കേണലിന്റെ കണ്ണുകളിലേക്കു നോക്കി.
‘എനിക്കു തോന്നുന്നത് അത് നഖങ്ങളുള്ള ഒരു മൃഗമാണന്നാണ്.’ ‘അതു ശരിയാവാം,’ കേണല്‍ സമ്മതിച്ചു. ‘ചിലപ്പോള്‍ വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കാറുണ്ട്.’
അയാള്‍ പോസ്റ്റ്മാസ്റ്റര്‍ മഴക്കോട്ടണിഞ്ഞ് യന്ത്രബോട്ടിലേക്ക് കയറുന്നതിനെപ്പറ്റി ഓര്‍ത്തു. വക്കീലിനെ മാറ്റിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഒരു മറുപടി പ്രതീക്ഷിക്കാനുള്ള അവകാശം അയാള്‍ക്കുണ്ട്.
അയാള്‍ എന്തോ മനോരാജ്യത്തിലാണെന്ന് ശ്രദ്ധയില്‍ പെടുന്നതുവരെ സബാസിന്റെ ഭാര്യ മരണത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. ‘സ്‌നേഹിതാ, നിങ്ങള്‍ക്കെന്തോ മന:പ്രയാസമുണ്ടെന്നു തോന്നുന്നു.’
കേണല്‍ നിവര്‍ന്നിരുന്നു.
‘അതു ശരിയാണ് സുഹൃത്തേ,’ അയാള്‍ നുണ പറഞ്ഞു. ‘ഞാനോലോചിക്കുകയായിരുന്നു, ഇപ്പോള്‍ അഞ്ചു മണിയായി, കോഴിക്ക് കുത്തിവെച്ചിട്ടില്ല’ അവള്‍ ആശയക്കുഴപ്പത്തിലായി. ‘കോഴിക്ക് കുത്തിവെപ്പോ, മനുഷ്യരെപ്പോലെ?’ അവള്‍ ഉച്ചത്തില്‍ പറഞ്ഞു. ‘അത് ദൈവദോഷമാണ്.’
സബാസിന് ഇതിലും കൂടുതല്‍ സഹിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ ദേഷ്യം കൊണ്ടു തുടുത്ത മുഖമുയര്‍ത്തി.
‘ഒരു മിനുട്ട് നേരത്തേക്ക് വായടയ്ക്ക്,’ അയാള്‍ ഭാര്യയെ ശാസിച്ചു. അവള്‍ കൈകള്‍ വായ അടയ്ക്കാന്‍ കൈ ഉയര്‍ത്തുക തന്നെ ചെയ്തു.
‘നീ അര മണിക്കൂറായി വിഡ്ഢിത്തങ്ങള്‍ പറഞ്ഞ് എന്റെ സുഹൃത്തിനെ ശല്യപ്പെടുത്തുന്നു.’
‘ഒരിക്കലുമില്ല,’ കേണല്‍ എതിര്‍ത്തു. സ്ത്രീ വാതില്‍ കൊട്ടിയടച്ചു. സബാസ് ലാവന്റര്‍ നനച്ച തൂവാലകൊണ്ട് കഴുത്തു തുടച്ചു. കേണല്‍ ജനലിനടുത്തേക്കു നീങ്ങി. മഴ വിടാതെ പെയ്യുന്നുണ്ടായിരുന്നു.
നീണ്ട കാലുകളുള്ള ഒരു കോഴി വിജനമായ കവല മുറിച്ചു കടന്നു.
‘കോഴിക്ക് കുത്തിവെപ്പ് നടത്തുന്നു എന്നത് സത്യമാണോ?’ ‘സത്യമാണ,്’ കേണല്‍ പറഞ്ഞു. ‘അടുത്താഴ്ച്ചയാണ് അവന്റെ പരിശീലനം തുടങ്ങുന്നത്.’
‘ഇത് ശരിക്കും ഭ്രാന്താണ്,’ സബാസ് പറഞ്ഞു. ‘ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ക്കു പറ്റിയതല്ല’
‘ഞാന്‍ സമ്മതിക്കുന്നു,’ കേണല്‍ പറഞ്ഞു. ‘പക്ഷെ, അത് അവന്റെ കഴുത്തു ഞെരിക്കുന്നതിനുള്ള കാരണമല്ല.’
‘ഇത് വെറും മന്തന്‍ പിടിവാശിയാണ്,’ ജനലിന്റെ നേരെ തിരിഞ്ഞുകൊണ്ട് സബാസ് പറഞ്ഞു. ഉലയില്‍ നിന്നുള്ള കാറ്റുപോലെ അയാള്‍ നെടുവീര്‍പ്പിടുന്നത് കേണല്‍ കേട്ടു. സുഹൃത്തിന്റെ കണ്ണുകള്‍ അയാളില്‍ സഹതാപമുണര്‍ത്തി.
‘ഒന്നിനും വൈകിപ്പോയിട്ടില്ല,’ കേണല്‍ പറഞ്ഞു. ‘യുക്തി കൈവിടാതിരിക്കൂ’ സബാസ് തുടര്‍ന്നു. ‘ഇതൊരു ഇരുമുനയുള്ള കച്ചവടമാണ്. ഒരു വശത്ത് നിങ്ങള്‍ ഈ തലവേദന ഒഴിവാക്കുന്നു, മറുവശത്ത് തൊള്ളായിരം പെസോ നിങ്ങള്‍ക്ക് പോക്കറ്റിലിടുകയും ചെയ്യാം.’
‘തൊള്ളായിരം പെസോ!’ അയാള്‍ ഉല്‍ഘോഷിച്ചു. ‘തൊള്ളായിരം പെസോ!’ കേണല്‍ ആ സംഖ്യ സങ്കല്‍പ്പിച്ചു.
‘അത്രയും വലിയ ഒരു നിധി അവര്‍ ആ കോഴിക്ക് നല്‍കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?’
‘കരുതുകയല്ല, എനിക്ക് പൂര്‍ണ്ണ ഉറപ്പുണ്ട്,’ സബാസ് പറഞ്ഞു.
വിപ്ളവനിധി തിരിച്ചുകൊടുത്തതിനുശേഷം അയാളുടെ തലയിലുദിച്ച ഏറ്റവും വലിയ സംഖ്യയാണത്.
Generated from archived content: aarum8.html Author: gabriel_garcia_marquez
Click this button or press Ctrl+G to toggle between Malayalam and English