(വിവര്‍ത്തനം : പരമേശ്വരന്‍)
***********************
‘തെരഞ്ഞെടുപ്പിന്റെ പ്രതീക്ഷ നല്‍കുന്ന യാതൊന്നുമില്ല.’ കേണല്‍ പറഞ്ഞു.
‘ഒരു വിഡ്ഢിയാകാതിരിക്കൂ, കേണല്‍,’ ഡോക്ടര്‍ പറഞ്ഞു. ‘ഒരു രക്ഷകനെ കാത്തിരിക്കാന്‍ തക്കവണ്ണം ചെറുപ്പമല്ല നമുക്ക്.’
കേണല്‍ പത്രങ്ങള്‍ തിരിച്ചുകൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഡോക്ടര്‍ നിരസിച്ചു. ‘കയ്യില്‍ വെച്ചുകൊള്ളൂ,’ അദ്ദേഹം പറഞ്ഞു. ‘രാത്രി വായിച്ചിട്ട് നാളെ മടക്കിത്തന്നാല്‍ മതി.’
ഏഴുമണി കഴിഞ്ഞപ്പോള്‍ മണിമാളികയില്‍ നിന്നും ചലചിത്രങ്ങളുടെ തരംതിരിവുകള്‍ അറിയിക്കുന്ന സെന്‍സര്‍ അധികൃതരുടെ മണികള്‍ മുഴങ്ങി. എല്ലാ മാസവും തപാലില്‍ എത്തുന്ന മൂല്യസൂചികയനുസരിച്ച് സിനിമകളുടെ സദാചാര തരംതിരിവ് വിളംബരം ചെയ്യാന്‍> ഏഞ്ചലച്ചന്‍ ഈ രീതിയാണ് ഉപയോഗിക്കുന്നത്. കേണലിന്റെ ഭാര്യ പന്ത്രണ്ട് മണിയടികള്‍ എണ്ണി.
‘ആര്‍ക്കും പറ്റാത്തത്,’ അവള്‍ പറഞ്ഞു, ‘സിനിമകള്‍ ആര്‍ക്കും കൊള്ളാത്തതായിട്ട് ഒരു കൊല്ലമായി.’
അവള്‍ കൊതുകുവല താഴ്ത്തി. ‘ലോകം ആകെ ദുഷിച്ചിരിക്കുന്നു,’ അവള്‍ പിറുപിറുത്തു.
കേണല്‍ ഒന്നും മിണ്ടിയില്ല. കിടക്കുന്നതിനു മുമ്പ് അയാള്‍ കോഴിയെ കട്ടിലിന്റെ കാലില്‍ കെട്ടിയിട്ടു. വീടുപൂട്ടി കിടപ്പുമുറിയില്‍ അല്പം കീടനാശിനി തളിച്ചു. എന്നിട്ട് വിളക്ക് താഴെ വെച്ച് തൂക്കുമഞ്ചം തൂക്കിയിട്ട് അതില്‍ കിടന്ന് പത്രവായന തുടങ്ങി.
അയാള്‍ കാലക്രമമനുസരിച്ച് വായിക്കാന്‍ തുടങ്ങി, ആദ്യത്തെ പുറം മുതല്‍ അവസാനത്തേതുവരെ, പരസ്യങ്ങളടക്കം. 11മണിക്ക് നിശാനിയമത്തിന്റെ കാഹളം മുഴങ്ങി.
അരമണിക്കൂറിനു ശേഷം കേണല്‍ വായന അവസാനിപ്പിച്ച് നടുമിറ്റത്തേയ്ക്കുള്ള വാതില്‍ തുറന്ന് അഭേദ്യമായ ഇരുട്ടില്‍, കൊതുകുകളുടെ ആക്രമണം സഹിച്ച് മതിലിന്മിലേക്ക് മൂത്രമൊഴിച്ചു. കിടപ്പുമുറിയിലേക്ക് തിരിച്ചെത്തുമ്പോഴേയ്ക്കും ഭാര്യ ഉണര്‍ന്നിരുന്നു.
‘വിമുക്തഭടന്മാരെ കുറിച്ച് ഒന്നുമില്ലേ?’ അവള്‍ ചോദിച്ചു.
‘ഒന്നുമില്ല.’ കേണല്‍ പറഞ്ഞു. കിടക്കയിലേക്ക് കയറുന്നതിനു മുമ്പ് അയാള്‍ വിളക്കു കെടുത്തി. ‘ആദ്യമൊക്കെ അവര്‍ പുതിയ പെന്‍ഷന്‍കാരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തുമായിരുന്നു. അഞ്ചുകൊല്ലമായി അവര്‍ ഒന്നും പറയുന്നില്ല.’
കേണല്‍ ഉറങ്ങാന്‍ തുടങ്ങിയെങ്കിലും ഉടന്‍ തന്നെ കുടലുകളെക്കുറിച്ചുള്ള ആധിയാല്‍ ഉണര്‍ന്നു. മേല്‍ക്കൂരയുടെ ഒരു ഭാഗത്ത് അയാള്‍ ചോര്‍ച്ച കണ്ടെത്തി.
ചെവി വരെ കമ്പിളികൊണ്ട് മൂടി അയാള്‍ ഇരുട്ടില്‍ ചോര്‍ച്ചയുടെ സ്ഥാനം കണ്ടെത്താന്‍ ശ്രമിച്ചു. ഒരു തുള്ളി തണുത്ത വിയര്‍പ്പ് നട്ടെല്ലിലൂടെ ഒലിച്ചിറങ്ങി. അയാള്‍ക്ക് പനിയ്ക്കുന്നുണ്ടായിരുന്നു. കുഴമ്പു നിറച്ച ഒരു സംഭരണിയുടെ ഉള്ളില്‍ ഒരു ബിന്ദുവിനു ചുറ്റും താന്‍ കറങ്ങുകയാണെന്ന് അയാള്‍ക്കു തോന്നി. ആരോ സംസാരിച്ചു. കേണല്‍ തന്റെ വിപ്ളവകാരിയുടെ കിടയ്ക്കയില്‍ കിടന്ന് മറുപടി പറഞ്ഞു.
‘നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത്?’ ഭാര്യ ചോദിച്ചു.
‘കേണല്‍ ഒറേലിയാനോ ബെന്‍ഡിയയുടെ താവളത്തില്‍ പുലിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഇംഗ്ളീഷുകാരനോട്,’ കേണല്‍ മറുപടി പറഞ്ഞു. പനികൊണ്ട് പൊള്ളുന്ന അയാള്‍ കിടയ്ക്കയില്‍ തിരിഞ്ഞുകിടന്നു. ‘അത് മാള്‍ബറൊയിലെ ഡ്യൂക്കായിരുന്നു.’
പുലര്‍ച്ചയ്ക്ക് ആകാശം തെളിഞ്ഞു. കുര്‍ബ്ബാനയ്ക്കുള്ള രണ്ടാമത്തെ മണി മുഴങ്ങിയപ്പോള്‍ കേണല്‍ തൂക്കു മഞ്ചത്തില്‍ നിന്ന് ചാടിയെഴുന്നേറ്റ് കോഴിയുടെ കൂകല്‍ ത്വരിതപ്പെടുത്തിയ ആശയക്കുഴപ്പത്തിന്റേതായ ഒരു യാഥാര്‍ത്ഥ്യത്തില്‍ സ്വയം പ്രതിഷ്ഠിച്ചു. അയാളുടെ ശിരസ്സ് അപ്പോഴും ഏകകേന്ദ്രമായ വൃത്തങ്ങളില്‍ കറങ്ങുകയായിരുന്നു. അയാള്‍ക്ക് ഛര്‍ദ്ദിക്കാന്‍ തോന്നുന്നുണ്ടായിരുന്നു.
നടുമിറ്റത്തേക്ക് കടന്ന് ശൈത്യകാലത്തിന്റെ ദുശ്രാവ്യമായ മന്ത്രണങ്ങളും ഇരുണ്ടമണങ്ങളും തരണം ചെയ്ത് കക്കൂസിലേക്കു നടന്നു. മുകളില്‍ തകരപ്പലകയടിച്ച തടികൊണ്ടുള്ള അറയില്‍ കക്കൂസില്‍ നിന്നുള്ള അമോണിയ ഗന്ധം നിറഞ്ഞിരുന്നു.
കേണല്‍ അടപ്പു തുറന്നപ്പോള്‍ ഈച്ചകളുടെ തൃകോണാകൃതിയിലുള്ള ഒരു വ്യൂഹം കുഴിയില്‍ നിന്നും ഉയര്‍ന്നുപൊങ്ങി.
അതൊരു വ്യാജമുന്നറിയിപ്പായിരുന്നു. പരുക്കന്‍ പലകകളില്‍ കുന്തിച്ചിരുന്ന അദ്ദേഹത്തിന് ശോധനയ്ക്കുള്ള പ്രേരണ വിഫലമായതില്‍ അസ്വസ്ഥത തോന്നി. അത് ക്രമേണ കുടലില്‍ ഒരു ചെറിയ വേദനയായി മാറി. ‘സംശയമില്ല,’ അയാള്‍ പിറുപിറുത്തു. ‘ഇത് അതേ ഒകേ്ടാബര്‍ തന്നെ.’ കുടലിലെ പൂപ്പലുകള്‍ ശാന്തമാവുന്നതുവരെ അയാള്‍ നിഷ്‌കളങ്കവും ആത്മവിശ്വാസത്തോടുകൂടിയതുമായ പ്രതീക്ഷയോടെ തന്റെ ഇരുപ്പ് തുടര്‍ന്നു. അതിനുശേഷം അയാള്‍ കിടപ്പുമുറിയില്‍ കോഴിയുടെ സമീപത്തേക്ക് മടങ്ങി.
‘ഇന്നലെ രാത്രി നിങ്ങള്‍ പനിച്ച് പിച്ചും പേയും പറയുകയായിരുന്നു,’ അയാളുടെ ഭാര്യ പറഞ്ഞു.
ഒരാഴ്ച നീണ്ട ആസ്ത് മ ബാധയില്‍ നിന്നും മുക്തയായ അവള്‍ മുറിയെല്ലാം അടുക്കിയൊതുക്കുകയായിരുന്നു.
‘അത് പനിയായിരുന്നില്ല,’ അയാള്‍ നുണ പറഞ്ഞു. ‘ചിലന്തിവലയുടെ സ്വപ്നം വീണ്ടും വന്നതായിരുന്നു. എല്ലായ്‌പ്പോഴും സംഭവിക്കാറുള്ളതുപോലെ.’ രോഗമുക്തയായാല്‍ അവള്‍ ഊര്‍ജജസ്വലയാവും. രാവിലത്തെ സമയം കൊണ്ട് അവള്‍ വീടാകെ ഇളക്കിമറിച്ചു. ക്‌ളോക്കിന്റേയും പെണ്‍കുട്ടിയുടെ ചിത്രത്തിന്റേയുമൊഴികെ എല്ലാറ്റിന്റേയും സ്ഥാനം മാറ്റിയിരുന്നു.
മെലിഞ്ഞ് അത്യധികം ചുറുചുറുക്കോടെ, കറുത്ത വേഷത്തില്‍ തുണികൊണ്ടുള്ള പാദരക്ഷയുമണിഞ്ഞ് നടക്കുന്നതു കണ്ടാല്‍ അവള്‍ക്ക് ചുമരിലൂടെ സഞ്ചരിക്കാനുള്ള കഴിവുണ്ടെന്നു തോന്നും. പക്ഷെ, പന്ത്രണ്ടു മണിയാവുമ്പോഴേക്കും അവള്‍ തന്റെ സ്വാഭാവികമായ ശരീരഭാരം വീണ്ടെടുത്തു. കിടയ്ക്കയില്‍ അവള്‍ ശൂന്യമായ സ്ഥലം മാത്രമായിരുന്നു. ഇപ്പോള്‍ പൂച്ചട്ടികള്‍ക്കിടയിലൂടെ നടക്കുന്ന അവളുടെ സാന്നിദ്ധ്യം വീടാകെ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ‘അഗസ്റ്റിന്റെ വര്‍ഷം കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ പാടാന്‍ തുടങ്ങുമായിരുന്നു,’ ആ ഉഷ്ണമേഖല പ്രദേശത്തില്‍ കിട്ടുന്ന ഭക്ഷ്യയോഗ്യമായതെല്ലാം കൊത്തിനുറുക്കി വേവിക്കുന്നതിനിടെ അവള്‍ പറഞ്ഞു.
‘പാടാന്‍ തോന്നുന്നുണ്ടെങ്കില്‍ പാടിക്കൊള്ളു,’ കേണല്‍ പറഞ്ഞു, ‘അത് കരളിന് നല്ലതാണ്.’
ഉച്ചഭക്ഷണത്തിനുശേഷം ഡോക്ടര്‍ വന്നു. തെരുവിലേക്കുള്ള വാതില്‍ തള്ളിത്തുറന്ന് അദ്ദേഹം വന്നപ്പോള്‍ കേണലും ഭാര്യയും അടുക്കളയില്‍ കാപ്പി കുടിക്കുകയായിരുന്നു.
‘എല്ലാവരും മരിച്ചുപോയോ?’ അദ്ദേഹം ചോദിച്ചു.
അദ്ദേഹത്തെ സ്വീകരിക്കാന്‍ കേണല്‍ എഴുന്നേറ്റു. ‘അങ്ങനെയാണ് തോന്നുന്നത്.’ സ്വീകരണമുറിയിലേക്കു നടന്നുകൊണ്ട് അയാള്‍ പറഞ്ഞു. ‘ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ താങ്കളുടെ ഘടികാരം കഴുകനെപ്പോലെയാണ് സമയം നോക്കുന്നത്.’
ഭാര്യ പരിശോധനയ്ക്കു തയ്യാറാവാനായി കിടപ്പുമുറിയിലേക്കു പോയി. ഡോക്ടര്‍ കേണലിനൊപ്പം സ്വീകരണമുറിയില്‍ നിന്നു. ഉഷ്ണമായിട്ടും അദ്ദേഹത്തിന്റെ അഴുക്കുപുരളാത്ത ലിനന്‍ സൂട്ട് നവസൗരഭ്യം പരത്തി. സ്ത്രീ തയ്യാറായി എന്നറിയിച്ചപ്പോള്‍ ഡോക്ടര്‍ മൂന്നു കടലാസ്സുകള്‍ ഒരു കവറിലാക്കി കേണലിന് നല്‍കി. ‘ഇന്നലെ പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത വിവരങ്ങളാണ് അത്.’ കേണല്‍ അത് ഊഹിച്ചിരുന്നു. രഹസ്യപ്രചരണത്തിനായി പകര്‍ത്തിയ രാജ്യത്തെ സംഭവങ്ങളുടെ ഒരു ചുരുക്കമായിരുന്നു അത്. രാജ്യത്തിനകത്തെ സായുധ പ്രതിരോധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍. പരാജിതനെപ്പോലെ അയാള്‍ക്കു തോന്നി. അടുത്ത മാസത്തെ വാര്‍ത്തയെപ്പോലെ വിസ്മയകരമായ ഒരു വാര്‍ത്തയുമില്ലെന്ന് പത്തുവര്‍ഷങ്ങളിലെ രഹസ്യവാര്‍ത്തകള്‍ക്കും അയാളെ പഠിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡോക്ടര്‍ സ്വീകരണമുറിയിലേക്ക് തിരിച്ചുവന്നപ്പോഴേക്കും അയാള്‍ വായിച്ചു തീര്‍ത്തു.
‘ഈ രോഗി എന്നേക്കാള്‍ ആരോഗ്യവതിയാണ്’ ഡോക്ടര്‍ പറഞ്ഞു. ‘ ഇതുപോലുള്ള ആസ്ത്മയും വെച്ച് എനിക്ക് നൂറു വയസ്സു വരെ ജീവിക്കാന്‍ കഴിയും.’
കേണല്‍ ഡോക്ടറുടെ നേരെ കണ്ണുരുട്ടി. എന്നിട്ട് ഒന്നും മിണ്ടാതെ കവര്‍ തിരിച്ചുകൊടുത്തു. പക്ഷെ, ഡോക്ടര്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല. ‘അത് കൈമാറുക,’ ഡോക്ടര്‍ അടക്കിയ സ്വരത്തില്‍ പറഞ്ഞു.
കേണല്‍ കവര്‍ കാലുറയുടെ കീശയിലിട്ടു . ‘അടുത്ത ദിവസങ്ങളിലെന്നെങ്കിലും ഞാന്‍ മരിച്ചുവീഴും. അപ്പോള്‍ ഞാന്‍ നിങ്ങളേയും നരകത്തിലേക്കു കൊണ്ടുപോകും’ എന്നു പറഞ്ഞുകൊണ്ട് സ്ത്രീ കിടപ്പുമുറിയില്‍ നിന്നും പുറത്തേക്കു വന്നു. ഡോക്ടര്‍ നിശ്ശബ്ദം ചിരിച്ചുകൊണ്ട് പ്രതികരിച്ചു. അദ്ദേഹം ചെറിയ മേശയ്ക്കരികിലേക്ക് കസേര വലിച്ചിട്ടിരുന്ന് ബാഗില്‍ നിന്നും സൗജന്യ സാമ്പിള്‍ മരുന്നുകളുടെ കുപ്പികള്‍ പുറത്തെടുത്തു. സ്ത്രീ അടുക്കളയിലേക്കു നടന്നു.
‘കാപ്പി ചൂടാക്കുന്നതു വരെ കാക്കുക.’
‘വേണ്ട, വളരെ നന്ദി.’ ഡോക്ടര്‍ പറഞ്ഞു. അദ്ദേഹം മരുന്നിന്റെ അളവ് കുറിച്ചു. ‘അങ്ങനെ എനിക്ക് വിഷം തന്നു കൊല്ലാനുള്ള ഒരവസരവും ഞാന്‍ നല്‍കുകയില്ല.’
അവള്‍ അടുക്കളയില്‍ നിന്നും പൊട്ടിച്ചിരിച്ചു. ഡോക്ടര്‍ മരുന്നിനുള്ള കുറിപ്പ് എഴുതിക്കഴിഞ്ഞപ്പോള്‍ അത് ഉറക്കെ വായിച്ചു, കാരണം, ആര്‍ക്കും അത് വായിക്കാന്‍ കഴിയില്ല. കേണല്‍ അത് ശ്രദ്ധിച്ചു കേള്‍ക്കാന്‍ ശ്രമിച്ചു. അടുക്കളയില്‍ നിന്ന് മടങ്ങി വരുമ്പോള്‍ സ്ത്രീ അയാളുടെ മുഖത്ത് തലേദിവസം രാത്രിയിലെ തളര്‍ച്ച കണ്ടു.
‘വെളുപ്പാന്‍കാലത്ത് അദ്ദേഹത്തിന് പനിയുണ്ടായിരുന്നു.’ അവള്‍ പറഞ്ഞു. ‘രണ്ടു മണിക്കൂറോളം അഭ്യന്തരയുദ്ധത്തെക്കുറിച്ച് പിച്ചും പേയും പറയുകയായിരുന്നു.’
‘അത് പനിയല്ലായിരുന്നു,’ കേണല്‍ സമചിത്തത വീണ്ടെടുത്തുകൊണ്ട് പ്രതികരിച്ചു. ‘ മാത്രമല്ല,’ അയാള്‍ പറഞ്ഞു, ‘എനിക്കു രോഗമാണെന്നു തോന്നിയാല്‍ ആ ദിവസം ഞാന്‍ എന്നെത്തന്നെ ചവറ്റുകൊട്ടയിലേക്കെറിയും.’ അയാള്‍ പത്രങ്ങളെടുക്കാന്‍ കിടപ്പുമുറിയിലേക്കു പോയി. ‘നല്ല വാക്കിന് നന്ദി’ ഡോക്ടര്‍ പറഞ്ഞു. രണ്ടു പേരും കൂടി കവലയിലേക്കു നടന്നു. വരണ്ട അന്തരീക്ഷമായിരുന്നു. തെരുവിലെ ടാര്‍ ഉരുകാന്‍ തുടങ്ങിയിരുന്നു. ഡോക്ടര്‍ വിട പറഞ്ഞപ്പോള്‍ കേണല്‍ പല്ലുകള്‍ കടിച്ചുപിടിച്ചുകൊണ്ട് അടക്കിയ സ്വരത്തില്‍ ചോദിച്ചു, ‘ഞങ്ങള്‍ എത്ര തരാനുണ്ട് ഡോക്ടര്‍?’ ‘ ഇപ്പോള്‍ ഒന്നും തരണ്ട’ അയാളുടെ തോളത്ത് തട്ടിക്കൊണ്ട് ഡോക്ടര്‍ പറഞ്ഞു, ‘കോഴി ജയിക്കുമ്പോള്‍ ഞാനൊരു കനത്ത ബില്ല് അയയ്ക്കുന്നുണ്ട്.’ രഹസ്യ എഴുത്തുകള്‍ അഗസ്റ്റിന്റെ കൂട്ടുകാര്‍ക്കെത്തിക്കാന്‍ കേണല്‍ തയ്യല്‍കടയിലേക്കു പോയി. തന്റെ സഹപോരാളികളെല്ലാം കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യുകയും താന്‍ എല്ലാ വെള്ളിയാഴ്ചയും തപാലിനു കാത്തിരിക്കുകയല്ലാതെ മറ്റൊരു തൊഴിലുമില്ലാത്തവനാവുകയും ചെയ്തതു മുതല്‍ കേണലിന്റെ ഒരേയൊരു അഭയം ആ കടയായിരുന്നു.
വൈകുന്നേരത്തെ ചൂട് സ്ത്രീക്ക് നവോന്മേഷം പകര്‍ന്നു. വരാന്തയിലെ ബിഗോണിയ> ചെടികള്‍ക്കിടയില്‍, പഴകിയ വസ്ത്രങ്ങള്‍ നിറച്ച ഒരു പെട്ടിയുടെ അരികിലിരുന്ന് അവള്‍ ശൂന്യതയില്‍ നിന്നും പുതുവസ്ത്രങ്ങളുണ്ടാക്കുന്ന, ഒരിക്കലുമവസാനിക്കാത്ത മാന്ത്രികവിദ്യ വീണ്ടും തുടങ്ങി. കൈകളില്‍ നിന്ന് കോളറുകളും പുറംഭാഗത്തുനിന്നുള്ള ചതുരക്കഷണങ്ങളില്‍ നിന്ന് കയ്യറ്റങ്ങളുമുണ്ടാക്കി. വിവിധ വര്‍ണ്ണങ്ങളുള്ള കഷണങ്ങള്‍കൊണ്ടാണെങ്കിലും എല്ലാം കുറ്റമറ്റവയായിരുന്നു.
നടുമിറ്റത്ത് ഒരു ചീവീട് കരഞ്ഞു. സൂര്യപ്രകാശം മങ്ങി. ബിഗോണിയ ചെടികള്‍ക്കപ്പുറം സൂര്യന്‍ താഴ്ന്നത് അവള്‍ അറിഞ്ഞില്ല. സന്ധ്യയ്ക്ക് കേണല്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അവള്‍ തലയുയര്‍ത്തിയത്. അപ്പോള്‍ അവള്‍ രണ്ടു കൈകൊണ്ടും തന്റെ കഴുത്ത് അമര്‍ത്തി, വിരല്‍ ഞെട്ടുകള്‍ പൊട്ടിച്ചു, എന്നിട്ടു പറഞ്ഞു. ‘എന്റെ തല ഒരു പലക പോലെ വെറുങ്ങലിച്ചിരിക്കുന്നു.’ ‘അത് എപ്പോഴും അങ്ങനെത്തന്നെയാണ്,’ കേണല്‍ പറഞ്ഞു. അപ്പോഴാണ് പലവര്‍ണ്ണങ്ങളിലുള്ള തുണിക്കഷണങ്ങള്‍ കൊണ്ട് മൂടിയ അവളെ അയാള്‍ ശ്രദ്ധിച്ചത്.
‘നീയൊരുആക്രിക്കടക്കാരിയെപ്പോലെയിരിക്കുന്നു.’ ‘ഒരു അര ആക്രിക്കടക്കാരിയായാലെ നിങ്ങളെ വസ്ത്രമണിയിക്കാനാവുകയുള്ളു.’ മൂന്നു നിറത്തിലുള്ള തുണിക്കഷണങ്ങള്‍ കൊണ്ട് തുന്നിയ ഒരു ഷര്‍ട്ട് അവള്‍ ഉയര്‍ത്തിക്കാട്ടി. കോളറും കയ്യറ്റങ്ങളും ഒരേ നിറമായിരുന്നു. ‘കാര്‍ണിവല്‍ വേളയില്‍ നിങ്ങള്‍ക്ക് ജാക്കറ്റ് ഊരിയാല്‍ മാത്രം മതി.’ ആറുമണിയടിച്ചത് അവളെ തടസ്സപ്പെടുത്തി. ‘പിതാവിന്റെ മാലാഖ മേരിയെ അറിയിച്ചു,’ അവള്‍ കിടപ്പുമുറിയിലേക്കു പോകവേ, ഉറക്കെ പ്രാര്‍ത്ഥിച്ചു. കേണല്‍ സ്‌കൂള്‍ വിട്ടു വരുന്ന വഴി കോഴിയെ കാണാന്‍ വന്ന കുട്ടികളുമായി സംസാരിക്കുകയായിരുന്നു.
അപ്പോഴാണ് പിറ്റേദിവസത്തേയ്ക്ക് കോഴിക്ക് കൊടുക്കാന്‍ ധാന്യമില്ലെന്ന് അയാള്‍ ഓര്‍ത്തത്. ഉടന്‍ അയാള്‍ ഭാര്യയോട് പണം ചോദിക്കാന്‍ കിടപ്പുമുറിയിലേക്കു നടന്നു.
‘അമ്പതു സെന്റു മാത്രമേ ഉള്ളു എന്നാണ് തോന്നുന്നത്’ അവള്‍ പറഞ്ഞു.
കിടയ്ക്കക്കടിയില്‍ ഒരു തൂവാലയില്‍ കെട്ടിയാണ് അവള്‍ പണം സൂക്ഷിച്ചിരുന്നത്. അത് അഗസ്റ്റിന്റെ തുന്നല്‍യന്ത്രത്തില്‍ നിന്നുള്ള വരുമാനമായിരുന്നു.
ഒമ്പതുമാസമായി സ്വന്തം ചെലവിനും കോഴിയുടെ ചെലവിനുമായി ആ പണം ഓരോ ചില്ലിയായി ചെലവഴിക്കുകയായിരുന്നു. ഇനി അതില്‍ രണ്ട് ഇരുപത് സെന്റിന്റേയും ഒരു പത്തു സെന്റിന്റേയും തുട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
‘ഒരു റാത്തല്‍ ധാന്യം വാങ്ങിക്കോളൂ,’ സ്ത്രീ പറഞ്ഞു. ‘ബാക്കിയുള്ള ചില്ലറകൊണ്ട് നാളേയ്ക്കുള്ള കാപ്പിയും നാല് ഔണ്‍സ് പാല്‍ക്കട്ടിയും.’
‘ഉമ്മറത്ത് തൂക്കുവാന്‍ സ്വര്‍ണ്ണത്തിന്റെ ഒരാനയും,’ കേണല്‍ കൂട്ടിച്ചേര്‍ത്തു. ‘ധാന്യത്തിനു മാത്രം വേണം നാല്‍പ്പത്തിരണ്ട്.’
അവര്‍ ഒരു നിമിഷം ചിന്തിച്ചു.
‘പൂവന്‍ കോഴി ഒരു ജന്തുവാണ്, അതിനാല്‍ അതിന്റെ കാര്യം പിന്നെ,’ സ്ത്രീ ആദ്യം പറഞ്ഞു. എന്നാല്‍ ഭര്‍ത്താവിന്റെ മുഖഭാവം അവളെ വീണ്ടും ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. കേണല്‍ കൈമുട്ട് കാല്‍മുട്ടില്‍ വെച്ച്, നാണയങ്ങള്‍ കയ്യിലിട്ട് കിലുക്കിക്കൊണ്ട് കട്ടിലിന്മേലിരുന്നു.
‘ഇത് എനിക്കു വേണ്ടിയല്ല,’ അയാള്‍ ഒരു നിമിഷത്തിനു ശേഷം പറഞ്ഞു. ‘എന്റെ> ഇഷ്ടപ്രകാരമായിരുന്നെങ്കില്‍ ഞാന്‍ ഇന്നു രാത്രി തന്നെ ഒരു കോഴിക്കറി വെച്ചേനെ! അമ്പതു പെസോയുടെ ദഹനക്കേട് നല്ലതു തന്നെ.’ കഴുത്തിന്മേലുള്ള കൊതുകിനെ ഞെരിച്ചു കൊല്ലാനായി അയാള്‍ നിര്‍ത്തി. അയാളുടെ കണ്ണുകള്‍ മുറിയില്‍ ഭാര്യയെ പിന്തുടര്‍ന്നു. ‘ആ പാവം പയ്യന്മാര്‍ പണം ശേഖരിക്കുന്നതാണ് എന്നെ അലട്ടുന്നത്.’
അപ്പോള്‍ അവള്‍ ആലോചിക്കാന്‍ തുടങ്ങി. അവള്‍ കീടനാശിനി സ്‌പ്രെയുമായി നേരെ തിരിഞ്ഞു. അവളുടെ ഭാവത്തില്‍ അസാധാരണമായ എന്തോ ഉണ്ടെന്ന് കേണലിനു തോന്നി. അവള്‍ വീട്ടിലെ ആത്മാക്കളുടെ ഉപദേശം തേടുന്നതുപോലെ തോന്നിച്ചു. ഒടുവില്‍ അവള്‍ സ്‌പ്രേ ചുമരിലെ കൂട്ടില്‍ വെച്ച് സിറപ്പു നിറമുള്ള കണ്ണുകള്‍ കൊണ്ട് കേണലിന്റെ സിറപ്പു നിറമുള്ള കണ്ണുകളിലേക്ക് നോക്കി.
‘ധാന്യം വാങ്ങിക്കോളൂ,’ അവള്‍ പറഞ്ഞു, ‘നമ്മള്‍ എങ്ങനെ കഴിച്ചുകൂട്ടും എന്ന് ദൈവത്തിനറിയാം.’
‘ഇതാണ് ഇരട്ടിക്കുന്ന അപ്പക്കഷണങ്ങളുടെ അത്ഭുതം.’ പിറ്റേ ആഴ്ച്ച മേശക്കു മുന്നിലിരിക്കുമ്പോഴെല്ലാം കേണല്‍ ആവര്‍ത്തിച്ചു. തുണികള്‍ തുന്നുവാനും ഇഴയിടാനും നന്നാക്കാനുമെല്ലാം അതിശയകരമായ കഴിവുള്ള അവള്‍ വീട്ടിലെ സാമ്പത്തികകാര്യങ്ങള്‍ പണമില്ലാതെ തന്നെ നടത്തിക്കൊണ്ടുപോകാനുള്ള സൂത്രം കണ്ടുപിടിച്ചപോലെ തോന്നിച്ചു. ഒകേ്ടാബര്‍ യുദ്ധവിരാമകാലം നീട്ടിവെച്ചു. ഈര്‍പ്പം ഒരു തരം മയക്കത്തിനു വഴിമാറി. ചെമ്പുപോലെയുള്ള സൂര്യന്‍ സ്വാസ്ഥ്യം നല്‍കിയ അവള്‍ മൂന്നു സായാഹ്നങ്ങള്‍ തന്റെ സങ്കീര്‍ണ്ണമായ കേശാലങ്കാരത്തില്‍ വ്യാപൃതയായി.
‘വലിയ കുര്‍ബ്ബാന തുടങ്ങിയിരിക്കുന്നു,’ ഒരു സായാഹ്നത്തില്‍ അവള്‍ ഏതാനും പല്ലുകള്‍ നഷ്ടപ്പെട്ട ചീര്‍പ്പുകൊണ്ട് നീണ്ട നീല മുടിച്ചുരുളുകളില്‍ നിന്നും ജഡ കളഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കേണല്‍ പറഞ്ഞു. രണ്ടാമത്തെ സായാഹ്നത്തില്‍ നടുമിറ്റത്തിരുന്ന് മടിയില്‍ ഒരു വെള്ളത്തുണി വിരിച്ച് അല്‍പ്പം കൂടി നല്ല ചീര്‍പ്പുകൊണ്ട്, അസുഖസമയത്ത് പെരുകിയിരുന്ന പേന്‍ കളഞ്ഞു. ഒടുവില്‍, സുഗന്ധജലം കൊണ്ട് തല കഴുകി ഉണക്കി രണ്ടു ഭാഗമാക്കി ചുരുട്ടി കഴുത്തിന്റെ പിന്‍ഭാഗത്ത് ഒരു ക്‌ളിപ്പുകൊണ്ട് ഉറപ്പിച്ചു. കേണല്‍ കാത്തിരുന്നു. രാത്രി തൂക്കുമഞ്ചത്തില്‍ മണിക്കൂറുകളോളം കോഴിയുടെ വിധിയെപ്പറ്റി ഓര്‍ത്ത് അയാള്‍ ഉറക്കമില്ലാതെ കിടന്നു. എന്നാല്‍ ബുധനാഴ്ച്ച രാവിലെ അവര്‍ അവനെ തൂക്കിനോക്കിയപ്പോള്‍ അവന്റെ സ്ഥിതി മോശമായിരുന്നില്ല. അതേ സായാഹ്നത്തില്‍ അഗസ്റ്റിന്റെ കൂട്ടുകാര്‍ സാങ്കല്‍പ്പികമായി, കോഴിയില്‍ നിന്നുള്ള വരുമാനം കണക്കാക്കിക്കൊണ്ട് വീട്ടില്‍ നിന്നും പോയപ്പോള്‍ കേണലിനും തോന്നി താന്‍ നന്നായിരിക്കുന്നു എന്ന്. ഭാര്യ അയാളുടെ മുടി വെട്ടി. ‘നീ എന്നില്‍ നിന്നും ഇരുപതു വര്‍ഷം എടുത്തുമാറ്റി.’ കൈകള്‍ കൊണ്ട് തല തടവിനോക്കിയിട്ട് അയാള്‍ പറഞ്ഞു. അതു ശരിയാണെന്ന് അയാളുടെ ഭാര്യയ്ക്കും തോന്നി.
‘എന്റെ അസുഖം മാറിയാല്‍ എനിക്ക് മരിച്ചവരെ തിരിച്ചു കൊണ്ടുവരാന്‍ കഴിയും.’ അവള്‍ പറഞ്ഞു. അവളുടെ ആത്മവിശ്വാസം ഏതാനും മണിക്കൂറുകളേ നിലനിന്നുള്ളു. ക്‌ളോക്കും ചിത്രവുമൊഴിച്ച് മറ്റൊന്നും തന്നെ വീട്ടില്‍ വില്‍ക്കാനായുണ്ടായിരുന്നില്ല.
വ്യാഴാഴ്ച്ച രാത്രിയില്‍, ധനാഗമമാര്‍ഗ്ഗങ്ങളെല്ലാമടഞ്ഞപ്പോള്‍, അവള്‍ അവരുടെ ശോച്യാവസ്ഥയില്‍ ഉല്‍ക്കണ്‍ഠ വെളിപ്പെടുത്തി.
‘വിഷമിക്കേണ്ട,’ കേണല്‍ അവളെ ആശ്വസിപ്പിച്ചു, ‘നാളെയാണ് തപാല്‍ വരുന്നത്’
പിറ്റേദിവസം അയാള്‍ ഡോക്ടറുടെ ആപ്പീസിനു മുന്നില്‍ യന്ത്രബോട്ടുകള്‍ക്കായി കാത്തുനിന്നു.
‘വിമാനം ഒരു അത്ഭുതം തന്നെയാണ്,’ കേണല്‍ പറഞ്ഞു. ‘ഒരു രാത്രികൊണ്ട് നമുക്ക് യൂറോപ്പിലെത്താമെന്നാണ് പറയുന്നത്.’
‘അതു ശരിയാണ്,’ ഡോക്ടര്‍ ഒരു സചിത്രമാസിക കൊണ്ട് വീശിക്കൊണ്ടു പറഞ്ഞു. ബോട്ട് നങ്കൂരമിട്ടാല്‍ ഉടന്‍ ചാടിക്കയറാനായി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ കേണല്‍ പോസ്റ്റ്മാസ്റ്ററെ കണ്ടു. പോസ്റ്റ്മാസ്റ്ററാണ് ആദ്യം ചാടിക്കയറിയത്. അദ്ദേഹം കപ്പിത്താനില്‍ നിന്നും അരക്കുകൊണ്ട് മുദ്രവെച്ച ഒരു കവര്‍ വാങ്ങി. എന്നിട്ട് മേല്‍ക്കൂരയിലേക്കു കയറി. തപാല്‍ സഞ്ചി രണ്ടു വീപ്പകള്‍ക്കിടയില്‍ കെട്ടിവെച്ചിരിക്കയായിരുന്നു.
‘എങ്കിലും അതിന് അതിന്റേതായ അപകടങ്ങളുണ്ട്,’ കേണല്‍ പറഞ്ഞു. പോസ്റ്റ്മാസ്റ്റര്‍ ദൃഷ്ടിയില്‍ നിന്നും മറഞ്ഞ് വീണ്ടും ലഘുപാനീയങ്ങളുടെ വര്‍ണ്ണക്കുപ്പികളുടെ ഇടയില്‍ പ്രത്യക്ഷപ്പെട്ടു. ‘ഒരു വില നല്കാതെ മനുഷ്യരാശി പുരോഗമിക്കുകയില്ല. ഈ അവസ്ഥയിലും അത് യന്ത്രബോട്ടിനേക്കാള്‍ സുരക്ഷിതമാണ്,’ ഡോക്ടര്‍ പറഞ്ഞു. ‘ഇരുപതിനായിരം അടി ഉയരത്തില്‍ അതിനെ കാലാവസ്ഥ ബാധിക്കുന്നില്ല.’
‘ഇരുപതിനായിരം അടി’ അത്രയും ഉയരത്തെപ്പറ്റി ചിന്തിക്കാന്‍പോലുമാവാതെ കേണല്‍ ആവര്‍ത്തിച്ചു.
ഡോക്ടര്‍ക്ക് താല്പര്യമുണര്‍ന്നു. അദ്ദേഹം മാസിക പരിപൂര്‍ണ്ണ നിശ്ചലമാവും വിധം നിവര്‍ത്തിപ്പിടിച്ചു.
‘അതിന് പരിപൂര്‍ണ്ണ സുസ്ഥിരതയുണ്ടായിരിക്കും .’ പക്ഷെ, കേണലിന്റെ ശ്രദ്ധ പോസ്റ്റ്മാസ്റ്ററുടെ പ്രവൃത്തിയിലായിരുന്നു. അദ്ദേഹം ഇടത്തെ കയ്യില്‍ പിടിച്ച കുപ്പിയില്‍ നിന്നും പതയുന്ന ചുവപ്പു ദ്രാവകം കുടിക്കുന്നതു കാണാമായിരുന്നു. വലതു കയ്യില്‍ തപാല്‍ സഞ്ചിയുമുണ്ടായിരുന്നു.
‘മാത്രമല്ല, രാത്രി വിമാനങ്ങളുമായി തുടര്‍ച്ചയായി ബന്ധം പുലര്‍ത്തുന്ന കപ്പലുകള്‍ കടലില്‍ നങ്കൂരമിട്ടിരിക്കും ,’ ഡോക്ടര്‍ തുടര്‍ന്നു. ഇത്രയെല്ലാം മുന്‍കരുതലുള്ളതുകൊണ്ട് അത് യന്ത്രബോട്ടുകളേക്കാള്‍ സുരക്ഷിതമാണ്.
കേണല്‍ അദ്ദേഹത്തെ നോക്കി.
‘സ്വാഭാവികമായും ,’ അയാള്‍ പറഞ്ഞു, ‘അതൊരു പരവതാനിപോലെയായിരിക്കും .’ പോസ്റ്റ്മാസ്റ്റര്‍ നേരെ അവരുടെ അടുത്തേക്കു വന്നു. അടക്കാനാവാത്ത ഉല്‍ക്കണ്ഠയോടെ കേണല്‍ അല്പം പിറകോട്ട് മാറി സീല്‍ ചെയ്ത് കവറിലെ പേരു വായിക്കാന്‍ ശ്രമിച്ചു. പോസ്റ്റ്മാസ്റ്റര്‍ സഞ്ചി തുറന്ന് ഡോക്ടര്‍ക്കുള്ള പത്രങ്ങളുടെ പൊതി കൊടുത്തു. അതിനു ശേഷം അയാള്‍ സ്വകാര്യ എഴുത്തുകളുടെ കവര്‍ പൊട്ടിച്ച്, രശീതിയെല്ലാം കൃത്യമാണെന്നുറപ്പു വരുത്തി, എഴുത്തുകളുടെ മേല്‍വിലാസം വായിക്കാന്‍ തുടങ്ങി.
‘സൂയസ് പ്രശ്‌നം ഇപ്പോഴും തുടരുന്നു.’ പ്രധാന തലക്കെട്ടുകള്‍ വായിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘പാശ്ചാത്യരുടെ നില മോശമായിക്കൊണ്ടിരിക്കുന്നു.’ കേണല്‍ തലക്കെട്ടുകള്‍ വായിച്ചില്ല. അയാള്‍ വയര്‍ അമര്‍ത്തിപ്പിടിച്ചു.
‘സെന്‍സര്‍ഷിപ്പ് തുടങ്ങിയതിനുശേഷം പത്രങ്ങള്‍ യൂറോപ്പിനെപ്പറ്റി മാത്രമേ പറയുന്നുള്ളു.’ അയാള്‍ പറഞ്ഞു. ‘ഏറ്റവും നല്ലത് യൂറോപ്പ്യന്മാരെല്ലാം ഇങ്ങോട്ടു വരുകയും നമ്മള്‍ യൂറോപ്പിലേക്കു പോവുകയുമാണ്. അങ്ങനെയായാല്‍ എല്ലാവര്‍ക്കും അവരവരുടെ രാജ്യത്ത് സംഭവിക്കുന്നതെന്താണെന്ന് അറിയാന്‍ കഴിയും.’
‘യൂറോപ്പുകാര്‍ക്ക് തെക്കെ അമേരിക്ക മീശയും ഗിറ്റാറും തോക്കുമുള്ള ഒരു മനുഷ്യനാണ്.’ പത്രത്തിന്റെ മുകളിലൂടെ ചിരിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു.
‘അവര്‍ക്ക് പ്രശ്‌നം പിടികിട്ടിയിട്ടില്ല.’
പോസ്റ്റ്മാസ്റ്റര്‍ തപാല്‍ വിതരണം ചെയ്തു. അവശേഷിച്ചത് സഞ്ചിയില്‍ നിക്ഷേപിച്ച് വീണ്ടും അടച്ചുവെച്ചു. ഡോക്ടര്‍ തനിക്കുള്ള രണ്ട് സ്വകാര്യ എഴുത്തുകള്‍ വായിക്കാനൊരുങ്ങി. കവര്‍ തുറക്കുന്നതിനു മുമ്പ് കേണലിനെ നോക്കി. എന്നിട്ട് പോസ്റ്റ്മാസ്റ്ററെ നോക്കി ‘കേണലിനൊന്നുമില്ലേ?’
കേണല്‍ സംഭീതനായി. പോസ്റ്റ്മാസ്റ്റര്‍ സഞ്ചി തോളിലേക്കിട്ട്, തറയില്‍ നിന്നുമെഴുന്നേറ്റ് തിരിഞ്ഞുനോക്കാതെ പറഞ്ഞു: ‘കേണലിനാരും എഴുതുന്നില്ല.’ പതിവിനു വിപരീതമായി അയാള്‍ നേരെ വീട്ടിലേക്കു പോയില്ല. തയ്യല്‍ക്കടയില്‍ നിന്ന്, അഗസ്റ്റിന്റെ കൂട്ടുകാര്‍ പത്രങ്ങള്‍ മറിച്ചുനോക്കിക്കൊണ്ടിരിക്കെ, ഒരു കാപ്പി കുടിച്ചു. താന്‍ വഞ്ചിക്കപ്പെട്ടപോലെ അയാള്‍ക്കു തോന്നി. ഒഴിഞ്ഞ കയ്യോടെ ഭാര്യയെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കാന്‍ അടുത്ത വെള്ളിയാഴ്ച്ച വരെ അവിടെത്തന്നെ തങ്ങാനായിരുന്നു…
Generated from archived content: aarum3.html Author: gabriel_garcia_marquez
Click this button or press Ctrl+G to toggle between Malayalam and English