വണ്ടിയോടിക്കുന്നതിനിടയിൽ, മൊബൈൽ അടിക്കുന്നത് കണ്ട്, തന്റെ വെള്ളകലർന്ന ചാരനിറമുള്ള മാരുതി സെൻ വശം ചേർത്ത് നിറുത്തി.
ഇതാരുടെ നമ്പരാണ് ? അത്മഗതമെന്നവണ്ണം രാജീവൻ പറയുമ്പോൾ, തന്റെ ഇടത്തെകൈയുടെ തള്ളവിരൽ കൊണ്ട് ചുവന്നനിറമുള്ള കുടുക്ക് അമർത്തി, സുരക്ഷ ബെല്‍റ്റിന്റെ കൊളുത്ത് വിടീച്ച് സ്വതന്ത്രനായി മുന്നോട്ടായുകയായിരുന്നു.
ഫോൺ എടുത്തുകൊണ്ട് “ഹലോ” എന്ന് പറഞ്ഞപ്പോൾ മറുവശത്തുനിന്നുള്ള, നിർത്താതെയുള്ള, ശ്വാസം പിടിച്ചുള്ള, ഒറ്റവാചകത്തിലെ ഉറച്ചധ്വനികൊണ്ടായിരിക്കണം…
എന്താ പ്രശ്നം?
സൗകര്യത്തിനായി രാജീവൻ ഉച്ചഭാഷിണിയിൽ ഇട്ടു.
ഇപ്പോൾ ആ സംഭാഷണം സെബാസ്റ്റ്യനും കേൾക്കാം.
സർ അടിയന്തിരമായി ഞങ്ങളുടെ സഞ്ചരിക്കുന്ന ഘടകം അവിടെ എത്തും.
ആരാണ് നിങ്ങൾ? എന്താണ് ഉദ്ദേശിക്കുന്നത്? നിങ്ങളുടെ അത്യാഹിത മൊബൈൽ യൂണിറ്റ് എന്തിനാണ് ഞങ്ങളെ പിന്തുടരുന്നത്?
സർ ഞാൻ സർവ്വീസ് മാനേജരാണ്. ഇനി വണ്ടി, ഒരടി മുന്നോട്ട് നീക്കരുത്. പെട്ടെന്ന് ഓരം ചേർത്ത് നിർത്തി താക്കോലെടുക്കൂ. എന്നിട്ട് നമ്മുക്ക് സംസാരിക്കാം.
അതിന്… ഞാൻ… വണ്ടി നിർത്തിയിട്ടാണ് മൊബൈൽ എടുത്തത്. താങ്കൾ മനുഷ്യനെ പേടിപ്പിക്കാതെ കാര്യം പറ…..
ഇൻഷാ അള്ളാ. പടച്ചോൻ കാത്തു.
പേര് ഹുസൈൻ എന്നല്ലേ സർവ്വീസ് സെന്ററിൽ വച്ച് സൂചിപ്പിച്ചത്! നിങ്ങളെ ഞാൻ അങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു.
വണ്ടിയുടെ കാര്യം വല്ലതും പറയാനാണോ? അതിനാണെങ്കിൽ ഒന്നും പറയണ്ട. എനിക്കെല്ലാം മനസ്സിലായി…
എന്ത് മനസ്സിലായി?
സർ, ആദ്യം… ഇപ്പോൾ എവിടെയാണ് നില്ക്കുന്നതെന്ന് പറയൂ. കായംകുളം ഭാഗത്തേക്കല്ലെ പോയ്ക്കൊണ്ടിരിക്കുന്നത്. അങ്ങനെയാണ് ഇവിടുന്ന് ഇറങ്ങിയപ്പോൾ…എനിക്ക് കൈ തന്ന് പിരിഞ്ഞപ്പോൾ… പറഞ്ഞത്. ഞാൻ ഊഹം വച്ച് പറയുകയാണ്…. സർ ഇവിടുന്ന് വണ്ടിയെടുത്തുകൊണ്ട് പോയിട്ട് അരമണിക്കൂറായി. അങ്ങനെയെങ്കിൽ… ഇപ്പോൾ അമ്പലപ്പുഴ കഴിഞ്ഞുകാണുമല്ലോ?
അമ്പലപ്പുഴ അമ്പലത്തിലേക്ക്, നാഷണൽ ഹൈവെയിൽ നിന്ന് ഇടത്ത് തിരിഞ്ഞ് പോകുന്ന റോഡിൽ…അതെ, ഷോർട്ട് ഹൈവെ 12ലേക്ക് തിരിഞ്ഞ്… ഇത്തിരി മുന്നോട്ട് വന്നാൽ… ഇടത് വശത്ത് ഒരു ഫെഡറൽ ബാങ്ക് കാണാം. എ.റ്റി.എം ആണെന്ന് തോന്നുന്നു. രണ്ടാം നിലയിൽ എസ്.ബി.റ്റി യും ഉണ്ട്. അതാണ് പെട്ടെന്ന് തിരിച്ചറിയാൻ പറ്റിയ സ്ഥലം. അവിടെയാണ് ഇപ്പോൾ ഞങ്ങൾ വണ്ടിയിട്ടിരിക്കുന്നത്. കണ്ണനെ ഒന്ന് തൊഴുതിട്ട്, എന്റെ കൂടെ ഉള്ള ആളെ ഒന്ന് തിരുവല്ല ഇറക്കിയിട്ട് വൈകിയെ കായംകുളത്തിന് പോകൂ.
ഹുസൈൻ നിങ്ങൾ കാര്യം പറഞ്ഞില്ല?
വണ്ടിയുടെ ഇടത് വശത്തെ വീലിന്റെ നട്ടുകൾ മുറുക്കിയിട്ടില്ല.
എന്ത്!!!
മൂന്ന്… ഘട്ടം ഘട്ടമായുള്ള പരിശോധനകഴിഞ്ഞേ, ഞങ്ങൾ, വണ്ടി വെളിയിൽ ഉപഭോഗ്താവിന് കൈമാറുകയുള്ളൂ. എന്നാൽ ഇതാദ്യമായി പറ്റിപ്പോയി സർ.
ശരി ശരി നിങ്ങൾ പെട്ടെന്നു വരൂ.
എന്ത് പറയണമെന്നറിയാതെ സംഭ്രമിച്ചിരിക്കുന്ന രാജീവിന്റെ മുഖം കണ്ട്, ഫോൺ കട്ട് ചെയ്യുന്നതിന് മുൻപ് സെബാസ്റ്റ്യൻ മറുപടി നല്കി.
ബാങ്കിലേക്ക് അപ്പോൾ പലതരത്തിലുള്ള ആളുകൾ കയറിപ്പോകുന്നതും ഇറങ്ങിവരുന്നതും കാണാമായിരുന്നു.
മനുഷ്യരെ കാണുന്നത് ഒരു തരം സുഖമുള്ള ഏർപ്പാടാണ്… അല്ലേ… സെബാസ്റ്റ്യൻ?
അതെന്താണ് നീ ഇപ്പോൾ അങ്ങനെ പറയുന്നത്?
ആ ഇറങ്ങിവരുന്ന ഏതെങ്കിലും വ്യക്തി… അവനോ അവളോ ആയിരുന്നോട്ടെ… അവിചാരിതമായി വന്ന് സ്വയം പരിചയപ്പെടുത്തുന്നു എന്നിരിക്കട്ടെ. അപ്പോൾ മാത്രമാണ്, നീ അറിയുന്നത് നിന്റെ പഴയകാല സഹപാഠിയാണതെന്ന്. ഒത്തിരി നല്ല സമയങ്ങൾ നിനക്കു സമ്മാനിച്ച ഒരു കൂട്ടുകാരൻ അല്ലെങ്കിൽ കൂട്ടുകാരി. അപ്പോൾ നിനക്ക് തോന്നുന്നവികാരത്തിൽ ഹിന്ദുവെന്നോ മുസ്ലീമെന്നോ ഒരു വകഭേദം കാണുമോ?
അടുത്തകാലത്ത് ഞാൻ പത്തനംതിട്ടയിൽ പോയിരുന്നു കെ.എസ്.ആർ.ടി.സി ബസ്സിൽ തിരിച്ചുവരുമ്പോൾ ഒരാൾ എന്റെ അടുത്ത് വന്നുനിന്ന് പിറുപിറുക്കുന്നത് കണ്ടു. അവൻ “കുട്ടിപ്പോലീസ്…കുട്ടിപ്പോലീസ്” എന്നാണ് പറഞ്ഞതെന്ന് രണ്ടാമതും മൂന്നാമതും പറഞ്ഞതിൽ നിന്നും എനിക്ക് വ്യക്തമായി. ഒരു കോഡ് ഭാഷയാണ്. ചുരിക്കിപറഞ്ഞാൽ എന്റെ ഇരട്ടപ്പേരായിരുന്നു അത്. അങ്ങനെയാണ് ഞാൻ സ്കൂളിൽ അറിയപ്പെട്ടിരുന്നത്. അന്ന് ആ പേര് കേൾക്കുന്നതേ എനിക്ക് ഒരു വല്ലായ്മയായിരുന്നു. പക്ഷേ, അപ്പോൾ, ആ ബസ്സിൽ വച്ച് അങ്ങനെ ഒരാൾ ആധികാരികമായി വിളിക്കുന്നത് കേട്ടപ്പോൾ… അതിന് സ്നേഹത്തിന്റെ ഒരു ഓർമ്മപ്പെടുത്തലുണ്ടായിരുന്നു. അവന്റെ മുഖത്ത് നോക്കി ചിരിച്ചപ്പോൾ അവൻ ഉദ്ദേശിച്ചയാളാണ് ഞാൻ എന്ന് പിടികിട്ടി. എന്റെ കൂടെ അവിടെ… മൈലപ്രാ സേക്രഡ് ഹെർട്ട് ഹൈസ്കൂളിൽ….കടമ്മനിട്ട പഠിച്ച അതേ സ്കൂൾ…എസ് എച്ച് എച്ച് എസ്… പഠിച്ച ഒരു സതീർഥൻ ആയിരുന്നു. മിഥുൻ എന്ന അവനോട് എനിക്ക് വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നി. ആ ഒറ്റ പേർ വിളിയിൽ, എന്നെ, അത്രയും നേരം മഥിച്ചിരുന്ന എല്ലാ വിഷമങ്ങളും മറന്നുപോയി. ഞാൻ ഒരു നാപ്പത്തിമൂന്ന് വയസ്സ് കുറഞ്ഞ ഒരു കൗമാരക്കാരനായി. ഭയങ്കര സന്തോഷമായിരിക്കും നമ്മുക്ക്.. ആ നിമിഷങ്ങളിൽ. ഇല്ല രാജീവൻ…വെറുപ്പോ… ജാതിമതഭേദങ്ങളോ നമ്മളെ ബാധിക്കാത്ത മുഹൂർത്തങ്ങളാണ് അവ. നിന്നോട് ഇതുവരെ പറയാത്ത ഒരു കാര്യം ഉണ്ട്. ഞാൻ പല ജില്ലകളിൽ പഠിച്ചു. സംസ്ഥാനങ്ങളിലും. അവിടെയെല്ലാം എന്നെ അതേ ഇരട്ടപ്പേർ പിന്തുടർ ന്നു. അങ്ങനെനോക്കുമ്പോൾ, പഠിച്ചടുത്തെല്ലാം ഒറ്റ ഇരട്ടപ്പേർ കിട്ടിയിരിക്കാൻ സാധ്യത എനിക്കുമാത്രമേ കാണൂ…
നീ കടമ്മനിട്ടയെ പറ്റി കേട്ടിട്ടുണ്ടോ? എവിടുന്ന്? നീ എനിക്ക് നാണക്കേടുണ്ടാകുമല്ലോ രാജീവേ? എം.ആർ രാമകൃഷ്ണപ്പണിക്കർ. എം.ആർ എന്നത് അദ്ദേഹത്തിന്റെ അച്ഛന്റെ പേരാണ്. മേലേത്തറയിൽ രാമൻ നായർ. അദ്ദേഹത്തിന്റെ ശിഷ്യനാണ് പ്രൊഫസ്സർ കടമ്മനിട്ട വാസുദേവൻ പിള്ള. കടമ്മനിട്ടയാണ്… പടയണിയുടെ സങ്കീർണ്ണങ്ങളായ സൂക്ഷ്മതലങ്ങളെ കാവ്യാത്മകബിംബങ്ങളാൽ നമ്മുക്ക് മനസ്സിലാക്കി തന്നത്. നിനക്കറിയാല്ലോ എന്നെ. എന്തെങ്കിലും പറഞ്ഞ് തുടങ്ങിയാൽ… പിന്നെ അതിൽ അങ്ങ് കടിച്ച് തൂങ്ങും. ഒരു എഴുത്തുകാരനെ കൂട്ടുകിട്ടിയത് കൊണ്ട് ചൊളുവിൽ ഒന്നും വായിക്കതെ എന്തെല്ലാമറിയാം. ഇനി നീ പറയാൻ വന്ന കാര്യം കേൾക്കട്ടെ…
അപരിചിതമായ രണ്ട് ശരീരങ്ങൾ കണ്ടുമുട്ടുമ്പോൾ അവ ജഡങ്ങൾ ആണ്. ആ ബാങ്കിലേക്ക് നടന്നു കയറുന്നവർ… ഇറങ്ങിവരുന്നവർ… നമ്മുക്ക് ഒരു വികാരവും ഉണ്ടാക്കുന്നില്ല. അവർ മനുഷ്യർ എന്ന സഹാനുഭൂതിയും, തിരിച്ചറിവും മാത്രമേ അറിവായി നമ്മുടെ പക്കലുള്ളൂ. നമ്മളുടെ നിലനിൽപ്പിനായി മാത്രം നാം അവരെ ഉപദ്രവിക്കുന്നില്ല. സെബാസ്റ്റ്യൻ…പറയൂ…നീ എഴുതുന്ന കഥകൾ വെറും അക്ഷരങ്ങളെ കോർത്തിണക്കലല്ലേ! വെറും അക്ഷരങ്ങൾ മാത്രം. എന്നിട്ടും നിന്റെ കഥകൾക്ക് എങ്ങനെയാണ് ജീവനുണ്ടാകുന്നത്?
മനസ്സിൽ, എഴുതുന്നവൻ പോലും അറിയാതെ സൂക്ഷിക്കപ്പെട്ട നിമിഷങ്ങൾ, സംഭവങ്ങൾ, വ്യക്തികൾ, സ്ഥലങ്ങൾ, വിഷയങ്ങൾ, അനുഭവങ്ങൾ എന്നിവയെ മറ്റുമനസ്സിലേക്ക് കടിഞ്ഞാണില്ലാതെ അഴിച്ച് വിടാൻ ശ്രമിക്കും. അക്ഷരങ്ങൾ മനസ്സിനെ ആവാഹിക്കുന്നു. അതായത് അക്ഷരങ്ങൾ എഴുതുന്നവന്റെ മനസ്സിന്റെ രഹസ്യചിഹ്നങ്ങളാണ്. ഗുപ്തഭാഷയിലുള്ള ആ സന്ദേശങ്ങൾ, അവരുടെ അനുഭവങ്ങളുടെയും, മറ്റ്… നേരത്തേപറഞ്ഞ കാര്യങ്ങളുടെയും വെളിച്ചത്തിൽ അനുവാചകരുടെ മനസ്സിന്റെയും ബുദ്ധിയുടെയും ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. വായനക്കാരൻ സാപേക്ഷമായവയെ നെഞ്ചോട് ചേർത്ത് പിടിക്കുന്നു. എല്ലാ കഥകളും വിജയിക്കണമെന്നില്ല. അത് ഒരു ആപേക്ഷികതയാണ്. അതുകൊണ്ട് കഥകളിൽ ആപേക്ഷിക പ്രാധാന്യം ഒരു ഘടകമായി ചേർത്ത് നിർത്താറുണ്ട്. എന്നാലും, കഥയ്ക്ക് ജീവൻ നല്കാൻ എഴുത്തുകാരനെക്കാൾ ഉന്നത ബൗദ്ധീകതലമുള്ള വായനാ സമൂഹത്തിനേ കഴിയൂ. കാരണം അവരാണ് വിഹായസ്സിന്റെ മറ്റെയറ്റത്തിരുന്ന് വായിക്കുന്ന പുസ്തകങ്ങളിലൂടെ എഴുത്തുകാരന്റെ അന്തർഗ്ഗതങ്ങളെ മനസ്സിലാക്കുന്നവർ.
അതായത് കഥകളിലൂടെ, മറ്റുള്ളവർക്ക് അപരിചിതമായ സങ്കേതങ്ങളിൽ കയറിപറ്റി സർഗ്ഗശക്തി ഉപയോഗിച്ച് പലതിനെയും വെളിയിൽ കൊണ്ടുവരുന്നതോടെ നീ സ്വീകാര്യനാകുന്നു. അങ്ങനെയൊരു വിജ്ഞാപനം, ഒരു പക്ഷേ… ഒരിക്കലും കണ്ടിട്ടില്ലാത്ത, എഴുത്തുകാരനിലേക്ക് വായനക്കാരനെ അടുപ്പിക്കുന്നു…….
മൊബൈൽ ശബ്ദം അവരുടെ സംസാരത്തിന് വീണ്ടും ഒരു ഇടകൊടുത്തു. സെബാസ്റ്റ്യൻ എടുക്കാൻ തുടങ്ങിയ വിളി പെട്ടെന്ന് കട്ടായി.
ദേ വരുന്നു. വെറുതെ ഒരു വിളി വിട്ട് അവർ നമ്മളെ തിരിച്ചറിയുകയാണ്. ഞാൻ കൈ കാണിച്ചേക്കാം
അങ്ങനെ പറയുമ്പോൾ രാജീവൻ കൈപൊക്കി വീശുന്നുണ്ടായിരുന്നു. വന്ന സംഘവും മറു സന്ദേശം എന്ന നിലയിൽ തിരിച്ചും വീശി.
അവർക്ക് എന്തല്ലാമോ വന്നവരെ വിളിക്കണമെന്ന് തോന്നി. എന്നിട്ടും അവർ സംയമനം പാലിച്ചു. കാരണം പാളിച്ചകളാണ് ജീവിതത്തെ ഇരുത്തം വരുത്തുന്നതെന്നും പിന്നീടു അതിനെ നേരെ നടത്തുന്നതെന്നും അവരുടെ പ്രായം മനസ്സിലാക്കിയിരിക്കുന്നു.
പത്ത്മിനിറ്റ് അവർക്ക് ചുറ്റും നിശബ്ദത തങ്ങിനിന്നു.
കാറിന്റെ ഗിയർ ഫസ്റ്റിൽ ഇട്ട് പെട്ടെന്ന് മുന്നോട്ടെടുത്തപ്പോൾ പണിയാൻ വന്നവർ അല്പം അകന്ന് നിന്ന് ചിരിച്ച് ഒരു സ്വാഭാവിക വിടവാങ്ങൽ രേഖപ്പെടുത്തി.
നമ്മൾ ഇപ്പോൾ സഞ്ചരിക്കുന്ന റോഡിന് സമാന്തരമായിട്ടാണ് ആലപ്പുഴ ചങ്ങനാശ്ശേരി സ്റ്റേറ്റ് ഹൈവെ പതിനൊന്ന് പോകുന്നത്. ഇടനേരത്തെ മൂകതയ്ക്ക് ശേഷം സെബാസ്റ്റ്യൻ തുടർന്നു.
ഞാൻ പലപ്പോഴും… നിന്റെ കൂടെയാത്ര ചെയ്യുമ്പോൾ… ഓർത്തിട്ടുണ്ട്, എങ്ങനെയാണ് നമ്മൾ തമ്മിൽ ചങ്ങാത്തം ഉണ്ടായത് എന്ന്? എനിക്കാണെങ്കിൽ പുസ്തങ്ങൾ, എഴുത്തുകാർ, സ്ഥലങ്ങൾ എന്നിവയൊന്നും താല്പര്യമില്ല….
അതാണോ…രാജീവ്? പരിപൂരകങ്ങളായ സുഹൃത്ബന്ധങ്ങളെ ശ്വാശതമായി നിലനില്ക്കൂ. സംസാരിക്കുന്നവനും, അധികം സംസാരിക്കാത്തവരും തമ്മിൽ ചേരും. അല്ലെങ്കിൽ രണ്ട് വിഷയങ്ങളിൽ വ്യത്യാസമുള്ളവർ. മത്സര്യബുദ്ധിയുള്ളവനും, കഴിവിൽ വിശ്വാസമുള്ളവനും….അങ്ങനെയാണത്. നീ എല്ലാത്തിലും തത്ത്വദർശനം നടത്തുന്നു. നീ എന്തല്ലാമോ ചോദ്യങ്ങൾക്ക് ഉത്തരം അന്വേഷിക്കുന്നു. നീ അധികം കേൾക്കാൻ ഇഷ്ടപ്പെടുന്നു. ചോദ്യങ്ങൾ ക്കുള്ള ഉത്തരം കേൾവിയിലൂടെ മാത്രമേ വന്ന് ചേരൂ എന്ന് നിന്റെ ഉപബോധമനസ്സിന് അറിയാം.
ഇതാണ് തകഴി പാലം. നീ ഈ വഴിക്ക് ആദ്യമായല്ലേ വരുന്നത്. പമ്പയാറ് കിഴക്കോട്ട് ഒഴുകുന്ന സ്ഥലമാണ്. നീ വണ്ടി നിർത്ത്. നമ്മുക്ക് ഈ പാലത്തിൽ നിന്നും രണ്ട് വശത്തേയും കാഴ്ച്ചകണ്ട് കുറച്ച് നേരം സംസാരിച്ചിട്ട് പോകാം. നിനക്ക് പോയിട്ട് തിരക്കില്ലല്ലോ? ഇന്ന് കായംകുളത്ത് തങ്ങി നാളെയല്ലേ തിരുവനന്തപുരത്തിന് പോകൂ?
നീ പറഞ്ഞതിനോട് എനിക്ക് എന്തോ യോജിക്കാൻ കഴിയുന്നില്ല. ഒരേ സ്വഭാവക്കാർ ഒന്നിച്ച് വരുമെന്ന് ഇംഗ്ലീഷിൽ ഒരു പഴമൊഴിവരെ ഉണ്ട്.
നീ വടക്കോട്ട് നോക്കുമ്പോൾ ഇടത്തോട്ട് ഒഴുകുന്നത് ചമ്പക്കുളത്തേക്കും വലത്തോട്ട് ഒരു തോടും. വേറെ ഒരിടത്തും പമ്പയാറ് കിഴക്കോട്ട് ഒഴുകുന്നില്ല. ഇപ്പോൾ വെളിയിൽ നിന്ന് വരുന്ന ഒരാളെ പെട്ടെ തകഴിയുടെ സൗന്ദര്യം കാണിക്കാൻ പറ്റിയ സ്ഥലമാണ് ഈ പാലം. നമ്മൾ റെയിൽ വേ ലൈൻ ക്രോസ്സ് ചെയ്തപ്പോൾ വലത് വശത്ത് കണ്ടതാണ് തകഴിയുടെ സ്മൃതിമണ്‌ഡപം. അതിന്റെ അപ്പുറത്ത് കരുമാടിയിൽ നിങ്ങളുടെ ഒരു ദേവീ ക്ഷേത്രമുണ്ട്. അതിന്റെ കൊടിമരം ഇടത്തോട്ട് മാറിവരുന്നെന്നാണ് ആൾക്കാർ വിശ്വസിക്കുന്നത്. നമ്മൾ സംസാരിച്ചിരുന്നത് കൊണ്ട് ആ കാര്യം അങ്ങ് വിട്ടുപോയി. അല്ലെങ്കിൽ അവിടെവരെ നിനക്ക് പോകാമായിരുന്നു…
…രാജീവെ, ഈ ലോകത്തിൽ എല്ലാ നിയമങ്ങൾക്കും ഒരു അപവാദമുണ്ട്. പക്ഷേ, നീയും ഞാനും ഒരേ വിഷയത്തിൽ താൽപ്പര്യമുള്ള സുഹൃത്തുക്കൾ ആകണമെങ്കിൽ നിന്റെയും എന്റെയും ആ വിഷയത്തിലുള്ള തലത്തിന് ഭയങ്കരമായ ഒരു അന്തരം ഉണ്ടായിരിക്കണം. അങ്ങനെ വരുമ്പോൾ അറിവ് കുറഞ്ഞവൻ നല്ല ഒരു ശ്രോതാവായി അഭിനയിച്ചേ പറ്റൂ. അപ്പോളും അവർ പൂരകങ്ങളായി മാറുന്നു. എന്നാൽ, ഒരു ഘട്ടം കഴിയുമ്പോൾ ആ ശ്രോതാവിന്റെ അറിവിന്റെ തലം ഭയങ്കരമായി വർദ്ധിച്ചുകഴിയുമ്പോൾ ആ സുഹൃത്ത്ബന്ധം പിന്നെ ഒരു യാന്ത്രികമായി അവർ നിലനിർത്താൻ ശ്രമിക്കും. പലരീതിയിൽ. അവർ അതിൽ വിജയിക്കാം. കൗതുകം എന്ന ഒന്ന് ബന്ധങ്ങളിൽ ഉണ്ടെങ്കിൽ അത് നന്നായിരിക്കും…
…ചില സമയങ്ങളിൽ വന്നാൽ നമ്മൾ നില്ക്കുന്ന ഈ ഇടത് വശത്ത് നിന്ന് തെക്ക്-കിഴക്ക് നോക്കിയാൽ പുഞ്ച നിറഞ്ഞ വയലുകൾ കാണാം. അപ്പോൾ ഞാൻ ഓർക്കും ആത്മാവിന്റെ നിറം പച്ചയാണെന്ന്.
ഞാൻ നിന്നോട് ഒരു സംഭവം പറയാം സെബാസ്റ്റ്യൻ. ഒരു പക്ഷേ നീ കേട്ടുകാണും. എന്നാലും പറയാം. നിനക്ക് വേണമെങ്കിൽ ഇതിന് ഒരു കഥയുടെ പരിവേഷം കൊടുക്കാം. അതിന് ഈ അന്തരീക്ഷം സാക്ഷ്യം വഹിക്കട്ടെ. മനുഷ്യൻ എന്ന സമൂഹജീവിക്ക് അവൻ ജീവിക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപെടാൻ പറ്റാതെ വന്നാൽ എന്ത് സംഭവിക്കും?
അതിന് കാരണം?
കാരങ്ങൾ പലതുമാകാം. നിന്നെ ഞാൻ തിരുവല്ലയിൽ നിന്ന് ബീഹാറിലേക്ക് പറിച്ച് നടുന്നു. ഒരു മലയാളി… മറ്റുള്ളവർ വിശേഷിപ്പിക്കുന്നത് പോലെ ഒരു ബുദ്ധിജീവി. എന്ത് അനീതികണ്ടാലും വിമർശിക്കുന്നവൻ… നീ ശീലിച്ച നടപടികൾ, സമ്പ്രദായങ്ങൾ, കീഴ് വഴക്കങ്ങൾ, നിന്നിൽ ഏകീകൃതമായ വൈകാരിക ബോധം, സാമൂഹിക പ്രതിബദ്ധത, കേരളം എന്ന ഈ സമൂഹത്തിൽ നിന്നും നീ ആർജ്ജിച്ച പ്രതികരണശേഷി… എല്ലാം അംഗീകരിക്കുന്ന… നീ ജനിച്ച് വളർന്ന ഈ സമൂഹമാണ്. നീ ബസ്സിലും തീവണ്ടിയിലുമെല്ലാം യാത്രചെയ്യുമ്പോൾ ആരും ഓർമ്മപ്പെടുത്താതെ… നിന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായി ടിക്കറ്റ് ചോദിച്ച് വാങ്ങി യാത്രചെയ്ത് ശിലിച്ച നീ…അവിടെ ചെല്ലുമ്പോൾ ടിക്കറ്റ് പരിശോധകനെ… അത് എടുത്തോ എന്ന് ഉറപ്പിക്കാൻ നിയമിതനായ ഉദ്ദ്യോഗസ്ഥനെ… ചില ആൾക്കാർ, കൂട്ടം ചേർന്ന് തല്ലുന്നതാണ്. അയാളെ ന്യായീകരിച്ച നിനക്കും കിട്ടി രണ്ട് പൊട്ടീര്.
നീ ചോദിക്കുന്നത് അവരാണോ അതോ ഞാൻ ചെയ്തതാണോ ശരിയെന്നാണോ?
അതെ…അതുതന്നെ.
പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകണ്ടം തിന്നണം. അതാണാല്ലോ മലയാളിയുടെ സ്വഭാവവിശേഷതയും, എവിടെ ചെന്നാലും അവൻ ഉയർച്ചയിലേക്ക് പെട്ടെന്ന് കുതിക്കുന്നതും.
നിന്നെ അവിടെനിന്ന് അടിച്ചോടിച്ചാൽ നിനക്ക് തിരിച്ചുവരാൻ ജന്മനാടുണ്ട്… അല്ലെങ്കിൽ മറ്റൊരു സ്ഥലമുണ്ട്… എന്ന് അവബോധമനസ്സ് തരുന്ന ധൈര്യമുണ്ടെങ്കിൽ, അങ്ങനത്തെ പല പഴഞ്ചൊല്ലുകളും പ്രചാദനപരമാണ്. അവിടെ ചെന്ന്… ഇപ്പോൾ ഞാൻ ബാലിശമയമായി സംസാരിക്കുകയാണ്… കുട്ടികൾ ചെറുപ്പത്തിൽ പറഞ്ഞ് കളിക്കുന്നത് പോലെ, ഒരു യുക്തിയുക്തമല്ലാതെ, തർക്കങ്ങൾ ഒന്നുംകൂടാതെ നീ ഞാൻ പറയുന്നത് അനുസരിക്കാൻ പോകുന്നു. ഞാൻ നിന്റെ… അവിടെ എത്തിക്കഴിഞ്ഞപ്പോൾ വാർദ്ധക്യമാർന്ന ഓർമ്മകൾ എല്ലാം എടുത്ത് കളയുകയാണ്. ഇത്തിരിയും കൂടി കല്പ്നാസൃഷി ചേർത്തേക്കാം. എനിക്കതിന് ശക്തിയുണ്ടെന്ന് ഓർത്തോ. നീ ബീഹാറിൽ എത്തിയപ്പോൾ, ഓർമ്മകൾ ഞാൻ കാരണം നിനക്ക് നഷ്ടമായി. പക്ഷെ നീ ശീലിച്ചവ നിന്നെ പിന്തുടരട്ടെ എന്ന് ഞാൻ അനുഗ്രഹിക്കുന്നു. നീ പല പ്രാവശ്യം ശീലിച്ച് ഉറച്ച സ്വഭാവങ്ങൾ ഓർമ്മയില്ലെങ്കിലും കർമ്മസമാങ്കം ചെയ്തുകൊണ്ടേയിരുന്നു…
നീ പറഞ്ഞു വരുന്നത് കേട്ടാൽ തോന്നും…. പുനർജനനം….ഞാൻ കേരളത്തിൽ മരിച്ച് ബീഹാറിൽ ജനിക്കുന്നു. പുതിയ ശരീരം….പഴയ ഓർമ്മകൾ ഇല്ല. എന്നാൽ പ്രവർത്തികൾ എന്നെ പിന്തുടരുന്നു. അതെ നീ പുനർജന്മത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.
നീ അതിബുദ്ധിമാൻ. ഞാൻ കൂടുതൽ ഉപമ പറഞ്ഞു പറഞ്ഞു പോകാതെ എന്നെ സഹായിച്ചു. അല്ലെങ്കിൽ നീ തന്നെ അവസാനം പറഞ്ഞേനെ ഒന്ന് പറഞ്ഞ് തുലക്ക്, രാജീവേ, നിന്റെ കഥായെന്ന്.
തീർച്ചയായും.. എഴുത്തുകാർ പല കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്നവരാണ്. വളരെയേറെ സംഭവ വികാസങ്ങൾ അവരിലൂടെ ചിത്രീകരിക്കുന്നു. നമ്മുക്ക് ആരെയും എന്തും പഠിപ്പിക്കാം. പക്ഷേ എഴുതുക എന്നത് ആർക്കും പഠിപ്പിക്കാൻ കഴിയുകയില്ല. കാരണം, അതിന് ആദ്യമായി പരിശീലിക്കേണ്ടത്, നമ്മുക്ക് മുൻപേ നടന്ന മഹാന്മാരുടെ ഉച്ഛിഷ്ടം ഭക്ഷിക്കുകയെന്നതാണ്. അതിൽ അവരുടെ അനുഗ്രഹങ്ങൾ ഒളിച്ചിരിക്കുന്നു. അതുകൊണ്ടാണ് വായനയിലൂടെ നമ്മൾ അവരെ പരിചയപ്പെടുന്നതും ബഹുമാനിക്കുന്നതും പുതിയ അനുഭവങ്ങളിലേക്ക് ചേക്കേറുന്നതും എല്ലാം തന്നെ….
…അടുത്ത പാലം എടത്വാ ആണ്. അവിടുന്ന് മാങ്കൊമ്പിലേക്ക് ചമ്പക്കുളം വഴി ഒന്ന് സഞ്ചരിച്ചാൽ കുട്ടനാടിന്റെ ശരിക്കുമുള്ള പ്രകൃതി ഭംഗി ആസ്വദിക്കാം. വൈകുന്നേരങ്ങളിൽ ആണെങ്കിൽ കൂടുതൽ നന്നായിരിക്കും.
സെബാസ്റ്റ്യൻ…പുനർജന്മങ്ങളിൽ മിക്കപ്പോഴും നമ്മൾ തടവറയിലാണ്. നമ്മുക്ക് തിരിച്ച് പോകാൻ മറ്റ് സ്ഥലങ്ങളില്ല. പ്രശ്നങ്ങൾ വരുമ്പോൾ ചോദ്യങ്ങൾക്ക് ഉത്തരം നല്കുന്ന നമ്മുടെ ഓർമ്മയുടെ ഉറവിടങ്ങൾ അന്യവും നിഗൂഢവുമാണ്. നമ്മൾ എവിടെ ജനിച്ചോ അവിടെയാണ് തുടക്കം. പിന്നെ ആ ഓർമ്മകളെ തുറന്നുകിട്ടാനുള്ള താക്കോൽ തേടിയുള്ളയാത്രയാണ്. നമ്മൾ ഒരോ ചുവടു വയ്ക്കുമ്പോളും നമ്മുക്ക് മുന്നിൽ ഒരു കുഴി പ്രത്യക്ഷപ്പെടും. അത് അടച്ചുകഴിയുമ്പോൾ മറ്റൊന്ന്. അങ്ങനെ ജീവിതയാത്രയുടെ കുറച്ച് ദൂരം ചെന്ന് കഴിഞ്ഞു നമ്മൾ തിരിഞ്ഞ് നോക്കുമ്പോൾ ഒരു മനോഹരമായ പാത താണ്ടിയതായി തോന്നും. അതിൽ നിന്നും വേണം നമ്മളുടെ സമസ്യകൾക്കുള്ള ഉത്തരങ്ങൾ ചോർത്തിയെടുക്കാൻ.
നീ പറയുന്ന യാത്ര താണ്ടുമ്പോൾ നമ്മുക്ക് മുന്നേയോ…എതിരെയോ… വരുന്നവരോടുള്ള സംസാരത്തിൽ നിന്നും ചില സൂചനകൾ കിട്ടുമെങ്കിലോ!
അതിനാണ് കുടുംബങ്ങളും സമൂഹങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നത്. ഓരോ വിഷമപ്രശ്നങ്ങളും നമ്മളെ സ്മൃതിധ്യാനത്തിൽ മുഴുക്കാനാണ്. ചിലർക്ക് നല്ല അച്ഛനെയും അമ്മയെയും കൊടുക്കും എന്നാൽ വിവാഹജീവിത നിഷിദ്ധമാണ്. എന്നാൽ ചിലർക്ക് എല്ലാം ഭംഗിയായി പോകും എന്നാൽ കൊച്ചുങ്ങൾ മരിച്ച് പോകും. അങ്ങനെ നമ്മളെ വിഷമസന്ധിയിലാക്കി പൂർവ്വകഥാസ്മൃതിലേക്ക് തിരിച്ചയയ്ക്കുന്നു. ഓരോ ജന്മങ്ങൾ ഇങ്ങനെ എന്തെനിലും ഒന്നിൽ ചുറ്റിയായിരിക്കും ഒരു വ്യക്തിയുടെ ജീവിതം. ഇനി ബുദ്ധി ഉപയോഗിച്ച് നമുക്ക് ഈ ജന്മത്തിൽ നിഷിദ്ധമായവയെ സ്വയമേ പുണർന്നാൽ സന്തോഷവാന്മാരായി മാറും. പക്ഷേ, പ്രശ്നങ്ങൾ പ്രശ്നങ്ങളായി നിലനില്ക്കും. അത്തരം സമസ്യക്കുൾ ക്കുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തലാണ് ഒരു ജീവിതം.
നിന്റെ കഥയിലെ അല്ലെങ്കിൽ ഈ സംഭവത്തിലെ കഥാപാത്രം ഇത്തരം ഒരു സമസ്യയിൽ കൂടി കടന്നുപോകുന്നുണ്ടോ?
ഈ സംഭവത്തിലെ സ്വീഡിഷ് തിരുമേനി….ഇത്തരം ഒരു പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നു. അയാൾ കഴിഞ്ഞ ജന്മത്തിൽ സ്വീഡനിൽ ജനിച്ച ഒരു കൃസ്ത്യാനിയാണ്. പക്ഷേ, ഈ ജന്മത്തിൽ അയാൾ ഒരു തിരുമേനിയായി നമ്മുടെ കേരളത്തിൽ ജനിക്കുന്നു. അയാൾ അനുഭവിക്കുന്ന കുഴച്ചിലുകളെ മുതലെടുത്ത് ഒരു ഭ്രാന്തനായി സമൂഹം വ്യാഖ്യാനിക്കുന്നു. അങ്ങനെ മുപ്പത്തഞ്ച് കൊല്ലം സമൂഹമാകുന്ന ഭ്രാന്താലയത്തിൽ അയാൾ കഴിച്ച് കൂട്ടുന്നു. അവസാനം ഒരു കോടതി വിധിയോടെ അയാൾ ഭ്രാന്തനല്ല എന്ന് അംഗീകരിക്കപ്പെടുന്നു.
അതിന് കാരണം എന്താണ് രാജീവ്?
അയാൾ പറയുന്നതും ചെയ്യുന്നതു ശരിയാണെന്ന് സ്വയം കരുതുന്നു. അയാളുടെ കഴിഞ്ഞ ജന്മത്തിൽ വ്യവഹരിച്ചിരുന്നത് പോലെ അയാൾ ഈ ജന്മത്തിലും പെരുമാറാൻ തുടങ്ങിയപ്പോൾ പലരുടെയും ശത്രുതയ്ക്ക് പാത്രമായി. സ്ഥലം മാറിയ വിവരം അയാളുടെ പ്രവർത്തിയിൽ സ്പഷ്ടമല്ല. അയാൾ ഒരു സ്വീഡകാരനെ പോലെ എല്ലാം ഋജുവായി സംസാരിക്കും. എല്ലാം ചിട്ടയായി നേരെയാ നേരെപോ എന്നമാതിരി. ആർക്കും ഒരു ഉപകാരിയാകാത്തത് പോലെ. എല്ലാവരും വളരെ സംശയ ദൃഷ്ടിയോടെ ഓരോ പ്രവർത്തിയെയും നിരിക്ഷിക്കുകയും അതിനെ സംസാരവിഷയമാക്കി. അയാൾ എപ്പോളും നിരീക്ഷണത്തിലായിരുന്നു. ആരുടെയെക്കയോ. ചുരിക്കിപ്പറഞ്ഞാൽ അയാളുടെ മാനസീകതലത്തിൽ കയറിപ്പിടിക്കാൻ ചിലർ കച്ചകട്ടിയിറങ്ങി. വണ്ടി സ്പീഡിൽ ഓടിച്ച് വന്ന് അടുക്കൽ കൊണ്ടുവന്നിട്ട് വെട്ടിച്ച് വിടും. അപ്പോൾ അയാൾക്ക് തോന്നാത്തത് ആരോ കൊല്ലാൻ ശ്രമിക്കുന്നു എന്നാണ്. അങ്ങനെ പല പ്രവർത്തികളിലൂടെ അയാൾക്ക് അമ്പലത്തിൽ പൂജയ്ക്ക് പോകാൻ കഴിയാതെയായി. വെളിയിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥ. ഒരു ഗ്രഹണം ബാധിച്ചതുപോലെയുള്ള ഒരു ജീവിതം. പക്ഷേ ഗ്രഹണത്തിന് ഒരു സമയപരിധിയുള്ളതുകൊണ്ട് അയാളുടെ രക്ഷക്കായി കോടതിവിധിയെത്തി.
രാജീവ്…ചില സമയങ്ങളിൽ ഞാൻ ഇവിടെ വന്ന് നില്ക്കാറുണ്ട്. ഈ തെക്ക്ഭാഗത്ത്. പമ്പനദി കവിഞ്ഞൊഴുകുമ്പോൾ. ജലപ്രളയത്തിൽ വയലേത് നദിയേതെന്ന് തിരിച്ചറിയാതെ എല്ലാ തിട്ടകളും അത് വിഴുങ്ങിയിരിക്കും. തകഴിയുടെ വെള്ളപ്പൊക്കത്തിൽ അപ്പോൾ ഞാൻ സ്മരിക്കും. യജമാനമോട് കൂറുള്ള ആ പട്ടിക്ക് എന്ത് പറ്റിക്കാണും എന്ന ചിന്തയിലായിരിക്കും ഞാൻ അപ്പോൾ. ഭൂതമാകുന്ന പമ്പയാറും വർത്തമാനമാകുന്ന വയലുകളും എനിക്ക് സ്പഷ്ടമായാൽ ഇതിനെ ഒരു നോവലാക്കാം.
രാജീവ് നാലാമത്തെയും അഞ്ചാമത്തെയും ഗിയർ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരുന്നു. രണ്ട് പേരും അവരവരുടെ ലോകത്തിലേക്ക് മടങ്ങി. വണ്ടി തലയവടി കഴിഞ്ഞു. പിന്നെ പൊടിയാടിയും. സെബാസ്റ്റ്യൻ തന്റെ അടുത്ത കഥയ്ക്ക് തയ്യാറെടുക്കുമ്പോൾ, രാജീവിന്റെ മനസ്സിൽ അത് സിലിയ എന്ന ആഡംബരക്കപ്പലിലെ ഒരു ക്യാപ്റ്റന്റെ മനോഭാവമായിരുന്നു. സ്റ്റോക്ക് ഹോമിൽ നിന്നും ഫിൻലാഡിലെ ടുർക്കുവിലേക്കുള്ള യാത്ര. പെട്ടെന്ന് രാജീവ് ഒരേ സമയം ആ സംഭാഷണം ഓർക്കുകയും ഞെട്ടുകയും ചെയ്തു “ ഭൂതമാകുന്ന പമ്പയാറും വർത്തമാനമാകുന്ന വയലുകളും എനിക്ക് സ്പഷ്ടമായാൽ ഇതിനെ ഒരു നോവലാക്കാം.”. അതിന്റെ അർത്ഥം എന്താണ്?
Generated from archived content: story1_june27_15.html Author: g_ratheesh