പഴഞ്ചൊല്ലില്‍ പതിരില്ല

പഴഞ്ചൊല്ലില്‍ പതിരില്ല എന്ന് അറിവുള്ളവര്‍ പറയുന്നതു കേള്‍ക്കാറില്ലേ? അതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നതെന്താണ്? പഴഞ്ചൊല്ലുകളില്‍ പറയുന്ന കാര്യങ്ങള്‍ പുരാതനങ്ങളെങ്കിലും അവ അര്‍ത്ഥവത്തും ആധുനിക ജീവിതത്തില്‍ പോലും സത്യവത്തുമാണെന്നത്രെ. ജീവിത വിജ്ഞാനം ചെപ്പിലടച്ചു സൂക്ഷിക്കുന്നവയാണു പഴഞ്ചൊല്ലുകളില്‍ ഒട്ടുമിക്കതും. കാലമെത്ര ചെന്നാലും തിളക്കം കുറയാതെ നില്‍ക്കുന്ന ഈ ചൊല്ലുകളില്‍ പലതിന്റെ പുറകിലും രസകരവും പഠനാര്‍ഹങ്ങളുമായ കഥകള്‍ കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്. ഫലിതവും പരിഹാസവും സത്യവും സന്മാര്‍ഗ്ഗവും ലക്ഷ്യവുമെല്ലാമുള്ളവയാണ് ആ കഥകള്‍ എല്ലാം തന്നെ. തലമുറകളിലൂടെ പകര്‍ന്നു സൂക്ഷിക്കപ്പെടുന്ന അത്തരം കഥകള്‍ നല്‍കുന്ന സന്ദേശം മഹത്തരങ്ങളും മാതൃകാപരങ്ങളുമാണ്. അത്തരത്തില്‍ പ്രചാരത്തിലിരിക്കുന്ന കുറെ കഥകള്‍ കേരളത്തിന്റെ ഗ്രാമാന്തരീക്ഷങ്ങളില്‍ അങ്ങിങ്ങായി ചിതറി കിടക്കുന്നു. മനുഷ്യന്റെ നിത്യജീവിതത്തിന്റെ തുടിപ്പുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട്.

ഫലിതപരിഹാസങ്ങളുടെ മധുകണങ്ങള്‍ നിറഞ്ഞ പഴംചൊല്ലുകള്‍ പ്രാചീനഭാഷയില്‍ ഒട്ടെല്ലാ സാഹിത്യ ശാഖകളിലും പടര്‍ന്നു കയറിയിട്ടുണ്ട്. വൈദ്യത്തിലും ജ്യോതിഷത്തിലും മന്ത്രവാദത്തിലും കൃഷിയിലും കച്ചവടത്തിലും എന്നു വേണ്ട മനുഷ്യനുമായി ബന്ധപ്പെടുന്ന എല്ലാ മേഖലകളിലും പഴഞ്ചൊല്ലിന്റെ ആധിപത്യം നമ്മള്‍ കാണുന്നു.

പഴഞ്ചൊല്ലിനെ ഏറ്റവും മനോഹരമാക്കുന്ന ഘടകമാണ് അതിലടങ്ങിയിരിക്കുന്ന ഒരു കഥ. ആ കഥയുടെ പൊരുള്‍ പലപ്പോഴും തികഞ്ഞ പൊട്ടിച്ചിരിയുണര്‍ത്തുന്നതായിരിക്കും. പുരാണവും ഐതിഹാസവും ചരിത്രവുമെല്ലാം അത്തരം കഥകള്‍ക്കു വക നല്‍കാറുണ്ട്. പഴഞ്ചൊല്ലിലെ ഫലിതകഥകള്‍ എന്ന ഈ ചെറു പുസ്തകത്തില്‍ ഹൃദ്യവും എന്നാല്‍ ഗൗരവപൂര്‍വ്വമായ ജീവിതസത്യങ്ങളിലേക്കു വെളിച്ചം വീശുന്നവയുമായ കുറെ കഥകളാണ് വിവരിക്കുന്നത്. ലളിതമായ ശൈലിയില്‍ അവ പറഞ്ഞു പോകുന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

പ്രസാധനം : കീര്‍ത്തി ബിക്സ്

വില : 50.00

Generated from archived content: book1_nov27_12.html Author: g_somanathan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here