മലയാളി ദുഃഖം

മടിയാണു മലയാളിയെന്നു ചൊല്ലാൻ നെഞ്ചി-

ലിടറുന്ന ചുടുവീർപ്പിനാണെ സത്യം

പടിവാതിലിൽ നിണപ്പാടുമായ്‌ പുലരിയുടെ

പരിദേവനംപോലെ പത്രം പിടയവെ

നാടിനെയൂട്ടുന്ന നരകജന്മങ്ങളുടെ

നാഡിയിൽക്കൊളളക്കൊടുവാളു വീഴവെ

കരുണതേടിത്തളർന്നുഴറുമെൻ പെങ്ങളുടെ

കരളിലും രേതസൊലിപ്പിച്ചെന്ന,നുജന്റെ

ചുമലിലായ്‌ ജയഘോഷസിംഹാസനം മെന-

ഞ്ഞമറുന്ന രാജന്റെയങ്കം തിളങ്ങവെ

പണ്ടക്കടകൾ നിരത്തുന്ന സ്വപ്‌നത്തെ

പണ്ടപ്പലിശകൾ തിന്നുകൊഴുക്കവെ

ഊർജ്ജം സമരപ്പടപ്പന്തലിൽത്തുല-

ച്ചൂരിന്റെയാഗം യുവത്വം മുടക്കവെ

വഴിതേടുമൊരുവനെ പുലിമേട കാണിച്ചു

വഴിവാണിഭത്തിന്നവന്റസ്ഥിയും വച്ചു

ഭരണം മതത്തിനു പങ്കുകൊടുക്കവെ

തരളേ തളരുന്നുവോ നിന്റെ നെഞ്ചും

ഹരിതാഭമെന്നും ശുഭ ഹരിലോകമെന്നും

വരദേവിതന്നരുമസന്താനമെന്നും

മടിയിലുണ്ടൊരുപാടു ഗർവ്വമെന്നാകിലും

മടിയാണു മലയാളിയെന്നുചൊല്ലാൻ

Generated from archived content: poem1_jan13.html Author: g_manu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here