പതിനെട്ട്‌

വിനോദസഞ്ചാരവും പിക്നിക്കും കടപ്പുറത്തുപോക്കും പാർട്ടിയുമെല്ലാം ഇവരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാണ്‌.

ഗവേഷണസ്ഥാപനത്തിന്റെ വാർഷികത്തോടനുബന്ധിച്ച്‌ അടുത്തുതന്നെ ഒരു പിക്നിക്കുണ്ടാവും. അവരുടെ ഭാഷയിൽ ഒരു ‘ബീച്ച്‌ ലൈമിംഗ്‌’ (Beach Liming). ആഹാരസാധനങ്ങളെല്ലാം കാന്റീനിലുണ്ടാക്കും. സ്വന്തം മീൻവളർത്തുകേന്ദ്രത്തിലെ മത്സ്യമായിരിക്കും പ്രധാന വിഭവം. ചെലവെല്ലാം വരിയിട്ടെടുക്കും.

ലെമോസിന്റെ അഭാവം പലർക്കും വീർപ്പുമുട്ടലുണ്ടാക്കി. എന്നിട്ടും മാർസലിന്റെ നാമമാത്രമായ മേൽനോട്ടത്തിൽ ഇതങ്ങോട്ടു നടത്തിക്കളയാം എന്നുതന്നെ തീരുമാനിച്ചു എല്ലാവരും.

വാർഷികദിവസം ഉച്ചതിരിഞ്ഞതോടെ എല്ലാവരും പണിനിർത്തി. പിന്നങ്ങോട്ട്‌ യന്ത്രംപോലെ ഓരോരുത്തരും ഓരോ ജോലി ഏറ്റെടുത്തു. പാത്രം കഴുകലും പാചകവും പൊതിയലും പന്തൽകെട്ടലും എല്ലാം അഞ്ചുമണിക്കുമുമ്പായി തീർത്തു.

കടപ്പുറത്ത്‌ മേശകസേരകൾ നിരന്നുകഴിഞ്ഞിരുന്നു. എമ്പാടും കൊച്ചുകൊച്ചു കൂട്ടങ്ങൾ. കൊച്ചുകൊച്ചു വർത്തമാനങ്ങൾ. പകയും പുകയുമൊന്നുമില്ല. എല്ലാവരും ഉത്സാഹത്തിൽ. കയ്യിലെ പാനീയവും മോന്തി, പാട്ടിനു ചെവിയും ചുണ്ടും കാലും ശരീരവും കൊടുത്ത്‌ ഏവരും ഒരു തിരത്തള്ളലിൽ. വിശക്കുന്നവർ ആഹാരമെടുത്തുവന്നു. വിശക്കാത്തവർ ഓടിനടന്നു മറ്റുള്ളവർക്ക്‌ ആതിഥ്യമേകി.

തളിർപോലൊരു സായംസന്ധ്യ. സ്‌ഫടികംപോലത്തെ മനുഷ്യർ. അവരുടെ മനസ്സിൽ കനമുള്ളതൊന്നും കീറാമുട്ടിയായി നിൽക്കില്ല. തലേനാളത്തെ ചുമട്‌ തലേന്നേ ഇറക്കിവച്ചുകഴിഞ്ഞു. നാളത്തെ ഭാരം നാളെപ്പൊക്കാം. ഇന്നത്തെ സന്തോഷം ഇന്നത്തെ ലാഭം.

തണുപ്പടിച്ചുതുടങ്ങിയതോടെ ഓരോരുത്തരായി എഴുന്നേറ്റു. ഏതാനും കറച്ചുപേർ ബാക്കിനിന്നു. അവരെളുപ്പം നടന്നുപോകാനുള്ള പരുവത്തിലല്ലായിരുന്നു. നേരം നന്നേ ഇരുട്ടുമ്പോൾ കാറെല്ലാം അവിടെത്തന്നെയിട്ട്‌ അവർ ടാക്സിയിൽ വീടെത്തിക്കൊള്ളും. അവർ മദ്യലഹരിയിൽ വണ്ടിയോടിക്കില്ല.

വേണ്ടവർ ബാക്കിവന്ന ഭക്ഷണം അലുമിനിയംകടലാസ്സിൽ പൊതിഞ്ഞെടുത്തു. കടപ്പുറം മുഴുവൻ അടിച്ചുവാരി വൃത്തിയാക്കി സാമാനങ്ങളും പെറുക്കിയെടുത്ത്‌ ഓരോരോ വണ്ടികൾ ഓഫീസിലേക്കു നീങ്ങി. ഫ്രെഡിക്കും നാസറിനും വിഷ്ടിക്കും പാത്രംകഴുകലിൽ പങ്കുചേരണം. പണിയെല്ലാം തീർത്ത്‌ അവരെന്നെ വീട്ടിലിറക്കി. നേരമേറെ വൈകിയെങ്കിലും ഞാൻ അവരെ ഒരു കപ്പു കാപ്പിക്കു ക്ഷണിച്ചു.

വിഷ്ടിയും നസീറും ആദ്യമായാണ്‌ എന്റെ വീട്ടിൽ വരുന്നത്‌. കതകുതുറന്നു ലൈറ്റിട്ടു. അകത്തു കയറുമ്പോൾ വിഷ്ടി കൈകൂപ്പിനിന്ന്‌ ‘നമസ്തെ’ പറഞ്ഞു.

കൈകൂപ്പൽ പലേവിധമുണ്ടെന്ന്‌ ഞാനവൾക്കു കാണിച്ചുകൊടുത്തു. ദൈവത്തിനോട്‌ തലയ്‌ക്കുമുകളിൽ കൈവച്ച്‌. ഗുരുക്കന്മാരോട്‌ നെറ്റിയിൽ കൈമുട്ടിച്ച്‌. സുഹൃത്തുക്കളോട്‌ നെഞ്ചിൽ കൈചേർത്ത്‌. മാതൃസമാനരോട്‌ വയറിൽ കയ്യൊപ്പിച്ച്‌.

നാസർ ചിരിയടക്കുന്നതു കണ്ടു. അവൻ ചോദിക്കാത്ത ചോദ്യത്തിന്‌ ഞാൻ മറുപടിയും പറഞ്ഞില്ല.

മേശപ്പുറത്തെ പാതിയും മുക്കാലും മുഴുമിപ്പിച്ചിട്ട ചിത്രങ്ങൾ കണ്ടുപിടിച്ചു ഫ്രെഡി. ‘ഹായ്‌. ഇതെല്ലാം തന്നെ വരച്ചതോ?“ നാസർ ആരാഞ്ഞു. ”എനിക്കുവേണം ചിലത്‌. ടീഷർട്ടിൽ ഡിസൈനാക്കാം.“

ടീഷർട്ടെന്നാൽ ഇവിടത്തുകാർക്കു ഭ്രാന്താണ്‌. നാസറിന്റെ സുഹൃത്തൊരാൾ ടീഷർട്ടുബിസിനസ്സിലാണ്‌. പുത്തൻഡിസൈനുകൾക്കുവേണ്ടി തിരയുകയാണയാൾ. ഇന്ത്യൻചിത്രവിശേഷങ്ങൾ അയാൾക്കു രുചിച്ചേക്കും. ചിലതു നാസറിനു കൊടുത്തു.

വിഷ്ടിയോട്‌ ഞാൻ ആരാഞ്ഞുഃ ”ഏതെങ്കിലും ഇഷ്ടപ്പെട്ടോ?“

ഒരു പൂത്തണ്ടിൽ വിടർന്ന കൊച്ചുപുഷ്പം. സ്ര്തീശരീരത്തിന്റെ പാർശ്വദർശനം. ഒരു വശത്തെ ഇലകൾ കൊഴിഞ്ഞുവീഴാൻ നിൽക്കുന്നു. മറുവശത്ത്‌ പൂമ്പാറ്റകൾ പടർന്നു കയറുന്നു. കൈകൾ വള്ളികളായി മാനത്തോട്ടുയർന്ന്‌ പൂർണചന്ദ്രനെ എത്തിപ്പിടിക്കാൻ നോക്കുന്നു. വേരുകൾ പാമ്പുകളായിഴയുന്നു.

കറുപ്പിലും വെളുപ്പിലും തീർത്ത ആ രേഖാചിത്രം അവൾ തിരഞ്ഞെടുത്തുഃ ”ഇതാർക്കെങ്കിലുമാണോ?“

”അതെ,“ കപടഗൗരവത്തിൽ ഞാൻ പറഞ്ഞു.

ചിത്രത്തിനു പേര്‌ ’സുകന്യ‘ എന്നെഴുതി ഒപ്പുമിട്ട്‌ അതവൾക്കു നീട്ടി.

”ഓ, ഇതു കുറെ കട്ടികൂടിയ വസ്തുവാണല്ലോ,“ വിഷ്ടി പടവും നോക്കി ഇരുന്നു. ”ജീവിതത്തെ ഗൗരവത്തിലെടുക്കുന്നവരാണു നിങ്ങൾ ഭാരതീയർ,“ അവൾ പറഞ്ഞുഃ ”ജീവിതത്തിനു കാര്യമായ അർത്ഥം കാണാത്തവരാണു ഞങ്ങൾ. എന്റെ അമ്മയുടെ പൂജാകർമങ്ങളിലൊന്നും എനിക്കു വലിയ താൽപര്യമില്ല. അതെല്ലാം തന്നിൽനിന്നുതന്നെ ഒളിച്ചുനടക്കാനാണ്‌. എന്റെ സഹോദരിമാരുടെ തകർപ്പൻജീവിതശൈലിയിലും എനിക്കു പ്രിയമില്ല. അതും യാഥാർത്ഥ്യത്തിൽനിന്നുള്ള ഒളിച്ചോടൽ മാത്രം. പറയൂ, ഞാൻ നിങ്ങളുടെ മകളായിരുന്നെങ്കിൽ എങ്ങിനെ എന്നെ വളർത്തും?“

നിനച്ചിരിക്കാതെ വന്ന ചോദ്യം മനസ്സിൽകിടന്നു കാൽകുതറി. നമ്മൾ എങ്ങിനെ നമ്മുടെ കുട്ടികളെ വളർത്തുന്നു? ഒരു പാരമ്പര്യത്തിന്റെ തുടർച്ചയായി മാത്രമല്ലേ നമ്മളതു കാണുന്നുള്ളൂ? ബോധപൂർവമായ ഏതെങ്കിലും ഇടപെടൽ അച്ഛനിൽനിന്നോ അമ്മയിൽനിന്നോ ഉണ്ടാകുന്നുണ്ടോ? നമ്മൾ നമ്മുടെ മാതാപിതാക്കൾ മാതിരി. നമ്മുടെ മക്കൾ നമ്മളെപ്പോലെ. നമുക്കില്ലാതിരുന്നത്‌ നമ്മളവർക്കു കൊടുക്കാൻ ശ്രമിക്കുന്നു. നമുക്കു ചെയ്യാനാവാത്തത്‌ അവരെക്കൊണ്ടു ചെയ്യിക്കുന്നു. സ്വയംപൂരണം. അതിൽ ആത്മസംതൃപ്തി. അതിൽ കൂടുതലെന്ത്‌?

സ്നേഹത്തിനും വാത്സല്യത്തിനുമുപരിയായി ഒരുതരം പേടിയല്ലേ നമുക്കു മക്കൾ വളർന്നുവരുമ്പോൾ? അവർ സ്വന്തംകാലിൽ നിൽക്കുമ്പോഴും നാം ഭീതിയുടെ നിഴലിലാണ്‌. നാം അവരെ അവരുടെ പാട്ടിനു വിടുമോ?

”ഞങ്ങൾ സ്വന്തം സംസ്‌കാരത്തിന്റെ ചട്ടക്കൂടിലേ ഞങ്ങളുടെ കുട്ടികളെ വളർത്തൂ. അതിൽ പരിമിതികളുണ്ടാകാം. പ്രശ്നങ്ങളുണ്ടാകാം. പക്ഷെ പരോക്ഷമായൊരു പ്രയോജനവുമുണ്ടതിന്‌. തെറ്റും ശരിയും വേർതിരിച്ചറിയാൻ അധികം പണിപ്പെടേണ്ട. ഞങ്ങൾ മക്കൾക്കു നല്ല വഴി കാണിച്ചുകൊടുക്കും. പൊതുവെ അവർ വഴിതെറ്റിനടക്കാറില്ല. അഥവാ നടന്നാൽതന്നെ തെറ്റിയതു ഞങ്ങൾക്കെന്നേ വിശ്വസിക്കാൻ ശ്രമിക്കൂ,“ ഞാൻ വിസ്തരിക്കാൻ നോക്കി.

”അപ്പോൾ മരിക്കുംവരെ നിങ്ങളായിരിക്കും അവർക്കു മാതാപിതാക്കൾ, ഗുരുനാഥർ, വഴികാട്ടികൾ, ഉപദേശകർ?“ വിഷ്ടിയുടെ വാക്കിൽ എന്തോ ഒളിഞ്ഞിരുന്നു. ”അപ്പോൾ അമ്മയും അച്ഛനും ഇല്ലാത്തവരോ? അവരെല്ലാം വഴിതെറ്റിപ്പോകുമോ? വേറൊരു കാര്യം,“ അവൾ തുടർന്നുഃ ”നേർവഴി കണ്ടെത്തുന്നതിൽ ഭർത്താവിനും ഭാര്യക്കുമൊന്നും അന്യോന്യം പങ്കില്ലേ?“

കുരുക്കഴിക്കാൻ കുറെ കഷ്ടമാണെന്നു ഞാനറിഞ്ഞു. ”ആട്ടെ, വിഷ്ടി സ്വന്തം മക്കളെ എങ്ങിനെ വളർത്തും?“ ഞാനൊരു മറുചോദ്യമെറിഞ്ഞിട്ടു.

”അതറിയാൻകൂടിയാണ്‌ ഞാൻ ഇന്ത്യയിലേക്കു വരാൻ ആഗ്രഹിക്കുന്നത്‌. പറക്കമുറ്റുമ്പോൾ പറന്നകലുന്ന കുട്ടികൾ എനിക്കു വേണ്ട. കുഞ്ഞുങ്ങളെ കൊത്തിയാട്ടുന്ന അമ്മയുമാകില്ല ഞാൻ. മാതാപിതാക്കൾ മക്കൾക്കു മാതൃകയാകണം. മരണംവരെ മക്കളവരെ ഓർക്കണം. ആദ്യം മാതാപിതാക്കൾ വളരണം. എന്നിട്ടുവേണം മക്കളെ വളർത്താൻ.“

കാപ്പിക്കോപ്പകൾ പെറുക്കി അവൾ എന്റെ അടുക്കളയിലേക്കു നടന്നു.

”നേരമേറെയായില്ലേ? അമ്മയെ വിളിച്ചുപറയുന്നോ?“ ഞാൻ തിരക്കി.

”അമ്മയും അനിയത്തിയും കിടന്നിരിക്കും. മറ്റേ സഹോദരി ഇപ്പോഴൊക്കെയേ ചേക്കേറാൻ വരൂ!“ അവളുടെ കണ്ണിൽ ഒരുതരം നിസ്സംഗത കണ്ടു.

ഒന്നുരണ്ടു മണിക്കൂറെടുക്കും എല്ലാവരെയും വീട്ടിൽവിട്ടിട്ട്‌ ഫ്രെഡിക്കു സ്വന്തം വീടണയാൻ. വൈകുന്ന കാര്യം ഫ്രെഡി അച്ഛനെ വിളിച്ചുപറഞ്ഞു.

അച്ഛൻ ബിസിനസ്സുകാരനാണ്‌. വൈകിയേ ഉറങ്ങൂ. അമ്മയ്‌ക്കും ജോലിയുണ്ട്‌. അവർക്കു വെളുപ്പിനേ ഒരുങ്ങണം. അതിനാൽ നേരത്തെ ഉറങ്ങിയിരിക്കും. താഴെയുള്ളവർ തീർത്തും കുഞ്ഞുങ്ങളാണ്‌. അവരും ഉറങ്ങിയിരിക്കും.

ആറുപട്ടികൾ കാവൽനിൽക്കുന്ന ഊക്കൻ ബംഗ്ലാവാണത്രെ ഫ്രെഡിയുടേത്‌. നാസർ പറഞ്ഞിട്ടുണ്ട്‌. വളരെ പണമുള്ള കുടുംബം. പക്ഷെ ഫ്രെഡിയോ ലളിതരിൽ ലളിതൻ. വേഷത്തിൽ യാതൊരു കമ്പവുമില്ല. ഉടുത്തതുകീറുമ്പോൾ മാത്രം തുണി വാങ്ങും. ഇഷ്ടപ്പെട്ടത്‌ അങ്ങു തിരഞ്ഞെടുക്കും. ഒരേ നിറത്തിൽ ഒരേപോലത്തെ രണ്ടുമൂന്നെണ്ണം. ആഹാരത്തിലുമില്ല പ്രിയമോ അപ്രിയമോ. വാക്കിനു വാക്കാണ്‌. ഏറ്റതു ചെയ്തേ അടങ്ങൂ. ഒന്നിനോടുമില്ല പരിഭവം. എല്ലാവരോടും ഒരേപോലെ സൗമ്യഭാവം.

വീട്ടിലെല്ലാം പഴയ യൂറോപ്യൻചിട്ടയിലാണ്‌. വേലക്കാരും പരിവാരവും നിറഞ്ഞ വീട്‌. അമ്മയുടെ നിർബന്ധത്തിൽ ഞായർതോറും പള്ളിയിൽ പോകും. ഫ്രെഡിക്ക്‌ മതവുമായി അത്രയൊക്കെയേ ബന്ധമുള്ളൂ. അച്ഛൻ മാറിനിൽക്കും. അമ്മയ്‌ക്കതു ശീലമായതിനാൽ വിഷമമൊന്നുമില്ല.

എന്തോ ഫ്രെഡിയെന്നെ ഒരിക്കലും വീട്ടിലേക്കു വിളിച്ചില്ല. കരയിലിട്ട മീനാകാൻ ഞാനൊട്ടാഗ്രഹിച്ചുമില്ല.

യാത്രപറയുമ്പോഴേക്കും വിഷ്ടി പഴയ ഭാവത്തിലേക്കു തിരിച്ചെത്തിയിരുന്നുഃ ”സ്വാമി, എന്റെ വരൻ ഇന്ത്യയിൽനിന്നായിരിക്കും എന്നറിയാമല്ലോ. സഹായിക്കണം. മറക്കരുതേ!“

അതു കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.

Generated from archived content: vishtikkoru18.html Author: g_narayanaswamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here