നാടകകൃത്തും നാടകവും

1960 കളിൽ മലയാള നാടകവേദിക്കുണ്ടായ പൊതുവായ ഉൻമേഷത്തിന്റെ ഏറ്റവും തിളക്കമാർന്ന മുഖമാണ്‌ ജി.ശങ്കരപ്പിളളയുടെ നാടകങ്ങൾ. കേരളീയ കലാ-സാംസ്‌കാരികതയുടെ ശ്രേഷ്‌ഠപാരമ്പര്യങ്ങളെ നാടകത്തിന്റെ അരങ്ങിലേക്ക്‌ സന്നിവേശിപ്പിക്കാനും, കേരളീയ പാരമ്പര്യത്തിന്റെ താളലയങ്ങളെ നാടകത്തിന്റെ രസസ്‌ഫൂർത്തിയ്‌ക്കുവേണ്ടി സമർത്ഥമായി പ്രയോഗിക്കുകയും ചെയ്‌തു. രണ്ടാം ലോകമഹായുദ്ധാനന്തരം പടിഞ്ഞാറൻ നാടകസങ്കല്പങ്ങളിൽ പ്രകടമായിക്കണ്ട ആധുനിക പ്രവണതകൾ മലയാള നാടകവേദിയിൽ കൊണ്ടുവരുന്നത്‌ ജി.ശങ്കരപ്പിളളയാണ്‌. നമ്മുടെ നോവൽ സാഹിത്യം ചെയ്‌തതുപോലെ പടിഞ്ഞാറൻ ആധുനികതയുടെ പദാനുപദ വിവർത്തനമായിരുന്നില്ല ശങ്കരപ്പിളളയും സംഘവും നിർവ്വഹിച്ചത്‌. മറിച്ച്‌, ആധുനികത മുന്നോട്ടുവച്ച ജീവിത സന്ദർഭങ്ങളെ തനത്‌ പാരമ്പര്യത്തിന്റെ സൗന്ദര്യഭൂമികയിലേക്ക്‌ സംക്രമിപ്പിക്കുകയായിരുന്നു.

സ്‌നേഹദൂതൻ, ഉറുമ്പുകളുടെ ലോകം, ബന്ദി, ധർമ്മക്ഷേത്രേ കുരുക്ഷേത്രേ, സബർമതി ദൂരെയാണ്‌, പൂജാമുറി, ഭരതവാക്യം, കറുത്ത ദൈവത്തെ തേടി, ഇടാൻമറന്ന ഇഴ, താവളം, മൂധേവിത്തെയ്യം മുതലായ എണ്ണപ്പെട്ട കൃതികൾ ശങ്കരപ്പിളളയുടേതായുണ്ട്‌. പിൽക്കാലത്ത്‌ ഒട്ടനവധി പ്രതിഭകളെ കൈരളിക്ക്‌ സംഭാവന ചെയ്‌ത “നാടകക്കളരി” എന്ന ആശയത്തിന്റെ ഉപജ്ഞാതാവാണ്‌ ശങ്കരപ്പിളള. ദീർഘകാലം അദ്ദേഹം സ്‌കൂൾ ഓഫ്‌ ഡ്രാമയുടെ ഡയറക്‌ടറായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഇത്‌ ചതുർമാന രംഗവേദിയിൽ താഴെ നിരന്നിരിക്കുന്ന ഒരു വൻസദസ്സിന്റെ മുന്നിൽ അരങ്ങേറുവാൻവേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുളള ഒരു നാടകമല്ല. എന്നുവച്ച്‌ സദസ്സില്ലാതെ ആടുവാൻ പടയ്‌ക്കപ്പെട്ട ഒരു കരുവുമല്ല. തെറ്റിദ്ധരിക്കേണ്ട. ആളുകൾ കാണണമെന്നും ‘ഭേഷായി’ എന്നു പറയണമെന്നുമുളള സ്വാർത്ഥചിന്ത രഹസ്യമായി ഈ നാടകമെഴുത്തുകാരനുമുണ്ട്‌. കുറഞ്ഞപക്ഷം രണ്ടു ചീത്തയെങ്കിലും പറയണമെന്ന മോഹവുമുണ്ട്‌. ആയതിനാൽ പ്രേക്ഷകൻ ഉണ്ട്‌. പക്ഷേ, അവരെ ഒരു ഹോട്ടൽ തീൻമുറിയിൽ പതിവനുസരിച്ച്‌ ഇട്ടിട്ടുളള കസേരകളിൽ തന്നെ ഇരുത്തണം എന്നാണ്‌ മേല്‌പടിയാന്റെ ആഗ്രഹം. അഭിനേതാക്കൾക്ക്‌ പ്രത്യേക സ്‌ഥലമോ രംഗവേദിയ്‌ക്ക്‌ ഒരു പരിമിതിയോ വേണ്ട. പ്രേക്ഷകർ തീൻമുറിയിൽതന്നെ കയറിവരുന്നു; മേശയ്‌ക്കരുകിൽ ഇരിക്കുന്നു. പുറത്തുനിന്നും കടന്നു വരത്തക്ക രണ്ടു കതകുകളെങ്കിലും ഉണ്ടായിരിക്കണമെന്നു മാത്രം. അവർക്ക്‌ ഓരോ കപ്പു കോഫികൂടി കൊടുത്തുകളയൂ. ഒന്നുമില്ലെങ്കിലും ഒരു ബോറൻ നാടകം കാണാൻ പോവുകയല്ലെ? പരിചാരകൻമാർ കോഫിപാത്രങ്ങൾ വിതരണം ചെയ്യുന്നതിനിടയിൽ-അവരിൽ ഒരുവൻ പെട്ടെന്ന്‌ നിന്ന്‌ ട്രേ സമീപസ്‌ഥിതമായ ഒരു മേശമേൽ വച്ച്‌ സംസാരിച്ചു തുടങ്ങുന്നു.)

പരിഃ മാന്യമഹാജനങ്ങളേ! മാന്യ-മഹാ-ജനങ്ങളെ! ഒരു കഥ ചൊല്ലാൻ എനിക്ക്‌ അടക്കിയാലടങ്ങാത്ത മോഹം.

മറ്റൊരു പരിഃ അതു വേണോ ചങ്ങാതീ?

പരിഃ വേണം.

പഴമ്പുരാണക്കെട്ടുമായി

പടിനടയിൽ വിലക്കിനിൽക്കും

പാണനാണെൻ പഴവൻ-അതിനാൽ

പാടിയിട്ടേ ഞാനടങ്ങൂ.

ഇനിയൊരു പരിചാരകൻഃ പാട്ടോ? ഏതു പാട്ട്‌?

മറ്റൊരു പരിഃ ശാപ്പാട്ട്‌

പരിഃ ആ… അക്കഥതന്നെയായാലോ?

മറ്റൊരാൾഃ അതുപറയുകയല്ല വേണ്ടത്‌.

പരിഃ മതിലകത്തെ തമ്പുരാന്‌

മനസ്സിലൊരു പൂതി

തമ്പുരാന്റെ തിരുമനസ്സിൽ

തപ്പടിച്ചതു തേറി-എന്താണെന്നല്ലേ?

ഇണ്ടൻതുരുത്തെന്ന തന്റെ രാജ്യത്തില്‌

ഇണ്ടലൊരുത്തനും പാടില്ല; കണ്ടാൽ

കണ്ടം തുണ്ടം പോട്ടിടേണം പിന്നെ

കായം കായം അരിയേണം പിന്നെ

കാളിയ്‌ക്കും കൂളിയ്‌ക്കും കൊടുക്കേണം.

ഇതു രാജകല്‌പനയല്ലേ? ജല്‌പനമൊന്നുമല്ല. കല്‌പന! കല്ലെപ്പിളർക്കുന്ന കല്‌പന.

പരിചാരകരിൽ ഒരാൾഃ ഇണ്ടലോ? ചെണ്ടകൊട്ടുംപോലെ ചങ്ങാതി എന്തിനാ ‘ണ്ട’കൊണ്ട്‌ ഈ കുന്ത്രാണ്ടം-

പരിഃ അതോ? ഇണ്ടൽ-എന്നുവച്ചാൽ ദുഃഖം; ജരാനരകൊണ്ടുളള ദുഃഖം; സംസാരമാം സാഗരത്തിൽ മുങ്ങിത്തപ്പുന്നതുകൊണ്ടുളള ദുഃഖം; ആശിച്ച പെണ്ണിനെ കിട്ടാത്ത ദുഃഖം; ആശിച്ച്‌ പെണ്ണിനെ കെട്ടിയ ദുഃഖം; അടിക്കാൻ ആളു കിട്ടാത്ത ദുഃഖം; ആളുകിട്ടിയിട്ടും അതിനു കഴിയാത്ത ദുഃഖം; മലബന്ധദുഃഖം; മനസ്സോടുന്നിടത്തൊക്കെ മെയ്യോടാൻ കഴിയാത്ത ദുഃഖം-

ഇനിയൊരുവൻഃ അയ്യോ!

പരിഃ തീർന്നില്ലാ. ദുഃഖമെത്രയോ ഇനിയും കിടക്കുന്നു-പെൺതലയിൽ പേൻപോലെ ഹോട്ടലൂണിൽ കല്ലുപോലെ

കൂട്ടുകാരൻഃ ശ്‌ശ്‌! മാനേജര്‌ കേൾക്കണ്ട-

പരിഃ വേണ്ടാ

ഇനിയൊരാൾഃ നിന്റെ തലയിൽ മണ്ണുപോലെ

പരിഃ ഉവ്വുവ്വ്‌. ദൈവം നമ്മെയെല്ലാം മെനഞ്ഞെടുത്തു എന്നല്ലയോ ചൊല്ല്‌. അതുപോട്ടെ. ഈ ദുഃഖത്തിൽവച്ചെല്ലാം ഉരഗാധിപനായ ദുഃഖമേത്‌? ചോദ്യമാണിത്‌. ആർക്കും പറയാം. ശരിയുത്തരത്തിന്‌ അര രൂപാ ടിപ്പ്‌.

മറ്റേ പരിചാരകൻഃ (ഒപ്പം) ദാരിദ്ര്യം.

അക്കൂട്ടത്തിൽ ഒരുവൻഃ ‘ഇല്ല ദാരിദ്ര്യത്തോളം വലുതായിട്ടൊരാർത്തിയും’

വേറൊരാൾഃ ടിപ്പെവിടെ?

പരിഃ അര രൂപാ വീതിച്ചാൽ അരക്കഴഞ്ചു നഞ്ചിനു തികയുമോ? അതാണ്‌ ദുഃഖം. ഇണ്ടൽകോനു വേണ്ടതും അതുതന്നെ.

മറ്റേയാൾഃ എന്ത്‌? ദാരിദ്ര്യമോ?

പരിഃ ങാ! എന്നും പറയാം… കവികളുടെ കവി എന്നപോലെ ദാരിദ്ര്യത്തിന്റെ ദാരിദ്ര്യം! ഉച്ചാടനം. പരീക്ഷിത്തിനെപ്പോലെ

തപസ്സിരുന്നാൻ തമ്പുരാൻ,

ആഴികൂട്ടി പുക പുകച്ചു; മന്ത്രലക്ഷമുരുവിട്ടുഃ

ആടിയാടിവരും പെരുമ്പാമ്പുകളെ അഗ്നിയിൽ ഹോമിച്ചില്ലേ?

അതിൻവണ്ണമേ ചെയ്‌താൻ-

ആജ്‌ഞ്ഞ പടികൾ പടികളായിറങ്ങിയിറങ്ങിപ്പടർന്നുപോൽ

നാട്ടുകൂട്ടം ചെവികൊടുത്തുപോൽ

ഉച്ചാടനമഹാമന്ത്രങ്ങളഖണ്ഡയജ്‌ഞ്ഞശാലക്കകത്തു നിന്നുതിതരാം

നിതാന്തം ശ്രവിച്ചുപോൽ.

അക്ഷീണയജ്‌ഞ്ഞ സമാപ്തിയുണ്ടായിപോൽ

ആയതിന്നാഘോഷ നിർഘോഷമുയർന്നുപോൽ

ഇദ്ധര ദുന്ദുഭീനാദമുഖരിതമായി പോൽ-

(പെട്ടെന്നു നിർത്തി ശ്രദ്ധിച്ച്‌) അതാ- കേട്ടില്ലെ?

(മുറിക്കു പുറത്തുനിന്ന്‌, തീൻമുറി ആധുനിക സജ്‌ജീകരണങ്ങളോടുകൂടിയതാണെങ്കിൽ മ്യൂസിക്‌ സ്‌റ്റാൻഡിനടുത്തുനിന്ന്‌ പഞ്ചാരിമേളം…)

പരിഃ അതാ രാജാധിരാജൻ; വീരമണികണ്‌ഠൻ; വിക്രമാദിത്യ സന്നിഭൻ-തിരുമനസ്സുകൊണ്ട്‌ വരുന്നു. ഇനി കേട്ടുളള കളി വേണ്ട. കണ്ടാട്ടെ.

(ട്രേ എടുത്തു നിഷ്‌ക്രമിക്കുന്നു. മറ്റു പരിചാരകൻമാർ വാങ്ങി നിൽക്കുന്നു. പുരാണ നാടകത്തിന്റെ വേഷപ്രൗഢിയോടെ രാജാവ്‌ പ്രവേശിക്കുന്നു. അദ്ദേഹം മുറിയിൽ മാന്യസ്‌ഥാനത്ത്‌ എത്തുംവരെ പഞ്ചാരിമേളം തുടരുന്നു. പെട്ടെന്ന്‌ അതു നിൽക്കുന്നു.)

രാജാവ്‌ഃ നമുക്ക്‌ സന്തോഷം! (നാലു ഭാഗത്തും തിരിഞ്ഞ്‌ എല്ലാപ്പേരേയും വണങ്ങി) നമുക്കു പെരുത്തു പെരുത്തു സന്തോഷം! ദാരിദ്ര്യം നഘണ്ടു മഹാലയത്തിൽ വിശ്രമിക്കുകയാണ്‌. രാജ്യം ആണ്ടേയ്‌ക്കൊരു ദിവസം അതിന്റെ പിണ്ഡമടിയന്തിരം ആഘോഷിക്കുന്നു. അന്ന്‌ കലാപരിപാടികൾ! കുചേലമാധവം കഥകളിയാട്ടം… അങ്ങനെ നമ്മുടെ യജ്‌ഞ്ഞം..

പരിചാരകർ (ഒപ്പം)ഃ പരിപൂർണ്ണ വിജയം!

പരിവാരവിജയം.

രാജാഃ ങേ?

പരിചാരകർഃ (പെട്ടെന്ന്‌) അടിയങ്ങൾ ചട്ടുകങ്ങൾ

വിടുവായെന്നടങ്ങേണം

രാജാഃ ശരി, ശരി. നമ്മുടെ ആജ്‌ഞ്ഞയനുസരിച്ച്‌ നാടൊട്ടുക്കു സംസാരിച്ചുവല്ലോ? ഇല്ലെ?

പരിചാരകർ (കോറസ്സ്‌)ഃ ഉവ്വേ- ഉവ്വ്‌.

രാജാഃ ദരിദ്രരെ നാടുകടത്തിയില്ലെ? ആർത്തിയെ ഒടുക്കിയില്ലെ? അല്ലലിനെ-

പരിചാരകർഃ സംഹരിച്ചു തിരുമേനി! പൊടിഭസ്‌മമാക്കി.

രാജാഃ നല്ലത്‌. ദിക്കായ ദിക്കെല്ലാം-

പരിചാരകർഃ അല്ലേയല്ല. ഇനി വിലാപം കഥാശേഷം…. ഒരു നായ്‌പോലും മോങ്ങില്ല!

രാജാഃ ഹായ്‌! നമ്മുടെ പരിഷയിൽ നാം സംതൃപ്തൻ! സംപ്രീതൻ! ആരവിടെ എന്നു വിളിച്ചാലൊന്നും ഒരുത്തനും വരൂല്ല. എങ്കിലും നാം പ്രസാദിച്ചിരിക്കുന്നു. ഈ സന്ദർഭം ഒന്നാഘോഷിക്കണം. നമ്മുടെ കിങ്കരമുഖ്യൻമാരെ.

ഒരു പരിചാരകർഃ (വളരെ ആദരവോടെ രാജാവിനെ സമീപിച്ച്‌) എന്നാൽ ബാറിലേയ്‌ക്കു പോയാലോ തിരുമേനീ?

രാജഃ ഛട്ട്‌. ഇവിടെവച്ച്‌ – ഇപ്പോൾ.

മറ്റൊരുവൻഃ എന്നാൽ പഞ്ചാരിമേളം-

(മേളക്കാർ ആരംഭിക്കാൻ തുടങ്ങുന്നു. പുറത്തുനിന്ന്‌ഃ “എനിക്കു വിശക്കുന്നേ!”

“വിശക്കുന്നു” എന്ന വിളി. മേളം നിൽക്കുന്നു. പരിചാരകരിൽ ഒരാൾ തുടങ്ങുവാൻ വീണ്ടും കൈയാംഗ്യം-മേളം വീണ്ടും ആരംഭിക്കാൻ തുടങ്ങുമ്പോൾ-വീണ്ടും പുറത്ത്‌ ‘വിശപ്പ്‌’ എന്നുവിളികൾ- രാജാവ്‌ ചെണ്ടക്കാരെ കയ്യാംഗ്യംകൊണ്ടു വിലക്കുന്നു. പരിചാരകൻമാരെ അദ്ദേഹം മാറിമാറി വീക്ഷിക്കുന്നു.)

രാജാഃ നാം എന്തോ കേൾക്കുന്നു… കേൾക്കരുതാത്തത്‌.. കേട്ടുകൂടാത്തത്‌…

(പരിചാരകൻമാർ പരസ്‌പരം നോക്കുന്നു)

ഒരുവൻഃ കാറ്റടിച്ചതാവും…

രാജാഃ വാക്കുകളായിട്ടോ?

ഇനിയൊരു പരിചാരകൻഃ പഴമയുടെ പ്രേതങ്ങൾ വല്ലതും-

രാജാഃ വഴിവക്കിലോ? പട്ടാപ്പകൽ?

ഇനിയൊരാൾഃ അതോ തിരുമനസ്സിൽ ഉണ്ടായ തിരുസംശയം-

രാജാഃ (ഉച്ചത്തിൽ, രാജാപ്പാർട്ട്‌ സ്‌റ്റൈൽ) ഛായ്‌!

(പുറത്ത്‌ കൂടുതൽ ഉറക്കെഃ ‘എനിക്കു വിശക്കുന്നു’)

രാജാഃ കേട്ടില്ലെ? കാറ്റോ? പ്രേതമോ? സംശയമോ? കൊല്ലും ഞാൻ-

പരിചാരകൻഃ അയ്യോ! അതെന്തിന്‌? അവിടത്തെ ഉപ്പും ചോറും തിന്നുന്ന ഞങ്ങൾ-(അടുത്തു നിൽക്കുന്നവനോട്‌) വാളൂര്‌ തട്ട്‌.

രാജാഃ നിൽ. കൊല്ലുന്നത്‌ നിങ്ങളെ. നമ്മെ വിഡ്‌ഢിയാക്വോ? ഉം വിളിക്കിൻ. നമുക്ക്‌ ആ ശബ്‌ദം പുറപ്പെടുവിക്കുന്നവനെ കാണണം.

പരിചാരകൻഃ അതുവേണോ തിരുമേനി?

(മറ്റു പരിചാരകർ അവശൻമാർ)

രാജഃ ഉം വേണം.

പരിചാരഃ എങ്ങനെയോ ദൃഷ്‌ടി തപ്പിയതാവും… തീർത്തുകളയാം.

രാജാഃ വേണ്ട – വിളിക്കവനെ-

പരിഃ ഇവിടെയോ? ഈ സദസ്സിലോ?

രാജഃ ഉം? എന്താ?

പരിഃ ഒരു ദരിദ്രവാസിക്കു കടന്നുവരാൻ…

രാജഃ നിങ്ങൾ വിളിച്ചില്ലെങ്കിൽ നാം..

പരിഃ അയ്യോ പൊന്നു തിരുമേനി! തിരുവുളളക്കേടുണ്ടാകരുത്‌..

രാജഃ ഒന്നുകിൽ നിങ്ങൾ.. അല്ലെങ്കിൽ നാം…

പരിചാരകൻ (ഇതരനോട്‌)ഃ കടുപ്പിച്ചെന്തെങ്കിലും ചെയ്‌തുകളയും…. രണ്ടിൽ ഒന്നെന്നാ…

രാജാഃ അല്ലെങ്കിൽ നാം…

പരിചാരകൻഃ രക്ഷിക്കണം തിരുമേനി..

രാജാഃ നാം വിളിക്കും. എവിടെ.. എവിടെ അയാൾ?

(ഉറക്കെ) ദാരിദ്ര്യത്തിന്റെ ആക്രന്ദനം ഉയർത്തിയ ഭീരുകിശോരാ! കടന്നുവരൂ-

(പുറത്തെ കതകിൽനിന്നും അന്ധനും ദരിദ്രമൂർത്തിയുമായ ഒരുവൻ കടന്നുവരുന്നു.)

ദരിദ്രൻഃ എനിക്കു വിശക്കുന്നു.

രാജാഃ നിനക്ക്‌..?

ദരിഃ വിശപ്പ്‌. കഠിനമായ വിശപ്പ്‌. കാർന്നുതിന്നുന്ന വിശപ്പ്‌. വയറു കത്തുന്നു. (പരിചാരകർ മുന്നോട്ട്‌ അടുക്കുന്നു. രാജാവ്‌ ഹസ്‌തചലനത്താൽ അവരെ തടയുന്നു.)

രാജാഃ ഇത്‌ ഞങ്ങൾ തമ്മിൽ നേരിട്ട്‌. ഹേ! മനുഷ്യാ! ഇവിടെ നമ്മുടെ രാജ്യത്ത്‌.. നാം ആരെണന്നറിയാമോ?

ദരിഃ അറിഞ്ഞുകൂടാ.

പരിചാരകർ ഃ ങേ!

രാജാഃ (പതറുന്നു; എങ്കിലും നിജസ്‌ഥിതി വീണ്ടെടുക്കുന്നു.) പിന്നെന്തോന്നറിയാം?

ദരിഃ ഇവിടെ ഭക്ഷണം കാണുമെന്നറിയാം. അതു കഴിച്ചാൽ വയറ്റിലെ തീ കെടുമെന്നും.

രാജാഃ നീ അന്ധനല്ലെ? ഈ സ്‌ഥലം ഏതെന്ന്‌..

ദരിഃ മണം കേട്ട്‌… കണ്ണു കാണാത്തതിനു മൂക്കു വഴികാട്ടും.

രാജാഃ ദാരിദ്ര്യം ഇവിടെ വിലക്കപ്പെട്ടിരിക്കുന്നു.

ദരിഃ ആയ്‌ക്കോട്ടെ. എനിക്കു വിശക്കുന്നു.

രാജാഃ അതല്ലെ പറഞ്ഞത്‌…

ദരിഃ എന്തു പറഞ്ഞത്‌? വിശപ്പിനെ വിലക്കിയിട്ടുണ്ടോ? എങ്കിൽ പിന്നെ, എന്നിൽ അതെങ്ങനെ കടന്നുകൂടി?

രാജാഃ ദരിദ്രരെ നാം പൊറുപ്പിക്കുകയില്ല.

ദരിഃ നല്ലത്‌ എനിക്കെന്തെങ്കിലും തരൂ.

രാജാഃ അതല്ലെ പറഞ്ഞുകൊണ്ടിക്കുന്നത്‌?

ദരിഃ എന്തെങ്കിലും കഴിച്ചിട്ടാണെങ്കിൽ എത്രനേരം വേണമെങ്കിലും ഇരുന്നു കേൾക്കാം.

രാജാഃ കേൾപ്പിക്കാനൊന്നുമില്ല. നീ നിയമം നിഷേധിച്ചിരിക്കുന്നു.

ദരിഃ എങ്ങനെ?

രാജാഃ ദാരിദ്ര്യം- വിശപ്പ്‌-

ദരിഃ അതും പ്രകൃതിനിയമമല്ലെ?

രാജാഃ നാം അതിനെ ഉച്ചാടനംചെയ്‌തു. നീ ഇവിടെനിന്നു പോകണം.

ദരിഃ പോകാനോ? എവിടെ? എന്തിന്‌?

രാജാഃ ചോദ്യങ്ങൾ നമുക്കസഹ്യമാണ്‌.

ദരിഃ ചോദിക്കാതിരുന്നേക്കണം.

രാജാഃ നിന്നെ ഗളഹസ്‌തം ചെയ്യിക്കാൻ നമുക്ക്‌-

ദരിഃ വല്ലതും തിന്നിട്ടാണെങ്കിൽ അതിനും ഞാൻ-

രാജാഃ നമ്മുടെ ക്ഷമയ്‌ക്ക്‌ അതിരുണ്ടെന്നു മനസ്സിലാക്കണം.

ദരിഃ എന്റെ വിശപ്പിനുമാത്രം ഒരതിരുമില്ല.

രാജാഃ നാം നിന്റെ രാജാവാണ്‌.

ദരിഃ ങ്‌ഹ്‌! ദരിദ്രന്റെ രാജാവ്‌! മഹാ ദരിദ്രവാസി! (ചിരിക്കുന്നു.)

(പലപ്പോഴും പരിചാരകർ മുന്നോട്ടുവരാൻ ആയുന്നു. രാജാവ്‌ വിലക്കുന്നു)

പരിചാരകരിൽ ഒരാൾഃ ഈ ധിക്കാരിയെ ഞാൻ. തിരുമേനി!

രാജാഃ ശ്‌ശ്‌! വിലക്കി നിൽക്ക്‌.

ദരിഃ (അതു ശ്രദ്ധിച്ച്‌, ചിരി നിറുത്തി) അങ്ങ്‌ രാജാവുതന്നെയാണോ ഇനി?

രാജാഃ സംശയം തീരുന്നില്ലെ?

ദരിഃ എങ്കിൽ – ഒരപേക്ഷ; ഒരേ ഒരപേക്ഷ…ഒരു നേരത്തെ ഭക്ഷണം ഉത്തരവാക്കണം.

രാജാഃ സാധ്യമല്ല.

ദരിഃ രാജാവു വിചാരിച്ചാലും..

രാജാഃ നീ രാജദ്രോഹി! നിയമം പാലിക്കാത്തവൻ. നമ്മെ നിഷേധിച്ചവൻ.

ദരിഃ ഇതൊന്നും ഞാനല്ല. ഒരു പരമദരിദ്രൻ..

രാജാഃ നമ്മുടെ രാജ്യത്തിൽനിന്ന്‌ ഉടൻ പോകണം. നിന്നെ നാം നാടുകടത്തിയിരിക്കുന്നു.

ദരിഃ ശരി, പോകാം. അതിനുമുമ്പ്‌.. മഹാപ്രഭോ! അങ്ങു ചെയ്‌തത്‌ എന്താണെന്നാണു പറഞ്ഞത്‌?

രാജാഃ നാം ആജ്‌ഞ്ഞാപിച്ചു.

ദരിഃ ഇവിടെ ഇരുന്ന്‌?

രാജാഃ അല്ല; നമ്മുടെ കൊട്ടാരത്തിൽ ഇരുന്ന്‌.

ദരിഃ ചൂടും കാറ്റും വെയിലും മഴയും ഒന്നുമേശാത്ത അറയിൽ ഇരുന്ന്‌…?

രാജാഃ ആണെങ്കിൽ?

ദരിഃ അങ്ങ്‌ ആജ്‌ഞ്ഞാപിച്ചു… എന്നിട്ട്‌.

രാജാഃ നമ്മുടെ കിങ്കരപ്പരിഷ അതു നടപ്പാക്കി. അവർ… പരിചാരകർ

കോറസ്സായിഃ ദാരിദ്ര്യത്തെ ഉച്ചാടനം ചെയ്‌തു.

മൂധേവിയെ പടികടത്തി

ചീപോതിയെ പ്രതിഷ്‌ഠിച്ചു

ആണ്ടറുതിക്കണക്കുതീർത്തു.

രാജാഃ കേൾക്കെടോ ദരിദ്രവാസി കേൾക്ക്‌..

ദരിഃ അല്ല. അറിയാൻവേണ്ടി ചോദിച്ചതാണ്‌. എത്ര എളുപ്പം അങ്ങു പ്രവർത്തിച്ചു! വിജയിച്ചു!

രാജാഃ അതുകൊണ്ടാണു പറഞ്ഞത്‌. നിനക്കു പോകാം… ആ വിലാപശബ്‌ദം ഇനി കേൾക്കരുത്‌. ആരും നിലവിളിച്ച്‌ ഇതിനകത്തെ മംഗളവാദ്യത്തിന്‌ അശുഭം കലർത്തരുത്‌.

ദരിഃ മനഃപ്പൂർവ്വമാണോ തിരുമേനീ! വിളിച്ചുപോകുന്നതല്ലേ?

രാജാഃ അപ്പോൾ- നീ നമ്മെ നിഷേധിക്കും. രാജാജ്‌ഞ്ഞയെ ധിക്കരിക്കും.

ദരിഃ വിശന്നാൽ എങ്ങനെ പാടാൻ കഴിയും?

രാജാഃ ആരുമില്ലെ ഇവിടെ? ഇവൻ… ഇവനെ പിടിച്ചു പുറത്തുതളളട്ടെ… രാജദ്രോഹം ഉച്ചരിക്കുന്ന ഇവന്റെ നാവ്‌ അരിഞ്ഞുകളയട്ടെ.

(രാജാവ്‌ ക്ഷുബ്‌ധൻ, പരിചാരകർ ദരിദ്രന്റെമേൽ ചാടിവീണ്‌ അയാളെ മുറിക്കു പുറത്തേയ്‌ക്ക്‌ പിടിച്ചിഴുത്തു കൊണ്ടുപോകുന്നു. രാജാവ്‌ അവിടെ തലങ്ങും വിലങ്ങും നടക്കുന്നു. പരിചാരകൻ പുറത്തുനിന്ന്‌ ഓടിവരുന്നു.)

പരിഃ തിരുമേനി! തിരുമേനി!

രാജാഃ എന്താടോ? എന്ത്‌?

പരിഃ ഞങ്ങൾ അവന്റെ നാവു മുറിച്ചു.

രാജാഃ നന്ന്‌…

(പുറത്തുനിന്ന്‌ കൂടുതൽ ഉറക്കെ ‘എനിക്ക്‌ വിശക്കുന്നു’ ‘എനിക്കു വിശക്കുന്നു’. രാജാവ്‌ കടുപ്പിച്ച്‌ പരിചാരകന്റെ മുഖത്തുനോക്കുന്നു. അയാൾ കൂടുതൽ ദൈന്യൻ)

പരിഃ അതിന്റെ കാര്യമാണു പറയാൻവന്നത്‌. വെട്ടിയിട്ടും വെട്ടിയിട്ടും അവന്റെ നാവു മുളയ്‌ക്കുന്നു.

രാജാഃ ങേ!

(പുറത്തെ ശബ്‌ദം അസഹ്യം)

പോ… പോയി ശിരച്‌ഛേദംതന്നെ നടത്ത്‌. ഉം.

(പരിചാരകർ ഓടുന്നു)

രാജാഃ (ഛായ്‌!, ‘ഹും’ ആദിയായ വ്യാക്ഷേപകങ്ങൾ പുറപ്പെടുവിച്ചുകൊണ്ട്‌ അസ്വസ്‌ഥനായി രണ്ടു ചാൽ നടന്ന്‌- പെട്ടെന്ന്‌ പാട്ടുകാരോട്‌.)

സംഗീതം…. നമുക്കു സംഗീതം വേണം…. കഴുത്തു മുറിയുമ്പഴത്തെ ആ ആക്രന്ദനസ്വരം നാം കേൾക്കരുത്‌. ഉം.

(പഞ്ചാരിമേളം… വീണ്ടും. പരിചാരകൻമാർ ഒന്നൊന്നായി മന്ദപാദരായി പ്രവേശിക്കുന്നു. വേണ്ടത്ര ഉന്മേഷശാലികളല്ല.)

രാജാഃ (കൈയാംഗ്യംകൊണ്ട്‌ മേളം നിറുത്തി) നടന്നില്ലെ? (പരിചാരകൻമാർ ‘ഉവ്വ്‌’ എന്നാംഗ്യം)

രാജാഃ അപ്പോൾ…. ശുഭം…

(അതു പറഞ്ഞുകഴിയുന്നതിനിടയിൽ പുറത്തുനിന്നും ഏറ്റവും ഉച്ചത്തിൽ ‘വിശക്കുന്നു’ ‘എനിക്കു വിശക്കുന്നു…’ ‘വിശപ്പ്‌’ ‘വിശപ്പ്‌’.. രാജാവ്‌ തുറന്ന വായോടെ അസ്വസ്‌ഥനായി നിൽക്കുന്നു.

(പരിചാരകർ മുട്ടുകാലിൽനിന്ന്‌ മാപ്പപേക്ഷയുടെ മട്ടിൽ)

പരിഃ തിരുമേനി ക്ഷമിക്കണം…

രാജാഃ ഭീരുക്കൾ… നിങ്ങൾ വെട്ടിയില്ല.

പരിഃ (ഒപ്പം) വെട്ടിയേ… വെട്ടി. തലയറ്റു തെറിക്കുംവരെ വെട്ടി…

രാജാഃ ഹെന്നിട്ട്‌?

(ഉത്തരം പറയുന്നതു കൊടുങ്കാറ്റുപോലെ പ്രവേശിക്കുന്ന ദരിദ്രനാണ്‌.

പരിചാരകൻമാർ ഭയപ്പെട്ട്‌ എണീറ്റു മാറുന്നു. രാജാവിനു പതർച്ച)

ദരിഃ (മുന്നോട്ടുവന്ന്‌) എന്നെകൊല്ലാൻ നിങ്ങൾക്കു സാധ്യമല്ല. നാവറുത്താൽ അത്‌ മുളച്ചുവരും. തല ഛേദിച്ചാൽ വീണ്ടും പുതിയ തല വളരും. ആയിരം നാവുണ്ടെനിക്ക്‌. വളരുന്ന തലയും. വിഡ്‌ഢിയായ രാജാവേ! ഒരു വായ്‌ത്തലകൊണ്ട്‌ എന്നെ വിലക്കിക്കളയാമെന്നോ മോഹം? ഇല്ല. സാധ്യമല്ല. ഞാൻ പടരും. നിലവിളി കേട്ട്‌ നിങ്ങൾ ഞെട്ടും. ജാഗ്രത്തിൽ മാത്രമല്ല സ്വപ്‌നത്തിലും സുഷുപ്തിയിലും. ആയിരം നാവുകൾ അത്‌ ഏറ്റുവിളിക്കും. നിന്റെ സിരകളിൽ സർപ്പവിഷംപോലെ അതുപടരും. കാതു തുറന്നു കേൾക്കു. എന്നെ അത്ര എളുപ്പം ഉച്ചാടനംചെയ്യാൻ നോക്കണ്ട. വേണമെങ്കിൽ… എങ്കിൽ.. (മുന്നോട്ട്‌ ഒരടികൂടിവച്ച്‌) ആ കിരീടമില്ലെ? സ്വന്തം തലയ്‌ക്കലങ്കാരമായ സ്വർണ്ണക്കൂട്‌… അതെടുത്ത്‌ താഴെവയ്‌ക്കൂ.

(രാജാവ്‌ അറിയാതെ തന്റെ കിരീടത്തെ സ്‌പർശിച്ചുപോകുന്നു.)

കേൾക്കു. രാജാവേ! നീ നിന്റെ കിരീടം എടുത്തു താഴെവയ്‌ക്കുമ്പോൾ ഞാൻ എന്റെ തല ഉപേക്ഷിക്കാം… അതുവരെ.. (തിടുക്കത്തിൽ അപ്രത്യക്ഷനാകുന്നു.)

(അതുവരെ നിശ്ശബ്‌ദരും പരിഭ്രാന്തരുമായി നിൽക്കുന്ന പരിചാരകപ്പരിഷ ചരിച്ചുതുടങ്ങുന്നു. പുറത്തുനിന്ന്‌ അനേകം കണ്‌ഠങ്ങളിലൂടെ ഉയർന്ന ‘വിശപ്പ്‌’ ‘വിശപ്പ്‌’ വിളികൾ… സ്‌റ്റീരിയോ സിസ്‌റ്റത്തിൽനിന്നെന്നപോലെ. മുറി മുഴുവൻ അതുകൊണ്ട്‌ നിറയുന്നു. രാജാവ്‌ പരിചാരകനിരയെ ഇരുത്തിനോക്കുന്നു… അവർക്കു പരിഭ്രമം. അദ്ദേഹം തന്റെ ശിരസ്സിൽനിന്നു കിരീടം എടുത്തു മാറ്റുവാൻ ശ്രമിക്കുന്നു. സാധിക്കുന്നില്ല. വീണ്ടും വീണ്ടും പരിശ്രമം… ഫലമില്ല. പരിഭ്രമം കൂടിക്കൊണ്ടിരിക്കുന്നു. പുറത്തുനിന്നും ആർത്തിയുടെ നിലവിളി വമ്പിച്ചതോതിൽ. പരിചാരകപ്പരിഷ എന്തുചെയ്യണം എന്നറിയാതെ സ്തംഭിച്ചു. വിയർത്തും തളർന്നും രാജാവ്‌ തന്റെ ഉദ്യമത്തിൽനിന്നും വിരമിക്കുന്നു. അദ്ദേഹം പരിചാരകരേയും പിന്നീട്‌ പുറത്തേയ്‌ക്കുളള വാതിലിനു നേർക്കും ഇരുത്തിയൊന്നു നോക്കി. പരിചാരകന്മാർ അന്ത്യവിധി അടുത്തു എന്ന ബോധത്തോടെ മുട്ടുകാലിൽ പ്രാർത്ഥനാസമാനമായ രീതിയിൽ ഇരിക്കുന്നു. രാജാവിന്റെ മുഖത്ത്‌ ഒരു പുഞ്ചിരി വിടർന്നുവരുന്നു. പരിചാരകർ അവിശ്വസനീയമായ എന്തോ കണ്ടതുപോലെ പരസ്‌പരം നോക്കുന്നു. രാജാവിന്റെ പുഞ്ചിരി പൊട്ടിച്ചിരിയായി മാറുന്നു. മാലപ്പടക്കം പൊട്ടുമ്പോലെ അദ്ദേഹം നിറുത്താതെ ഉറക്കെയുറക്കെ ചിരിക്കുന്നു.)

രാജാവ്‌ഃ ഞാൻ തന്നെയാണ്‌ വിഡ്‌ഢി! അതു മനസ്സിലാക്കാൻ ഇത്രയും ആർഭാടവും… (പരിചാരകരെ മുഴുവൻ ഉൾപ്പെടുത്തിയ ചേഷ്‌ടയോടെ) ഇത്രയും ശപ്പന്മാരും വേണ്ടിവന്നു. എണീക്കിൻ കഴുതകളെ! ‘കളളപ്പരിഷകളെ!.. നാം നിങ്ങളെ ഒന്നും ചെയ്യാൻ പോകുന്നില്ല!

(പരിചാരകർ ആശ്വാസത്തോടെ എണീറ്റുനിൽക്കുന്നു.)

രാജാഃ പക്ഷേ, നാം പോകുന്നു…

(മുന്നോട്ടു നടക്കുന്നു. പുറത്തെ ആക്രന്ദനശബ്‌ദം ഉച്ചത്തിൽ)

പരിഃ എവിടേയ്‌ക്ക്‌ തിരുമേനി? (ശബ്‌ദത്തിനു നേർക്കു കൈചൂണ്ടുന്നു.)

പരിഃ അയ്യോ! അവൻ…

രാജാഃ അവൻ അവരായി.. അവരിനി പഞ്ചഭൂതങ്ങളാകും. സിരോരോഗങ്ങളാകും. വ്യാപിക്കും. പടരും. നാം പോകുന്നു.

(നിന്ന്‌)

അവൻ പറഞ്ഞതാണ്‌ നേര്‌. കൊട്ടാരത്തിൽ അടച്ചിരുന്ന്‌ കാറ്റും വെയിലും ഏൽക്കാതെ ഏഭ്യന്മാരായ നിങ്ങളിലൂടെ അവനെ ഇല്ലായ്‌മ ചെയ്യുവാൻ കരുതി. വിഡ്‌ഢിയായ നാം. ഇല്ല, നാം പുറത്തുപോവുകയായി. പത്തു തലകൊണ്ടട്ടഹസിക്കുന്ന ആ പിശാചിനെ അവന്റെ നിലത്തിൽവച്ചുതന്നെ നാം നേരിടും… ഹൊ! ഈ കിരീടം ഒന്നിളക്കാൻ കഴിഞ്ഞെങ്കിൽ!

(പരിചാരകർ സഹായിക്കാൻ നിൽക്കുന്നതു കണ്ടു)

വേണ്ട നമ്മുടെ കാടിളക്കത്തിൽ വീഴുന്നെങ്കിൽ വീഴട്ടെ…

(മുന്നോട്ടു കുതിക്കുന്നു. പുറത്തെ ശബ്‌ദം ഉച്ചസ്‌ഥായിയിൽ)

വേണ്ട. ആരും വരണ്ട ഇത്‌ ധർമ്മയുദ്ധം…

(ആവേശഭരിതനായി നിഷ്‌ക്രമിക്കുന്നു.)

(പരിചാരകർ ഒരു നിമിഷം നിഷ്‌ക്രിയരായി നിൽക്കുന്നു. ശബ്‌ദവും രാജാവിന്റെ പോരിനുവിളിയും അകന്നകന്നുപോകുന്നു. പരിചാരകർ ഹോട്ടൽ പരിചാരകരായി മാറി. കോഫിപ്പാത്രങ്ങളും മറ്റും എടുത്തുകൊണ്ട്‌ നിഷ്‌ക്രമിക്കുന്നു…. ഒന്നൊന്നായ്‌. ആദ്യത്തെ പരിചാരകൻ മാത്രംനിന്ന്‌, കൂടിയിരിക്കുന്നവരോടായിട്ട്‌.)

പരിഃ കഥയിവിടെ തീരുന്നില്ല

കടപൂട്ടാൻ നേരവുമായി….

നാട്ടിടങ്ങളിലെ പാതിയിരുണ്ട നാൽക്കവലകളിലൂടെ വീട്ടകത്തെ

സൗഖ്യംതേടി അലസനട നടക്കുമ്പോൾ, കൂട്ടരെ!

ഊരിയ വാളും ഉറഞ്ഞുതുളളിയ കോലവുമായി

തമ്പുരാനെ അവിടെയെങ്ങാൻ കണ്ടാൽ-

വണങ്ങിപ്പോകാൻ മറക്കരുതേ!

എന്തെന്നാൽ….

ആ വേട്ട തുടർന്നുകൊണ്ടേയിരിക്കുന്നു

ഉച്ചാടനമന്ത്രം ജപിച്ച്‌,

ഊരൂരായം ഉഴറിപ്പായും പിശാചിൻനേരെ

ഉറയൂരിയവാളും ഭേസി

എന്റെ തമ്പുരാൻ…. പൊന്നുതമ്പുരാൻ…

പാഞ്ഞുകൊണ്ടേയിരിക്കുന്നു.

നൽ വരവ്‌!

Generated from archived content: uchadanam.html Author: g_sankarapillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here