ഇത് വിഷ്ടിയുടെ മാത്രം കഥയല്ല.
വിഷ്ടി ഒരു കരീബിയൻ പെൺകിടാവാണ്. അത്‌ലാന്റിക് സമുദ്രത്തിൽ ചിതറിക്കിടക്കുന്ന ഒരുകൂട്ടം ദ്വീപുകളിലൊന്നിൽ നന്നേ മെലിഞ്ഞ് കൊലുന്നനെയൊരു പെൺകുട്ടി. കിനിഞ്ഞു കൂർത്തിറങ്ങുന്ന ശബ്ദം. വിടർന്ന വിശാലമായ കണ്ണിൽ കടൽകിനാവിന്റെ നിഴലാട്ടം. നീണ്ട മൂക്കു നയിക്കുന്നേടത്തേക്കു നോട്ടം. പറ്റുന്നിടത്തെല്ലാം പറന്നെത്തുന്ന പ്രകൃതം.
ഓഫീസ് മുറിയിൽവച്ചാണ് ഞാനവളെ ആദ്യമായി കാണുന്നത്. ഉടൻ ചോദ്യം വന്നുഃ
“സർ, ഡോക്ടർ ഇന്ത്യക്കാരനല്ലേ?”
“അതെ. സ്വാമിയെന്നു വിളിച്ചാൽ മതിയല്ലോ.”
“ഹിന്ദുവാണോ?”
ഞാനൊന്നു ചിരിച്ചതേയുള്ളൂ. ഇന്ത്യയിലിതിന് പല അർത്ഥങ്ങളും അനർത്ഥങ്ങളുമുണ്ടെന്ന് ഇവൾക്കറിയില്ലല്ലോ.
“സർ….സ്വാമിയുടെ ഭാര്യ സാരിയുടുക്കുമോ? നെറ്റിയിൽ പൊട്ടുതൊടുമോ?”
“ഉവ്വല്ലോ.”
“എന്നാലെനിക്കു മിസ്സിസിനെ കാണണം.”
“അതിനിപ്പോൾ പതിനായിരം നാഴികയകലെ പോകണ്ടേ?
”ഞാൻ ഒരുനാൾ വരും.“
അവളുടെ മിഴി നീണ്ടു. കാൽ നിലത്തുനിന്നുയർന്നതായി തോന്നി.
മൂലയിൽ കിണുങ്ങിനിന്ന ഫോണെടുക്കാൻ വിഷ്ടി നീങ്ങി. ഫോണിന്റെ കിലുക്കം എടുക്കുംമുമ്പേ നിലച്ചു.
അതൊരു നിമിത്തമായിരുന്നെന്ന് ഇന്നു തോന്നുന്നു.
ഒരു വ്യക്തി ഒരു കഥയുടെ തുടക്കമാകുന്നു. ഒരു ജീവിതം ഒരു കഥയുടെ തുടർച്ചയാകുന്നു.
മനുഷ്യചരിത്രത്തിൽ ഒരു നൂറുവർഷം വലുതൊന്നുമല്ല. പക്ഷെ, ഒരു വ്യക്തിയുടെയും ജനതയുടെയും ചരിത്രം മാറാൻ അത്രയൊക്കെ മതി.
പത്തൊമ്പതാം ശതകത്തിലെ ആ പലായനം. ഉത്തരേന്ത്യയിലെ ഒരു കൂട്ടം കുഗ്രാമങ്ങളിലെ പാവം കൃഷിക്കാർ പട്ടിണി പൊറുക്കാതെ കപ്പൽകയറി. കടൽ കാണാത്തവർ. കപ്പൽ കാണാത്തവർ. അവർക്കു വിധിച്ചത് അങ്ങകലെ പടിഞ്ഞാറൻ കടൽദ്വീപുകളായിരുന്നു. കടൽക്കാറ്റും കടൽചൊരുക്കും കൂറയും കൂട്ടവും അവരെ കപ്പലിനുള്ളിൽ കുടുക്കിയിട്ടു. ആഫ്രിക്കൻ അടിമകൾക്ക് ചങ്ങലയായിരുന്നു തുണ. ഇവർക്കതില്ലായിരുന്നു. ഇവർ കാണാച്ചട്ടങ്ങളുടെ പഴകിയ കയർത്തുമ്പിൽ തൂങ്ങിയാടി. വളയമില്ലാത്ത ചാട്ടം ചാടി. കപ്പൽതട്ടിൽ ചാഞ്ചാടി.
ഇണയെ പിരിഞ്ഞവർ, ഇണചേരാത്തവർ, ഇണയറിയാത്തവർ. ഗ്രാമത്തിന്റെയും ചേരിയുടെയും തെരുവിന്റെയും ഒറ്റക്കൂട്ടങ്ങൾ. നിലാവത്തിറങ്ങിയ കോഴികൾ. മൺകട്ടയ്‌ക്കടിയിലെ ഉറുമ്പിൻ കൂട്ടങ്ങൾ.
കപ്പലിൽ, കുടുംബമെന്ന സങ്കൽപം തെരുവിന്റേതായി. തെരുവിന്റെ ബന്ധം ഗ്രാമത്തിന്റേതായി. ഗ്രാമങ്ങൾ കപ്പലോളം വലുതായി; അല്ലെങ്കിൽ ചുരുങ്ങി. കപ്പലൊരു ഗ്രാമമായി. ‘മുൽക്കി’യെന്ന ഗ്രാമബോധം ‘ജഹാജി’യെന്ന കപ്പൽബന്ധമായി വളർന്നു. ജഹാജിബന്ധം മുൽക്കിബന്ധത്തേക്കാൾ ശക്തമായി.
തിന്നും തിന്നാതെയും, കുളിച്ചും കുളിക്കാതെയുമുള്ള ആ യാത്ര. അകവും പുറവും നനഞ്ഞു നാറിയ യാത്ര.
ദിവസങ്ങളും ആഴ്‌ചകളും മുറതെറ്റിയ ആ യാത്ര, മാസക്കണക്കിനു നീണ്ടിരിക്കണം. അവസാനം നങ്കൂരച്ചങ്ങല ചിലച്ചപ്പോൾ അവർ അർധപ്രജ്ഞയിൽനിന്നുണർന്നു.
അകലെ മൂന്നുമലകൾ മുടിയേറിയ ദ്വീപ്. ആകാശത്തോളമുയർന്ന തെങ്ങുകൾ. പച്ചപ്പിന്റെ പരകോടി. പവിഴത്തിന്റെ പളപളപ്പ്.
കൊച്ചുവള്ളങ്ങളിൽ കരക്കണഞ്ഞ കപ്പൽയാത്രക്കാർ മണ്ണുതൊട്ടു നിറുകയിൽ വച്ചു. കണ്ണും കാലും കരളും പലേദിശകളിൽ പരതി. മുകളിലാകാശം. താഴെ ഭൂമി. മുന്നിൽ കങ്കാണിമാർ. കങ്കാണികളെങ്കിലും കരയിൽ കാത്തിരുന്നവർ കുറച്ചൊക്കെ കാരുണ്യമുള്ളവരായിരുന്നു. കൂട്ടംതെറ്റി അലയാൻ വിടാതെ കങ്കാണിമാർ അവരെ നിരനിരയായി നയിച്ചു. അവർ നെടുംപുരയിൽ വെറുംനിലത്തിരുന്നു.
ആദ്യം ഹാജർപട്ടിക.
”പേര്?“
”രാംപ്രസാദ് യാദവ്“
പറഞ്ഞരീതിയും കേട്ടരീതിയും കൂടിക്കുഴഞ്ഞപ്പോൾ പ്രസാദ്, പെർസാദായി മാറി. പിന്നെപ്പിന്നെ പെർസാന്ദായി. സുഖ്‌നാരായൺ സൂക്‌നാനനായി. തിലക്‌സിംഹ് തീലക്‌സിംഗായി. ചക്രവർത്തി ചക്കറിയായി. ലാൽകിഷൻ കിഷൂൻചന്ദായി. കംല, വിംല — പെൺപേരുകളും ഭാഷ മാറി, വേഷം മാറി, മതം മാറി, ലിംഗം മാറി.
അവർ കരാർപണിക്കാരായി. ജോലി പക്ഷെ, അടിമപ്പണിതന്നെ.
തള്ളവിരലിലെ മഷിപുരണ്ടപ്പോൾ ഹാജർപട്ടിക ചരിത്രപുസ്തകമാവുകയായിരുന്നു.
അവർക്കറിയില്ലായിരുന്നു അങ്ങിനെ നായിഡു ലായിഡുവാകുന്നതും കോരൻ കൊറാനാകുന്നതും.
എല്ലാവരും മഹാരാജാവാകുവാൻ മോഹിച്ചു. ‘മഹരാജ്” ആരും കൊണ്ടുനടക്കുന്ന പേരായി. സ്ഥാനിയല്ലാത്തവനും സ്ഥാനപ്പേരായി.
മഹാരാജാവും ചക്രവർത്തിയുമെല്ലാം കന്നിമണ്ണിലിറങ്ങി. കരിമണ്ണിലിറങ്ങി. കരിമ്പിൻതോട്ടത്തിലെ കൊടുംപണിക്കാരായി. ഇളംവെയിലും ഇളംതണുപ്പും, കൊടുംകാറ്റും കൊടുംമഴയും കാലാകാലങ്ങളിൽ കൂട്ടിനെത്തി. കാക്കയില്ലാത്ത, കാട്ടാനയില്ലാത്ത, കരിമ്പാമ്പില്ലാത്ത കരിമ്പിൻതോട്ടം കണ്ണെത്തുന്നതിനുമപ്പുറം പരന്നു. മണ്ണിന്റെ മക്കൾ മധുരം കൊയ്തു. മനസ്സിൽ മധുരം നെയ്തു.
കറുത്തവർ, വെളുത്തവർ, ഇരുനിറക്കാർ. ദ്വീപിലവർ ഒന്നായി. ത്രിമൂർത്തികളെപ്പോലെ മൂന്നു മലകൾ അവർക്കു കാവലേകി.
അവർ കൂട്ടംകൂടി ചോറുവച്ചുണ്ടു. പുലാവപ്പോൾ പിലാഫായി. പൂരിയും കറിയും ’ഡബിൾസ്‘ ആയി. പറാട്ട ’പോപ്-അപ്-ഷട്ട്‘ ആയി.
അതുമൊരു കരീബിന്ത്യൻ കഥയായി.
Generated from archived content: vishtikkoru1.html Author: g_narayanaswamy