കഥയിലെ ജൈവവൈവിദ്ധ്യം

ആദിയിൽ വചനമായിരുന്നുവെന്ന പഴയ അറിവ്‌ തിരുത്താൻ സമയമായിരിക്കുന്നു. ‘ആദിയിൽ വനമായിരുന്നു’വെന്ന്‌ റോബർട്ട്‌ പോഗ്‌ ഹാരിസൺ ‘വനങ്ങൾഃ സംസ്‌കാരത്തിന്റെ പ്രതിച്ഛായകൾ’ എന്ന വിഖ്യാത കൃതിയിൽ തിരുത്തിപ്പറയുന്നു. വനജീവികളായ ആദിമമനുഷ്യർ മിന്നൽപ്പിണരിലൂടെയാണ്‌ ആദ്യം ആകാശത്തെ അറിഞ്ഞത്‌. ഭൂമിയിലെമ്പാടും ഇടതൂർന്നു വളർന്നിരുന്ന വനത്തിന്റെ സാന്ദ്രമായ ഇലച്ചാർത്തുകൾക്കു മുകളിൽ അവർ ആകാശം കണ്ടു. അങ്ങനെ ആകാശം എന്ന അമൂർത്തതയെ അറിയുകയും അനന്തതയെക്കുറിച്ചുള്ള ബോധം ജനിക്കുകയും ചെയ്‌തു. ആദിമ അറിവിൽ നിന്ന്‌ ആദിമ ആശയം ജനിച്ചു. വനത്തിനു പുറത്തൊരു വിശാലലോകമെന്ന ആശയം. വന്യമനുഷ്യരുടെ മനസ്സുകളുടെ അപാരശൂന്യതയിലേക്കു ബോധത്തിന്റെ വെളിച്ചം കടന്നുചെന്നു. സ്വന്തം നിസ്സാരതയുടെ, നശ്വരതയുടെ ബോധം; നീ ഒന്നുമല്ല, ഒന്നുമല്ല എന്ന ഉപനിഷൽസന്ദേശം. അതു മൂല്യബോധത്തിന്റെ ആരംഭവുമായിരുന്നു; ഭൂമി ഒരു വെറും ആവാസവ്യവസ്‌ഥയെന്നതിനപ്പുറം ഒരു ‘ലോകം’ ആയി മാറുകയായിരുന്നു. ആ ലോകത്തിൽ മനുഷ്യർ സ്വന്തം സ്‌ഥാനം അന്വേഷിച്ചുതുടങ്ങി. വനത്തിലെ ഇടതൂർന്ന മരങ്ങൾക്കിടയിൽ മനുഷ്യർ സ്വന്തം വംശവൃക്ഷങ്ങൾ സൃഷ്‌ടിച്ചു; കുടുംബം നിലവിൽ വന്നു. കുടുംബത്തിന്‌ ഇരിപ്പിടമായി കാടു തെളിച്ച്‌ കുടിലുണ്ടാക്കി. പിന്നെ ഗ്രാമങ്ങൾ, നഗരങ്ങൾ – അങ്ങനെ മനുഷ്യസംസ്‌കാരം കാടിനെ സംഹരിച്ചുകൊണ്ടു മുന്നേറി. സംസ്‌കാരത്തിന്റെ ഈ മുന്നേറ്റത്തിൽ ഗുണവും ദോഷവും അടങ്ങിയിരുന്നു. സ്വതന്ത്ര്യം, സമത്വം, പാർപ്പിടം, മേൽത്തരം ജീവിത സൗകര്യങ്ങൾ മെച്ചപ്പെട്ട ആരോഗ്യവും ആയുർദൈർഘ്യവും അറിവിന്റെയും കലയുടെയും അനന്തമായ ലോകം അങ്ങനെ ഗുണങ്ങളുടെ പട്ടിക നീളുന്നു. എന്നാൽ മനുഷ്യനിർമ്മിത ‘ലോകം’ അവരുടെ ആവാസവ്യവസ്‌ഥയുടെ അടിവേരുകൾ കടപുഴക്കിയെറിയുന്ന അവസ്‌ഥയിലേക്ക്‌ ഇന്ന്‌ എത്തിനില്‌ക്കുന്നു. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന വിഡ്‌ഢികളായി മനുഷ്യർ മാറിയിരിക്കുന്നു. അത്തരം കുലംകുത്തികളുടെ കഥയാണ്‌ അംബികാസുതന്റെ ‘വായില്ലാക്കുന്നിലപ്പൻ’. വനത്തിന്റെ ഘനിമയിൽ നിന്ന്‌ കുന്നിടിക്കുന്നവന്റെ കൂറ്റൻ മണ്ണുകോരിയുടെ യന്ത്രക്കയ്യിൽ കുടുങ്ങുന്ന മനുഷ്യന്റെ കഥ. പച്ചപ്പും കിളിമൊഴികളും ഇല്ലാത്ത, വരണ്ട മണ്ണിന്റെ ചുവപ്പു മാത്രമുള്ള ലോകം. വരണ്ടുണങ്ങിയ നേത്രാവതിപ്പുഴ തീറെഴുതി വാങ്ങി അതിനു മുകളിൽ ഹൗസിങ്ങ്‌ കോംപ്ലക്‌സും സൂപ്പർമാർക്കറ്റും മറ്റും പണിയുന്ന വാഴങ്കോടൻ ഔസേപ്പു മുതലാളിയുടേതാണ്‌ മണ്ണുകോരി. പുഴ നികത്താൻ അയാൾ കുന്നിടിക്കുകയാണ്‌. പറയിപെറ്റ പന്തിരുകുലത്തിന്റെ ആദിമജന്മസ്‌ഥാനമായിരുന്ന തിരുവേശൻകുന്ന്‌. വരരുചിയും പറയിയമ്മയും കുടിയിരുന്ന മല. വംശവൃക്ഷത്തിന്റെ വേരറുത്തുകൊണ്ടു പുതിയൊരു വരണ്ട ലോകം പണിയുകയാണ്‌ ഔസേപ്പ്‌. പുഴയും കുന്നും ഇവിടെ നാം നശിപ്പിക്കുന്ന വന്യതയുടെ, ആവാസവ്യവസ്‌ഥയുടെ പ്രതീകമാണ്‌. മണ്ണുവാരിയന്ത്രത്തിൽ കുടുങ്ങിയിരിക്കുന്ന വാ കീറിയിട്ടില്ലാത്ത കഥാനായകൻ ഇന്നത്തെ മനുഷ്യന്റെ പ്രതിരൂപവും. പറയി പെറ്റ പന്തിരുകുലത്തെക്കുറിച്ചുള്ള ഐതിഹ്യം കഥാകൃത്ത്‌ ഇവിടെ സമർത്ഥമായി സന്നിവേശിപ്പിച്ചിരിക്കുന്നു. പ്രസവിച്ച പതിനൊന്നു കുട്ടികളെയും കാട്ടിൽത്തന്നെ ഉപേക്ഷിക്കാൻ ഭാര്യയെ നിർബ്ബന്ധിച്ച വരരുചി വിഷണ്ണയായ പറയിയമ്മയോട്‌ ഓരോ തവണയും പറഞ്ഞിരുന്ന ന്യായം കുട്ടിക്കു വായ്‌ ഉണ്ടായിരുന്നുവെന്നാണ്‌. “വായുള്ള പിള്ളക്ക്‌ ദൈവം ഇരയും കല്‌പിച്ചിട്ടുണ്ട്‌” പന്ത്രണ്ടാമത്തെ കുട്ടിയായിരുന്നു വായില്ലാക്കുന്നിലപ്പൻ. പ്രസവാനന്തരം ഈ കുട്ടിയെ എങ്കിലും കൂടെക്കൊണ്ടുപോകാനാഗ്രഹിച്ച പറയിയമ്മ ‘കുട്ടിക്ക്‌ വായ്‌ ഇല്ല’ എന്നു കള്ളം പറഞ്ഞു. പിന്നീടതു യഥാർത്ഥ്യമായി. ഇരിപ്പിടവും ഭക്ഷണവും നിലനില്‌പും ഇല്ലായ്‌മ ചെയ്യുന്ന വായ്‌ ഇല്ലാത്ത വായില്ലാക്കുന്നിലപ്പന്മാരാണ്‌ നമ്മൾ.

പുഴയും കുന്നും വന്യതയുടെ പ്രതീകങ്ങളായി അംബികാസുതന്റെ പല കഥകളിലും കടന്നുവരുന്നു. ദിനോസാറുകളെപ്പോലെ കുതിച്ചുവരുന്ന കുന്നു തിന്നുന്ന വണ്ടികളെ ‘മണ്ഡുകോപനിഷത്ത്‌’ പോലുള്ള കഥകളിലും കാണാം. ഭൂമിയെപ്പോലും നോവിക്കാതെ ശ്രീബുദ്ധൻ നടന്നിരുന്ന വഴികളിൽ ഇപ്പോൾ ഈ മണ്ണുമാന്തികളുടെ ഉടമകളാണ്‌ വാഴുന്നത്‌. അവരുടെ മനസ്സും ശരീരവും ദുർഗന്ധപൂരിതമായ സെപ്‌ടിക്‌ ടാങ്കുകളാണ്‌. അവർ വമിക്കുന്ന പ്രദൂഷണം ഭൂമിയിലെ ജീവന്റെ അന്തകനായി മാറുന്നു. ജൈവവലയത്തിലെ അനന്തമായ കണ്ണികളിൽ പ്രധാനപ്പെട്ട ഇനമാണ്‌ തവളകൾ. അവയുടെ വംശനാശത്തെയും ഇക്കഥ എടുത്തുകാട്ടുന്നു. വന്യതയുടെ നാശം കൃഷി അന്യാധീനപ്പെടുന്നതിന്‌ കാരണമാകുന്നു. നമുക്കു ജീവിക്കാൻ നാണയവും നാണ്യവിളകളും ധനവും മതിയാകില്ല; ധാന്യം വേണം. കൃഷിയുടെ നാശവും ഈ സമാഹരത്തിലെ പല കഥകളിലും കാണാം. മണ്ണിൽ പണിയെടുത്ത്‌, മണ്ണിനെ സ്‌നേഹിച്ച്‌ കൃഷി ജീവിതവൃത്തിയാക്കിയവർക്കു പ്രകൃതിനാശം മരണത്തിനു സമമാണ്‌. നഗരവാസിയുടെ ‘പൂന്തോട്ട പരിസ്‌ഥിതിബോധം’ (Garden Environmentalism) അല്ല അവരുടേത്‌. പരിസ്‌ഥിതിസന്തുലനം അവർക്കു ജീവൽപ്രശ്‌നമാണ്‌; നിലനില്‌പിന്റെ സുസ്‌ഥിരമായ അടിത്തറയാണ്‌. അതാണ്‌ തോടുവറ്റി റോഡായി മാറിയപ്പോൾ, ആ റോഡിലൂടെ ആട്ടോറിക്ഷയിൽ കുടിവെള്ളം എത്തിക്കുന്ന കാലത്ത്‌, നാടുകണ്ട ഏറ്റവും വലിയ വരൾച്ച കൊടുമ്പിരിക്കൊള്ളുകയും തന്റെ പറമ്പിലെ കവുങ്ങിൻതലപ്പുകൾ ഉണങ്ങുകയും ചെയ്‌തപ്പോൾ ‘കുറ്റം’ എന്ന കഥയിലെ അച്‌ഛൻ കളപ്പുരയിൽ കയറി ആത്‌മഹത്യയ്‌ക്കു തുനിയുന്നത്‌. പ്രകൃതിവിരുദ്ധരാൽ കൊല്ലപ്പെട്ട ‘ചുക്രൻ’ എന്ന അടിസ്‌ഥാന വർഗ്ഗ പ്രതിനിധി തോടിന്റെ സംരക്ഷകനായിരുന്നു. തോട്ടിൻ കരയിലെ കൈതക്കാടുകൾ വെട്ടിനശിപ്പിച്ച്‌ കന്മതിൽ പണിയാൻ വന്നവരോടു ചുക്രൻ ചൊല്ലിക്കൊടുക്കുന്ന പാരിസ്‌ഥിതികവിവേകം പുസ്‌തകങ്ങളിൽ നിന്നു പഠിച്ചതല്ല. ഒരിക്കൽ കൃഷിക്കു തന്റെ സഹചാരികളായിരുന്ന കാളകളെയും പോത്തുകളെയും കൊന്ന്‌ ഇറച്ചി വില്‌ക്കുന്ന ചുക്രന്റെ കഥ ചോമൻ പറയുന്നത്‌, ‘ഇഷ്‌ടംണ്ടായിട്ടല്ല. ഉള്ള പണിയെല്ലാം പോയില്ലേ…………. ഒരു ഗതീല്ലാണ്ട്‌ നിന്നപ്പോ ഇപ്പണി തൊടങ്ങി…… എല്ലാരിക്കും എറച്ചിവേണം.“ എന്നാണ്‌. കുന്നിൽപുറത്തെ അവന്റെ ഇറച്ചിക്കടയിൽ സ്‌റ്റഫു ചെയ്‌തു വച്ച കാളത്തലകൾക്കിടയിൽ അലങ്കാരവസ്‌തുവായി സൂക്ഷിക്കുകയാണ്‌ പഴയ പണിയായുധമായിരുന്ന കലപ്പ. ’എല്ലാരിക്കും ഇറച്ചിവേണം‘ എന്ന മൊഴിയിൽ മലയാളിയുടെ പുതിയ ഭക്ഷണശീലങ്ങളും അതും പ്രകൃതിനാശവും ആരോഗ്യനാശവുമായുള്ള ബന്ധവുമൊക്കെ ധ്വനിപ്പിക്കുന്നു. പ്രകൃതിനാശം ഒരു സാംസ്‌കാരിക നഷ്‌ടം കൂടിയാണ്‌.

ഒരു പാരിസ്‌ഥിതിക പ്രതീകമെന്നതിനപ്പുറം പുഴയെ കാലവുമായും വ്യക്തി ജീവിതത്തിന്റെ നശ്വരതയുമായും ബന്ധിപ്പിക്കുന്നതോടൊപ്പം ജീവന്റെയും പ്രകൃതിയുടെയും നൈരന്തര്യത്തേയും ധ്വനിപ്പിക്കുന്ന രൂപകമാക്കുന്ന നല്ല കഥയാണ്‌ ’കുന്നുകൾ പുഴകൾ‘. പുഴയ്‌ക്കരികിലെ കുന്നുംപുറത്ത്‌ താമസിക്കുന്ന കർഷകകുടുംബത്തിലെ മൂന്നു തലമുറകളുടെ ശാരീരികാവസ്‌ഥകളെ പുഴയിലേക്കിറങ്ങാനുള്ള അവരുടെ കഴിവുമായി താരതമ്യം ചെയ്യുന്നു ഇക്കഥ. പ്രായമേറിയ അച്‌ഛനും മകനും കുന്നിൽനിന്ന്‌ പുഴയിലേക്കുള്ള പടികളിറങ്ങാൻ പാടുപെടുമ്പോൾ പിന്നിൽ ഒരിരമ്പം കേട്ടു. മുമ്മൂന്നു പടികൾ വീതം ചാടിക്കടന്ന്‌ അസാമാന്യവേഗത്തിൽ താഴേക്കു കുതിക്കുന്ന ചെറുമകൻ. പിന്നീട്‌ പുഴയിൽ കൂത്താടുന്ന അവന്റെ കുസൃതികൾ നോക്കി പുഴയിലിറങ്ങി നിന്ന്‌ മകനിൽ പഴയ ഓർമ്മകൾ വന്നു നിറഞ്ഞു……… തന്റെ ബാല്യത്തിൽ അരോഗദൃഢഗാത്രനായിരുന്ന അച്‌ഛനുമൊത്ത്‌ പുഴക്കരയിൽ തിമിർക്കാറുണ്ടായിരുന്നതിന്റെ ഓർമ്മ. ”അനന്തരം ഓർമ്മയിൽ നിന്ന്‌ നിവർന്ന്‌ വ്യാകുലനായി അയാൾ കുന്നിലേക്കു നോക്കി, പിന്നെ പുഴയിലേക്കും. കുന്ന്‌ നിശ്ചലമാണ്‌. പുഴ ഒഴുകിക്കൊണ്ടേയിരിന്നു“ എന്നിങ്ങനെ കഥ അവസാനിപ്പിക്കുമ്പോൾ പുഴ കാലം തന്നെയായി മാറുന്നു. ശാരീരികാവസ്‌ഥകളെ സ്‌ഥലവുമായി ബന്ധിപ്പിക്കുന്ന ’ഫിസിയോഗ്‌നമി‘ (Physiognomy) യുടെ വെളിച്ചത്തിലും ഈ കഥ പഠിക്കപ്പെടാവുന്നതാണ്‌.

പരിസ്‌ഥിതി സംരക്ഷണം പഴമയിലേക്കുള്ള തിരിച്ചുപോക്കല്ല. ദീർഘകാല നില്‌പ്പില്ലാത്ത, താത്‌ക്കാലിക ലാഭം ലാക്കാക്കിയുള്ള ’വികസന‘ത്തെയാണ്‌ പാരിസ്‌ഥിക ചിന്ത എതിർക്കുന്നത്‌. അക്രാമകമായ വികസനത്തിന്റെ വികലതകളെ അംബികാസുതൻ പ്രതീകാത്മകമല്ലാതെ നേരിട്ടു തന്നെ കഥയ്‌ക്കു വിഷയമാക്കുന്നുണ്ട്‌. കാസർഗോഡു ജില്ലയിലെ എൻഡോസൾഫാൻ ദുരന്തം വലിയൊരു മാനുഷികസമസ്യയാണ്‌. ഇടനാടിന്റെ മേൽക്കോയ്‌മയുള്ള നമ്മുടെ സാഹിത്യത്തിൽ, അതിർത്തിഗ്രാമങ്ങളിലെ സങ്കരഭാഷ പറയുന്ന കുറെ അന്യരുടെ പ്രശ്‌നമായി ഇത്‌ ഏറെയും വിഗണിക്കപ്പെട്ടു. ഈ വിഷയം പ്രമേയമാക്കിയുള്ള ആദ്യരചനയാണ്‌ അംബികാസൂതന്റെ ’പഞ്ചുരുളി‘ (ആഗസ്‌ത്‌, 2002) എന്ന കഥ. ഇവിടെ തെയ്യവുമായി ബന്ധപ്പെടുത്തിയാണ്‌ കഥ മെനയുന്നത്‌. എൻമഗജെ ഗ്രാമത്തിനു സമീപമുള്ള മരുതടുക്കം കോളനിയാണ്‌ കഥാപരിസരം. കാടെല്ലാം വെട്ടിവെളുപ്പിച്ച്‌ സർക്കാർ കശുമാവിൻതോപ്പുകൾ വച്ചുപിടിപ്പിച്ച പ്രദേശം. കശുമാവുകൾ പൂവിട്ടപ്പോൾ കീടനാശിനികൾ തളിക്കാൻ വിമാനങ്ങൾ വന്നു. കശുമാവുകൾക്കൊപ്പം ഗ്രാമത്തിലെ മനുഷ്യരും വിഷമഴയിൽ കുളിച്ചു. കാലക്രമേണ അവിടുത്തെ സ്‌ത്രീകൾ പെറ്റിട്ടത്‌ ജീവനും രൂപവും ഇല്ലാത്ത ചാപിള്ളകളെയാണ്‌. ജീവനോടെ പിറന്ന കുട്ടികൾക്കു വൈകല്യവും രോഗവും സഹചാരികളായി. മരുന്നുമഴയിൽ തേനിച്ചകൾ അപ്രത്യക്ഷമായപ്പോൾ അദ്ധ്വാനശേഷി നശിച്ച തലമുറയ്‌ക്ക്‌ ഏക വരുമാനമാർഗമായിരുന്ന തേനീച്ച വളർത്തലും നശിച്ചു. ഗതിമുട്ടിയ അവർ അന്താരാഷ്‌ട്ര വൃക്കവ്യാപാരത്തിന്റെ ഇരകളായി. പ്രായപൂർത്തിയായവരെല്ലാം യുദ്ധത്തിൽ പരിക്കേറ്റവരെപ്പോലെ നെഞ്ചിനു താഴെ ശസ്‌ത്രക്രിയയുടെ വാൾപ്പാടുകളുമായി നടന്നു. പിന്നീട്‌ കുട്ടികളും ഈ അവയവ വ്യാപാരത്തിന്റെ ഇരകളായി. പാരിസ്‌ഥിക പ്രതിസന്ധി കഥാകൃത്തിന്റെ കയ്യിൽ ഒരു വലിയ ജീവൽസമസ്യയായി വികസിക്കുന്നു. ’യുദ്ധ‘ത്തിൽ പരിക്കേറ്റവരെപ്പോലെ എന്നതു ധ്വനിസാന്ദ്രതയുള്ള പ്രയോഗമാണ്‌. വികലവികസനത്തിന്റെ അടിമയായ ശാസ്‌ത്രം മനുഷ്യനോടും പ്രകൃതിയോടുമുള്ള യുദ്ധത്തിലേർപ്പെട്ടിരിക്കുന്നു. ആ യുദ്ധത്തിൽ പരാജയമടഞ്ഞവരാണ്‌ മരുതടുക്കം കോളനിയിലെ മനുഷ്യർ. അവർ നിലനില്‌പിന്റെ യുദ്ധത്തിലും പരാജിതരാണ്‌.

’പുകക്കുഴൽ ഇല്ലാത്ത വ്യവസായം‘ എന്നാണ്‌ വാണിജ്യ ടൂറിസ വികസനത്തെ അതിന്റെ വക്താക്കൾ വിശേഷിപ്പിക്കുന്നത്‌. തദ്ദേശവാസികളുടെ ഗുണത്തിനെന്ന പേരിൽ പ്രകൃതിലാവണ്യമുള്ള ഉൾനാടുകളിൽ അടിച്ചേല്‌പിക്കപ്പെടുന്ന ഇത്തരം പദ്ധതികളുടെ ശരിയായ ഗുണഭോക്താക്കൾ ഹോട്ടൽ, കെട്ടിടനിർമ്മാണം. ട്രാവൽ എന്നീ രംഗങ്ങളിലെ വ്യവസായികളാണ്‌. തദ്ദേശീയരെ അവരുടെ സ്‌ഥായിയായ പാരമ്പര്യതൊഴിലുകളിൽ (കൃഷി, മത്സ്യബന്ധനം എന്നിങ്ങനെ) നിന്നും അകറ്റി അപരിചിതവും അസ്‌ഥിരവുമായ തൊഴിൽ മേഖലകളിലേക്കോ തൊഴിലില്ലായ്‌മയിലേക്കോ നയിക്കുകയാണ്‌ ഈ നവവ്യവസായം ചെയ്യുന്നത്‌. നമ്മുടെ കടൽത്തീരങ്ങളിലൊക്കെ ’ബീച്ച്‌ ടൂറിസം‘ കടന്നുകയറിയിരിക്കുന്നു. ആദ്യകാലത്ത്‌ കൊച്ചിയിലും കോവളത്തും കേന്ദ്രിതമായിരുന്ന ഇത്‌ ഇപ്പോൾ വർക്കല, കാപ്പാട്‌, പറവൂർ, ചേർത്തല, കുമരകം, ബേക്കൽ എന്നിങ്ങനെ കേരളമൊട്ടാകെ പടർന്നുപിടിച്ചിരിക്കുന്നു. ഉത്തര കേരളത്തെ മുഴുവൻ ടൂറിസത്തിന്റെ ’കാന്തവലയ‘ത്തിൽ കൊണ്ടുവരുമെന്നാണ്‌ ബേക്കൽ പദ്ധതിയുടെ പ്രചാരകർ പറയുന്നത്‌.

ഈ സമാഹാരത്തിലെ കഥകളുടെ വൈവിധ്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്‌ ’തോക്ക്‌‘ എന്ന തികച്ചും വ്യത്യസ്‌തമായ കഥ. ആദിമ കാലത്ത്‌ വന്യതയിൽ നായാടിയും കായ്‌കനികൾ ശേഖരിച്ചുമാണ്‌ മനുഷ്യർ കഴിഞ്ഞിരുന്നത്‌. അന്ന്‌ അത്തരം ജീവിതരീതികൾക്ക്‌ അനുയോജ്യമായ ആചാരങ്ങളും വളർന്നിരുന്നു. നാടുനീളെ കാടും കാടുനിറയെ വന്യമൃഗങ്ങളും ഉണ്ടായിരുന്ന അക്കാലത്ത്‌ നായാട്ട്‌ ഒരാചാരമായിരുന്നു. ഒരു തലത്തിൽ അതു രാജാവിന്റെ അവകാശവും അധികാരത്തിന്റെ പ്രകടനവുമായിരുന്നു. മറ്റൊരു തലത്തിൽ അനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ട ഇഷ്‌ടദേവതയ്‌ക്കു മാംസം നിവേദിക്കാനായി നടത്തുന്ന – ഇരതേടലും പങ്കുവയ്‌ക്കലുമായിരുന്നു. കണ്ടനാർകേളൻ തെയ്യത്തിനു നിവേദിക്കാൻ മാംസം തേടി നായാട്ടിനിറങ്ങുന്ന ചിണ്ടനമ്പാടി ഇരകിട്ടാതെ അലയുന്നതിന്റെ കഥയാണ്‌ തോക്ക്‌. തെയ്യത്തിനു ചുട്ടിറച്ചീം ഓട്ടിറച്ചീം പച്ചിറച്ചീം കൊടുക്കണം. അമ്പതുവർഷമായി നായാടി ശീലിച്ച അയാൾ ഇത്തവണ തോക്കിനു പുറമെ മൊബൈലും നായാട്ടിനായി പ്രയോജനപ്പെടുത്താമെന്നു കരുതി. പക്ഷേ പുതിയ സാങ്കേതികവിദ്യ ഇല്ലാത്ത മൃഗത്തിനെ കാട്ടിൽ നിറയ്‌ക്കാൻ കഴിയില്ലല്ലോ. കാടെല്ലാം പോയി വന്യമൃഗങ്ങളും ഇല്ലാതായിട്ടും ആചാരം ഇപ്പോഴും ദുരാചാരമായി നിലനില്‌ക്കുന്നു. കഥാന്ത്യത്തിൽ കാട്ടിൽ അവശേഷിച്ച ഏകമുയൽ ഭീമാകാരം പൂണ്ടു വളർന്ന്‌ തിരുമുടി വച്ച തൊണ്ടച്ചൻ തെയ്യമാകുന്നു. എല്ലാ ജീവനിലും ഒരേ ചൈതന്യമാണ്‌ അടങ്ങിയിരിക്കുന്നതെന്നും ദേവതകൾ പ്രസാദിക്കാൻ മാംസം വേണ്ട, ചുട്ട തേങ്ങാപ്പൂളു മതിയെന്നും തെയ്യം അരുൾചെയ്‌തു. പുതിയ വെളിച്ചങ്ങൾക്കു നടുവിൽ ചിണ്ടനമ്പാടി സ്‌തബ്‌ധനായി നിന്നു. പ്രകൃതിയും നിലനില്‌പിന്റെ സമസ്യകളും ആചാരങ്ങളും അനുഷ്‌ഠാനങ്ങളും സംസ്‌കാരവും എല്ലാം നായാട്ടിന്റെ പരിണാമഗുപ്‌തികളിലൂടെ ചിത്രീകരിക്കുന്ന മലയാളത്തിലെ അപൂർവം കഥകളിൽ ഒന്നാണിത്‌.

വിസ്‌മൃതിയുടെ നഷ്‌ടങ്ങളുടെയും ശക്തമായ മെറ്റഫറുകളിലൂടെ പാരിസ്‌ഥിതിക സമസ്യകളുടെ വൈവിധ്യത്തെ കഥകളിൽ ആവിഷ്‌കരിക്കുകയാണ്‌ അംബികാസുതൻ ചെയ്യുന്നത്‌. എന്തൊക്കെയാണ്‌ നമുക്കു നഷ്‌ടമാകുന്നത്‌ഃ കുടുംബങ്ങൾ, സംസ്‌കാരം, ബാല്യം, മണ്ണ്‌, ഭാഷ, ആരോഗ്യം, പ്രകൃതി, ജൈവവൈവിധ്യം, നാട്ടറിവുകൾ എന്നിവയൊക്കെ. ഇവയുടെയൊക്കെ വേരുകളും പരസ്‌പരബന്ധങ്ങളും അനാവരണം ചെയ്യുമ്പോൾ സംസ്‌കാരത്തിന്റെ ഇക്കോളജി ആവിഷ്‌കരിക്കുകയാണ്‌ കഥാകൃത്ത്‌. പ്രകൃതി നമ്മോടു സംസാരിക്കുകയും നാം പ്രകൃതിയോടു സംവദിക്കുകയും ചെയ്യുകവഴിയാണ്‌ ഭാഷ ഉരുത്തിരിയുന്നത്‌. പ്രകൃതിനാശവും ഭാഷയുടെ നാശവും സമാന്തര പ്രക്രിയകളാണ്‌. വടക്കൻ മലബാറിന്റെ തനിമയുള്ള ഭാഷയെ ഈ കഥകളിലൂടെ അംബികാസുതൻ പുനർസൃഷ്‌ടിക്കുന്നുണ്ട്‌. ഭാഷയെയും കഥകളെയും പുനർജ്ജീവിപ്പിക്കുകയെന്നതു പ്രകൃതിയുടെ പുതുജ്ജീവനത്തിന്റെ ആദ്യപടിയാണ്‌. നമ്മുടെ പൂർവ്വികർ ചെയ്‌തിരുന്നതുപോലെ ഭാഷയിലൂടെ ലോകത്തെ അറിയുക മാത്രമല്ല, പുനർജനിപ്പിക്കുകയും ചെയ്യുന്നു.

പ്രകൃതി മനുഷ്യനിൽ നിന്നു വേറിട്ട സത്തയല്ല; പ്രകൃതിയിൽ നിന്നു വേറിട്ട്‌ മനുഷ്യനും നിലനില്‌പില്ല. പരിസ്‌ഥിതിയുടെ പേരിലുളള മനുഷ്യ വിരുദ്ധത (Misanthropism) നിങ്ങൾക്ക്‌ ഈ കഥകളിൽ കാണാനാകില്ല. മനുഷ്യന്റെ ചരിത്രവും സംസ്‌കാരവും നിലനില്‌പുമായി ഇഴുകിച്ചേർന്നിരിക്കുന്ന ജീവൽസമസ്യയായി പാരിസ്‌ഥിക പ്രതിസന്ധിയെ കഥാകൃത്ത്‌ ആവിഷ്‌കരിച്ചിരിക്കുന്നു. ’വിതച്ചത്‌‘ എന്ന കഥയിലെ ശരിയായ സാമൂഹ്യ ഉണർച്ചയുടെ ചിത്രീകരണത്തിലൂടെ പൊള്ളയായ വിപ്ലവപ്പേച്ചുകളുടെ വികലതകളെ നിരാകരിക്കുകയും ’വിഷവൈദ്യം‘ എന്ന കഥയിലൂടെ അറിവിന്റെ മേലുള്ള അധിനിവേശം തുറന്നുകാട്ടുകയും ’കടൽക്കാഴ്‌ചകൾ‘, ദൈവത്തിന്റെ നാട്‌’ എന്നീ കഥകളിലൂടെ ആഗോളീകൃത വികസനഭ്രാന്തുകളുടെ അസ്‌ഥിരത തുറന്നുകാട്ടുകയും ചെയ്യുന്ന കഥാകൃത്ത്‌ പരിസ്‌ഥിതിയുടെ രാഷ്‌ട്രീയമാനങ്ങളും ശരിയായി കണ്ടെത്തുന്നു. മലയാളത്തിലെ ഇത്തരത്തിലുള്ള ആദ്യകഥാസമാഹരമെന്ന നിലയിൽ ഈ പുസ്‌തകം അതിന്റെ തനിമകൊണ്ടും വൈവിധ്യംകൊണ്ടും തികച്ചും ശ്രദ്ധേയമായിരിക്കുന്നു.

(പ്രസാധകർഃ ഗ്രീൻ ബുക്‌സ്‌, തൃശ്ശൂർ)

Generated from archived content: vayanayute19.html Author: g_madhusoodhanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here