അധ്യായം 4

പതിവിനു വിപരീതമായി അയാള്‍ നേരെ വീട്ടിലേക്കു പോയില്ല. തയ്യല്‍ക്കടയില്‍ നിന്ന്, അഗസ്റ്റിന്റെ കൂട്ടുകാര്‍ പത്രങ്ങള്‍ മറിച്ചുനോക്കിക്കൊണ്ടിരിക്കെ, ഒരു കാപ്പി കുടിച്ചു. താന്‍ വഞ്ചിക്കപ്പെട്ടപോലെ അയാള്‍ക്കു തോന്നി. ഒഴിഞ്ഞ കയ്യോടെ ഭാര്യയെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കാന്‍ അടുത്ത വെള്ളിയാഴ്ച്ച വരെ അവിടെത്തന്നെ തങ്ങാനായിരുന്നു അയാളിഷ്ടപ്പെട്ടത്.

പക്ഷെ, തയ്യല്‍ക്കട പൂട്ടിയപ്പോള്‍ അയാള്‍ക്ക് യാഥാര്‍ത്ഥ്യത്തെ നേരിടേണ്ടി വന്നു. ഭാര്യ അയാളെ കാത്തിരിക്കുകയായിരുന്നു.

‘ഒന്നുമില്ലേ?’ അവള്‍ ചോദിച്ചു.

‘ഒന്നുമില്ല,’ കേണല്‍ പറഞ്ഞു.

അടുത്ത വെള്ളിയാഴ്ച്ച വീണ്ടും അയാള്‍ ബോട്ടുകള്‍ വരുന്നത് കാക്കാന്‍ പോയി. എ ല്ലാ വെള്ളിയാഴ്ച്ചകളിലെന്നപോലെ അന്നും അയാള്‍ ആശിച്ചിരുന്ന കത്തില്ലാതെ വീട്ടിലേക്കു മടങ്ങി. ‘ആവശ്യത്തിലധികമായി ഈ കാത്തിരിപ്പ്,’ അന്നു രാത്രി ഭാര്യ പറഞ്ഞു. ‘നിങ്ങള്‍ ചെയ്യുന്നതുപോലെ ഒരു കത്തിനുവേണ്ടി പതിനഞ്ചു കൊല്ലം കാത്തിരിക്കാന്‍ ഒരു കാളയുടെ ക്ഷമ വേണം.’

കേണല്‍ പത്രങ്ങള്‍ വായിക്കാന്‍ തൂക്കുമഞ്ചത്തിലേക്കു കയറി.

‘നമ്മുടെ ഊഴം വരുന്നതുവരെ കാക്കുക തന്നെ വേണം,’ അയാള്‍ പറഞ്ഞു. ‘നമ്മുടെ എണ്ണം 1823 ആണ്.’

‘നാം കാത്തിരിപ്പ് തുടങ്ങിയതിനുശേഷം ആ അക്കം രണ്ടു തവണ ഭാഗ്യക്കുറിയടിച്ചു,’ ഭാര്യ പറഞ്ഞു.

പതിവുപോലെ കേണല്‍ ആദ്യപേജ് മുതല്‍ അവസാനം വരെ പരസ്യങ്ങളടക്കം മുഴുവന്‍ വായിച്ചു. എന്നാല്‍, ഇത്തവണ അയാള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല.

വായനയ്ക്കിടയില്‍ അയാള്‍ മുന്‍ സൈനികര്‍ക്കുള്ള പെന്‍ഷനെക്കുറിച്ചാലോചിച്ചു.

പത്തൊമ്പതു കൊല്ലം മുമ്പ് കോണ്‍ഗ്രസ്സ് നിയമം പാസ്സാക്കിയതിനെത്തുടര്‍ന്ന് സ്വന്തം അര്‍ഹത തെളിയിക്കാന്‍ എട്ടുകൊല്ലം വേണ്ടിവന്നു. അതുകഴിഞ്ഞ് അര്‍ഹരായവരുടെ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ആറുകൊല്ലം കൂടി വേണ്ടിവന്നു. അതിന്റെയാണ് അയാള്‍ക്ക് ഏറ്റവുമൊടുവില്‍ കിട്ടിയ എഴുത്ത്. കര്‍ഫ്യൂ മുഴങ്ങിയതിനുശേഷം അയാള്‍ വായന അവസാനിപ്പിച്ചു. വിളക്കു കെടുത്താന്‍ തുടങ്ങുമ്പോള്‍ ഭാര്യ ഉണര്‍ന്നുകിടക്കുകയാണെന്ന് അയാള്‍ക്ക് മനസ്സിലായി.

‘ആ പത്രത്തില്‍ നിന്നെടുത്ത കഷണം ഇപ്പോഴുമുണ്ടോ?’

സ്ത്രീ ചിന്തിച്ചു

‘ഉണ്ട്. മറ്റു കടലാസ്സുകളുടെ കൂട്ടത്തില്‍ കാണണം.’

അവള്‍ കൊതുകുവലയില്‍ നിന്നും പുറത്തുകടന്ന് അറയില്‍ നിന്നും, എഴുത്തുകളെല്ലാം തീയതിയനുസരിച്ച് അടുക്കി റബര്‍ ബാന്‍ഡുകൊണ്ട് കെട്ടി സൂക്ഷിച്ചിട്ടുള്ള ഒരു മരപ്പെട്ടിയെടുത്തു. അതില്‍ നിന്നും യുദ്ധപെന്‍ഷനുകളിന്മേല്‍ സത്വരനടപടി വാഗ്ദാനം ചെയ്ത നിയമസ്ഥാപനത്തിന്റെ പരസ്യം കണ്ടെടുത്തു.

‘വക്കീലിനെ മാറ്റണമെന്ന് നിങ്ങളെ ബോദ്ധ്യമാക്കാന്‍ ഞാന്‍ പാഴാക്കിയ സമയം കൊണ്ട് നമുക്കാ പണം ചെലവാക്കാമായിരുന്നു,’

പത്രത്തില്‍ നിന്നും വെട്ടിയെടുത്ത ആ കടലാസ് ഭര്‍ത്താവിനു നേരെ നീട്ടിക്കൊണ്ട് സ്ത്രീ പറഞ്ഞു.

‘ഇന്ത്യക്കാരോടു ചെയ്യുന്നതുപോലെ നമ്മളേയും ഷെല്‍ഫില്‍ മാറ്റിവെക്കുന്നതുകൊണ്ട് നമുക്ക് ഒന്നും നേടാനില്ല.’

രണ്ടു കൊല്ലം മുമ്പത്തെ തീയതി വെച്ച ആ കടലാസ് കേണല്‍ വായിച്ചു. എന്നിട്ട് വാതിലിനു പിന്നില്‍ തൂക്കിയിട്ടിരുന്ന ജാക്കറ്റിന്റെ കീശയിലിട്ടു.

വക്കീലിനെ മാറ്റണമെങ്കില്‍ പണം വേണമെന്നതാണ് പ്രശ്‌നം.

‘ഒരിക്കലുമില്ല.’ സ്ത്രീ ഉറപ്പിച്ചു പറഞ്ഞു.

‘പെന്‍ഷന്‍ കിട്ടുമ്പോള്‍ അവര്‍ക്കു വേണ്ടത് അതില്‍ നിന്നുമെടുത്തുകൊള്ളാന്‍ അവര്‍ക്കെഴുതൂ. അങ്ങനെയാണെങ്കില്‍ മാത്രമേ അവര്‍ കേസ് ഏല്‍ക്കേണ്ടതുള്ളു.’

അതിനാല്‍ ശനിയാഴ്ച്ച വൈകുന്നേരം കേണല്‍ വക്കീലിനെ കാണാനിറങ്ങി. അയാള്‍ ഒരു തൂക്കുമഞ്ചത്തില്‍ അലസമായി കിടക്കുകയായിരുന്നു. മുന്‍വരിയില്‍ രണ്ടു പല്ലുകള്‍ മാത്രമുള്ള പുരാവസ്തു പോലെയുള്ള ഒരു നീഗ്രോ ആയിരുന്നു വക്കീല്‍. അയാള്‍ മരം കൊണ്ടുള്ള അടിയോടുകൂടിയ ചെരിപ്പുകളിലേക്ക് കാലുകള്‍ വെച്ച് പൊടിപിടിച്ച പിയാനോലയുടെ മീതെയുള്ള ജനല്‍ തുറന്നു. പിയാനോല പ്രവര്‍ത്തിപ്പിക്കാനുള്ള ചുരുളുകള്‍ വക്കുന്ന കള്ളികളില്‍ ആപ്പീസ് കടലാസുകളാണ് തിരുകിയിരുന്നത്. ഔദ്യോഗിക ഗസറ്റില്‍ നിന്നുള്ള ഭാഗങ്ങള്‍ ഒട്ടിച്ച കണക്കുപുസ്തകങ്ങളും വാര്‍ത്താപത്രികകളും എല്ലാം അതിലുണ്ടായിരുന്നു. കട്ടകളില്ലാത്ത പിയാനോല ഒരു ഡസ്‌കിന്റെ അധികജോലി കൂടി നിര്‍വ്വഹിച്ചിരുന്നു. വക്കീല്‍ ഒരു കറങ്ങുന്ന കസേരയിലിരുന്നിരുന്നു. കേണല്‍ ആഗമനോദ്ദേശം വെളിപ്പെടുത്തുന്നതിനു മുമ്പു തന്നെ തന്റെ അസ്വാസ്ഥ്യം പ്രകടിപ്പിച്ചു.

‘കുറച്ചു ദിവസമെടുക്കുമെന്ന് ഞാന്‍ മുന്‍കൂട്ടി പറഞ്ഞതാണല്ലോ.’ കേണല്‍ നിര്‍ത്തിയപ്പോള്‍ വക്കീല്‍ പറഞ്ഞു. അയാള്‍ ചൂടുകൊണ്ട് പുഴുകുകയായിരുന്നു.

കസേര അല്പം പിന്നിലേക്കു മാറ്റി അയാള്‍ ഒരു പരസ്യപത്രം കൊണ്ട് വീശി.

‘ക്ഷമയോടുകൂടിയിരിക്കാന്‍ എന്റെ ഏജന്റുകള്‍ ഇടയ്ക്കിടയ്ക്ക് എഴുതുന്നുണ്ട്.’

‘അത് പതിനഞ്ചുകൊല്ലമായി തുടരുന്നു. ഇത് കോഴിയുടെ കഥപോലെയായിരിക്കുന്നു,’ കേണല്‍ പറഞ്ഞു.

വക്കീല്‍ ഭരണപരമായ പ്രശ്‌നങ്ങള്‍ അതിവിശദമായി വിവരിച്ചു. കസേരയ്ക്ക് അയാളുടെ തടിച്ചുതൂങ്ങിയ ജഘനം ഉള്‍ക്കൊള്ളാനായിരുന്നില്ല. പതിനഞ്ചു കൊല്ലങ്ങള്‍ക്കു മുമ്പ് ഇത് വളരെ എളുപ്പമായിരുന്നു. അന്ന് രണ്ടു പാര്‍ട്ടിയിലേയും അംഗങ്ങളുള്ള വിമുക്തഭടന്മാരുടെ സംഘടനയുണ്ടായിരുന്നു. ശ്വാസകോശങ്ങളില്‍ ചുട്ടുപുഴുകുന്ന വായു നിറഞ്ഞ് അയാള്‍ വാക്കുകള്‍ അപ്പോള്‍ കണ്ടുപിടിച്ചപോലെയാണ് പറഞ്ഞത്. അംഗസംഖ്യയില്‍ ശക്തിയുണ്ട്.’

‘ഇക്കാര്യത്തില്‍ അതില്ല,’ ആദ്യമായി തന്റെ ഏകാന്തത അറിഞ്ഞുകൊണ്ട് കേണല്‍ പറഞ്ഞു. ‘എന്റെ സഖാക്കളെല്ലാം തപാല്‍ കാത്ത് മരണമടഞ്ഞു.’

വക്കീലിന് യാതൊരു ഭാവമാറ്റവുമുണ്ടായില്ല. ‘നിയമം പാസ്സാക്കിയത് വളരെ വൈകിയാണ്,’ അയാള്‍ പറഞ്ഞു. ‘എല്ലാവര്‍ക്കും നിങ്ങളെപ്പോലെ ഇരുപതുവയസ്സില്‍ കേണലാവാനുള്ള ഭാഗ്യമുണ്ടായില്ല.

മാത്രമല്ല, പ്രത്യേക നീക്കിയിരിപ്പൊന്നും വകയിരുത്താത്തതുകൊണ്ട് സര്‍ക്കാര്‍ ബജറ്റില്‍ തന്നെ ചില നീക്കുപോക്കുകള്‍ ചെയ്യേണ്ടി വന്നു.’

എല്ലായ്‌പ്പോഴും ഒരേ പല്ലവി തന്നെ. ഓരോ പ്രാവശ്യം ഇതു കേള്‍ക്കുമ്പോഴും കേണലിന് മൂകമായ അമര്‍ഷം തോന്നി. ‘ഇതൊരു ജീവകാരുണ്യമല്ല.’ അയാള്‍ പറഞ്ഞു. ‘ഇത് ഞങ്ങള്‍ക്കൊരു ഔദാര്യം ചെയ്യുന്നതുപോലെയല്ല. ഈ റിപ്പബ്ളിക്കിനെ രക്ഷിക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ നട്ടെല്ലൊടിച്ചു.’

വക്കീല്‍ കൈകള്‍ വീശി.

‘അതെല്ലാം ശരി തന്നെയാണ്,’ അയാള്‍ പറഞ്ഞു. ‘മനുഷ്യന്റെ നന്ദികേടിന് ഒരതിരുമില്ല .’

കേണലിനും ആ കഥ അറിയാമായിരുന്നു. നീര്‍ലാന്‍ഡിയ ഉടമ്പടിയുടെ അടുത്ത ദിവസം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ഇത്. അന്ന് നീര്‍ലാന്‍ഡിയയിലെ കൂറ്റന്‍ പരുത്തിമരത്തിന്റെ ചുവട്ടില്‍ തമ്പടിച്ച സ്‌കൂള്‍ ഉപേക്ഷിച്ചു വന്ന നിരവധി യുവാക്കളടങ്ങിയ വിപ്ളവസേനാംഗങ്ങള്‍ക്ക് ഭരണകൂടം യാത്രാസൗജന്യങ്ങളും നഷ്ടപരിഹാരവും പ്ര്യാപിച്ചു. മൂന്നുമാസം കാത്തതിനുശേഷം അവര്‍ സ്വന്തം ചെലവില്‍ അവരവരുടെ വീട്ടിലേക്കു പോയി. എന്നിട്ട് വീണ്ടും കാത്തിരുന്നു. അറുപത് കൊല്ലങ്ങള്‍ക്കു ശേഷം കേണല്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.

ഈ ഓര്‍മ്മകളാല്‍ ഉത്തേജിതനായ കേണല്‍ ഇന്ദ്രിയാതീതമായ ഒരു ഭാവം കൈക്കൊണ്ടു.

വലതു കൈ, ഞരമ്പുകള്‍ കൂട്ടിത്തുന്നിയ വെറും അസ്ഥി മാത്രമായ തുടയില്‍ വെച്ചുകൊണ്ട് അയാള്‍ മുറുമുറുത്തു. ‘ശരി, ഞാന്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു.’

വക്കീല്‍ കാത്തു. ‘അതായത്?’

‘വക്കീലിനെ മാറ്റാന്‍.’

ഒരു തള്ളത്താറാവ് അനേകം കുഞ്ഞുങ്ങളുമായി ആപ്പീസിലേക്കു കയറി. വക്കീല്‍ അവയെ ആട്ടിയകറ്റാന്‍ എഴുന്നേറ്റു.

‘താങ്കളുടെ ഇഷ്ടം പോലെ, കേണല്‍.’ അവയെ ഓടിച്ചുകൊണ്ട് വക്കീല്‍ പറഞ്ഞു. ‘താങ്കളുടെ ഇഷ്ടം പോലെത്തന്നെയാവട്ടെ. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഞാനീ തൊഴുത്തില്‍ ജീവിക്കുമായിരുന്നില്ല.’

നടുമിറ്റത്തേക്കുള്ള വാതില്‍ക്കല്‍ മരത്തിന്റെ അഴികള്‍ എടുത്തുവെച്ച് അയാള്‍ കസേരയിലേക്കു മടങ്ങി.

‘എന്റെ മകന്‍ ജീവിതം മുഴുവന്‍ അദ്ധ്വാനിച്ചു.’ കേണല്‍ പറഞ്ഞു. ‘എന്റെ വീട് പണയത്തിലാണ്. പെന്‍ഷന്‍ നിയമം വക്കീല്‍മാര്‍ക്ക് ആജീവനാന്തപെന്‍ഷനായി മാറിയിരിക്കുന്നു.’

‘എനിയ്ക്കു വേണ്ടിയല്ല,’ വക്കീല്‍ എതിര്‍ത്തു. ‘അവസാനത്തെ ചില്ലി പോലും എന്റെ ചെലവുകള്‍ക്കാണ് ചെലവഴിച്ചത്.’

താന്‍ പറഞ്ഞത് അനീതിയായിപ്പോയി എന്നോര്‍ത്ത് കേണല്‍ പരിതപിച്ചു.

‘അതുതന്നെയാണ് ഞാനുദ്ദേശിച്ചത്,’ അയാള്‍ സ്വയം തിരുത്തി. ഷര്‍ട്ടിന്റെ കൈകൊണ്ട് അയാള്‍ നെറ്റി തുടച്ചു. ‘ഈ ചൂടില്‍ തലയുടെ ആണി വരെ തുരുമ്പിക്കും.’

ഒരു നിമിഷത്തിനുശേഷം വക്കീല്‍ അധികാരപത്രം തിരഞ്ഞ് ഓഫീസ് കീഴ്‌മേല്‍ മറിച്ചു.

സൂര്യന്‍ പരുക്കന്‍ മരപ്പലകകള്‍ കൊണ്ടു നിര്‍മ്മിച്ച ആ ചെറിയ മുറിയുടെ മദ്ധ്യത്തിലേക്കു കടന്നു. എല്ലാ സ്ഥലത്തും തിരഞ്ഞത് വെറുതെയായപ്പോള്‍ അയാള്‍ നാലുകാലില്‍ കുമ്പിട്ട് മുക്കിയും മൂളിയും പിയാനോലയുടെ അടിയില്‍ നിന്നും ഒരു കടലാസു ചുരുള്‍ പുറത്തെടുത്തു.

‘ഇതാ ഇവിടെയുണ്ട്.’

ഒരു മുദ്രക്കടലാസ് എടുത്ത് വക്കീല്‍ കേണലിനു നല്‍കി. ‘പകര്‍പ്പുകള്‍ റദ്ദു ചെയ്യാന്‍ ഞാന്‍ ഏജന്റുമാര്‍ക്ക് എഴുതാം.’

കേണല്‍ കടലാസ് പൊടി തട്ടി ഷര്‍ട്ടിന്റെ കീശയിലിട്ടു.

‘താങ്കള്‍ തന്നെ അത് കീറിക്കളഞ്ഞോളൂ.’ വക്കീല്‍ പറഞ്ഞു

‘ഇല്ല.’ കേണല്‍ പറഞ്ഞു. ‘ഇത് ഇരുപതു വര്‍ഷക്കാലത്തെ ഓര്‍മ്മകളാണ്.’ വക്കീല്‍ നോക്കിനില്‍ക്കുന്നതിനായി അയാള്‍ കാത്തു. പക്ഷെ, വക്കീല്‍ നിന്നില്ല. അയാള്‍ വിയര്‍പ്പു തുടയ്ക്കാനായി തൂക്കുമഞ്ചത്തിലേക്കു പോയി. അവിടെ നിന്ന് വെട്ടിജ്ജ്വലിക്കുന്ന അന്തരീക്ഷത്തിലൂടെ അയാള്‍ കേണലിനെ നോക്കി.

‘എനിക്ക് ആ രേഖകള്‍ കൂടി വേണം,’ കേണല്‍ പറഞ്ഞു.

‘ഏതു രേഖകള്‍?’

‘പെന്‍ഷന്‍ അവകാശപ്പെടാനുള്ള തെളിവുകള്‍.’

വക്കീല്‍ കൈമലര്‍ത്തി.

‘നോക്കൂ, കേണല്‍, അതസാദ്ധ്യമാണ്.’

കേണല്‍ ഭയചകിതനായി. മക്കാണ്ടോ ജില്ലയിലെ വിപ്ളവത്തിന്റെ ഖജാന്‍ജിയായിരുന്ന കാലത്ത് അയാള്‍ ഒരു കഴുതയുടെ പുറത്ത് രണ്ടു പെട്ടികളിലായി യുദ്ധത്തിനു വേണ്ട പണവുമായി ആറു ദിവസം നീണ്ട അതിദുര്‍ഘടമായ യാത്ര നടത്തിയിരുന്നു. ഉടമ്പടി ഒപ്പു വെക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് വിശന്നു ചത്ത കഴുതയേയും വലിച്ചിഴച്ച് അയാള്‍ നീര്‍ലാന്‍ഡിയയിലെ താവളത്തിലെത്തി. വിപ്ളവസൈന്യത്തിന്റെ അത്‌ലാന്റിക് തീരത്തെ ക്വാര്‍ട്ടര്‍മാസ്റ്റര്‍ ജനറലായിരുന്ന കേണല്‍ ഒറേലിയാനോ ബുവെന്‍ഡിയ ആ പണത്തിനുള്ള രശീതി അയാള്‍ക്കു നല്‍കുകയും കീഴടങ്ങുമ്പോള്‍ സമര്‍പ്പിക്കാനുള്ള പട്ടികയില്‍ ആ രണ്ടു പെട്ടികളും ഉള്‍പ്പെടുത്തുകയും ചെയ്തു.

‘ആ രേഖകള്‍ക്ക് വിലമതിക്കാനാവാത്ത മൂല്യമുണ്ട്.’ കേണല്‍ പറഞ്ഞു. ‘അതില്‍ കേണല്‍ ഒറേലിയാനൊ ബുവെന്‍ഡിയ സ്വന്തം കൈപ്പടയിലെഴുതിയ രശീതിയുണ്ട്.’

‘ഞാന്‍ സമ്മതിച്ചു.’ വക്കീല്‍ പറഞ്ഞു. ‘പക്ഷെ, ആ രേഖകള്‍ ആയിരമായിരം ഓഫീസുകളിലെ ആയിരമായിരം കൈകളിലൂടെ കടന്നുപോയിട്ടു വേണം യുദ്ധമന്ത്രാലയത്തിലെ ദൈവത്തിനു മാത്രമറിയാവുന്ന ഏതോ വകുപ്പില്‍ എത്താന്‍.’

‘പക്ഷെ ഒരു ഉദ്യോഗസ്ഥനും അതു ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല,’ കേണല്‍ പറഞ്ഞു.

‘പക്ഷെ, കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ഉദ്യോഗസ്ഥന്മാര്‍ പലതവണ മാറിക്കഴിഞ്ഞിരിക്കുന്നു.’ വക്കീല്‍ ചൂണ്ടിക്കാട്ടി. ‘ഒന്നാലോചിച്ചു നോക്കൂ. ഏഴു പ്രസിഡന്റുമാര്‍ വന്നു; ഓരോ പ്രസിഡന്റും ചുരുങ്ങിയത് പത്തു തവണയെങ്കിലും മന്ത്രിസഭ മാറ്റി; ഈ മന്ത്രിസഭകളിലെ ഓരോ മന്ത്രിമാരും ചുരുങ്ങിയത് നൂറു തവണയെങ്കിലും തന്റെ സ്റ്റാഫിനെ മാറ്റിയിട്ടുണ്ടാവും.’

‘പക്ഷെ, ആര്‍ക്കും ആ രേഖകള്‍ വീട്ടിലേക്കു കൊണ്ടുപോകാന്‍ കഴിയില്ല.’ കേണല്‍ പറഞ്ഞു. ‘ഓരോ പുതിയ ഉദ്യോഗസ്ഥനും അവ അതാതു ഫയലുകളില്‍ കണ്ടിട്ടുണ്ടാവണം.’

വക്കീലിന് ക്ഷമ നശിച്ചു.

‘മാത്രമല്ല, ഇനി മന്ത്രാലയത്തില്‍ നിന്നും ആ കടലാസുകള്‍ ഇപ്പോള്‍ മാറ്റിയാല്‍ത്തന്നെ അവയ്ക്ക് പട്ടികയില്‍ സ്ഥാനം ലഭിക്കാന്‍ വീണ്ടും കാത്തിരിക്കേണ്ടിവരും.’

‘അതു സാരമില്ല.’ കേണല്‍ പറഞ്ഞു.

‘അതിന് നൂറ്റാണ്ടുകളെടുക്കും.’

‘അതു സാരമില്ല. വലിയ കാര്യങ്ങള്‍ക്ക് കാത്തിരിക്കാമെങ്കില്‍ ചെറിയ കാര്യങ്ങള്‍ക്കും കാത്തിരിക്കാം.’

Generated from archived content: aarum4.html Author: gabriel_garcia_marquez

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here