കടൽ

ആകാശങ്ങൾ നിന്നിൽ നോക്കി

ആഹ്ലാദിക്കുന്നുവെങ്കിലും

അശാന്തനാണശാന്തനാ-

ണാത്മാവിൽ നീ നിരന്തരം!

കാറ്റിലാടും നിലാമഴ

കൂട്ടിലെ കിളിതൻ രതി

കാറ്റുകൈനീട്ടി നല്‌കുന്ന

ഞാറ്റുപൂവിന്റെ തൂമണം,

കടലേ നിനക്കുമാത്രമായ്‌-

ക്കരുതികാത്തുവച്ചു ഞാൻ

മാവുപൂക്കുന്ന രാവിലും

വെയിലിലും കോടമഞ്ഞിലും!

കാലിൽ ചിലമ്പില്ലാതെ

കൈയിൽ വളകിലുങ്ങാതെ

ചമയങ്ങളൊന്നുമില്ലാതെ

മലയിറങ്ങിവരുന്നു ഞാൻ!

പ്രണയത്തിന്റെ സാന്ത്വനം

അഭയമില്ലാത്തതാകിലും

കടലേ നിന്നെയല്ലാതെ

പ്രണയിക്കുന്നതാരെ ഞാൻ!

തിരക്കൈയിലുയർത്തു നീ

തീരംവിട്ടു കുതിയ്‌ക്കൂ നീ

ആത്മഭാവങ്ങളൊക്കെയും

അടിച്ചുടച്ചു തകർക്കൂ നീ!

കടലേ കാമരൂപനേ

കഥകൾ വേണ്ടെനിക്കിനി

പ്രചണ്ഡ നടനമാടും നിൻ

മഹാമൗനം മതിയിനി

വിരലിൻ തുമ്പിലൂറൂ നീ

ഒരു സങ്കടബിന്ദുവായ്‌

അതെൻ കരളിലാളട്ടെ

നനവൂറുന്ന നീറ്റലായ്‌!

Generated from archived content: poem2_sep29.html Author: g_chithra

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here