നിഴൽ ചിത്രങ്ങൾ

ഞാനെന്റെ നിഴലിന്റെ തോഴൻ

സഹജാതനായെൻ കൂടെ ചരിക്കുമീ

നിഴലെന്റെ തോഴൻ

സുഖദമാം വെൺമേഘപാളികൾ പോലെയെൻ

പ്രാണന്റെ പ്രാണനിൽ

സുരബിന്ദു വർഷമായ്‌ നിറയുന്നു.

പിന്നെയാ മുരളിയിൽ കാകളീ നാദമായ്‌

പ്രണവങ്ങളൊക്കെയുമുരുവിട്ടു തീർക്കുന്നു.

പ്രണയിതന്നാദ്യത്തെയധര പരിലാളനം

പകരുന്ന രതിരാഗശ്യാമവർണ്ണങ്ങളിൽ

പുതുമഞ്ഞുപോലെയെൻ കാലടിക്കീഴിലെ

പുതുമണ്ണിലെന്തിനോ ചുംബിച്ചുണർത്തുന്നു.

അഗ്നിത്തുരുത്തിൻ മുനമ്പിലായി, ജീവിത-

ദുഃഖരാപ്പക്ഷിതൻ ശോകരാഗങ്ങളിൽ

ആത്മാവിനാൽ മരച്ചില്ലയിലദൃശ്യനായ്‌

മധുഗാനമർമരമുതിർക്കുന്നു.

കൊടുമുടിച്ചെരുവിന്നഗാധമാം കൊക്കയിൽ

പിടയുന്ന ചെറുകിളിപ്പെണ്ണിന്റെ നിറുകയിൽ

നറുദീപമായിത്തെളിയുന്നു, സന്ധ്യയിൽ

ആയിരത്തിരികളായഴകിന്റെ വീചികൾ

തുയിലും ചിലമ്പുമായെത്തുന്നു.

ഒരു ഹരിതപുളിനത്തിലൊരുഗഗനവാടിയിൽ

പലപാടുശ്ലഥബിംബവിരസയാമങ്ങളിൽ

അതിരുകൾ പിന്നിടും പഥികന്റെ യാത്രയിൽ

അരുതെന്നുപറയാതെ, യൊരുകാതമകലെയു-

ണ്ടൊരു സത്രമെന്നായ്‌ മന്ത്രിച്ചുമറയുന്നു.

ഓർമ്മതന്നഴിമുഖത്താരെയോ കാത്തുഞ്ഞാ-

നഞ്ചാറു ചിപ്പികൾ നുളളിപ്പെറുക്കവെ,

ഗിരിശിഖരനികടങ്ങളൊരുമിച്ചു പൊട്ടിയാ-

നദിയിലൂ, ടകലെയാക്കടലിന്റെയിടറുന്ന

നെഞ്ചിലേക്കൊഴുകുന്നു, നിഴലായ

തരുണന്റെ ചടുലപാദങ്ങളിൽ

വരുണനും കരുണയ്‌ക്കുരക്കുന്നു.

ചെളിപൂണ്ടകണ്ടത്തിലെരുതിന്റെ മുറിവുകൾ

തെളിനീരുമായിക്കഴുകിത്തുടയ്‌ക്കുമാ-

ചെറുമക്കിടാവിനെ മാറോടമർത്തി ഞാ-

നിത്തിരിനേരമിന്നേതോ, യദൃശ്യകര

ലാളനം വെറുതെ കൊതിക്കവെ, നീളുന്ന

നിഴലുമായിണചേർന്നു പിരിയുന്ന

താരങ്ങളൊക്കെയും ഊഴമിട്ടണയുന്നു.

ആദ്യത്തെ വാക്കുപോലന്യന്റെ സൗഹൃദം

പങ്കിട്ടെടുത്തതിൻ ചീന്തുമായ്‌ നെഞ്ചിലെ

രാപ്പക്ഷി കുറുകുന്നു, കൺകോണി-

ലുയിരെടുത്തുടയുന്ന ബിന്ദുവിൽ

ശിവശൈലമുരുകുന്നു.

ഇടയനെത്തിരയുന്ന കുഞ്ഞാടുമവിടെയു-

ണ്ടിടമുറിഞ്ഞെത്തുന്ന കർക്കിടക വർഷവും!

മീനക്കൊടും ചൂടു പെയ്യുന്ന വനികയിൽ

ശതപുഷ്‌പശയ്യയും ശരശയ്യയാകവേ,

ആമ്പലപ്പൂവിന്റെ കുളിരായി, തളിരിളം

ചുണ്ടിന്റെ സ്‌നിഗ്‌ദാമാമോർമ്മയായ്‌

ജീവന്റെ തുടിതാളമുയരുന്ന വീഥിയിൽ

അനുപദം വളരുന്ന ശാന്തസംഗീതമായ്‌

ഇരുളിലും, ഇരുളിന്റെ പൊരുളായ പകലിലും

പകലിന്റെയിരവിലും, മിഴികളുടെ നിറവിലും

നിറയുന്ന സഹചര പ്രേമം!

എന്നെ ഞാനെന്ന പോൽ പിൻതുടർന്നീടുമീ

തണലിന്നനന്ത പ്രകാശം!

സഹജാതനായെന്റെ കൂടെ ചരിക്കുമീ

നിഴലെന്റെ ഞാനെന്ന തോഴൻ

ഞാനെന്റെ നിഴലിന്റെ തോഴൻ

ഞാനെന്റെ തോഴൻ.

Generated from archived content: nizhal_chithrangal.html Author: g_ravi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here