ആരും കേണലിന് എഴുതുന്നില്ല- അധ്യായം ഒന്ന്‌

(വിവര്‍ത്തനം : പരമേശ്വരന്‍)

*************************

കേണല്‍ കാപ്പിടിന്നിന്റെ അടപ്പ് തുറന്നു ഒരു ചെറിയ സ്പൂണ്‍ പൊടിയേ അതിലുണ്ടായിരുന്നുള്ളു. അയാള്‍ കാപ്പിപ്പാത്രം അടുപ്പില്‍ നിന്നും മാറ്റി പകുതി വെള്ളം മണ്‍തറയിലേക്ക് ഒഴിച്ചു കളഞ്ഞു . എന്നിട്ട് ഒരു കത്തികൊണ്ട് കാപ്പിടിന്നിന്റെ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അവസാനത്തെ പൊടിയും തുരുമ്പും കൂടി പാത്രത്തിലേക്കു വീഴുന്നതുവരെ ചുരണ്ടിക്കൊണ്ടിരുന്നു.

അടുപ്പിനടുത്ത് ദൃഢവും നിഷ്ക്കളങ്കവുമായ പ്രതീക്ഷയുടെ ഭാവത്തോടെ വെള്ളം തിളക്കാന്‍ കാത്തിരിക്കുമ്പോള്‍ തന്റെ കുടലില്‍ പൂപ്പലുകളും വിഷമുല്ലകളും വേരുറപ്പിച്ചതുപോലെ കേണലിനു തോന്നി.

അത് ഒക്ടോബര്‍ മാസമായിരുന്നു. അതുപോലെ അനേകം പ്രഭാതങ്ങള്‍ അതിജീവിച്ച അയാളേപ്പോലുള്ള ഒരു മനുഷ്യനു പോലും ദുഷ്ക്കരമായ ഒരു പ്രഭാതം. ഏതാണ്ട് അറുപതുകൊല്ലമായി ഒടുവിലത്തെ ആഭ്യന്തര യുദ്ധത്തിന്റെ അന്ത്യം മുതല്‍ കേണല്‍ മറ്റൊന്നും ചെയ്തില്ല കാത്തിരിക്കുക മാത്രം. വന്നെത്തിയ ചുരുക്കം ചിലതിലൊന്ന് ഒക്ടോബര്‍ മാസം മാത്രമായിരുന്നു. കാപ്പിയുമായി അയാള്‍ കിടപ്പുമുറിയിലേക്കു വരുന്നതു കണ്ടപ്പോള്‍ അയാളുടെ ഭാര്യ കൊതുകുവലയുയര്‍ത്തി. തലേ രാത്രി അവള്‍ക്കു ആസ്ത്മയുടെ ആക്രമണമുണ്ടായിരുന്നു . അതുകൊണ്ട് അവള്‍ ഒരു മയക്കത്തിന്റെ അവസ്ഥയിലായിരുന്നു. എങ്കിലും അവള്‍ കപ്പ് വാങ്ങുവാന്‍ എഴുന്നേറ്റിരുന്നു.

‘ നിങ്ങളോ?” അവള്‍ ചോദിച്ചു.

‘ ഞാന്‍ കുടിച്ചു ‘ കേണല്‍ കള്ളം പറഞ്ഞു. ‘ എന്നിട്ടും ഒരു വലിയ സ്പൂണ്‍ പൊടി കൂടി ബാക്കിയുണ്ടായിരുന്നു’.

ആ നിമിഷം മണികള്‍ മുഴങ്ങാന്‍ തുടങ്ങി. കേണല്‍ ശവസംസ്ക്കാരത്തിന്റെ കാര്യം മറന്നിരുന്നു. ഭാര്യ കാപ്പികുടിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അയാള്‍ തൂക്കുമഞ്ചത്തിന്റെ ഒരറ്റത്തെ കൊളുത്തൂരി വാതിലിനു പിറകില്‍ മറ്റേ അറ്റത്തേക്കു ചുരുട്ടി വച്ചു. ആ സ്ത്രീ മരിച്ച മനുഷ്യനെക്കുറിച്ചോര്‍ത്തുകൊണ്ടിരുന്നു.

‘ അയാള്‍ ജനിച്ചത് 1922 – ല്‍ ആയിരുന്നു.’ അവള്‍ പറഞ്ഞു. ‘ നമ്മുടെ മോന്റെ ജനനത്തിനു ശേഷം കൃത്യം ഒരു മാസം കഴിഞ്ഞ് ഏപ്രില്‍ ഏഴാം തീയതി’.

ചരല്‍ പോലെയുള്ള ശ്വാസോച്ഛാസത്തിനിടയില്‍ അവള്‍ കാപ്പി മൊത്തിക്കുടിച്ചുകൊണ്ടിരുന്നു . വളഞ്ഞു വെറുങ്ങലിച്ച നട്ടെല്ലിനു മീതെ നേര്‍ത്ത വെളുത്ത പാടപോലെയായിരുന്നു അവള്‍. ശ്വാസതടസം കാരണം അവള്‍ ദൃഢ പ്രഖ്യാപനങ്ങള്‍ പോലെയാണു സംസാരിച്ചിരുന്നത്. കാപ്പി കുടിച്ചു തീര്‍ക്കുമ്പോഴും അവള്‍ ചിന്തിച്ചിരുന്നത് മരിച്ചു പോയ മനുഷ്യനെക്കുറിച്ചായിരുന്നു.

‘ ഒക്ടോബറില്‍ മറവു ചെയ്യപ്പെടുന്നത് ഭയങ്കരം തന്നെയായിരിക്കണം ‘ അവള്‍ പറഞ്ഞു . അയാള്‍ ശ്രദ്ധിച്ചില്ല. ആയാള്‍ ജനലുകള്‍ തുറന്നിട്ടു . ഒക്ടോബര്‍ നടുമിറ്റത്തേക്കു നീങ്ങിയിരുന്നു. കടും പച്ച പൊട്ടിവിതറിയിരുന്ന സസ്യ ജാലവും കീടങ്ങള്‍ മണ്ണില്‍ സൃഷ്ടിച്ചിരുന്ന ചെറിയ വരമ്പുകളും നോക്കി നില്‍ക്കുമ്പോള്‍‍ അയാള്‍ക്ക് അപകടകാരിയായ ആ മാസം തന്റെ കുടലുളില്‍ അനുഭവേദ്യമായി.

‘ ഞാന്‍ അസ്ഥികള്‍ വരെ നനഞ്ഞൊട്ടിയിരിക്കുന്നു. ‘ അയാള്‍ പറഞ്ഞു .

‘ ഇതു തണുപ്പുകാലമാണ് ‘ അവള്‍ പ്രതിവചിച്ചു ‘ മഴ പെയ്യാന്‍ തുടങ്ങിയതു മുതല്‍ ഞാന്‍ പറയുന്നതാണ് സോക്സിടണമെന്ന്’

‘ ഒരാഴ്ചയായി ഞാന്‍ അവയണിഞ്ഞാണ് കിടക്കുന്നത്’

മഴ സൗമ്യമായി , എന്നാല്‍ നിര്‍ത്താതെ പെയ്തുകൊണ്ടിരുന്നു.

കമ്പിളി പുതപ്പുകൊണ്ടു മൂടി തന്റെ തൂക്കുമഞ്ചത്തിലേക്ക് കയറിക്കിടക്കാനാണ് കേണലിനു തോന്നിയത്. എന്നാല്‍ വിടാതെ തുടരുന്ന ഇടറിയ മണി നാദം അയാളെ ശവസംസ്ക്കാരത്തെ പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു .

‘ ഇത് ഒക്ടോബറാണ്’ അയാള്‍ പിറുപിറുത്തുകൊണ്ട് മുറിയുടെ മദ്ധ്യത്തിലേക്കു നടന്നു. അപ്പോള്‍ മാത്രമാണ് അയാള്‍ കട്ടിലിന്റെ കാലില്‍ കെട്ടിയിട്ടിരുന്ന പൂവന്‍ കോഴിയുടെ കാര്യം ഓര്‍ത്തത് . ഒരു അങ്കക്കോഴിയായിരുന്നു അത്.

കപ്പ് അടുക്കളയിലേക്കു കൊണ്ടു പോയതിനു ശേഷം അയാള്‍ സ്വീകരണ മുറിയില്‍ മരത്തില്‍ കൊത്തിയ കൂട്ടില്‍ വച്ചിരുന്ന ക്ലോക്കിനു താക്കോല്‍ കൊടുത്തു. ആസ്തമ രോഗികള്‍ക്ക് പറ്റാത്ത തരത്തിലുള്ള ഇടുങ്ങിയ കിടപ്പുമുറിയില്‍ നിന്നും വ്യത്യസ്തമായി , സ്വീകരണ മുറി വിശാലമായിരുന്നു. പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച പൂച്ചയെ വെച്ചിരുന്ന വിരിപ്പിട്ട ചെറിയ മേശക്കു ചുറ്റും നാലു‍ കരുത്തുറ്റ ആട്ടു കസേരകള്‍ നിരത്തിയിരുന്നു. ക്ലോക്കിന്റെ എതില്‍ വശത്തുള്ള ഭിത്തിയില്‍ വലപോലെയുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ റോസാപ്പൂക്കള്‍ നിറച്ച ഒരു വഞ്ചിയില്‍ പ്രേമത്തിന്റെ പ്രതീകമായ ചിറകുള്ള കുട്ടി കളുടെ മദ്ധ്യത്തില്‍ നില്‍ക്കുന്ന ഒരു ചിത്രമുണ്ടായിരുന്നു.

ക്ലോക്കിനു താക്കോല്‍ കൊടുത്തു തീരു‍മ്പോള്‍ സമയം ഏഴുമണികഴിഞ്ഞ് ഇരുപത് മിനിറ്റായിരുന്നു. അയാള്‍ കോഴിയെ അടുക്കളയിലേക്കു കൊണ്ടു പോയി സ്റ്റവ്വിന്റെ കാലില്‍ കെട്ടിയിട്ട് ടിന്നിലെ വെള്ളം മാറ്റി കോഴിക്ക് ഒരു പിടി ധാന്യം ഇട്ടുകൊടുത്തു.

വേലിപ്പഴുതിലൂടെ ഒരു കൂട്ടം കുട്ടികള്‍ കടന്നു വന്നു അവര്‍ കോഴിയുടെ ചുറ്റും കൂടി നിശബ്ദമായി അതിനെ നോക്കിക്കൊണ്ടു നിന്നു .

നിങ്ങളതിനെ അങ്ങനെ നോക്കണ്ട കേണല്‍ പറഞ്ഞു ‘ ഏറെ നോക്കിയാല്‍ പൂവന്‍ കോഴികള്‍ മെലിഞ്ഞു പോകും’

കുട്ടികള്‍ അനങ്ങിയില്ല. ഒരുവന്‍ ഹാര്‍മോണിക്കയില്‍ പ്രശസ്തമായ ഒരു പാട്ട് വായിക്കാന്‍ തുടങ്ങി.

‘ ഇന്നത് വായിക്കരുത് ‘കേണല്‍ പറഞ്ഞു. ‘പട്ടണത്തില്‍ ഒരു മരണം നടന്നിട്ടുണ്ട്’

പയ്യന്‍ ഉപകരണം കാലുറയുടെ കീശയിലിട്ടപ്പോള്‍ള്‍ കേണല്‍ ശവസംസ്ക്കാരത്തിന് പുറപ്പെടാനായി കിടപ്പുമുറിയിലേക്കു പോയി.

ആസ്ത്മ കാരണം ഭാര്യ വെള്ള സൂട്ട് ഇട്ടിരുന്നില്ല. അതിനാല്‍ അയാള്‍ക്ക് തന്റെ വിവാഹത്തിനു ശേഷം വിശേഷാവസരങ്ങളില്‍മാത്രം ധരിച്ചിരുന്ന കറുത്ത് സൂട്ട് അണിയേണ്ടി വന്നു. പെട്ടിയുടെ അടിയില്‍ പത്രം കൊണ്ടു പൊതിഞ്ഞ് പാറ്റ കടക്കാതിരിക്കാനായി പാറ്റ ഗുളികകളിട്ടു വെച്ചിരുന്ന സൂട്ട് കണ്ടു പിടിക്കാന്‍ തന്നെ അല്പ്പം പാടുപെട്ടു.

‘ അയാള്‍ ഇതിനു മുമ്പു തന്നെ അഗസ്റ്റിനെ കണ്ടിട്ടുണ്ടാകണം ‘ അവള്‍ പറഞ്ഞു ‘ ഒരു പക്ഷെ അവന്‍ പോയതിനു ശേഷം നാം വന്നുപെട്ട സ്ഥിതിവിശെഷത്തെ കുറിച്ചൊന്നും അയാള്‍ പറയില്ലായിരിക്കും’

‘ ഈ സമയം അവര്‍ പൂവന്‍ കോഴികളെകുറിച്ചായിരിക്കും പറയുന്നത്’

പെട്ടിയില്‍ അയാളൊരു വലിയ കുട കണ്ടെത്തി. കേണലിന്റെ പാര്‍ട്ടിക്ക് ഫണ്ടു ശേഖരണത്തിനായി നടത്തിയ നറുക്കെടുപ്പില്‍ അയാളുടെ ഭാര്യക്കു ലഭിച്ചതായിരുന്നു അത്. അതേ രാത്രി അവര്‍ പുറത്തൊരു പരിപാടിക്കു പോവുകയുണ്ടായി മഴയുണ്ടായിരുന്നിട്ടും അത് തടസ്സപ്പെട്ടില്ല . കേണലും ഭാര്യയും മകന്‍ അഗസ്റ്റിനും. അവനന്ന് എട്ടു വയസായിരുന്നു . കുടക്കീഴിലിരുന്ന് പരിപാടി അവസാനം വരെ വീക്ഷിച്ചു. ഇന്ന് അഗസ്റ്റ്യിന്‍ മരിച്ചിരിക്കുന്നു. തിളങ്ങുന്ന സില്‍ക്ക് തുണി പാറ്റകള്‍ നശിപ്പിച്ചിരിക്കുന്നു. ‘ നോക്ക് നമ്മുടെ സര്‍ക്കസ് കോമാളിയുടെ കുടയുടെ അവശിഷ്ടം ‘ കേണല്‍ തന്റെ പഴയ പദപ്രയോഗങ്ങളിലൊന്ന് ഉപയോഗിച്ചു., അയാളുടെ തലക്കു മുകളില്‍ ലോഹ ദണ്ഡുകളുടെ ദുരൂഹമായ ഒരു രൂപം നിവര്‍ത്തപ്പെട്ടു ‘ ഇപ്പോള്‍ ഇത് നക്ഷത്രമെണ്ണാന്‍ മാത്രമേ കൊള്ളുകയുള്ളു’

അയാള്‍ പുഞ്ചിരിച്ചു. പക്ഷെ ഭാര്യ കുടയിലേക്കു നോക്കിയതേ ഇല്ല ‘ എല്ലാം അതുപോലെ തന്നെയാണ്.’ അവള്‍ പിറുപിറുത്തു ‘ നമ്മളും ജീവനോടെ ജീര്‍ണ്ണിക്കുകയാണ്’ അവള്‍ മരിച്ച മനുഷ്യനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനായി കണ്ണുകളടച്ചു.

കൈകൊണ്ടു തടവിക്കൊണ്ട് താടി വടിച്ചതിനു ശേഷം- ഒരു പാടുകാലമായി അയാള്‍ക്കൊരു കണ്ണാടിയുണ്ടായിരുന്നില്ല – കേണല്‍ നിശബ്ദം വസ്ത്രമണിഞ്ഞു. മുട്ടിനു താഴെ ചരടുകൊണ്ട് മുറുക്കിക്കെട്ടി അരയില്‍ ബക്കിള്‍ വെച്ച രണ്ടു പട്ടകൊണ്ട് കെട്ടിയ അയാളുടെ കാലുറ ഒരു അടിവസ്ത്രം പോലെ ഇറുകിയതായിരുന്നു . അയാളരപ്പട്ട ഉപയോഗിക്കാഗിക്കാറില്ല. പഴയ മനില പേപ്പറിന്റെ നിറവും അതുപോലെ ബലമായി നില്‍ക്കുന്നതുമായ അയാളുടെ ഷര്‍ട്ട് എടുത്തു മാറ്റാവുന്ന കോളറുമായി ബന്ധിപ്പിച്ചു നിര്‍ത്തിയിരുന്നറ്റ് ഒരു ചെമ്പിന്റെ സ്റ്റഡു കൊണ്ടായിരുന്നു. പക്ഷെ കോളര്‍ കീറിയിരുന്നു. അതിനാല്‍ ടൈ കെട്ടുക എന്ന ആശയം അയാള്‍ ഉപേക്ഷിച്ചു.

അയാള്‍ ഓരോ പ്രവൃത്തിയും ചെയ്തിരുന്നത് ഇന്ദ്രാതീതമായ ഒരു അനുഷ്ഠാനം പോലെയായിരുന്നു. അയാളുടെ കൈയെല്ലുകകളൂടെ ചുറ്റുമുള്ള തൊലി വലിഞ്ഞുമുറുകിയിരുന്നു. അര്‍ദ്ധ സുതാര്യമായ തൊലിയില്‍ അവിടവിടെ കറുത്ത പാടുകളുണ്ടായിരുന്നു. കട്ടി തോലുകൊണ്ടുള്ള ഷൂ ധരിക്കുന്നതിനു മുമ്പ് അയാള്‍ അതിന്റെ തുന്നലില്‍ പറ്റിപ്പിടിച്ചിരുന്ന മണ്ണ് ചുരണ്ടിക്കളഞ്ഞു . ആ നിമിഷം കല്യാണ ദിവസത്തിലെന്ന പോലെ വേഷമിട്ടു നില്‍ക്കുന്ന അയാള്‍ ഭാര്യയുടെ ശ്രദ്ധയില്‍ പെട്ടു. അയാളെത്ര വൃദ്ധനായിരിക്കുന്നു എന്ന കാര്യം അവള്‍ അപ്പോള്‍ മാത്രമാണ് ശ്രദ്ധിച്ചത്.

‘ നിങ്ങള്‍ എന്തോ വലിയ സംഭവത്തിനു ഒരുങ്ങിയ പോലെ തോന്നുന്നു ‘ അവള്‍ പറഞ്ഞു.

‘ ശവസംസ്ക്കാരം ഒരു വലിയ സംഭവം തന്നെയാണ്’ കേണല്‍ പറഞ്ഞു ‘ വളരെ കൊല്ലങ്ങളായി നമ്മള്‍ കാണുന്ന ആദ്യത്തെ സ്വാഭാവിക മരണമാണ് ഇത്”

ഒമ്പതുമണിക്കു ശേഷം കാലാവസ്ഥ തെളിഞ്ഞു പോകാന്‍ പുറപ്പെടുമ്പോള്‍ ഭാര്യ അയാളുടെ കോട്ടിന്റെ കൈ കടന്നു പിടിച്ചു .

‘ മുടി ചീകു’

അവള്‍ പറഞ്ഞു .

എല്ലുകൊണ്ടുള്ള ചീര്‍പ്പുകൊണ്ട് അയാള്‍ തന്റെ ഉരുക്കു നിറമുള്ള കുറ്റി രോമങ്ങള്‍ ഒതുക്കാന്‍‍ ശ്രമിച്ചു. പക്ഷെ അതൊരു വിഫലമായ ശ്രമമായിരുന്നു .

‘ ഞാനൊരു തത്തയെപ്പോലെ കാണപ്പെടുന്നുണ്ടായിരിക്കണം ‘ അയാള്‍ പറഞ്ഞു .

ഭാര്യ അയാളെ സസൂക്ഷ്മം വീക്ഷിച്ചു അയാള്‍ അങ്ങനെയല്ലെന്ന് അവള്‍ക്കു തോന്നി. കേണല്‍ തത്തയേപ്പോലെ തോന്നിച്ചില്ല.

നട്ടും ബോള്‍ട്ടുംകൊണ്ട് ഘടിപ്പിച്ചപോലെ അസ്ഥികളുള്ള അയാള്‍ക്ക് ഒരു വരണ്ട ശരീരപ്രകൃതിയായിരുന്നു കണ്ണുകളില്‍ തുടിക്കുന്ന ജീവന്‍ കാരണം അയാള്‍ ഫോര്‍മാലിനില്‍ സൂക്ഷിച്ച ജീവിയേപ്പോലെ തോന്നിച്ചില്ല.

‘ നിങ്ങള്‍ ഈ വേഷത്തില്‍ വളരെ നന്നായിട്ടുണ്ട് ‘ അയാള്‍ മുറി വിടുമ്പോള്‍‍ അവള്‍ സമ്മതിച്ചു ‘ഡോക്ടറെ കാണുമ്പോള്‍ ചോദിക്കൂ, നമ്മള്‍ അദ്ദേഹത്തിന്റെ മേല്‍ തിളച്ചവെള്ളം കോരിയൊഴിച്ചോ എന്ന്’ അവള്‍ കൂട്ടിച്ചേര്‍ത്തു.

അവര്‍ ടൗണിന്റെ ഒരറ്റത്ത് ഓലമേഞ്ഞ കുമ്മായം അടര്‍ന്നുവീണുകൊണ്ടിരിക്കുന്ന ചുമരുകളോടു കൂടിയ ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. മഴ മാറിയെങ്കിലും ഈര്‍പ്പം വിട്ടില്ല. ഇരു വശവും വീടുകള്‍ തിങ്ങിനിറഞ്ഞ ഒരു ഇടവഴിയിലൂടെ കേണല്‍ കവലയിലേക്കു നടന്നു. പ്രധാന തെരുവിലെത്തിയപ്പോഴേക്കും അയാള്‍ വിറയ്ക്കാന്‍ തുടങ്ങി. കണ്ണെത്തും വരെ ടൗണ്‍ വരെ പൂക്കള്‍ വിരിച്ചിരുന്നു കറുപ്പണിഞ്ഞ സ്ത്രീകള്‍‍ വാതില്‍ക്കല്‍ ശവസംസ്ക്കാരത്തിനു കാത്തിരിക്കുകയായിരുന്നു.

കവലയില്‍ വീണ്ടും മഴ ചാറാന്‍ തുടങ്ങി. ഹാളിന്റെ ഉടമസ്ഥന്‍ വീട്ടു പടിക്കല്‍ നിന്നും കേണലിനെ കണ്ടു അയാള്‍ കൈകള്‍ നീട്ടി വിളിച്ചു പറഞ്ഞു.

‘കേണല്‍ നില്‍ക്കു ,ഞാനൊരു കുട തരാം,

‘ നന്ദി ഇത് എനിക്കു സാരമില്ല ‘

അതുവരെയും മരണജാഥ പള്ളിയുടെ പുറത്തേക്കു വന്നിട്ടുണ്ടായിരുന്നില്ല. വെള്ള വസ്ത്രങ്ങളും കറുത്ത ടൈയും ധരിച്ച പുരുഷന്മാര്‍ വാതില്‍ക്കല്‍ കുടക്കീഴില്‍ സംസാരിച്ചുകൊണ്ടു നിന്നിരുന്നു. അവരിലൊരാള്‍ കവലയിലെ ചെറിയ ചളീക്കുഴികള്‍ ചാടിക്കടക്കുന്ന കേണലിനെ കണ്ടു.

‘ ഇതാ ഇതിനകത്തേക്കു വരു സുഹൃത്തേ’ കുടക്കീഴില്‍ സ്ഥലമുണ്ടാക്കിക്കൊണ്ട് അയാള്‍ വിളീച്ചു പറഞ്ഞു .

‘ നന്ദി സ്നേഹിതാ ‘ കേണല്‍ പറഞ്ഞു. ക്ഷണം സ്വീകരിക്കാതെ അയാള്‍ മരിച്ച ആളുടെ അമ്മയെ സാന്ത്വനിപ്പിക്കാന്‍ അയാളുടെ വീട്ടിലേക്കു നടന്നു.

ആദ്യം അയാള്‍ക്കനുഭവപ്പെട്ടത് പലതരം, പൂക്കളുടെ ഗന്ധമായിരുന്നു അപ്പോഴേക്കും ചൂടു കൂടി. കേണല്‍ കിടപ്പുമുറിയില്‍ തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തിലൂടെ അകത്തേക്കു കടക്കാന്‍ ശ്രമിച്ചു. പക്ഷെ ആരോ അയാളുടെ പിന്നില്‍ പിടിച്ച് പല മുഖങ്ങളുടെ ഇടയിലൂടെ മുറിയുടെ പിന്നില്‍ തുറസായ ഭാഗത്ത് എത്തിച്ചു . അവിടെ നിന്ന് അയാള്‍ക്ക് മരിച്ചു കിടക്കുന്ന മനുഷ്യന്റെ നാസാദ്വാരങ്ങള്‍ കാണാമായിരുന്നു. മെടഞ്ഞ ഓലകൊണ്ടുള്ള ഒരു വിശറി കൊണ്ട് ശവപ്പെട്ടിയില്‍ നിന്ന് ഈച്ചകളെ ആട്ടിക്കൊണ്ട് മരിച്ച ആളുടെ അമ്മ നിന്നിരുന്നു. കറുപ്പു വസ്ത്രമണിഞ്ഞ മറ്റു സ്ത്രീകള്‍ നദിയിലെ ഒഴുക്കു നോക്കി നില്‍ക്കുന്നതുപോലെ ശവശരീരം വീക്ഷിച്ചുകൊണ്ടു നിന്നു.

പെട്ടന്ന് മുറിയുടെ പിന്‍ ഭാഗത്തു നിന്നും ഒരു ശബ്ദമുയര്‍ന്നു . കേണല്‍ ഒരു സ്ത്രീയെ മാറ്റി നിര്‍ത്തി മരിച്ച മനുഷ്യന്റെ അമ്മയുടെ പാര്‍ശ്വഭാഗത്തിനഭിമുഖമായി നിന്ന് കൈ അവരുടെ തോളില്‍ വെച്ചുകൊണ്ട് പറഞ്ഞു.

‘ എനിക്ക് അതിയായ ദു:ഖമുണ്ട്’

അവര്‍ തലതിരിക്കാതെ ഒന്നു മുരണ്ടു. കേണല്‍ ഞെട്ടി ഒരു വിറയാര്‍ന്ന നിലവിളിയോടു കൂടി രൂപം നശിച്ച ആ ആള്‍ക്കൂട്ടം തന്നെ ശവശരീരത്തിലേക്ക് അമര്‍ത്തുന്നതായി അയാള്‍ക്കു തോന്നി. ഒരു താങ്ങിനായി അയാളുടെ കൈകള്‍ പരതി. പക്ഷെ അയാള്‍ക്ക് ചുമര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല അതിന്റെ സ്ഥാനത്ത് ശരീരങ്ങളായിരുന്നു. ആരോ അയാളുടെ ചെവിയില്‍ സൗമ്യമായി പറഞ്ഞു.

‘കേണല്‍ സൂക്ഷിക്കണം’

മുഖം തിരിച്ചപ്പോള്‍ കേണല്‍ ശവശരീരത്തിനു അഭിമുഖമായി . കേണലിനു അയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അയാള്‍ അത്രയും വിറങ്ങലിച്ചിരുന്നു. വെള്ള വസ്ത്രങ്ങളില്‍ പൊതിഞ്ഞ് കൈകളില്‍ കാഹളവുമായിഅയാള്‍ തന്നേപ്പോലെ തന്നെ പരിഭ്രാന്തനായ പോലെ കേണലിനു തോന്നി .

കേണല്‍ ബഹളത്തിനു മുകളില്‍ അല്പ്പം വായുവിനു വേണ്ടി തലയുയര്‍ത്തിയപ്പോള്‍ അടച്ച പെട്ടി ഉയര്‍ന്നുപൊങ്ങുന്നതും ചുമരില്‍ മുട്ടി ഛിന്നഭിന്നമായിപ്പോയ പൂക്കള്‍ മൂടിയ ഒരു ചെരുവിലൂടെ ചുമരിനു നേരെ കുതിക്കുന്നതും കണ്ടു. അയാള്‍ ആകേ വിയര്‍ത്തു സന്ധികളില്‍ വേദന അനുഭവപ്പെട്ടു.

ഒരു നിമിഷത്തിനു ശേഷം താന്‍ തെരുവിലാണെന്നു കേണലിനു മനസിലായി ചാറ്റല്‍ മഴ അയാളുടെ കണ്‍പോളകളെ നോവിച്ചു ആരൊ അയാളുടെ കൈപിടിച്ചു കൊണ്ടു പറഞ്ഞു.

‘ വേഗം സ്നേഹിതാ , ഞാന്‍ നിങ്ങളെ കാത്തുനില്‍ക്കുകയായിരുന്നു’

അത് സബാസ് ആയിരുന്നു തന്റെ മരിച്ചു പോയ മകന്റെ തലതൊട്ടപ്പന്‍. രാഷ്ട്രീയ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെട്ട തന്റെ പാര്‍ട്ടിയിലെ ഒരേയൊരു നേതാവ്.

‘ നന്ദി ചങ്ങാതി’ എന്നു പറഞ്ഞ് കേണല്‍ നിശബ്ദമായ കുടക്കീഴില്‍ നടന്നു.

അനുശോചനയാത്രയുടെ ബാന്റ് വാദ്യം മുഴങ്ങി. കേണല്‍ കാഹളത്തിന്റെ അഭാവം ശ്രദ്ധിച്ചു. ആദ്യമായി അയാള്‍ക്ക് മരിച്ച മനുഷ്യന്‍ ശരിക്കും മരിച്ചിരിക്കുന്നു എന്ന് ബോദ്ധ്യപ്പെട്ടു.

‘ പാവം മനുഷ്യന്‍’ അയാള്‍ പിറുപിറുത്തു.

Generated from archived content: aarum1.html Author: gabriel_garcia_marquez

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English