പതിനാല്‌

മുറേലും ഭർത്താവു ഡിക്കും കുട്ടികളും ഒരുദിവസം വീട്ടിൽവന്നു. കേർസിദമ്പതിമാരുടെ കുടുംബസുഹൃത്തുക്കളാണവർ. മുറേൽ ഞങ്ങളുടെ കൂടെ ഓഫീസിൽ. സ്ര്പിങ്ങ്‌ പോലെ വളഞ്ഞുവട്ടമിട്ട മുടിയിഴകൾ ഇരുവശത്തുമായി ചരുട്ടിക്കെട്ടിവയ്‌ക്കും. മുലക്കച്ചമാതിരിയൊന്ന്‌ വലിച്ചുമുറുക്കി മാറുംതുറിപ്പിച്ചു നടക്കും. വട്ടമുഖത്ത്‌ സദാ പുഞ്ചിരി. ഉണ്ടക്കണ്ണുകൾ ഊഞ്ഞാലാടും. തടിച്ച ചുണ്ടിൽ കടുത്ത ചായം കൂടിയാകുമ്പോൾ കണ്ണാടിക്കൂട്ടിലിട്ടടയ്‌ക്കാൻ തോന്നും.

ഡിക്ക്‌ ഒരു ബാങ്ക്‌ ഉദ്യോഗസ്ഥനാണ്‌. ചേർത്തുവെട്ടിയ ചുരുളൻമുടി, മേലേ കൂണുമാതിരി. ഉയരംകുറവാണെങ്കിലും ഒതുങ്ങിയ ശരീരം. കൈത്തണ്ടയിൽ പച്ചകുത്ത്‌. ഇടത്തേചെവിയിലൊരു സ്വർണവളയം. അരക്കാലുറയ്‌ക്കുമീതെ അയഞ്ഞ അരക്കയ്യൻഷർട്ട്‌. കുപ്പായംനിറയെ നിറമാർന്ന ചിത്രങ്ങൾ. ചോദ്യംചോദിക്കുന്നപോലൊരു മൂക്കും ഉത്തരംപറയുന്ന കണ്ണുകളും. ഒരു കുട്ടിക്കറുമ്പൻ കോമാളി.

“ഞങ്ങൾ വലിയ ആചാരോപചാരങ്ങൾ ഉള്ളവരല്ല. പരിചയപ്പെടണമെന്നു തോന്നി. വിളിച്ചു. അസൗകര്യമൊന്നുമില്ല എന്നറിഞ്ഞപ്പോൾ വന്നു.” ഇതായിരുന്നു മുഖവുര.

അവർക്ക്‌ കുട്ടികൾ മൂന്ന്‌.

“ഇതെന്റെ മകൻ,” ഡിക്ക്‌ മൂത്തവനെ പരിചയപ്പെടുത്തി.

“ഇതെന്റെ മകൾ,” മുറേൽ കൊച്ചുമകളെ പരിചയപ്പെടുത്തി.

“ഇത്‌ ഞങ്ങളുടെ,” അവർ ഏറ്റവും ഇളയവനെ പൊക്കിക്കാട്ടി. അവൻ ഓട്ടപ്പല്ലിളിച്ചു.

കുട്ടികളിൽ ഒരാൾക്ക്‌ അമ്മ മുറേലാണെങ്കിൽ അച്ഛൻ ഡിക്കല്ല; വേറൊരാൾക്ക്‌ അച്ഛൻ ഡിക്കാണെങ്കിൽ അമ്മ മുറേലല്ല. മൂന്നാമൻ രണ്ടുപേരുടെയും. പ്രഹേളിക അതല്ല. മുറേൽ ഡിക്കിന്റെ ഭാര്യയല്ല. മുറേൽ വിവാഹിതയേയല്ല!

അതിരസികനാണു ഡിക്ക്‌. അയാൾതന്നെയാണ്‌ ഈ കുട്ടിക്കുരുക്കഴിക്കാൻ എന്നെ വെല്ലുവിളിച്ചത്‌. ഞാൻ കാര്യമായി ചോദിച്ചുഃ “ഭാവിയിൽ ഇതു പ്രശ്നമാവില്ലേ?”

“എന്തു പ്രശ്നം?,” അവർ ചോദിച്ചുഃ “ഞങ്ങൾ അവരെ സ്നേഹിക്കുന്നു. ആവുന്നത്ര നന്നായി പോറ്റുന്നു. വളർന്നുകഴിഞ്ഞാൽ അവർ അവരുടെ വഴിക്കു പോകൂം. ഞങ്ങൾ രണ്ടാളും സുഹൃത്തുക്കൾ. പിണങ്ങുന്നെങ്കിൽ അന്നു നോക്കാം. ഇണക്കമുള്ളതുകൊണ്ടല്ലേ ഞങ്ങളൊന്നിച്ചത്‌?”

കുടുംബജീവിതത്തെ ഇത്ര ലളിതമായി നിർവചിക്കുന്നവരെ ആദ്യമായാണു കാണുന്നത്‌. എവിടെയോ പന്തികേടുണ്ടെന്ന്‌ മനസ്സു പിറുപിറുത്തു.

“ആണും പെണ്ണും പരസ്പരം ഉടമസ്ഥാവകാശം പ്രതീക്ഷിക്കുന്നില്ലെങ്കിൽ കുടുംബജീവിതത്തിലെ പലേ പ്രശ്നങ്ങൾക്കും പരിഹാരമായി.” എന്റെ മനസ്സുവായിച്ചപോലെ മുറേൽ. “പന്തികേടുകൾ കുറെ കണ്ടവരാണു ഞങ്ങൾ. അവയ്‌ക്കുള്ള പ്രത്യൗഷധമാകട്ടെ ഈ ബന്ധം.”

പാവപ്പെട്ട ഒരു കാപ്പിരികുടുംബത്തിൽനിന്നാണ്‌ മുറേൽ. അച്ഛനുമമ്മയും ക്രിസ്ത​‍്യാനികളായിരുന്നതുകൊണ്ട്‌ മക്കളും അത്തരത്തിലായി. ആണും പെണ്ണുമായി ആറോ ഏഴോ മക്കൾ. വീട്ടിലെല്ലാവരും ഒന്നിച്ചുകാണുന്നതും ഒന്നിച്ചുകൂടുന്നതും ആഴ്‌ചയിലൊരിക്കൽ. ഞായറാഴ്‌ചമാത്രം. ഓരോരുത്തർ ഓരോരോവഴിക്കു പോകും. പോയപോലെ തിരിച്ചുവരും. കോൺവെന്റിൽ പഠിച്ചു. സ്‌ക്കൂൾകഴിഞ്ഞപ്പോൾ ഒരു കടയിൽ വിൽപ്പനക്കാരിയായി. കുറെകാലം നൈറ്റ്‌ ക്ലബ്ബുകളിൽ പാടി. അതിനിടെ ഗർഭിണിയായി. കാമുകൻ കൂടെപ്പാടുന്നവൻ. കുഞ്ഞുപിറക്കുന്നതുവരെ അവൻ കൂടെ നിന്നു. അന്യോന്യം താൽപര്യം കുറഞ്ഞപ്പോൾ അകന്നുമാറി. കുറേകൂടി മെച്ചപ്പെട്ട ഓഫീസ്‌പണി കിട്ടി.

ബാങ്കിൽവച്ചാണ്‌ ഡിക്കിനെ മുറേൽ പരിചയപ്പെടുന്നത്‌. ഡിക്കിന്‌ ഭേദപ്പെട്ട ധനഃസ്ഥിതിയുണ്ട്‌. ഡിക്കും ഭാര്യയും അകന്നുനിൽക്കുന്ന സമയം. ഭാര്യ വളരെ ധനാഢ്യയായിരുന്നു. അവൾ വേറൊരുവനെ കണ്ടെത്തി. മകനെയും കൂട്ടി ഡിക്ക്‌ വഴിമാറിക്കൊടുത്തു. അന്നുതൊട്ട്‌ മുറേലും ഡിക്കും ഒന്നിച്ചു താമസിക്കുന്നു. “കോർപൊറേറ്റ്‌ മെർജർ,” ഡിക്ക്‌ കുസൃതിച്ചിരി ചിരിച്ചു.

‘ടാക്‌റ്റിക്കൽ അലയൻസ്‌!’, ‘സ്‌റ്റ്രാറ്റജിക്‌ അലൈൻമെന്റ!​‍്‌’ ഞാനും വിട്ടില്ല – ഇംഗ്ലീഷിലുണ്ടോ പ്രയോഗങ്ങൾക്കു പഞ്ഞം?

ആഴംകുറഞ്ഞ ആറ്റിൽ അലയടി കുറയും. ഞാൻ സമാധാനിച്ചു. അവസാനം ഒഴുക്കവരെ ആഴക്കടലിൽ എത്തിക്കില്ലേ? അന്നു നിലകിട്ടുമോ?

വാഗ്വാദത്തിനൊന്നും ഞാനില്ലായിരുന്നു. നമ്മുടെ ആർജിതസംസ്‌കാരം നമുക്ക്‌. അവരുടെ ആർജിതമഹാരോഗം അവർക്ക്‌. അതിനുള്ള മരുന്ന്‌ അവർതന്നെ തേടട്ടെ. പിണങ്ങിയാലും ഇണങ്ങിയാലും അവർക്കു കൊള്ളാം. പിണങ്ങിയാലും പിഴയ്‌ക്കാത്ത നമ്മളെവിടെ, പിഴച്ചാലും പിണങ്ങാത്ത അവരെവിടെ?

അമേരിക്കയിൽ ഒരു ജോലി ശരിയാകുന്നുണ്ട്‌ ഡിക്കിന്‌. കിട്ടിയാൽ ഒന്നടങ്കം കുടിയേറും. വരിഞ്ഞുകെട്ടാൻ കയറുകളില്ല. പറിച്ചെറിയാൻ വേരുകളില്ല.

“വലിച്ചെറിയാൻ വസ്ര്തങ്ങൾ മാത്രം,” ഞാൻ കരുതി.

കുട്ടികൾ വികൃതികളായിരുന്നു. അവരുടെ ചേഷകൾ എനിക്കന്യം. അവരുടെ വാമൊഴിയും എനിക്കന്യം. വരുംനാൾ ഇവരായിരിക്കില്ലേ ഇവിടെല്ലാം?

ഇന്ത്യൻചായ അവർക്കിഷപ്പെട്ടു. ഇത്രയ്‌ക്കു കടുപ്പം മാത്രം വേണ്ടായിരുന്നത്രെ. കുട്ടികൾക്ക്‌ ഓറഞ്ചുനീർ. അവർ മുറ്റംമുഴുവൻ ഓടിക്കളിച്ചു.

“നിങ്ങൾ ഇന്ത്യക്കാർ കുടുംബജീവികളാണെന്നറിയാം. കുടുംബസുഖം നിങ്ങൾക്ക്‌ പാരമ്പര്യമായി കിട്ടുന്നു. ഞങ്ങൾക്കത്‌ പണിപ്പെട്ടു നേടേണ്ടിവരുന്നു. അതിന്റെ സുഖമെന്തെന്ന്‌ ഞങ്ങൾ ഇന്നറിയുന്നു.” പിരിയുമ്പോൾ മുറേൽ അൽപം വികാരവതിയായി.

ഡിക്ക്‌ കൂട്ടിച്ചേർത്തുഃ “ഞങ്ങൾ അടിമകളുടെ മക്കൾക്ക്‌ ഇച്ഛാശക്തിയെന്നൊന്ന്‌ ഇപ്പോഴാണു കൈവരുന്നത്‌. കാൽചങ്ങലകളഴിഞ്ഞിട്ടും കാണാച്ചങ്ങലൾ ഞങ്ങളെ തളച്ചിട്ടിരുന്നു. ഇനിയതില്ല. പഴമയിൽനിന്ന്‌ പറന്നകലുകയാണു ഞങ്ങൾ. പരിപൂർണമോചനം”.

ഡിക്കിനും ഒരു മറുവശമുണ്ടെന്ന്‌ അപ്പോഴെനിക്കുതോന്നി.

ഈ നാട്ടിൽ ഇന്ത്യൻവംശജർ പഴമയിലേക്കു ചേക്കേറാൻ വെമ്പുന്നു. കറുത്തവരാകട്ടെ പഴമയ്‌ക്കു പുറംതിരിക്കുന്നു. എന്തന്തരം!

Generated from archived content: vishtikkoru14.html Author: g_narayanaswamy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here