മകളുടെ മാതൃവാല്സല്യാനുകൂല-
മവസന വാസം വിധിയായിരിക്കവേ
ഏതൊരു വിസ്മൃതിത്തിമിരം മറയ്ക്കു-
മനാഥ ലോകത്തില്‍ പദം വച്ചു പോയിനീ
അല്ലെങ്കില്‍ ഓര്‍മകള്‍ കൂടിയടുന്നൊരു
ലോകത്തിലാമോദമോടെയലിഞ്ഞുവോ?
ഇനിയെങ്ങു തിരയുവാന്‍ അച്ഛാ അറിവുകള്‍
ഫലശൂന്യ മാവു,ന്നിരുളുന്നു ദിക്കുകള്‍
പൈതലെപ്പോലെ കളിച്ചു നടക്കയോ
പിടിവിട്ടുപോയോ സ്വയംഇന്ദ്രിയങ്ങള്‍
കൈവിട്ട യവ്വനാധാരം തിരക്കയോ
വൈകിയും ആരുതാനെന്നു തേടുന്നുവോ
ഓര്‍മ്മകളില്ലാത്ത ജീവിതായോധന
ശാപമോക്ഷത്തിന്നു കൈനീട്ടി നില്‍ക്കയോ
തീവ്രം തിളങ്ങിയ കര്‍മ്മകാണ്ടത്തിന്‍റെ
പൂമരമാകെ കൊഴിഞ്ഞതു കാണ്മതോ
വന്യമാം വയനാനിര്‍ദ്ധരി വാര്‍ദ്ധകാ-
രണ്യമണലിലലിഞ്ഞുണങ്ങുന്നുവോ
കഷ്ടകാണ്ടങ്ങളില്‍ ഒന്നിച്ചു നിന്നവള്‍
എങ്ങൊളിച്ചെന്നു തിരയുന്നുവോ ദുരെ
ഉയരെ പറത്തിയ പറവകളിനിയും
വരില്ലെന്നുനീറി മനം നുറുങ്ങുന്നുവോ
വിരലും കവിഞ്ഞു വളര്‍ന്ന മൃതനഖം
ഒരുവേള കണ്ടു മുറിച്ചുനല്‍ടവേ
ചുളിവുകള്‍വീണ മുഖത്തു തിളങ്ങിയൊ-
രമ്പിളി കണ്ടു കുളിരണിഞ്ഞന്നു ഞാന്‍
ആട്ടം കഴിഞ്ഞാല്‍ അരങ്ങൊഴിഞ്ഞിടണം
പച്ചയോ താടിയോ വേഷമേതാകിലും-
ഒട്ടേറെ ആട്ടവിളക്കുകള്‍ കണ്ടനീ
വേദിയൊഴിഞ്ഞു നടന്നു പോവുന്നുവോ
അസ്ഥികള്‍ഒന്നൊന്നൊഴിഞ്ഞു പിന്‍വാങ്ങിനീ
യാത്രക്കൊരപ്പുപ്പന്‍താടി ആവുന്നുവോ
പൂര്‍വജന്മത്തിന്‍റെദാനംകണക്കുനീ-
യേകിയനിധിയുമായ് ഞാന്‍ കാത്തുനില്‍ക്കെ
പുണ്യങ്ങള്‍തേഞ്ഞ വാല്‍ക്കിണ്ടിപോല്‍ പൂമുഖം
നീ വരുമെന്നുതന്നെ മുനിഞ്ഞിടുന്നു.
Generated from archived content: poem3_feb10_14.html Author: g_vikramanpillai