ആരും കേണലിന് എഴുതുന്നില്ല: 11

‘പത്തു മിനുട്ടിനകം അയാള്‍ വന്നില്ലെങ്കില്‍ ഞാന്‍ തിരിച്ചുപോകും ‘ രണ്ടു മണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനുശേഷം കേണല്‍ സ്വയം പറഞ്ഞു. എങ്കിലും അയാള്‍ ഇരുപതു മിനുട്ടു കൂടി കാത്തു. അയാള്‍ പോകാന്‍ തുടങ്ങുമ്പോഴാണ്‌ ഒരു കൂട്ടം പണിക്കാരുമായി സബാസ് ഓഫീസില്‍ പ്രവേശിച്ചത്. കേണലിനെ ശ്രദ്ധിക്കാതെ അയാള്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ‘നിങ്ങളെന്നെ കാത്തുനില്ക്കുകയാണോ, സ്നേഹിതാ’ അതേ, സ്നേഹിതാ,’ കേണല്‍ പറഞ്ഞു. നിങ്ങള്‍ തിരക്കിലാണെങ്കില്‍ ഞാന്‍ പിന്നീട് വരാം .’ വാതിലിനപ്പുറത്തുനിന്ന് സബാസ് അത് കേട്ടില്ല. ‘ഞാന്‍ ഇപ്പോള്‍ വരാം ,’ അയാള്‍ പറഞ്ഞു. ശ്വാസം മുട്ടിക്കുന്ന മദ്ധ്യാഹ്നമായിരുന്നു അത്. തെരുവിലെ പ്രകാശപൂരത്തില്‍ ഓഫീസ് വെട്ടിത്തിളങ്ങി.

ചൂടുകൊണ്ടുള്ള മന്ദതയില്‍ കേണല്‍ അറിയാതെ കണ്ണുകളടയ്ക്കുകയും ഉടന്‍ തന്നെ ഭാര്യയെ സ്വപ്നം കാണാന്‍ തുടങ്ങുകയും ചെയ്തു. സബാസിന്റെ ഭാര്യ എത്തിവലിഞ്ഞു നടന്നുകൊണ്ട് വന്നു. ‘ഉറങ്ങിക്കോളൂ, സ്നേഹിതാ,’ അവള്‍ പറഞ്ഞു. ‘ഈ ഓഫീസ് ചൂടുകൊണ്ട് ഒരു നരകമായിരിക്കുന്നു. അതിനാല്‍ ഞാന്‍ ഈ ജനല്‍ കര്‍ട്ടനുകള്‍ താഴ്ത്താന്‍ പോവുകയാണ്‌.’ കേണല്‍ ശൂന്യമായ കണ്ണുകളോടെ അവളെ പിന്തുടര്‍ന്നു. ജനലുകളടച്ച് അതിന്റെ നിഴലില്‍ നിന്നും അവള്‍ തുടര്‍ന്നു. ‘നിങ്ങള്‍ എപ്പോഴും സ്വപ്നം കാണാറുണ്ടോ?’ ‘വല്ലപ്പോഴും ,’ ഉറങ്ങിപ്പോയതില്‍ ലജ്ജിച്ചുകൊണ്ട് കേണല്‍ മറുപടി പറഞ്ഞു. ‘ മിക്കവാറും എല്ലായ്പ്പോഴും ചിലന്തിവലയില്‍ കെട്ടുപിണഞ്ഞതായാണ്‌ ഞാന്‍ സ്വപ്നം കാണാറ്‌’ ‘എല്ലാ രാത്രിയും ഞാന്‍ പേടിസ്വപ്നം കാണാറുണ്ട്,’ സ്ത്രീ പറഞ്ഞു. ‘ സ്വപ്നങ്ങളില്‍ കണ്ടുമുട്ടുന്ന അജ്ഞാതമനുഷ്യര്‍ ആരാണെന്നു കണ്ടുപിടിക്കുക എന്നതാണ്‌ ഇപ്പോള്‍ എന്റെ തലയില്‍ കടന്നുകൂടിയിരിക്കുന്നത്.’ അവള്‍ ഫാനിന്റെ പ്ളഗ് കുത്തി. ‘കഴിഞ്ഞ ആഴ്ച്ച ഒരു സ്ത്രീ എന്റെ കട്ടിലിന്റെ തലയ്ക്കല്‍ പ്രത്യക്ഷപ്പെട്ടു,” അവള്‍ പറഞ്ഞു. അവള്‍ ആരാണെന്നു ചോദിക്കാന്‍ എനിക്കു കഴിഞ്ഞു. അപ്പോള്‍ അവള്‍ പറഞ്ഞു, “പന്ത്രണ്ടു കൊല്ലം മുമ്പ് ഈ മുറിയില്‍ വെച്ചു മരിച്ച സ്ത്രീയാണ്‌ ഞാന്‍ “‘ ‘പക്ഷെ ഈ വീട് പണിതിട്ട് കഷ്ടിച്ച് രണ്ടു വര്‍ഷമല്ലേ ആയുള്ളു?” കേണല്‍ പറഞ്ഞു. ‘അതു ശരിയാണ്‌” സ്ത്രീ പറഞ്ഞു. ‘അതിനര്‍ത്ഥം മരിച്ചവര്‍ക്കും തെറ്റുപറ്റാമെന്നു തന്നെ.’

പങ്കയുടെ മൂളല്‍ നിഴലിന്‌ ഖരഭാവം നല്കി. കേണല്‍ ഉറക്കച്ചടവുകൊണ്ടും സ്വപ്നങ്ങളില്‍ നിന്നു നേരെ പുനരവതാരത്തിലേക്കു കടന്ന സ്ത്രീയുടെ അലക്ഷ്യമായ സംസാരം കൊണ്ടും അക്ഷമനായി. വിട പറയാന്‍ ഒരു ഇട കിട്ടാന്‍ വേണ്ടി നോക്കിനില്ക്കുമ്പോഴാണ്‌ സബാസ് മേസ്ത്രിയുമായി ഓഫീസിലേക്കു വന്നത്. ‘ഞാന്‍ നിങ്ങളുടെ സൂപ്പ് നാലുതവണ ചൂടാക്കിക്കഴിഞ്ഞു,’ സ്ത്രീ പറഞ്ഞു. വേണമെങ്കില്‍ പത്തുതവണ ചൂടാക്കിക്കോ,” സബാസ് പറഞ്ഞു. ‘പക്ഷെ ഇപ്പോള്‍ എന്നെ ശല്യപ്പെടുത്തരുത്.’ അയാള്‍ അലമാര തുറന്ന് ഒരു നോട്ടുകെട്ടും നിര്‍ദ്ദേശങ്ങളുടെ ഒരു കുറിപ്പും ഫോര്‍മാനു നല്‍കി. മേസ്ത്രി പണം എണ്ണാന്‍ ജനലിന്റെ കര്‍ട്ടനുയറ്ത്തി. സബാസ് ഓഫീസിനു പിന്നില്‍ കേണലിനെ കണ്ടു. പക്ഷെ, കണ്ട ഭാവം നടിച്ചില്ല. അയാള്‍ മേസ്ത്രിയുമായി സംസാരിച്ചുകൊണ്ടിരുന്നു. രണ്ടുപേരും വീണ്ടും ഓഫീസ് വിടാനൊരുങ്ങിയപ്പോള്‍ കേണല്‍ നിവര്‍ന്നു നിന്നു. വാതില്‍ തുറക്കുന്നതിനു മുമ്പ് സബാസ് നിന്നു.

‘ഞാനെന്തു സഹായമാണ്‌ ചെയ്യേണ്ടത്, സുഹൃത്തേ?’ മേസ്ത്രി തന്നെ നോക്കുന്നത് കേണല്‍ കണ്ടു. ‘ഒന്നുമില്ല, സുഹൃത്തേ,’ അയാള്‍ പറഞ്ഞു. ‘നിങ്ങളോടൊന്ന് സംസാരിക്കാമെന്നു കരുതി ” ‘എന്തുതന്നെയായാലും വേഗമാവട്ടെ’ സബാസ് പറഞ്ഞു. ‘എനിക്ക് ഒരു മിനുട്ട് പോലും ഇടയില്ല.’

വാതില്‍ പിടിയില്‍ കൈവെച്ചുകൊണ്ട് അയാള്‍ സംശയിച്ചു നിന്നു. കേണലിന്‌ തന്റെ ജീവിതത്തിലെ ഏറ്റവും നീണ്ട അഞ്ചു സെക്കന്റുകള്‍ കടന്നുപോകുന്നതായി തോന്നി. അയാള്‍ പല്ലിറുമ്മി. ‘കോഴിയുടെ കാര്യമാണ്‌,’ അയാള്‍ മന്ത്രിച്ചു. അപ്പോള്‍ സബാസ് വാതില്‍ മുഴുവനും തുറന്നു. ‘കോഴിയുടെ പ്രശ്നം ,” മേസ്ത്രിയെ ഹാളിലേക്കു തള്ളി, ചിരിച്ചുകൊണ്ട് അയാള്‍ ആവര്‍ത്തിച്ചു. ‘ആകാശം വീഴാന്‍ പോകുന്നു, ആ സമയം എന്റെ സ്നേഹിതന്‍ കോഴിയെപ്പറ്റി വേവലാതിപ്പെടുന്നു.’ എന്നിട്ട് കേണലിനു നേരെ തിരിഞ്ഞ് പറഞ്ഞു: ‘ശരി സുഹൃത്തേ, ഞാനിപ്പോള്‍ വരാം .’ അവരുടെ കാലൊച്ചകള്‍ ഹാളിന്നറ്റത്ത് കേള്‍ക്കാതാവുന്നതുവരെ കേണല്‍ ഓഫീസിന്റെ മദ്ധ്യത്തില്‍ നിശ്ചലനായി നിന്നു. അതിനു ശേഷം അയാള്‍ ഞായറാഴ്ച്ചയിലെ ഉച്ചമയക്കത്തില്‍ മരവിച്ചു കിടക്കുന്ന നഗരത്തില്‍ കറങ്ങിനടക്കാനായി പുറത്തിറങ്ങി. തയ്യല്‍ക്കടയില്‍ ആരുമുണ്ടായിരുന്നില്ല. ഡോക്ടറുടെ ഓഫീസ് അടച്ചിരിക്കുകയായിരുന്നു. സിറിയക്കാരുടെ കടകളില്‍ നിരത്തിയിരുന്ന സാധനങ്ങള്‍ നോക്കാന്‍ ആരുമുണ്ടായിരുന്നില്ല. നദി ഒരു ഉരുക്കു തകിടു പോലെയായിരുന്നു. നദിയുടെ കരയില്‍ , വെയിലില്‍ നിന്നും മുഖം ഒരു തൊപ്പികൊണ്ട് മറച്ച്, നിരത്തിയിട്ടിരുന്ന നാലു എണ്ണവീപ്പകള്‍ക്കു മുകളില്‍ ഒരാള്‍ ഉറങ്ങിക്കിടന്നിരുന്നു. പട്ടണത്തില്‍ ചലിക്കുന്ന ഒരേയൊരു വസ്തു താന്‍ മാത്രമാണെന്ന ബോദ്ധ്യത്തോടെ അയാള്‍ വീട്ടിലേക്കു തിരിച്ചു.

വിഭവസമൃദ്ധമായ ഭക്ഷണവുമായി ഭാര്യ അയാളെ കാത്തിരിക്കുകയായിരുന്നു. ‘ഞാനിത് കടമായി വാങ്ങിയതാണ്‌, നാളെ മറ്റെന്തിനേക്കാളും മുമ്പെ ഇതിന്റെ വില നല്‍കാമെന്നും പറഞ്ഞ്.” അവള്‍ വിശദീകരിച്ചു. ഭക്ഷണത്തിനിടയില്‍ കേണല്‍ കഴിഞ്ഞ മൂന്നു മണിക്കൂര്‍ നേരത്തെ സംഭവങ്ങള്‍ വിവരിച്ചു. അവള്‍ അക്ഷമയോടെ അതെല്ലാം കേട്ടു. ‘നിങ്ങള്‍ക്ക് വ്യക്തിപ്രഭാവമില്ലെന്നതാണ്‌ പ്രശ്നം ” ഒടുവില്‍ അവള്‍ പറഞ്ഞു. ‘ നിങ്ങള്‍ പിച്ചക്കാരനെപ്പോലെയാണ്‌ പെരുമാറുന്നത്. അതേസമയം നിങ്ങള്‍ ചെയ്യേണ്ടത്, അന്തസ്സായി, തലയുയര്‍ത്തിപ്പിടിച്ച് സ്നേഹിതനെ അടുത്തു വിളിച്ച്, സ്നേഹിതാ, ഞാനെന്റെ കോഴിയെ നിങ്ങള്‍ക്കു വില്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നു പറയുകയാണ്‌ വേണ്ടത്.” ‘നീ പറയുമ്പോലെയാണെങ്കില്‍ ജീവിതം എത്ര അനായാസമാണ്‌!”

Generated from archived content: aarum11.html Author: gabriel_garcia_marquez

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here